തര്‍ജ്ജനി

സാഹിതീയം

പരദേശത്തിരുന്ന്‌ മലയാളി എഴുതുമ്പോള്‍...

വീടുവിട്ടുള്ള പാര്‍പ്പാണ്‌ അടിസ്ഥാനത്തില്‍ പ്രവാസം. വീട്‌ എന്നതിന്റെ വിവക്ഷ, കുടുംബം എന്ന വൈകാരിക സമാനതകളുള്ള ഏറ്റവും ചെറിയ ഘടകത്തെ ഉള്‍കൊള്ളുന്ന വീട്‌ തന്നെയാണോ, പ്രദേശികമായ സാംസ്കാരിക/ഭാഷാ പ്രത്യേകതകള്‍ പേറുന്ന ഗ്രാമം ആണോ, പ്രദേശികമായ ചെറിയ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഭാഷാസംസ്കൃതികളില്‍ വിശാലമായ എകമാനത്വം സൂക്ഷിക്കുന്ന ഭാഷാദേശമാണോ എന്നതൊക്കെ അതിന്റെ തലങ്ങളേ ആവുന്നുള്ളു. അതുപോലെ രാഷ്ട്രത്തിന്റെ അധികാരത്താല്‍ തന്റെ ദേശത്തു നിന്നും പുറത്താക്കപ്പെടുന്നവനേ പ്രവാസി ആകുന്നുള്ളുവോ? മലയാളത്തിലെ, പ്രവാസത്തെ കുറിച്ചുള്ള ഒറ്റപ്പെട്ട ചിന്തകളില്‍ ഇങ്ങിനെയൊന്നു ഈയടുത്തായി പറഞ്ഞുകേള്‍ക്കപ്പെടുന്നുണ്ട്‌. വളരെ വൈയക്തികമായി മുഷിപ്പിക്കുംവിധം ഉപയോഗിച്ചുപോന്ന പ്രവാസത്തിന്റെ ചിന്താവഴികള്‍ക്കു റാഡിക്കലായ ഒരു മറുപടി എന്നനിലയ്ക്ക്‌ അത്‌ ഉന്നയിക്കുമ്പോള്‍ തന്നെ, അനിതസാധാരണമായ ചിന്താപദ്ധതികള്‍ അപ്പടി തെറ്റ്‌ എന്നു വന്നുപോകരുത്‌.

ഇവ പ്രവാസത്തിന്റെ രണ്ടു അനുഭവങ്ങള്‍ തന്നെ. പാലസ്തീനിലെ അറബികളെ പോലെയോ, കാഷ്മീരിലെ പണ്ഡിറ്റുകളെ പോലെയോ, ശ്രീലങ്കയിലെ തമിഴരെപോലെയോ അല്ല ഒരിക്കലും മലയാളിയുടെ വീടിവിട്ടുപാര്‍പ്പിന്റെ അനുഭവങ്ങള്‍. മുകളില്‍ പറഞ്ഞവരൊക്കെ രാഷ്ട്രാധികാരത്താലോ വംശഹത്യകളാലോ തങ്ങളുടെ ജന്മദേശത്തുനിന്നും ഭ്രഷ്ടാക്കപ്പെട്ടവരാണ്‌. മടങ്ങിപ്പോക്കിനുള്ള സാധ്യതകള്‍, അല്ലെങ്കില്‍ തങ്ങളുടെ ദേശത്തിന്റെ അസ്തിത്വം തന്നെ, നഷ്ടപ്പെട്ടുപോയവര്‍. അവര്‍ തീവ്രമായി തങ്ങളുടെ ദേശങ്ങളെ അഭിലഷിക്കുന്നുണ്ടാവാം. അത്രയും തീക്ഷ്ണമായ ദേശാഭിനിവേശം ജോലി തിരക്കി നാടുവിട്ട മലയാളിക്ക്‌ ഉണ്ടാവുക സാധ്യമല്ല. അവനു തന്റെ ഭാഷാദേശം എതാനും മണിക്കൂറുകളുടെ വിമാനദൂരത്തില്‍ ഇന്നും ഉണ്ടെന്ന അബോധമായ സാന്ത്വനം ബാക്കി കിടപ്പുണ്ട്‌. പക്ഷേ അതു പ്രവാസാനുഭവം അല്ല എന്നല്ല. മറ്റൊരു തരത്തില്‍ അവന്റെ ചോദനകളെ അതു ചലനാത്മകമാക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്നുണ്ട്‌ എന്നു തന്നെയാണു അനുഭവം.

