തര്‍ജ്ജനി

സാഹിതീയം

കഥയറിവിന്റെ ആഴങ്ങള്‍

(തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ത്രിദിന ചെറുകഥാ ശില്‍പശാലയെക്കുറിച്ച്‌)

ജീവിതത്തെ ആത്മസംസ്കരണത്തിലൂടെ പാകപ്പെടുത്തി ഉണ്ടാക്കുന്ന സര്‍ഗ്ഗാത്മക രചനകള്‍ക്ക്‌ പകരം വെയ്ക്കാന്‍ കേവലം അനുഭവങ്ങളുടെ നേരെഴുത്തുകള്‍ക്ക്‌ സാദ്ധ്യമല്ല. മനുഷ്യരാശി നിലനില്‍ക്കുന്നിടത്തോളം കഥ പറച്ചിലിന്റെ (കഥാരചനയുടെയും) പ്രസക്തി നിലനില്‍ക്കുമെന്ന ദൃഢതയാര്‍ന്ന സര്‍ഗ്ഗനിലപാടിന്റെ നിശിത സാക്ഷ്യമായിരുന്നു തുഞ്ചന്‍ പറമ്പിലെ സാഹിത്യക്കൂട്ടായ്മ. കേന്ദ്രസാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ തുഞ്ചന്‍ സ്മാരക ട്രസ്റ്റ്‌ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സെപ്റ്റംബര്‍ 8,9,10 തീയതികളില്‍ യുവചെറുകഥാകൃത്തുക്കള്‍ക്കായി സംഘടിപ്പിച്ച ത്രിദിന ചെറുകഥാ ക്യാമ്പാണ്‌ അപൂര്‍വസുന്ദരമായ ഒരു ഒത്തുചേരലിന്റെ വേദിയായത്‌. നിരൂപകര്‍ ഉള്‍പ്പടെ അമ്പതോളം സാഹിത്യപ്രതിഭകളും മുപ്പതോളം ക്യാമ്പംഗങ്ങളും ത്രിദിന പരിപാടിയില്‍ പങ്കെടുത്ത പ്രസ്തുത പഠനക്കളരിയെ മുന്‍നിര്‍ത്തി ചെറുകഥയുടെ സര്‍ഗ്ഗാത്മക പ്രസക്തിയെക്കുറിച്ചുള്ള ഒരന്വേഷണമാണിത്‌.

