തര്‍ജ്ജനി

നിയമം

അറിയാന്‍ വൈകരുത്‌; ഇനിയും

"അതെല്ലാം തിരഞ്ഞു കണ്ടുപിടിക്കാന്‍ കുറച്ചു സമയമെടുക്കും നിങ്ങള്‍ പോയിട്ട്‌ പിന്നീടെപ്പോഴെങ്കിലും വരൂ. ഇപ്പോള്‍ ഞാനല്‍പ്പം തിരക്കിലാണ്‌..."

അധികാര ഗര്‍വ്വിന്റെ ഈ പരുക്കന്‍ വാക്കുകള്‍ ഉരഞ്ഞ്‌ മുറിഞ്ഞിട്ടില്ലേ നിങ്ങളുടെ അഭിമാനവും? ഒരു വട്ടമെങ്കിലും..? "ഒരു വട്ടമോ....? എത്ര ഒരുപാട്‌ വട്ടങ്ങള്‍...? അതില്‍ അത്ഭുതപ്പെടാന്‍ മാത്രം എന്തിരിക്കുന്നു മാഷേ! ഇത്‌ കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരല്ലേ നമ്മള്‍...?"

ആലോചന ഈ വഴിക്കെങ്കില്‍ അത്‌ തുടരാന്‍ വരട്ടെ. ചോദിക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? ഉണ്ടെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്കുമുണ്ട്‌ അവകാശം. അറിയാനുള്ള അവകാശം. The right to information അതെ ഇപ്പോള്‍ നമുക്കും പറയാം "ഇല്ല പോവുന്നില്ല അറിഞ്ഞിട്ട്‌ മാത്രമേ പോവൂ" എന്ന്.

2005 ഒക്ടോബര്‍ 12 ന്‌ അറിയാനുള്ള അവകാശനിയമം-2005 രാജ്യത്താകമാനം നിലവില്‍ വന്നു. നമ്മുടെ മൌലികാവകാശമായ ആശയ-അഭിപ്രായ (19(1)-എ) സ്വാതന്ത്ര്യത്തില്‍ നിന്നും ജീവന്‍ കൊടുക്കപ്പെട്ട ഈ നിയമം 2005 മെയ്‌ 11 നാണ്‌ പാര്‍ലമെന്റ്‌ പാസാക്കിയത്‌.

ഈ നിയമപ്രകാരം രാജ്യതാത്പര്യ സംരക്ഷണത്തിനും മറ്റുമുള്ള ചില പ്രത്യേക വിവരങ്ങളൊഴികെ എല്ലാ വിവരങ്ങളും സ്വമേധയാലോ ആവശ്യപ്പെടുന്നതനുസരിച്ചോ പൌരന്മാര്‍ക്ക്‌ നല്‍കാന്‍ എല്ലാ പൊതു അധികാരികളും ബാധ്യസ്ഥരാണ്‌. മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഓഫീസുകളും സ്വയം ഭരണസ്ഥാപനങ്ങളും മാത്രമല്ല സര്‍ക്കാര്‍ ഫണ്ട്‌ നേരിട്ടോ അല്ലാതെയോ സ്വീകരിക്കുന്ന സര്‍ക്കാരിതര സംഘടനകളും ഈ നിയമത്തിന്‌ കീഴില്‍ വരുന്നു.

ഈ നിയമം തരുന്ന അനന്ത സാദ്ധ്യതകളെ പ്രയോജനപ്പെടുത്തണമെങ്കില്‍ കൈക്കുടന്നയോളമെങ്കിലും അതേപ്പറ്റിയുള്ള അറിവ്‌ നമുക്ക്‌ അത്യാവശ്യമാണ്‌.

വിവരങ്ങള്‍ ലഭിക്കാന്‍ ചെയ്യേണ്ടത്‌

അപേക്ഷകള്‍ സ്വീകരിക്കേണ്ടതും വിവരം നല്‍കേണ്ടതും പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരാണ്‌. 10 രൂപ ഫീസോടുകൂടിയ അപേക്ഷകള്‍ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കോ അസിസ്റ്റന്റ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കോ സമര്‍പ്പിക്കുക(അപേക്ഷ എഴുതാന്‍ അറിയാത്തവരെ അതെഴുതാന്‍ ഈ ഓഫീസര്‍ സഹായിക്കും)

അപേക്ഷയ്ക്ക്‌ നിശ്ചിത ഫോമില്ല. വെള്ളക്കടലാസ്‌ മതിയാവും
ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ളവര്‍ ഫീസ്‌ നല്‍കേണ്ടതില്ല.
ഏതാവശ്യത്തിനാണ്‌ വിവരം തേടുന്നത്‌ എന്ന് വ്യക്തമാക്കേണ്ടതില്ല.
മേല്‍വിലാസമല്ലാതെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കേണ്ടതില്ല.