മലയാളിയുടെ പ്രവാസത്തെകുറിച്ച്‌ ആലോചിക്കുമ്പോള്‍, ജോലിതേടിയുള്ള പാലായനം എന്ന്‌ അതിനെ നിസ്സാരവല്‍ക്കരിക്കുന്നതില്‍ അര്‍ത്ഥമില്ല. അതിനും രാഷ്ട്രീയമായ ചില തലങ്ങളുണ്ട്‌. വിദ്യാഭ്യാസത്തില്‍ താരതമ്യേന ഉയര്‍ന്നനിലവാരം ഉള്ളവരാണു മലയാളികള്‍. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ ലോകനിലവാരത്തെകുറിച്ച്‌ അവന്‍ ബോധവാനാകുന്നു. അതേസമയം ആഗ്രഹിക്കുന്ന തരത്തില്‍ ജീവിതനിലവാരം ഉയര്‍ത്താനുള്ള അവസരം സ്വദേശം അവനു നല്‍കുന്നുമില്ല. പട്ടിയെപോലെ ജീവിക്കാന്‍ ഡോക്ടറേറ്റെടുക്കേണ്ടതില്ല. ആഴത്തിലുള്ള ഒരു വിചാരത്തില്‍ മലയാളിയുടെ ദേശംവിട്ടുള്ള പാര്‍പ്പും രാഷ്ട്രത്താല്‍ നിര്‍ബന്ധിതമാക്കപ്പെട്ട പുറത്താക്കല്‍ തന്നെയാവുന്നു.

ദേശം കാഴ്ചകളോടൊപ്പം തനതായ സംസ്കാരത്തേയും രാഷ്ട്രീയത്തേയും സംപ്രേഷണം ചെയ്യുന്നുണ്ട്‌. പരദേശത്തെത്തുമ്പോള്‍ പെട്ടെന്നു മാറ്റാന്‍ പറ്റുന്ന രുചിയല്ല അത്‌. സംസ്കാരങ്ങളുടെ സംഘര്‍ഷം ഓരോ പ്രവാസിയും അബോധമായെങ്കിലും അനുഭവിക്കുന്നുണ്ട്‌. പരദേശത്തെ രാഷ്ട്രീയം അവനു തികച്ചും അന്യമായ ഒന്നാണ്‌, പ്രത്യേകിച്ച്‌ ഒരുപാടു മലയാളികള്‍ എത്തിച്ചേര്‍ന്ന ഗള്‍ഫ്‌ ഭൂപ്രദേശത്ത്‌. പൊടിയുടെ നിറമുള്ള നരച്ച കാഴ്ചകള്‍ മാത്രമല്ല അവിടുത്തെ മലയാളിയുടെ തീവ്രമായ ദേശാഭിവാഞ്ചകളെ ത്വരിപ്പിക്കുന്നത്‌, രാഷ്ട്രീയമായി അനുഭവിക്കേണ്ടിവരുന്ന ഷണ്ഡത്വം കൂടിയാണ്‌. അതുകൊണ്ടാവും ഗള്‍ഫില്‍ നിന്നും ഒരു മലയാളി എഴുത്തുകാരന്റെ, ഗള്‍ഫ്‌ പരിസരത്ത്‌ വിന്യസിക്കപ്പെട്ട, എപ്പിക്‌ മാനങ്ങളുള്ള ഒരു സര്‍ഗാത്മക രചന ഇതുവരെ ഉണ്ടാവാത്തത്‌. അവന്റെ ആന്റിന നാട്ടിലേക്ക്‌ തിരിച്ചുവച്ചിരിക്കുന്നു. ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അവന്റെ ഫ്ലാറ്റിനു മുകളില്‍ ഒന്നിലേറേ ആന്റിനകള്‍ നാടിന്റെ ചലനങ്ങള്‍ ഒപ്പിയെടുത്തുകൊണ്ടു നിലയുറപ്പിച്ചും കഴിഞ്ഞു. വിചിത്രമായ ഒരു കൊളാഷ്‌ ജീവിതം. ഒന്നിനും ഒരു പൂര്‍ണതയും ഇല്ലാത്ത ഇടുങ്ങിയ ചതുരങ്ങള്‍.