"ഒരു നല്ല കഥയില്‍ ജീവിതമിതാ ഇങ്ങനെയാണ്‌ എന്ന് പ്രത്യക്ഷവും ഇങ്ങനെയായിപ്പോയല്ലോ എന്ന വരികള്‍ക്കിടയിലെ വേദനയും അങ്ങിനെയായിരുന്നെങ്കില്‍ എന്ന ഒരു സ്വപ്നവും ഉണ്ടായിരിക്കണം" എന്ന് എഴുതി വെച്ചുകൊണ്ട്‌ കഥയെക്കുറിച്ച്‌ സമഗ്രവും സത്യസന്ധവുമായ ഒരു പാഠത്തിലൂടെ പുതിയ തലമുറയ്ക്ക്‌ തെളിഞ്ഞ ദിശാബോധം നല്‍കിയ വൈശാഖന്‍ ആയിരുന്നു ക്യാമ്പ്‌ ഡയറക്ടര്‍. ക്യാമ്പിന്റെ ആദ്യാവസാനം സജീവസാന്നിദ്ധ്യമായിരുന്ന കേന്ദ്രസാഹിത്യ അക്കാദമി പ്രതിനിധി ശ്രീ ജിതേന്ദ്രനാഥിന്റെ സ്വാഗത ഭാഷണത്തോടെ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. വായന ഉത്പാദനപരവും കാഴ്ച വെറും ഉപഭോഗവുമാണെന്ന്‌ ആധ്യക്ഷപ്രസംഗത്തില്‍ വൈശാഖന്‍ അഭിപ്രായപ്പെട്ടു. കഥയുടെ രാജശില്‍പി കരൂര്‍ നീലകണ്‌ഠപ്പിള്ളയുടെതു മുതല്‍ ഇങ്ങേയറ്റത്തുള്ള ചെറുകഥാകൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവരുടെ സാഹിത്യസൃഷ്ടികളുടെ പരന്ന വായനയില്‍ നിന്നു തന്നെയാണ്‌ എഴുത്തിനുള്ള ആര്‍ജ്ജവം ഉണ്ടാവുക. മാധ്യമങ്ങളുടെ അനുഭവവിവരണങ്ങളോടുള്ള ആസക്തിക്ക്‌ വെറും അല്‍പായുസ്സ്‌ മാത്രമേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഥയുടെ ഭാവിയെക്കുറിച്ച്‌ ഉറച്ച ശുഭാപ്തിവിശ്വാസമാണ്‌ കഥാകൃത്തായ സേതു ഉദ്ഘാടനപ്രസംഗത്തില്‍ ഉടനീളം പുലര്‍ത്തിയത്‌. ഉജ്ജ്വലമായ ഒരു പുതിയ നിരയിലൂടെ മലയാള ചെറുകഥ ഇന്നും സമ്പന്നമാണെന്ന് സേതു അഭിപ്രായപ്പെട്ടു. വളരെ തെളിമയുള്ള ഭാഷയില്‍ എഴുതുന്ന, തെളിഞ്ഞ കഥപറച്ചിലിന്റെ തലമുറയാണ്‌ അടുത്തതായി ഉണ്ടാവുക. പറഞ്ഞതിലേറെ പറയാതെ വയ്ക്കുകയാണ്‌ ഓരോരചനയിലൂടെ ചെയ്യുന്നത്‌. എല്ലാരചനകളുടെയും അടിസ്ഥാനപരമായ സത്ത ജീവിതം തന്നെയാണ്‌. താളക്കേടുകളിലെ താളം കണ്ടെത്താന്‍,സ്വരക്കേടുകളിലെ സ്വരത്തെ അറിയാന്‍ സര്‍ഗ്ഗപരമായ ഒരു ഊര്‍ജ്ജം നല്‍കുക മാത്രമാണ്‌ ഇത്തരം കൂട്ടായ്മയുടെ ലക്ഷ്യമെന്ന് സേതു അഭിപ്രായപ്പെട്ടു.

ചരിത്രബോധത്തിന്റെ ഉറച്ച അടിത്തറ പാകിയാണ്‌ കഥാക്യാമ്പ്‌ ആരംഭിച്ചത്‌. 'നവോത്ഥാന കഥകളും ദേശീയ ഉണര്‍വും' എന്ന വിഷയത്തെ ആസ്പദമാക്കി എസ്‌.കെ.വസന്തന്‍ നടത്തിയ പ്രഭാഷണം ഒരു നല്ല തുടക്കത്തിന്റെ സൂചനയായി. നവോത്ഥാന നേതൃത്വം ഉയര്‍ത്തിപ്പിടിച്ച ദര്‍ശനങ്ങളാകെ തകിടം മറിയുമ്പോള്‍ സാംസ്കാരിക പഠനം ഏറെ പ്രസകതമാകുനുണ്ട്‌. അതുകൊണ്ടുതന്നെ പുതിയകാലത്ത്‌ സാഹിത്യശാഖകളുടെ പഠനത്തില്‍ സാംസ്കാരിക ചരിത്രത്തിന്‌ നിര്‍ണ്ണായക സ്ഥാനമുണ്ട്‌. നവോത്ഥാനകാലത്തെ സാമൂഹ്യമാറ്റത്തോട്‌ തോളുരുമ്മിയുള്ള പ്രയാണത്തില്‍ ചെറുകഥ നീതിപുലര്‍ത്തിയില്ല. കേശവദേവ്‌, പൊന്‍കുന്നം വര്‍ക്കി, കാരൂര്‍,ബഷീര്‍ തുടങ്ങിയവരെ പ്രത്യേകം പരാമര്‍ശിച്ചികൊണ്ട്‌ എസ്‌.കെ.വസന്തന്‍ വസ്തുക്കളെ ആസ്പദമാക്കി ചരിത്രത്തിന്റെ കൃത്യതയാര്‍ന്ന വിവരണം നല്‍കി.

