തര്‍ജ്ജനി

നാടകം: ഇങ്ങനെയും ഒരു നാടകം

സമീപകാല പ്രൊഫഷണല്‍ നാടകക്കളരികളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന മനോഹരമായ ഒരു ചരിത്ര നാടകമാണ്‌ തിരുവനന്തപുരം സംഘകേളിയുടെ "ചന്ദ്രശേഖര്‍ ആസാദ്‌'. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ പ്രൊഫഷണല്‍ നാടകക്കളരികളില്‍ അരിച്ചുപെറുക്കി തപ്പിയാല്‍ കണി കാണാന്‍ പോലും കഴിയാത്ത അവതരണശൈലിയും ആവിഷ്കാര വൈഭവവും കൊണ്ട്‌ ഊടും പാവും നെയ്തെടുത്ത ഈ നാടകത്തിന്‌ പ്രേക്ഷകന്റെ ഹൃദയത്തില്‍ സ്ഥിരമായി ഇരിപ്പിടം കണ്ടെത്താന്‍ കഴിയുന്നവെന്നുള്ളത്‌ പ്രത്യേകം എടുത്തു പറയേണ്ട വസ്തുതയാണ്‌.

മൂന്നാമത്തെ ബെല്ലടി ശബ്ദം കേള്‍ക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്, കൂവി ബഹളം വച്ചിരിക്കുന്ന പ്രേക്ഷകരുടെ ഇടയിലേക്കാണ്‌ ഈ ലേഖകന്‍ നാടകം കാണാന്‍ എത്തുന്നത്‌. നാടകം തുടങ്ങി അവസാനിക്കുന്നതുവരെ ആ ഗ്രാമത്തിലെ സാധാരണ കാഴ്ചക്കാര്‍ ശ്വാസമടക്കി സ്വന്തം ഹൃദയസ്പന്ദനങ്ങള്‍ പോലും മറന്ന് നാടകത്തില്‍ ലയിച്ച്‌ നാടകത്തോടൊപ്പം സഞ്ചരിക്കുന്നത്‌ കാണാമായിരുന്നു. നാടകത്തിനു ശേഷം നിശബ്ദരായി പിരിഞ്ഞു പോകുന്നവരുടെ ചിന്തകള്‍ എന്തൊക്കയോ നഷ്ടബോധങ്ങളില്‍ വീണ്‌ വിഷമിക്കുന്നുണ്ടായിരുന്നു.

ഇന്ത്യാചരിത്രത്തിലെ തീവ്രമായ മുഹൂര്‍ത്തങ്ങള്‍ വളരെ തന്മയത്വത്തോടെ, ലക്ഷ്യ ബോധത്തോടെ അവതരിപ്പിക്കുവാന്‍ രചയിതാവും സംവിധായകനും കാട്ടിയ ധൈഷണിക സാമര്‍ത്ഥ്യം നാടകത്തെ അത്യന്തം മഹത്തരമാക്കുന്നു. വികാരങ്ങളില്‍ നിന്ന് വിചാരങ്ങളിലേക്കും വിചാരങ്ങളില്‍ നിന്ന് വികാരങ്ങളിലേക്കും മനുഷ്യ ഹൃദയങ്ങളെ കോര്‍ത്തിണക്കി സംവിധാനം ചെയ്യപ്പെട്ട ഓരോ രംഗങ്ങളും പ്രേക്ഷകന്റെ ചിന്താ മണ്ഡലത്തില്‍ സ്ഫോടനങ്ങള്‍ സൃഷ്ടിച്ച്‌ നാടകം മുന്നേറുന്നു. തട്ടുപൊളിപ്പന്‍ ഡയലോഗുകളും വേദി നിറഞ്ഞു നില്‍ക്കുന്ന മാംസപ്രദര്‍ശനവും ഇല്ലാതെ ശാന്തഗംഭീരമായ കഥ പറച്ചിലിലൂടെ നാടകം ഓരോ അവസ്ഥാഭേദങ്ങളും പിന്നിടുമ്പോള്‍ അഭിനേതാക്കളുടെ ഭാവചാതുര്യവും നടന കലയും നാടകത്തിന്റെ പ്രമേയത്തെ കരുത്തും ഊര്‍ജ്ജവും ഉള്ളതാക്കി മാറ്റുന്നു.

ഈ കാലഘട്ടത്തില്‍ ചന്ദ്രശേഖര്‍ ആസാദ്‌ മുന്നോട്ടു വയ്ക്കുന്നത്‌ ഒരു പുതിയ സന്ദേശം കൂടി ആണ്‌. അതുകൊണ്ട്‌ തന്നെയാവാം ചന്ദ്രശേഖര്‍ ആസാദ്‌ ഇപ്പോഴും വിശ്രമമില്ലാതെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം അനവധി വേദികള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നത്‌. കാര്യ ഗൌരവമുള്ള കാര്യങ്ങള്‍ അവതരിപ്പിച്ച്‌ പരാജയപ്പെട്ടുപോയ മലയാള പ്രൊഫഷണല്‍ വേദികളില്‍ ഇത്തരമൊരു നാടകമെടുക്കാന്‍ തന്റേടം കാട്ടുകയും അതിനെ വിജയത്തിന്റെ വഴിയിലൂടെ മുന്നോട്ടു നയിക്കുകയും ചെയ്യുന്ന ശ്രീ ചിലമ്പില്‍ ജലീലിന്റെ ദീര്‍ഘവീക്ഷണം അഭിനന്ദനാര്‍ഹമാണ്‌. ഇദ്ദേഹം തന്നെയാണ്‌ ഈ നാടകത്തിലെ പ്രധാന കഥാപാത്രമായ ചന്ദ്രശേഖര്‍ ആസാദായി വേഷമിടുന്നതും. ഇത്തരം നാടകങ്ങള്‍ മലയാള പ്രൊഫൊഷണല്‍ നാടക വേദിക്കു നാളെയും ഓര്‍മിക്കാനുള്ള പുതിയ ബിംബങ്ങളായിരിക്കും.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ കാട്ടിയ ആത്മവീര്യവും സ്വാതന്ത്ര്യാഭിവാഞ്ചയും ചന്ദ്രശേഖര്‍ ആസാദിന്‌ നേരിടേണ്ടി വന്ന ദുരന്താനുഭങ്ങളുമാണ്‌‌ ഈ നാടകത്തിന്റെ പ്രമേയം

സജീവ്‌.ജീ