പലപ്പോഴും ഒരു ഭൂപ്രദേശം, അപ്പടി തന്നെ, എഴുത്തിലെ ഒരു വലിയ ഘടകവും സാധ്യതയും കഥാപാത്രവും ഒക്കെ ആയി തീരുന്നുണ്ട്‌ (ഖസാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ തുടങ്ങിയ ശീര്‍ഷകങ്ങള്‍ തന്നെ ഓര്‍ക്കുക). തൊട്ടുള്ള ഭൂപ്രകൃതിയിലൂടെയാണു ഒരാള്‍ പ്രപഞ്ചത്തെ സ്പര്‍ശിക്കുന്നത്‌. പ്രപഞ്ചത്തെക്കുറിച്ചുള്ള ഭാവന വളരുന്നത്‌ കാലില്‍ ഇക്കിളിയാക്കിയ ഒരു പുല്‍നാമ്പില്‍ നിന്നാവും. രാത്രി മുറ്റത്ത്‌ മലര്‍ന്നു കിടക്കുമ്പോള്‍ ആകാശത്തു വിതറിയിട്ട നക്ഷത്രങ്ങളാവും മനസിന്റെ വിചിത്രമായ ഒരു അറ തുറന്നു തരുക. കാല്‍ക്കീഴില്‍ പുല്‍നാമ്പും ആകാശത്തു നക്ഷത്രങ്ങളും ഇല്ലാത്ത ഒരിടത്തു ചെന്നു വീഴുമ്പോള്‍, ഒരു എഴുത്തുകാരന്‌, പുതിയ ലാന്‍ഡ്‌സ്കേപ്‌ നല്‍കുന്ന ആഘാതം ചെറുതായിക്കൊള്ളണം എന്നില്ല.

ഈ ആഘാതങ്ങളെ അവന്‍ നേരിടുന്നത്‌ ഭാഷയില്‍ അഭിരമിച്ചുകൊണ്ടാണ്‌. എന്നാല്‍ ഭാഷ വരിക്കചക്കയല്ല. അതു ഒരു ജൈവസംസ്കൃതിയാണ്‌. ദേശങ്ങളാണു ഭാഷയെ സൃഷ്ടിക്കുന്നത്‌. ആ ദേശത്തിന്റെ ദൈനംദിനങ്ങളിലെ ഭൗതീകമായ ഇടപെടലുകള്‍ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഭാഷയുടെ പച്ചപ്പാണ്‌. ഇത്‌ ഇല്ലാതാവുമ്പോള്‍ തന്നെ, പരദേശത്തിന്റെ പലതരത്തിലുമുള്ള ജൈവമായ സ്വാംശീകരണങ്ങള്‍, മറ്റൊരു തരത്തില്‍ ഭാഷയെ വ്യതിരിക്തമാക്കാറുണ്ട്‌. പരദേശത്തിരുന്ന്‌, അത്രയെങ്കിലും ഭാഷയില്‍ നവ്യത വരുത്താന്‍ ശ്രമിക്കാത്തവര്‍ക്ക്‌ വേണ്ടിയാണ്‌ മലയാള പത്രങ്ങള്‍ ഇപ്പോള്‍ 'ഗള്‍ഫ്‌ സപ്പ്ലിമെന്റുകള്‍' പ്രസിദ്ധീകരിക്കുന്നതെന്നു തോന്നുന്നു. ഇത്രയും അന്ത:സാരശൂന്യമായി ഭാഷയെ ഉപയോഗിക്കുകയും അത്രയും അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഭാഷാവ്യവഹാരം കുറവു തന്നെ.