എന്തെല്ലാം അറിയാം

പൊതു അധികാരിക്ക്‌ ഏതുരൂപത്തിലും ലഭിക്കാവുന്നതും അധികാരിയുടെ നിയന്ത്രണത്തിന്‍ കീഴിലോ കൈവശമോ ഉള്ളവ
രേഖകള്‍
പ്രമാണങ്ങള്‍
കുറിപ്പുകള്‍
പേപ്പറുകള്‍
ഉപദേശങ്ങള്‍
പത്രക്കുറിപ്പുകള്‍
ഇ-മെയിലുകള്‍
സര്‍ക്കുലറുകള്‍
ഉത്തരവുകള്‍
കരാറുകള്‍
റിപ്പോര്‍ട്ടുകള്‍
ലോഗ്‌ബുക്കുകള്‍
മാതൃകകള്‍
സാമ്പിളുകള്‍

തുടങ്ങി ഇലക്ട്രോണിക്‌ രൂപത്തിലുള്‍പ്പെടെ ശേഖരിച്ചിട്ടുള്ള മുഴുവന്‍ വിവരങ്ങളും അറിയാന്‍ കഴിയും.

എന്തെല്ലാം അറിയാനാവില്ല.

രാജ്യതാത്പര്യത്തിന്‌ വിരുദ്ധമായ കാര്യങ്ങള്‍
പ്രസാധനം ചെയ്യുന്നതില്‍ നിന്ന് കോടതി വിലക്കിയിട്ടുള്ള കാര്യങ്ങള്‍
അന്വേഷണത്തിന്‌ തടസ്സം നില്‍ക്കാന്‍ ഇടയുള്ള കാര്യങ്ങള്‍
നിയമ നിര്‍മ്മാണ സഭകളുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമായി കണക്കാക്കുന്ന വിവരങ്ങള്‍.
വ്യക്തിയുടെ സ്വാതന്ത്ര്യത്തെയോ, സ്വകാര്യതയെയോ, ജീവനെയോ, സുരക്ഷയെയോ ഹനിക്കുന്ന വിവരങ്ങള്‍ ഒഴികെ എന്തും അറിയാം.

(ഈ ഒഴിവാക്കല്‍ പോലും തീര്‍ത്തും പൂര്‍ണ്ണമല്ല. പൊതുതാത്പര്യത്തിനാണ്‌ മുന്‍തൂക്കമെങ്കില്‍ പൊതു അധികാരിക്ക്‌ വിവേചനാധികാരമുപയോഗിച്ച്‌ അവ വെളിപ്പെടുത്താം മാത്രമല്ല ഒഴിവാക്കപ്പെട്ട വിവരങ്ങളില്‍ തന്നെ ചിലത്‌ അപേക്ഷ നല്‍കിയാല്‍ ഇരുപത്‌ വര്‍ഷത്തിനു ശേഷം അറിയാന്‍ പൌരന്‌ അവകാശമുണ്ട്‌.

മനുഷ്യാവകാശത്തെ സംബന്ധിച്ചുള്ള നിയമങ്ങളാണെങ്കില്‍ അത്‌ നല്‍കാന്‍ രഹസ്യാന്വേഷണസുരക്ഷാ ഇന്റലിജന്‍സ്‌ വിഭാഗങ്ങള്‍ക്ക്‌ ബാദ്ധ്യതയുണ്ട്‌. ഇത്തരം വിവരങ്ങള്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കണം

എവിടെ നിന്നെല്ലാം അറിയാം

മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
സര്‍ക്കാരിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള സ്ഥാപനങ്ങള്‍
പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങള്‍.
നേരിട്ടോ അല്ലാതെയോ സര്‍ക്കാര്‍ ഫണ്ട്‌ സ്വീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സ്ഥാപനങ്ങള്‍(NGOs)

ഏത്‌ രൂപത്തില്‍ നിന്നെല്ലാം പകര്‍പ്പുകള്‍ എടുക്കാം.