കെ.എസ്‌. രവികുമാര്‍ 'മനസിന്റെ വഴി'കളെക്കുറിച്ചാണ്‌ ക്യാമ്പംഗങ്ങളോട്‌ പറഞ്ഞത്‌. കഥ പറച്ചില്‍ ഒരു സാമൂഹീകവിനിമയവും ചെറുകഥാരചന ഒരു വ്യക്തിനിഷ്ഠക്രീയയുമാണ്. എം.ടി യുടെ കര്‍ക്കിടകം,തകഴിയുടെ വെള്ളപ്പൊക്കത്തില്‍,ടി.പത്മനാഭന്റെ ശേഖൂട്ടി തുടങ്ങിയ കഥകളെ ഉദാഹരിച്ചുകൊണ്ട്‌ കഥാ രചനയിലും ആസ്വാദനത്തിലും സാധ്യമാകുന്ന വിവിധ തലങ്ങളിലുള്ള മനോസഞ്ചാരങ്ങളെക്കുറിച്ച്‌ ഗഹനമായ നിരീക്ഷണങ്ങളാണ്‌ കെ.എസ്‌. രവികുമാര്‍ അവതരിപ്പിച്ചത്‌.ഫോട്ടോഗ്രാഫിക്‌ റിയലിസത്തെ പൊളിച്ചെഴുതാന്‍ ആധുനികതയ്ക്ക്‌ സാധിച്ചുവെങ്കിലും ഒരൊറ്റ മനുഷ്യനിലേക്ക്‌ അവന്റെ അനുഭവങ്ങളിലേക്ക്‌ കേന്ദ്രീകരിക്കപ്പെട്ട രചനാസങ്കേതത്തിലൂടെ ആത്മകേന്ദ്രീകൃതമായ മറ്റൊരുകണ്ണാടി അത്‌ പ്രതിഷ്ഠിക്കുകയായിരുന്നുവെന്ന് ഡോ.പി.കെ. രാജശേഖരന്‍ അഭിപ്രായപ്പെട്ടു. 'ആധുനികത-മലയാള കഥകളില്‍ 'എന്ന വിഷയത്തെ ആസ്പദമാക്കി സംസാരികുകയായിരുന്നു അദ്ദേഹം. കൊളോണിയല്‍ ആധുനികതയ്ക്കെതിരെയുള്ള കുറ്റപത്രമാണ്‌ ആധുനികാനന്തര കഥകള്‍ എന്ന് കെ.ഇ.എന്‍. അഭിപ്രായപ്പെട്ടു. കൊളോണിയല്‍ കാഴ്ചപ്പാടുകളെ ആധുനികത എന്നു വിളിക്കുന്നതെങ്ങനെ? സ്ത്രീ പക്ഷഭാവുകത്വം, കീഴാള ഭാവുകത്വം, തീവ്രരാഷ്ടീയ പ്രതികരണങ്ങള്‍ തുടങ്ങിയവ പുതിയ കഥകളില്‍ കാണാന്‍ കഴിയുന്നുണ്ട്‌. അന്ത്യപ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാത്ത,പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അധ്വാന കേന്ദ്രീകൃതമായ ബന്ധത്തെ സംബന്ധിക്കുന്നതും മനുഷ്യവര്‍ഗത്തെ പീഢിപ്പിക്കുന്ന അടിയന്തിരപ്രശ്നങ്ങളോട്‌ വിമോചനസാധ്യമാകുന്ന വര്‍ഗത്തിന്റെ നിലപാടുകളില്‍ നിന്ന് പ്രതികരിക്കുന്നവയായിരിക്കണം സാഹിത്യരചനകള്‍ എന്ന് പ്രമുഖരെ ഉദ്ധരിച്ചുകൊണ്ട്‌ കെ.ഇ.എന്‍ വ്യക്തമാക്കി.