സ്ത്രീപക്ഷം, ദളിതം തുടങ്ങിയവയോടൊപ്പം വ്യവച്ഛേദിതമായി സമീപിക്കുമ്പോള്‍, അവ ഉയര്‍ത്തുന്ന ഒരു ചോദ്യം തന്നെയാണു പ്രവാസവും മുന്നോട്ടുവയ്ക്കുക. പ്രവാസത്തെകുറിച്ചുള്ള എഴുത്തോ പ്രവാസിയുടെ എഴുത്തോ-ഇതിലേതാണു പ്രവാസ സാഹിത്യം? ഒരു എഴുത്തുകാരന്‍ തന്റെ പ്രവാസ ജീവിതത്തെ എങ്ങിനെ അഭിമുഖീകരിക്കുന്നു എന്നതില്‍ മാത്രമാവും ഈ കുറിപ്പിനു താല്‍പ്പര്യം. അതാവട്ടെ കടലിന്റേയും മഴയുടെയും ചാക്രികജീവിതം പോലെ ഈ രണ്ട്‌ സാധ്യതകളേയും അലിയിച്ചെടുക്കുന്നു.

പ്രവാസത്തിന്റെ അനുഭവങ്ങള്‍ എഴുത്തില്‍ സങ്കീര്‍ണമാണ്‌. ഒന്നാമത്‌ എഴുത്തിനെ അടിസ്ഥാനത്തില്‍ സാധ്യമാക്കുന്നത്‌ അനുഭമല്ല എന്നതു തന്നെ. പ്രതിഭയുടെ ഉപഗ്രഹമായി മാത്രമേ ഭാഷയും ആശയവും രൂപവും താളവും നിറവും അനുഭവവുമൊക്കെ ഏതു കലയിലും പ്രസക്തമാവുന്നുള്ളൂ. അതിതീവ്രമായ അനുഭവങ്ങള്‍ ഗംഭീരമായ സാഹിത്യം സൃഷ്ടിക്കുന്നു എന്നത്‌, മലയാളത്തില്‍, റിയലിസ്റ്റിക്‌-എം.ടി-ആധുനിക സാഹിത്യകാലത്തിന്റെ അന്‍പതുവര്‍ഷം, ഉണ്ടാക്കിയെടുത്ത ഒരു തോന്നലാണ്‌-ചലനാത്മകതയേയും അനുഭവത്തേയും ചേര്‍ത്തുവച്ചുകാണുന്നതിന്റെ ഫലിതം. അതെന്തെങ്കിലുമാകട്ടെ, പറയാന്‍ ആഗ്രഹിച്ചത്‌ അനുഭവം എഴുത്തിന്റെ ഒരു അക്സസറി മാത്രമാണു എന്നാണ്‌. ആ സാധ്യതയില്‍ നിന്നു കൊണ്ടുമാത്രമേ പ്രവാസത്തിന്റെ എഴുത്തിനെ കുറിച്ചു ആലോചിക്കാന്‍ പറ്റൂ.

"ആ സമയത്ത്‌ എം. പി. നാരായണപിള്ള മുതല്‍ വി.കെ.എന്‍ വരെ എല്ലാവരും ദല്‍ഹിയില്‍ ഉണ്ടായിരുന്നു എന്നത്‌ യാദൃശ്ചികമാവാം. എന്നാല്‍ അവര്‍ അവിടെ ഇരുന്നിട്ട്‌ നാടിനെ അഭിമുഖീകരിച്ചാണ്‌ എഴുതിയത്‌. എങ്കിലും ഒരു പ്രവാസി മനസിന്റെ തീക്ഷ്ണത അതിനുണ്ടായിരുന്നിരിക്കാം" ഒരു വലിയകൂട്ടം മലയാളികള്‍ കേരളത്തിനു പുറത്തുപോയി, അവിടെയിരുന്നു എഴുതിയ ആധുനികതയുടെ കാലത്തെകുറിച്ച്‌, അക്കൂട്ടത്തില്‍ പെട്ട സേതുവിന്റെ അഭിപ്രായം ഇങ്ങിനെയാണ്‌. ചെന്നുചേരുന്ന ദേശം പ്രവാസിയായ എഴുത്തുകാരനു അന്യമായി തുടരുന്നു. അവന്‍ അവിടെയിരുന്നും അഭിമുഖീകരിക്കുന്നത്‌ താന്‍ വിട്ടുപോന്ന ദേശത്തെയാണു. പ്രവാസസാഹിത്യത്തിന്റെ അസ്തിത്വം തന്നെ ഈ തിരിഞ്ഞുനോട്ടമാണ്‌. ആധുനികത ഈ തിരിഞ്ഞു നോട്ടത്തിന്റെ സൃഷ്ടിയാണ്‌. അക്കാലത്ത്‌ വിദേശത്തിരുന്നു എഴുതപ്പെട്ട നല്ല സാഹിത്യം മുഴുവന്‍ കേരളത്തില്‍ പരിസരം വിന്യസിച്ചവയാണ്‌. മയ്യഴിപ്പുഴ മുതല്‍ ഗൗളിശാസ്ത്രം വരെ അങ്ങിനെയാണു കാണുന്നത്‌.