കമ്പ്യൂട്ടറിലും മറ്റും ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍
ഡിസ്ക്കുകള്‍
ഫ്ലോപ്പികള്‍
ടേപ്പുകള്‍
വീഡിയോ കാസറ്റുകള്‍
സാക്ഷ്യപ്പെടുത്തിയ കടലാസുപകര്‍പ്പുകള്‍
ഏതു പദാര്‍ത്ഥത്തിന്റെയും സാഷ്യപ്പെടുത്തിയ സാമ്പിളുകള്‍ തുടങ്ങിയ ഏതുരൂപത്തില്‍ നിന്നും പകര്‍പ്പുകള്‍ എടുക്കാം.

എപ്പോള്‍ ലഭിക്കും

സാധാരണ ഗതിയില്‍ അപേക്ഷ ലഭിച്ച്‌ മുപ്പത്‌ ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ലഭിക്കേണ്ടതാണ്‌. വ്യക്തിയുടെ ജീവനെയോ സുരക്ഷയേയോ ബാധിക്കുന്ന വിവരമാണെങ്കില്‍ അത്‌ 48 മണിക്കൂറിനകം നല്‍കിയിരിക്കണം.വിവരം നല്‍കാനാവാത്ത പക്ഷം അതിനുള്ള കാരണവും അപ്പീല്‍ ബോധിപ്പിക്കാനുള്ള കാലയളവും മറ്റുവിവരങ്ങളും അപേക്ഷകനെ ധരിപ്പിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്‌ ബാദ്ധ്യതയുണ്ട്‌.
(ഈ നിയമത്തിന്റെ പ്രയോജനം പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നതിനുള്ള ഉദ്യോഗസ്ഥ വിന്യാസം സംസ്ഥാന തലത്തിലും ജില്ലാ താലൂക്ക്‌ തലത്തിലും പൂര്‍ത്തിയായി വരുന്നു)

അപ്പീലുകള്‍

ആവശ്യപ്പെടുന്ന വിവരങ്ങള്‍ ലഭിക്കുന്നില്ലെങ്കിലോ അപൂര്‍ണ്ണവും അവാസ്തവവുമായ വിവരമാണ്‌ ലഭിക്കുന്നതെങ്കിലോ പൌരന്‌ രണ്ടുതലത്തില്‍ അപ്പീല്‍ നല്‍കാവുന്നതാണ്‌. ആദ്യപടിയായി പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഉയര്‍ന്ന റാങ്കില്‍ അപ്പീല്‍ സ്വീകരിക്കുന്നതിന്‌ നിയുക്തനായ ഉദ്യോഗസ്ഥന്‌ അപ്പീല്‍ നല്‍കാവുന്നതാണ്‌. പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ തീരുമാനം ലഭിച്ച്‌ 30 ദിവസത്തിനകം വേണം ഈ അപ്പീല്‍ നല്‍കാന്‍. ആദ്യത്തെ അപ്പീല്‍ തീരുമാനത്തിനെതിരെ 90 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ അപ്പീല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‌ സമര്‍പ്പിക്കാവുന്നതാണ്‌.

ഉപയോഗപ്പെടുത്താന്‍ വൈകരുത്‌

കോളനി ഭരണകാലത്ത്‌ വെള്ളക്കാര്‍ അവരുടെ ഇച്ഛാനുസരണം രൂപം കൊടുത്ത പല നിയമങ്ങളാലുമാണ്‌ ഇപ്പോഴും നാം ഭരിക്കപ്പെടുന്നത്‌ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു തിരിച്ചറിവാണ്‌. വിഭജിച്ചുഭരിക്കുക എന്ന ബ്രട്ടീഷ്‌ നയത്തിന്റെ ഭാഗമായി പിറവികൊണ്ട പലനിയമങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം 1923-ല്‍ ബ്രട്ടീഷുകാര്‍ രൂപം നല്‍കുകയും 2005 മെയ്‌ 11 ന്‌ വിവരാവകാശനിയമം പാസാകും വരെ നിലനില്‍ക്കുകയും ചെയ്തിരുന്ന ഔദ്യോഗിക രഹസ്യനിയമം. വിവരങ്ങളറിയാനുള്ള അവകാശം കൈവരുന്നതിലൂടെയേ ജനാധിപത്യത്തിന്‌ യഥാര്‍ത്ഥ അര്‍ത്ഥവും മാനവും നല്‍കുന്ന പൊതുജനാഭിപ്രായ രൂപീകരണം ശരിയായരീതിയില്‍ സാദ്ധ്യമാകുകയുള്ളൂ. ആ സ്വാതന്ത്ര്യമാണ്‌ പുതിയ നിയമത്തിന്റെ വരവോടെ നമുക്ക്‌ പതിച്ച്‌ നല്‍കപ്പെട്ടിരിക്കുന്നത്‌.