പരിവേഷ നഷ്ടങ്ങളുടേതാണ്‌ പുതിയ എഴുത്ത്‌ എന്ന കഥയിലെ വര്‍ത്തമാനം എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചികൊണ്ട്‌ നിരൂപകന്‍ എന്‍.ശശിധരന്‍ അഭിപ്രായപ്പെട്ടു. ആലംബമില്ലാത്ത അസ്തിത്വത്തെ പെരുപ്പിച്ചുകാണിക്കുകയാണ്‌ ആധുനികത ചെയ്തത്‌ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യാഥാര്‍ത്ഥ്യത്തെ മുഖാമുഖം ദര്‍ശിക്കാനാകുന്ന ഒന്നാണ്‌ പുതിയ എഴുത്ത്‌ എന്നും എന്‍. ശശിധരന്‍ പറഞ്ഞു. വൈദേശീക രചനകള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും നമ്മുടെ കലാബോധത്തിന്റെ അടിയൊഴുക്ക്‌ പഞ്ചതന്ത്രം പോലെ, കഥാസരിത്‌ സാഗരം പോലെയുള്ള ഭാരതീയ കഥകളാണെന്ന് 'ഭാരതീയ കഥാസാഹിത്യം' എന്ന വിഷയത്തിലൂന്നി സംസാരിച്ചുകൊണ്ട്‌ വി.ഡി.കൃഷ്ണന്‍ നമ്പ്യാര്‍ അഭിപ്രായപ്പെട്ടു. മറ്റ്‌ ഭാരതീയ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാള കഥാസാഹിത്യം മുന്‍പന്തിയില്‍ത്തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സി.വി.ശ്രീരാമന്റെ സാന്നിദ്ധ്യംകൊണ്ട്‌ ശ്രദ്ധേയമായിരുന്നു രണ്ടാം ദിനത്തിലെ സാഹിത്യക്കൂട്ടായ്മ. ആദ്യഘട്ട സംവാദത്തില്‍ പി.കെ.പോക്കര്‍ ആധ്യക്ഷം വഹിച്ചു. അനുഭവ എഴുത്തുകള്‍ എന്ന പേരില്‍ അടുത്തകാലത്തായി കേരളത്തിലെ പ്രമുഖ പ്രസാധകര്‍ തങ്ങളുടെ അജന്‍ഡ വായനക്കാരില്‍ അടിച്ചേല്‍പ്പിക്കുന്നതായി പോക്കര്‍ കുറ്റപ്പെടുത്തി. വ്യക്തികളുടെ രഹസ്യങ്ങളും കണ്ടെടുത്ത്‌ ചരക്കാക്കി വില്‍ക്കുകയാണ്‌ ചാനലുകള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളെന്ന് സാറാ ജോസഫ്‌ പറഞ്ഞു. മറ്റുള്ളവന്റെ ജീവിതം ഒളിഞ്ഞു നോക്കാനുള്ള ആസക്തി ഇപ്പോള്‍ ചൂഷണം ചെയ്യുകയാണ്‌. അനുഭവവിരണങ്ങളും വേശ്യകളുടെയും ഹിജഡകളുടെയും ആത്മകഥ വിറ്റുപോകുന്നത്‌ ഇതുകൊണ്ടാണ്‌ . ഇവയൊന്നും മൂല്യമുള്ള സാഹിത്യമല്ല,അല്‍പായുസായ കൌതുകരചനകള്‍ മാത്രം. മുറിയുന്ന ഹൃദയത്തോടെ പേനെയെടുക്കുന്നവര്‍ക്ക്‌ എഴുതാന്‍ വിഷയമുണ്ട്‌. തീവ്രവാദവും അരാഷ്ടീയവല്‍ക്കരണവും ലൈംഗീക അരാജകത്വവും ഹൃദയം മുറിപ്പെടുത്തുന്ന പ്രശ്നങ്ങളാണ്‌. ഒരുസ്ത്രീ പക്ഷ എഴുത്തുകാരി എന്ന ലേബലില്‍ തന്നെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നു. സംവാദത്തില്‍ ഇടപെട്ടുകൊണ്ട്‌ അവര്‍ പറഞ്ഞു. കഥയെഴുത്തിലെ ഭാഷ ധ്വനിപ്രാധാനമായിരിക്കണമെന്ന് പി.വത്സല അഭിപ്രായപ്പെട്ടു. പത്രങ്ങളും ചാനലുകളും പടച്ചുവിടുന്ന അല്‍പാനുഭവങ്ങളല്ല സാഹിത്യം. എളുപ്പത്തില്‍ കിട്ടുന്ന അനുഭവങ്ങളെ വാങ്ങുന്നത്‌ അപകടമാണ്‌ പി.വത്സല കൂട്ടിച്ചേര്‍ത്തു. ലൈംഗികതയുടെ ആവിഷ്കാരത്തിന്‌ സിനിമയിലേക്കള്‍ ഏറെ സാദ്ധ്യത സാഹിത്യത്തിലാണെന്ന് സി.വി.ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പക്ഷേ ദാരിദ്രത്തിന്റെയോ വിശപ്പിന്റെയോ ഒക്കെ ആവിഷ്ക്കാരത്തെക്കാളേറെ രചനാപരമായ ഒരു വെല്ലുവിളിയാണത്‌. ഭാഷാപരമായ മിതത്വവും ശ്രദ്ധയും പുലര്‍ത്തിയില്ലെങ്കില്‍ അത്‌ അശ്ലീല രചനകളായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പംഗളുടെ ഇടപെടലുകളോട്‌ വളരെ വൈകാരികമായാണ്‌ കഥാകൃത്ത്‌ ശതൃഘ്നന്‍ പ്രതികരിച്ചത്‌. മുണ്ടൂര്‍ സേതുമാധവന്റെ ലളിതവും ആധികാരികവുമായ ഭാഷണങ്ങള്‍ ശ്രദ്ധേയമായി. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ യു.കെ കുമാരനും സംസാരിക്കുകയുണ്ടായി.