ഇവിടെ പ്രത്യേകം പരാമര്‍ശിക്കാന്‍ തോന്നുന്ന രണ്ടു എഴുത്തുകാര്‍ ആനന്ദും സി.രാധാകൃഷ്ണനുമാണ്‌. രണ്ടുപേരും കേരളത്തിനു പുറത്തുള്ള പരിസരങ്ങളെ കുറിച്ച്‌ മലയാളത്തില്‍ വലിയ നോവലുകള്‍ എഴുതിയവരാണ്‌. ആനന്ദ്‌, മലയാള ഭാഷയില്‍, ഒരു പാന്‍-ഇന്ത്യന്‍ രീതി പരീക്ഷിച്ച എഴുത്തുകാരനാണ്‌. ആനന്ദിന്റെ നോവലിലെ കഥാപാത്രങ്ങള്‍ക്കു പ്രാദേശികമായ ഐഡന്റിറ്റി ഇല്ല. അയാള്‍ ഇന്ത്യയിലെ എതു ഭാഗത്തു നിന്നുള്ളവനും ആവാം. ആനന്ദിന്റെ നഗരങ്ങള്‍ക്കും അത്തരത്തില്‍ ഒരു സ്വത്വനഷ്ടമുണ്ട്‌. എന്നാല്‍ അവ എതു ഇന്ത്യന്‍ നഗരത്തിന്റേയും സൈക്കിനോടു ഒത്തുപോകുന്നതുമാണ്‌. തന്റെ ചിന്തകളെ ഇന്ത്യ എന്ന വിശാലതയില്‍ വിന്യസിക്കുകയും അതിനായി മലയാളത്തിന്റെ കാല്‍പനികമായ അംശങ്ങളെ, അതു പൊതുവേ വിവക്ഷിക്കുന്ന രീതിയില്‍, ഉപേക്ഷിച്ചുകൊണ്ടു തികച്ചും വ്യത്യസ്തമായ ഒരു ഭാഷാവഴി കണ്ടെത്തുകയും ചെയ്തത്‌ ആനന്ദാണ്‌. പ്രവാസജീവിതം കൊണ്ട്‌ ഭാഷയെയും ചിന്തയെയും മലയാളത്തിന്റെ പൊതുവ്യവഹാരങ്ങള്‍ക്കു ഉപരിയായി, മറ്റൊരു വഴിയിലൂടെ മുന്നോട്ട്‌ കൊണ്ടുപോയി, ആനന്ദ്‌.

