തര്‍ജ്ജനി

മുഖമൊഴി

അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള വഴികള്‍

ചലനത്തിനുള്ള മാനുഷികമായ പരിമിതിയെ അതിജീവിക്കാന്‍ പൂര്‍വികര്‍ കണ്ടു വച്ചിരുന്ന നിരവധി ഉപാധികളിലൂടെ വികസിച്ചു വന്നതാണ് നമ്മുടെ വാഹന ചരിത്രം. നടന്നെത്താവുന്ന ദൂരം എന്ന ഏകകത്തെ റദ്ദാക്കിക്കൊണ്ട് നമ്മുടെ സാമൂഹിക ജീവിതത്തെ കൂടുതല്‍ വിപുലമാക്കുന്നതില്‍ വാഹനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. മൃഗങ്ങളില്‍ നിന്നു തുടങ്ങി വികസിച്ചു വന്ന വാഹന സങ്കല്‍പ്പത്തിന്റെ സഹസ്രാബ്ദ പരിണതിയാണ് കാറ്. ഒരു അണുകുടുംബത്തെ കുത്തിനിറച്ച് അപഹാസ്യമാക്കി ജനമദ്ധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മോട്ടോര്‍ സൈക്കിളുകളുടെ (സ്കൂട്ടറുകളുടെ) ബാഹുല്യത്തില്‍ കാറ് ഒരു തറവാടിയാണ്. അതു നമ്മുടെ ചെറിയ കുടുംബത്തിന്റെ സ്വകാര്യതയെ അങ്ങനെയങ്ങ് പുറത്തിടുന്നില്ല. അതുകൊണ്ട് വീട് എന്ന സ്വപ്നത്തിനു ശേഷം അടിയന്തിരമായി സാക്ഷാത്കരിക്കേണ്ട ഒരു ബാദ്ധ്യതയായി കേരളീയര്‍ക്കിന്ന് കാറുകള്‍ മാറിയതില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല. വീടു നിര്‍മ്മാണത്തിനു മുന്‍പു തന്നെ ഒരു കാറൊക്കെയാകാം എന്ന ചിന്തയും പ്രബലപ്പെട്ടു വരുന്നു. വാടകവീട്ടിലാണ് താമസമെങ്കിലും ഒരു കാറു വാങ്ങി മുറ്റത്തിടുക എന്ന പൊങ്ങച്ചം ഫലിതമാവാതിരിക്കുന്നതിനു സ്വാഭാവികമായ ഒരു കാരണമുണ്ട്. കാറ് ചലിക്കുന്ന ഒരു വീടാണ്. വീട് എന്ന സ്ഥാപനത്തില്‍ (എസ്റ്റാബ്ലിഷ്‌മെന്റ് എന്ന അര്‍ത്ഥത്തില്‍) നിന്ന് പുറത്തേയ്ക്കാണ് അതിന്റെ വ്യവഹാരമെല്ലാം. അതിന്റെ കാഴ്ചയും അതിനുള്ളിലിരുന്ന് യാത്രചെയ്യാന്‍ വേണ്ടിയുള്ള ക്ഷണവും (അതു ബന്ധുക്കളെ മാത്രമാണെങ്കില്‍ പോലും) സമൂഹത്തില്‍ നിങ്ങള്‍ ഇടപെടുന്ന ഒരു രീതിയാവുന്നു. അപരിചിതമായിടത്തു് നിങ്ങള്‍ കാറിന്റെ പേരില്‍ അറിയപ്പെടുന്ന ഒരാളാവുന്നു. ഷാരൂക് ഖാന്‍ അഭിനയിച്ച ഒരു കാറിന്റെ പരസ്യം വെടിപ്പായി ഇക്കാര്യം മൊഴിമാറ്റത്തിലൂടെ നമുക്ക് എത്തിച്ചു തന്നു കൊണ്ടിരിക്കുന്നു. “പുതിയ അയല്‍ക്കാര്‍....നല്ലവരാണ്... കാരണം അവര്‍ സാന്‍ഡ്രോ ഉള്ളവരാണ്.....”