കഥയിലെ അനുഭവരൂപീകരണത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ കെ.പി. രാമനുണ്ണി അദ്ധ്യക്ഷം വഹിച്ചു. നേരനുഭവങ്ങളുടെ അഭാവത്തില്‍ വിശാലമായ വായനയുടെ അനുഭവപരിസരം സാഹിത്യരചനയിലേക്ക്‌ ഏറെ പ്രചോദനമാകുമെന്ന്‌ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. "ഗ്ലോബ്‌" എന്ന തന്റെ ചെറുകഥയെ മുന്‍നിര്‍ത്തി എന്‍.പ്രഭാകരന്‍ നടത്തിയ സംഭാഷണം വ്യത്യസ്ഥമായി. സാമൂഹികജീവിതവും എഴുത്തുകാരന്റെ വര്‍ഗ്ഗനിലപാടുകളും ബോധപൂര്‍വ്വമല്ലാതെ തന്നെ രചനകളില്‍ ഉള്‍ച്ചേര്‍ക്കപ്പെടുന്നതെങ്ങനെയെന്നും പ്രസ്തുത ഭാഷണത്തിലൂടെ വ്യക്തമായി. പുതിയ ലോകത്തെ സംഘര്‍ഷാവസ്ഥകളിലേക്കും സങ്കീര്‍ണ്ണതകളിലേക്കും വിരല്‍ ചൂണ്ടിക്കൊണ്ട്‌, പ്രണയകവിതകള്‍ പോലും ചോരയിറ്റുവീഴുന്ന ഭാഷയില്‍ മാത്രമേ ഇപ്പോള്‍ എഴുതാന്‍ കഴിയൂ എന്ന്‌ പി.കെ.പാറക്കടവ്‌ അഭിപ്രായപ്പെട്ടു. തന്റെ എഴുത്തിനെ രൂപീകരിക്കുന്ന വൈയ്യക്തികാനുഭവങ്ങളെക്കുറിച്ചും രാഷ്ട്രീയസാമൂഹികാവസ്ഥകളെക്കുറിച്ചും വി.എസ്‌. അനില്‍കുമാര്‍ സംസാരിച്ചു. വി.ആര്‍ സുധീഷ്‌,ശിഹാബുദ്ദീന്‍ പൊയ്തുംകടവ്‌,ടി.എന്‍.പ്രകാശ്‌,അംബികാസുതന്‍ മാങ്ങാട്‌,കെൃഘുനാഥന്‍, ബി.എം.സുഹറ തുടങ്ങിയവരും കഥയിലെ അനുഭവരൊപീകരണത്തെക്കുറിച്ച്‌ സംസാരിച്ചു.

