|
|
![]() |
|||||
|
|
ഇപ്പൊഴിപ്പെണ്‍കുട്ടിക്കു
പറയാനാകും തന്റെ
നിഷ്കളങ്കത പൊങ്ങി
പ്പോയതെങ്ങനെയെന്ന്
ജനലില്‍ക്കൂടിപ്പറ-
ന്നുയര്‍ന്നു വയലിന്റെ
മുകളില്‍ക്കൂടി ചിറ-
കടിച്ചു മറഞ്ഞെന്ന്
എപ്പൊഴാണെവിടെവ-
ച്ചെന്നെല്ലാം വഴിപോലെ
വിസ്തരിക്കുവാന്‍പോലും
കഴിയുമവള്‍ക്കിന്ന്
കറുത്തൊരരയന്ന-
മായിരുന്നത്രേയത്
വിചിത്രമെന്നുതോന്നാം
നമ്മള്‍ക്കതെന്നാല്‍ക്കൂടി
ജാലകച്ചില്ലില്‍ക്കൂടി
അക്കാഴ്ച നോക്കിക്കൊണ്ടു
താഴത്തു മലര്‍ന്നവള്‍
കിടക്കേ, അവള്‍ക്കുമേല്‍
അവന്റെ ശ്വാസോച്ഛ്വാസം
അലയായുയര്‍ന്നുപോല്‍
മഞ്ഞിന്‍മേലരയന്നം
ഇരുണ്ടു പറക്കുന്ന
ഭംഗികണ്ടവളെന്തോ
മന്ത്രിക്കെ, മനസ്സിലാ-
യില്ലവന്നതിന്നര്‍ത്ഥം
എങ്കിലും മറുമൊഴി-
യെന്നപോല്‍ കിതച്ചുകൊ-
ണ്ടവനും മുരണ്ടത്രേ
ഇപ്പൊഴിക്കഥ ചൊല്ലി
നിര്‍ത്തവേ, അവള്‍ക്കുണ്ടു
നിശ്ചയം അരയന്നം
എങ്ങോട്ടു മറഞ്ഞെന്ന്
വെണ്മയില്‍ അനന്തമായ്
ചുറ്റുന്നൊരന്നത്തെ ത-
ന്നമ്മതന്‍ മേശപ്പുറ-
ത്തുള്ള പുസ്തകത്താളില്‍
കണ്ടതോര്‍ക്കുന്നുണ്ടവള്‍,
അങ്ങോട്ടായിരിക്കണം
മഞ്ഞുകാലത്തെത്താണ്ടി
ആ പക്ഷി മറഞ്ഞത്.
(കനേഡിയന്‍ കവിത)
ലോര്‍ണ ക്രോസിയര്‍
മൊഴിമാറ്റം: പി പി രാമചന്ദ്രന്‍
ppr@harithakam.com
Very good translation. Normally, reading of translated poem is so boring. But Mr. Ramachandran’s translation is quite nice and interesting. I did not find champion’s muscle power in twisting/translating the language. Thank you so much for giving a reading experience.
Sunil krishnan
Dear Ramachandran,
This is a good translation. We need more translations in web magazines. And news updates about latest works and trends in world literature. Keep it up