മോട്ടോര്‍ കാറുകള്‍ പോലെ നമ്മുടെ അന്തസ്സിന് കമ്പ്യൂട്ടറുകള്‍ക്കും ബ്രോഡ്‌ബാന്‍ഡ് കണക്ഷനും ചിലതൊക്കെ ചെയ്യാനുണ്ട്. ‘പേഴ്സണല്‍ (കമ്പ്യൂട്ടര്‍)‍‘ എന്നൊക്കെ നാം ഭംഗിവാക്കു പറയാറുണ്ടെങ്കിലും, ഉപഭോക്താക്കള്‍ ആരായാലും, ഈ നവാഗതന്‍ ചെന്നെത്തിയിരിക്കുന്നത് ഉപരിവര്‍ഗമിഥ്യകളെ എത്തിപ്പിടിക്കാന്‍ വല്ലാതെ വിവശതപ്പെടുന്ന കുടുംബങ്ങളുടെ നടുവിലേയ്ക്കാണ്. പരസ്യങ്ങള്‍ ശ്രദ്ധിക്കുക. കുടുംബങ്ങളാണ് വിസ്മയ ചിരികളുമായി ഡെസ്ക്‍ടോപ്പിനു ചുറ്റും കൂടിയിരിക്കുന്നത്. അതില്‍ സ്കൂള്‍കുട്ടി മുതല്‍ മുത്തശ്ശന്‍ വരെയുണ്ട്. എല്ലാവര്‍ക്കും ചേര്‍ന്ന വിനോദോപാധി മാത്രമല്ല, അറിവിന്റെ കൈകാര്യകര്‍ത്താവു കൂടിയാണ് കമ്പ്യൂട്ടര്‍. അതില്ലാതെ പഠനമില്ല, ആശയവിനിമയമില്ല. അതില്ലെങ്കില്‍ അതുകൊണ്ട് കാലവുമായി നമുക്കൊരു നീക്കുപോക്കില്ല. പഴഞ്ചനായിരിക്കുക എന്നതിനേക്കാള്‍ വലിയൊരപകടം വരാനില്ല എന്നറിയാവുന്നതു കൊണ്ട് സമകാലികരായിരിക്കാനുള്ള തത്രപ്പാടുകള്‍ക്ക് കടം വാങ്ങിയും ലോണെടുത്തും നാം വരിസംഖ്യയടയ്ക്കുന്നു.

ഉത്തരാധുനിക കേരളത്തിന്റെ പരിസരത്തില്‍ നിന്നും കണ്ടെടുക്കപ്പെട്ട രണ്ടു പ്രതീകങ്ങള്‍ എന്ന നിലയില്‍ കമ്പ്യൂട്ടറും കാറും രണ്ടുതരം മാനസികാവസ്ഥകളെക്കൂടിയാണ് ആവിഷ്കരിക്കുന്നത്. കാറ് ഒരു തരം ബഹിര്‍മുഖതയുടെ ബാഹ്യചിഹ്നമാവുന്നു. യന്ത്രം സ്റ്റാര്‍ട്ടാക്കി മുന്നോട്ടു നീങ്ങുന്ന ഒരാള്‍, അയാള്‍ക്കു ചുറ്റുമുള്ള ലോകത്തിലെ ഒരു ഭൌതികസാന്നിദ്ധ്യമാണ്. ഈ സാദ്ധ്യത കമ്പ്യൂട്ടറിലേയ്ക്ക് മുഖം പൂഴ്ത്തിയിരിക്കുന്ന മനുഷ്യന് ഇല്ല. കാരണം കമ്പ്യൂട്ടറില്‍ നിന്നു നീളുന്ന വഴികള്‍‍ കടുത്ത അന്തര്‍മുഖതയുടെ കൈനിലകളിലാണ് ഒരാളിനെ എത്തിക്കുന്നത് . യന്ത്രച്ചുരുളുകളിലെ ഗൂഢാക്ഷരങ്ങളിലൂടെ അയാള്‍/അവള്‍ എത്തിച്ചേരുന്ന തുറസ്സുകള്‍ക്ക് ഭൌതിക ലോകത്തെ അപേക്ഷിച്ചുള്ള വലിപ്പം കൂടുതലായിരിക്കാം. എന്നാലും അവിടെ അയാളുടെ സാന്നിദ്ധ്യം ഒരു മിത്ഥ്യയാണ്. അതുകൊണ്ടാണ് മുകുന്ദന്റെ കഥാപാത്രം തന്റെ വിലാസം ഭൂമിയാണെന്ന് പറയുന്നത്. ആ തട്ടകം ഭാവനാതീതമായ ഒരു നിര്‍മ്മിതിയാണ്. ആ നിര്‍മ്മിതിയിലാണ് അയാളുടെ വ്യവഹാരം, സ്വയം മറച്ചു വച്ചു കൊണ്ട്, അല്ലെങ്കില്‍ തന്നെ പൂര്‍ണ്ണമായും വെളിപ്പെടുത്തിക്കൊണ്ട്, പക്ഷേ തൊട്ടടുത്ത വീട് തീ പിടിക്കുന്നതറിയാതെ.