ശില്‍പ്പശാലയുടെ ആദ്യരണ്ടുദിവസങ്ങളില്‍, രാത്രി എട്ടുമണിമുതല്‍ വളാരെ വൈകുവോളം നീണ്ടുനിന്ന "പണിപ്പുര" എന്ന സെക്ഷന്‍ ശ്രദ്ധേയമായി. സജീവമായ സംവാദങ്ങളും അനുഭവവിവരണങ്ങളും കൊണ്ട്‌ സവിശേഷമായിത്തീര്‍ന്ന പ്രസ്തുത പരിപാടിക്ക്‌ സുഷ്മേഷ്‌ ചന്ത്രോത്ത്‌,രോഷ്‌നി സ്വപ്ന, കെ.എക്സ്‌.ആന്റോ, സി.ഗണേഷ്‌, കെ.എസ്‌.വെങ്കിടാചലം, അനിയന്‍ മാങ്ങോട്ട്‌രി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപനദിവസം രാവിലെ ഒന്‍പത്‌മണിമുതല്‍ പുതിയനിരയിലെ കഥാകൃത്തുക്കളുടെ ഒരു വലിയ കൂട്ടായ്മ തന്നെ സംവാദത്തില്‍ പങ്കുകൊണ്ടു. എം.എന്‍.കാരശ്ശേരിയുടെ അധ്യക്ഷത്തില്‍ നടന്ന ചടങ്ങില്‍ സുഭാഷ്‌ ചന്ദ്രനാണ്‌ ആദ്യമായി സംസാരിച്ചത്‌. "ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം"ത്തിന്റെ കഥാകാരന്‍ "കഥയിലെ കലാസാന്നിധ്യ"ത്തെക്കുറിച്ച്‌ ഗഹനമായ നിരീക്ഷണങ്ങളാണ്‌ പങ്കുവെച്ചത്‌. തുടര്‍ന്ന്‌ സംസാരിച്ചത്‌ ബി.മുരളിയായിരുന്നു. മാധ്യമപ്രവര്‍ത്തകരാണെന്നു പരിഗണനയില്‍ ചില കഥകൃത്തുക്കള്‍ക്ക്‌ അനര്‍ഹമായ പരിഗണന ലഭിക്കുന്നു എന്ന പ്രചരണം ശരിയല്ലെന്ന്‌ സംവാദത്തില്‍ ഇടപെട്ടുകൊണ്ട്‌ വിനു എബ്രഹാം പറഞ്ഞു. പ്രണയത്തെക്കുറിച്ചും ഇനിയും ധാരാളം കഥകളുണ്ടാകണമെന്ന്‌ കെ.പി.സുധീര അഭിപ്രായപ്പെട്ടു. എല്ലാ കഥാകൃത്തുക്കള്‍ക്കും അവരുടെ സര്‍ഗ്ഗപരമായ കഴിവിന്റെ സാധ്യതകളൊക്കെയും വിനിയോഗിച്ച്‌ എഴുതിയ ഒന്നോ രണ്ടോ രചനകള്‍ ഉണ്ടാകുമെന്നും മറ്റുള്ളവ ഏറിയും കുറഞ്ഞും അതിന്റെ വകഭേദങ്ങള്‍ മാത്രമായിരിക്കാമെന്നും "ഉഭയജീവിതം" എന്ന തന്റെ കഥയെ ഉദ്ധരിച്ച്‌ സന്തോഷ്‌ എച്ചിക്കാനം പറഞ്ഞു. എ.സന്തോഷ്കുമാര്‍, ആര്‍.ഉണ്ണി,കെ.വെ.അനൂപ്‌,അര്‍ഷാദ്‌ ബത്തേരി,എസ്‌. ഹരീഷ്‌ തുടങ്ങിയവരും സംവാദത്തില്‍ സജീവമായി ഇടപെട്ടു. സി.എസ്‌.ചന്ദൃക കടുത്ത സ്ത്രീപക്ഷനിലപാടുകളുമായി ചര്‍ച്ചയ്ക്ക്‌ ജീവന്‍ നല്‍കി. മുന്‍പ്‌ സൂചിപ്പിച്ചതുപോലെ യാതൊരു പരിവേഷങ്ങളുമില്ലാതെ, വളരെ സ്നേഹമസൃണമായ ഒരു സര്‍ഗ്ഗാത്മക സാന്നിധ്യമാണ്‌ പുതിയ തലമുറയിലെ കഥാകൃത്തുക്കളുടെ ഇടയില്‍നിന്നും ക്യാമ്പങ്ങള്‍ക്ക്‌ ലഭിച്ചത്‌.