ഭരണഘടന നിലവില്‍വന്ന് അരനൂറ്റാണ്ട്‌ പിന്നിട്ടശേഷം മാത്രമാണ്‌ ഈ നിയമം നിലവില്‍ വന്നത്‌ എങ്കിലും ഇപ്പോഴും വിശുദ്ധഗര്‍ഭത്തില്‍ മാത്രമിരിക്കുന്ന സ്ത്രീ പ്രാതിനിധ്യബില്ലിന്റെ അവസ്ഥ ഇതിനുണ്ടായില്ലല്ലോ എന്ന് നമുക്ക്‌ സമാധാനിക്കാം. പ്രത്യക്ഷത്തില്‍ ഈ പുതിയ അവകാശലബ്ധികള്‍ക്ക്‌ നാം കടപ്പെട്ടിരിക്കുന്നത്‌ പാര്‍ലമെന്റേറിയന്മാരോടാണെങ്കിലും നന്ദിപൂര്‍വം സ്മരിക്കേണ്ട വേറൊരു കൂട്ടര്‍കൂടിയുണ്ട്‌. ഈ നിയമ നടപ്പില്‍ വരുത്തുന്നതിനായി അധികാര കേന്ദ്രങ്ങളിലേക്ക്‌ സമരം നയിച്ച രാജസ്ഥാനിലെ ഒരുപറ്റം കര്‍ഷകരുടെ ശ്രമങ്ങളെയും ശ്ലാഘിക്കുക.

നിയമത്തിനു മാത്രമായി മാന്ത്രിക ശക്തിയൊന്നുമില്ല. അത്‌ വേണ്ടും വിധം പ്രയോജനപ്പെടുത്താതിരുന്നാല്‍ മറ്റുപല നിയമങ്ങളുടെയും വിധിതന്നെയാവും ഇതിനും. "കരയുന്ന കുട്ടിക്കേ പാലുള്ളൂ". എന്നൊരു പഴഞ്ചൊല്ലുണ്ട്‌. കരയാതിരുന്നാല്‍, ആവശ്യപ്പെടാതിരുന്നാല്‍ നിയമം നിയമമായി ഏടുകളില്‍ ഇരിക്കുകയേയുള്ളൂ. അതിനാല്‍ കരയുന്ന അല്ല അലറുന്ന സിംഹഹൃദയമുള്ളവരായിരിക്കാന്‍ ജാഗ്രത കാട്ടുക.

ഹാരിസ്‌ നെന്മേനി
Subscribe Tharjani |
Submitted by Sunil on Sun, 2006-10-08 19:15.

അറിയാനുള്ള അവകാശം, സംഗതി ശരിയാണ്. ഇത്‌ ഇപ്പോ വന്നതിന്റെ രാഷ്ട്രീയം കൂടെ ഒന്ന്‌ പറയാമായിരുന്നില്ലേ? ഇതു പോലെ തന്നെ കൊക്കോകോള, തുടങ്ങിയ ഭീമന്മാരുടെ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന സാധനങ്ങളുടെ കൂടെ പട്ടിക നാട്ടുകാരെ അറിയിക്കണം എന്ന്‌ നിര്‍ബന്ധമാക്കട്ടെ. മാത്രമല്ല ഗവ്.കോണ്ട്രാക്റ്റുകളുള്ള എല്ലാ കമ്പനികള്‍ക്കും അവര്‍ അവരുടെ നികുതികള്‍ യഥാവിധി അടച്ചുവോ എന്ന് പൊതുജനങ്ങളെ അറിയിക്കാനും അതിനുശേഷമേ പുതിയ കോണ്ട്രാക്റ്റിലേര്‍പ്പെടാനും പറ്റൂ എന്നുകൂടെ നിയം വരട്ടെ.