പുറത്തിറങ്ങിയുള്ള അലച്ചിലിനും മുറിയടച്ചിരിപ്പിനും തമ്മില്‍ നാം വിചാരിക്കുന്നതിനേക്കാള്‍ ദൂരമുണ്ട്. ചരിത്രത്തിന്റെ അതീത ഘട്ടങ്ങളോളം. അലഞ്ഞു തിരിഞ്ഞു നടന്നൊടുവില്‍ കൂട്ടമായി ഒന്നിരിക്കാന്‍ (സെറ്റില്‍മെന്റ്) തീരുമാനിച്ചിടത്തുനിന്നുമാണ് നാം ‘സംസ്കാരം‘ എന്നു പേരിട്ടിരിക്കുന്ന സംഗതികള്‍ ഉരുതിരിഞ്ഞു വന്നത്. ഇരിപ്പ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് പിന്നീട് ‘പരിഷ്കാരങ്ങളാ‘യത്. അതുകൊണ്ട് ‘ഇരിപ്പും’ സ്വസ്ഥതയും ആലസ്യവും കൂടുതല്‍ മാനുഷികമാണ്. ആഹാരം നേടാന്‍ പ്രവൃത്തിയെടുക്കുക ജന്തുജാലങ്ങളെ പൊതുവായി സംബന്ധിക്കുന്ന കാര്യമായതു കൊണ്ട്, ഭക്ഷണത്തിനു പകരം പണം എന്ന സമീകരണത്തെ സിദ്ധാന്തവത്കരിക്കുക മാത്രമേ കാള്‍മാക്സ് ചെയ്തിട്ടുള്ളൂ എന്നു പറഞ്ഞ് മാക്സിസത്തിന്റെ വിമര്‍ശകര്‍ ഒച്ചവച്ചിട്ടുണ്ട്. മാനുഷ്യകത്തെ സവിശേഷമായി കണക്കിലെടുക്കാതെ, ജന്തുവര്‍ഗങ്ങളിലൊന്നായി മൊത്തത്തില്‍ ചുരുക്കിക്കെട്ടി എന്ന് അര്‍ത്ഥം. അവിടെ നിന്നുമാണ് വിയര്‍ക്കാതെ അപ്പം തിന്നാനുള്ള ‘ജോലിരഹിതസമൂഹത്തെ’ക്കുറിച്ച് (സ്കൂളില്ലാത്ത, ജയിലില്ലാത്ത, വൈദ്യന്മാരില്ലാത്ത സമൂഹങ്ങളെപ്പോലെ) ആളുകള്‍ ചിന്തിച്ചു തുടങ്ങുന്നത്. എങ്കിലും നടന്നു ചെയ്യുന്ന ജോലിയേക്കാള്‍ എത്രയോ മേലെയാണ് ഇരുന്നു ചെയ്യുന്ന ജോലി. മാളികകള്‍ ‘ഇരിപ്പിന്റെ’ ആഢംബരത്തെ വിളംബരം ചെയ്യുന്നതുകൊണ്ടാണ് വരേണ്യമാകുന്നത്. . വീണുകിടക്കുന്നതും പെറുക്കിത്തിന്ന് നാടോടുന്നത് പ്രാകൃതവും അപരിഷ്കൃതവുമാണെന്ന ഉറച്ച ബോധം പരിഷ്കാരികളായ നമ്മുടെ മേല്‍ വീണു കിടപ്പുണ്ട്. ജിപ്സികളും, ബദുക്കളും, ഗുജാറുകളും തുടങ്ങി ഇങ്ങേയറ്റത്ത് പട്ടികളെയും പെരുച്ചാഴികളെയും തിന്നുന്ന ഒട്ടരു വരെ പുറമ്പോക്ക് ജീവിതങ്ങളാണ്. നൊമാഡുകള്‍...അവരങ്ങനെ പ്രാകൃത വാസനകളെ പിന്‍പറ്റി അലഞ്ഞുകൊണ്ടേയിരിക്കുന്നു. നമുക്ക് നോക്കി ചിരിക്കാന്‍.

മോട്ടോര്‍ കാറ് അലച്ചിലിന്റെ പ്രതിരൂപമാണ്. കമ്പ്യൂട്ടര്‍ ഇരിക്കലിന്റെയും. അതിബൃഹത്തായ ഒരു ഷോപ്പിങ്മാളില്‍ വന്നു നിന്ന് വാങ്ങേണ്ടത് കാറോ കമ്പ്യൂട്ടറോ എന്നു ചിന്താഗ്രസ്തനാവുന്ന ഒരു സാധാരണ മനുഷ്യനും അയാള്‍ക്കു പിന്നില്‍ ഒച്ചവയ്ക്കുന്ന അവ്യക്തമുഖങ്ങളായ കുടുംബാംഗങ്ങളും സത്യത്തില്‍ സംസ്കാരത്തെക്കുറിച്ചും പ്രാകൃതത്വത്തെക്കുറിച്ചുമുള്ള ചര്‍ച്ചയിലാണ് അവരറിയാതെ ഏര്‍പ്പെടുന്നത് എന്നോര്‍ക്കുക രസകരമല്ലേ?

ആര്‍. പി. ശിവകുമാര്‍
Subscribe Tharjani |
Submitted by Sunil on Sun, 2006-10-08 19:02.

എനിക്കപരിചിതമായ വഴികളിലൂടെ സഞ്ചരിക്കുന്നു എന്നതിനാലാണ് ശിവനെ വായിക്കാനെനിക്കിഷ്ടം. “രസമല്ലേ?” എന്നു ചോദിച്ചാല്‍ രസമാണ് എന്നുത്തരം പറയുമെങ്കിലും ധാരാളം ചോദ്യങള്‍ വീണ്ടും അവിടെ കിടക്കുന്നു. കാറും കമ്പ്യൂട്ടറും ശിവനിപ്പോള്‍ പറഞപോലെയല്ലല്ലോ ചര്‍ച്ചചെയ്യപ്പെടാറ്‌. പ്രതീകത്തിനും വാസ്തവത്തിനും തമ്മില്‍ വലിയ ഗ്യാപ്പ് കിടക്കുന്നു!