ഒ.വി.വിജയന്റെയും കാരൂരിന്റെയും കഥകളെ സസൂക്ഷമം നിരീക്ഷിച്ചുകൊണ്ട്‌ കഥ കാവ്യമായിത്തീരുന്ന മാന്ത്രികതയിലെ രചനാപരമായ രസതന്ത്രം വെളിപ്പെടുത്തിക്കൊണ്ടുള്ള എം. ആര്‍. രാഘവവാരിയരുടെ അധ്യക്ഷപ്രസംഗത്തോടെയാണ്‌ "കഥയിലെ കാവ്യം" എന്ന അവസാനഘട്ടപരിപാടി ആരംഭിച്ചത്‌. മണമ്പൂര്‍ രാജന്‍ ബാബു,കെ,ആര്‍,മീരയുടേതുള്‍പ്പെടെയുള്ള പുതിയ നിരയിലെ കഥാകൃത്തുക്കളെ അടക്കം നിരീക്ഷിച്ചുകൊണ്ട്‌ കഥയും കാവ്യവും ഒന്നായിത്തീരുന്ന രചനകളെക്കുറിച്ച്‌ സംസാരിച്ചു. ആലങ്കോട്‌ ലീലാകൃഷ്ണന്‍ നടത്തിയ പ്രഭാഷണത്തോടെ മൂന്നുദിവസം നീണ്ടുനിന്ന കഥാശില്‍പ്പശാല സമാപിക്കാന്‍ പോവുകയായിരുന്നു. മിന്നാമിനുങ്ങുകളെപ്പോലെ സ്വന്തം രചനകളാല്‍ നിങ്ങള്‍ സ്വയം പ്രകാശിച്ചുകൊണ്ടിരിക്കട്ടെ എന്ന ആശംസാവാചകത്തിലൂടെ ലീലാകൃഷ്ണന്‍ ഭാഷണം അവസാനിപ്പിച്ചു.

ജീവിതത്തോളം തന്നെ പ്രസക്തമാണ്‌ കഥയും എന്ന തിരിച്ചറിവാണ്‌ ശില്‍പ്പശാലയുടെ അവലോകനത്തില്‍ അംഗങ്ങള്‍ പങ്കുവച്ചത്‌. ചെറുകഥയുടെ പ്രസക്തിയെക്കുറിച്ച്‌ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും കഥാരചന വളാരെ ഗൌരവമുള്ള ഒരു സര്‍ഗ്ഗപ്രക്രിയയാണെന്ന്‌ ഈ ക്യാമ്പിലൂടെ ബോധ്യമായെന്നും ക്യാമ്പംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ക്യമ്പിന്റെ വിജയത്തിനുവേണ്ടി പരിശ്രമിച്ച തുഞ്ചന്‍ പറമ്പിലെ എല്ലാ അന്തേവാസികളോടും ക്യാമ്പംഗങ്ങള്‍ നന്ദി രേഖപ്പെടുത്തി.കേന്ദ്ര സാഹിത്യ അക്കാദമി പ്രതിനിധി ജിതേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ ഡയറക്റ്റര്‍ വൈശാഖന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ആരൊക്കെ അവഗണിച്ചാലും കാലാതിവര്‍ത്തിയായിത്തീരുന്ന കഥാസാഹിത്യത്തിന്റെ ഉജ്ജ്വലവും ദീപ്തവുമായ സജീവസാന്നിദ്ധ്യമാണ്‌ തുഞ്ചന്‍ പറമ്പില്‍ കാണുവാന്‍ കഴിഞ്ഞത്‌. "കഥയാല്‍ തടുക്കാമോ കാലത്തെ?" എന്ന്‌ പ്രതീക്ഷയോടേ ചോദിക്കേണ്ടിയിരിക്കുന്നു.

ബിജു. കെ
Subscribe Tharjani |
Submitted by Sunil on Sun, 2006-10-08 19:07.

ബിജൂ, കുറച്ച്‌ ചിത്രങ്ങള്‍ കൂടെ ആവാമായിരുന്നു.