സി.രാധാകൃഷ്ണന്റെ പല നോവലുകളുടെയും പരിസരം കേരളത്തിനു പുറത്തായിരിക്കുകയും, പല നായകകഥാപാത്രങ്ങളും മലയാളികള്‍ അല്ലാതിരിക്കുമ്പോഴും സ്ഥലങ്ങളും കഥാപാത്രങ്ങളും പ്രാദേശികമായ സ്വത്വം ഉള്‍കൊള്ളുന്നവ തന്നെയാണ്‌. കൊഡൈകനാല്‍, പൂനെ, ബോംബെ, ദല്‍ഹി എന്നിങ്ങനെ സ്ഥലങ്ങളെ അടയാളപ്പെടുത്താനും കഥാപാത്രങ്ങളുടെ പ്രാദേശികമായ ഐഡന്റിറ്റി മനസിലാക്കാനും സാധിക്കും. നറേറ്റര്‍ കേരളത്തിന്റെ എല്ലാ അനുഭവങ്ങളും ഭാവങ്ങളും ഉള്‍കൊള്ളുന്ന ഫണ്ടമെന്റല്‍ മലയാളിയായി തുടരുകയും ചെയ്യുന്നു. ഇതു നോവലിന്റെ ശീലത്തേയും ഭാഷയേയും, ഭാഷാദേശത്ത്‌ ഉറപ്പിക്കുന്നു. മലയാളിയുടെ സ്വത്വഗുണങ്ങളോട്‌ ബന്ധപ്പെടുത്തിയാണു ഇവയുടെ സൃഷ്ടി എന്നതിനാല്‍ മലയാളഭാഷയ്ക്കു പുറത്ത്‌ ഈ നോവലുകള്‍ക്ക്‌ വലിയ ജീവിതം സാധ്യമല്ല. തികച്ചും വ്യത്യസ്‌തമായ രീതികള്‍ പിന്തുടര്‍ന്ന ഇവരുടെ സാഹിത്യലോകത്തെ താരതമ്യം ചെയ്യുകയല്ല, പ്രവാസത്തിന്റെ അനുഭവങ്ങള്‍ എറെ അകന്നു നില്‍ക്കുന്ന രണ്ടു ഇടങ്ങളിലൂടെ എഴുത്തിന്റെ കുതിപ്പ്‌ അനുഭവപ്പെടുത്തുന്നത്‌ സൂചിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ മറ്റൊരു ദേശത്തു എത്തപ്പെട്ട ഒരാള്‍ അവിടെയിരുന്ന്‌, ആ ദേശത്തിന്റെ ഭാഷയില്‍, ആ ദേശത്തെകുറിച്ചു എഴുതുകയാണെങ്കില്‍, അയാള്‍ മറ്റൊരു ദേശത്തു ജനിച്ചു വളര്‍ന്നു എന്നതുകൊണ്ടു മാത്രം, അതു പ്രവാസസാഹിത്യത്തിന്റെ പരിധിയില്‍ പെടുമോ...! കേരളത്തെകുറിച്ച്‌ എഴുതിയിട്ടുപോലും, ഒരു പ്രവാസ മനസിന്റെ തീവ്രത 'ഗോഡ്‌ ഓഫ്‌ സ്മാള്‍ തിങ്ങ്സ്‌' അനുഭവവേദ്യമാക്കാത്തത്‌, തന്റെ ഭാഷാദേശം തിരിച്ചുപിടിക്കാനുള്ള അഭിനിവേശം അതിന്റെ എഴുത്തുകാരിക്കു അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ടുപോയി എന്നതുകൊണ്ടു തന്നെയാവണം. അപ്പോള്‍ പ്രവാസസാഹിത്യത്തെ സാധ്യമാക്കുന്നത്‌ ഓര്‍മ്മകള്‍ തന്നെയാവും. ഗൃഹാതുരത്വം എന്ന തേഞ്ഞുനശിച്ച വാക്കുതന്നെ ഉപയോഗിക്കേണ്ടിയും വരും.

ഓര്‍മ്മകളും സമകാലവും ഉള്ളില്‍ ഒരു സംസ്കൃതി സൃഷ്ടിക്കുന്നുണ്ട്‌. അതു വിട്ടുപോന്ന ഇടത്തിന്റേയും ചെന്നുചേര്‍ന്ന ഇടത്തിന്റേയും സംയോജനമാണ്‌. തന്റെ ഭാഷയില്‍, ചെന്നുചേര്‍ന്ന ഇടത്തെകുറിച്ചു വെറുതെ ഒരു കഥയോ കവിതയോ എഴുതിയാല്‍ അതു നല്ല സാഹിത്യമായികൊള്ളണം എന്നില്ല. ഉള്ളില്‍ ഓരോ നിമിഷവും സംസ്കരിക്കപ്പെടുന്ന സംസ്കൃതികൊണ്ട്‌, തന്റെ ഭാഷാദേശത്തിന്റെ പതിവു പ്രവാഹങ്ങളെ ഒരല്‍പ്പംകൂടി മുന്നിലേക്ക്‌ ഒഴുക്കണം. എങ്കിലല്ലേ എഴുത്തുകാരനു പ്രവാസം എന്തെങ്കിലും കൂടുതല്‍ നന്മ നല്‍കുന്നുള്ളു. നാട്ടിലെ ആനുകാലികങ്ങളില്‍ അഭിരമിച്ച്‌ കൂട്ടത്തില്‍ ചെണ്ടകൊട്ടാന്‍ വിമാനം കയറേണ്ടതുണ്ടോ...?

ലാസര്‍ ഡിസില്‍വ
Subscribe Tharjani |