തര്‍ജ്ജനി

കഥ: നരകകാണ്ഡം

ajayan payyan image

ആമുഖം
ജനുവരി 2004-ല്‍ യശ്ശശരീരനായ ശ്രീ.വീ.കെ.എന്നിന്റെ വിയോഗത്തില്‍ അടിയനില്‍ കഥാതന്തുവായി ഉത്ഭവിച്ചതാണു്‌ ഈ കഥ. ആ സരസഹൃദയന്റെ മുന്നില്‍ ഈ കൊച്ചു കഥ ഞാന്‍ സാദരം സമര്‍പ്പിക്കുന്നു.

മരണം കഥകളിലും സിനിമയിലും ചിത്രീകരിക്കുന്നത്‌ പോലെ ഒരു ഭയാനകമായ അവസ്ഥയൊന്നുമല്ല. അവിചാരിതമായി പോകുന്ന കറന്റ്‌ പോലെ ഒരു ചെറിയ അസഹിഷ്ണുത, നിശ്ശബ്ദത. അത്ര തന്നെ. ചുരുക്കത്തില്‍ വീട്ടില്‍ 'ഇന്‍വേര്‍ട്ടര്‍' ഇല്ലാത്ത കേരള നിവാസിക്ക്‌ മരണത്തെ ഭയക്കേണ്ടതില്ല.കുറച്ച്‌ നേരത്തെ ഇരുട്ടിനും, ഉഷ്ണത്തിനുമൊടുവില്‍ പയ്യന്റെ മുന്നില്‍ കയ്യില്‍ ഒരു ഫയലുമായി ഒരു യവനസുന്ദരി പ്രത്യക്ഷപ്പെട്ടു. പയ്യന്റെ മരണവും, മരണകാരണവും സ്ഥിരീകരിച്ചതിനു ശേഷം അവര്‍ പയ്യനു ഒരു കണ്‍ഫര്‍മേഷന്‍ നമ്പര്‍ നല്‍കി. അധികം താമസിയാതെ പയ്യന്റെ മുന്നില്‍ ഒരു കൊച്ചു റെയില്‍ പാളം പ്രത്യക്ഷപ്പെട്ടു. വൈകാതെ അതിലുടെ ഒരു കളിവണ്ടിയുടെ രൂപമുള്ള ശകടം നിരങ്ങിയെത്തി പയ്യന്റെ മുന്നില്‍ ബ്രേക്കിട്ടു.'ഹിന്ദൂസ്‌ ഓണ്‍ലി' എന്നെഴുതിയ കൊച്ചു ബോഗിയിലേക്ക്‌ പയ്യന്‍ കയറിയിരുന്നു.

മുന്നിലെ ബോഗിയിലെ ഹാജി പയ്യനെ നോക്കി മോണകാട്ടി.
"ഇയ്യ്‌ എബടുന്നാ?" ഹാജി അന്വേഷിച്ചു.
"കേരളത്തില്‍ നിന്ന്‌"
"എങ്ങനെയായിരുന്നു ?"
ഉത്തരം പറയാതെ പയ്യന്‍ ഹാജിയോട്‌ ആരാഞ്ഞു.
"താങ്കള്‍ ?"
"ഞമ്മളു അബ്ദുള്‍. ഇറാക്കിന്നാ. രാവിലെ കുറച്ച്‌ പച്ചക്കറിയും ബീഫും വാങ്ങാനിറങ്ങീതാ. വളവ്‌ തിരിഞ്ഞ്‌ ചെക്ക്പൊസ്റ്റിന്റെ അടുത്ത്‌ എത്തിയപ്പോഴാ എതിരേന്ന്‌ കഴുതേന്റെ വണ്ടിയില്‍ ബരണ ഹമീദിനെ ഞമ്മ കണ്ടത്‌. ഓന്റെ ബരവ്‌ കണ്ടപ്പോഴേ ഞമ്മക്ക്‌ ഒരു പന്തി തോന്നിയതാണു. ഓന്റെ ബെല്‍റ്റ്‌ ബോംബ്‌ കാണണ്ട താമസം ചെക്ക്‌ പോസ്റ്റിലെ സായിപ്പന്മാരു തോക്ക്‌ പൊട്ടിച്ച്‌. യെന്ത്‌ പറയാന്‍! ഓനും പോയി, രണ്ട്‌ സായിപ്പന്മാരും പോയി, കണ്ടോണ്ട്‌ നിക്കണ ഞമ്മളും പോയി... രണ്ടെണോം പിന്നില്‍ ഇരുപ്പുണ്ട്‌.."

പയ്യന്‍ തിരിഞ്ഞ്‌ നോക്കി. അടുത്ത ബോഗിയില്‍ ഇരുന്ന രണ്ട്‌ അമേരിക്കന്‍ സൈനികര്‍ പയ്യനു നേരെ കൈ വീശി.

"അപ്പൊ നജീബ്‌ ?"
"ഓന്റെ ഭാഗ്യം. ഓനേം ഓന്റെ കഴുതേം എഴു കന്യകമാര്‍ കയ്യില്‍ മുന്തിരീം വീഞ്ഞുമായ്‌ സ്വര്‍ഗ്ഗത്തിലോട്ടു കൊണ്ടുപോയി".

ശകടം മുക്രയിട്ട്‌ യാത്ര തുടങ്ങി. വളവുകള്‍ തിരിഞ്ഞ്‌, കുത്തനെയുള്ള കയറ്റങ്ങള്‍ വലിഞ്ഞ്‌ കയറി, ഗര്‍ത്തങ്ങളിലേക്ക്‌ ഊളിയിട്ടിറങ്ങി വണ്ടി പ്രകാശമാനമായ ഒരു നിരത്തില്‍ എത്തി. മൂന്ന്‌ ബോഗികള്‍ മൂന്ന്‌ വഴിയ്ക്കായ്‌ പിരിഞ്ഞു. ഹാജി മുസല്‍മാന്മാരുടെ നരകത്തിലോട്ട്‌, പയ്യന്‍ ഹിന്ദുക്കളുടെ നരകത്തിലോട്ട്‌, ക്യാപിറ്റലിസത്തിന്റെ ബോഗിയിലെ സൈനികര്‍ 'പ്ലാച്ചിമട' എന്നെഴുതിയ സ്റ്റേഷനിലേക്കും.

ബോഗി ശീല്‍ക്കാരങ്ങള്‍ വിട്ട്‌ സ്റ്റേഷനിലേയ്ക്ക്‌ നീങ്ങി. സ്റ്റേഷനില്‍ വണ്ടി നിന്നതും വാതിലുകള്‍ തുറക്കപ്പെട്ടു. പയ്യന്‍ ഏകനായി പ്രവേശന കാവാടം കടന്ന്‌ "നരകം സുഖാനുഭവം" എന്ന പരസ്യവാചകം എഴുത്തിയ ഇന്‍ഫര്‍മേഷന്‍ കൌണ്ടറിനു മുന്നില്‍ എത്തി. മൂക്കിന്‍ തുമ്പില്‍ കണ്ണടവെച്ച ഗുമസ്തന്‍ പയ്യനെ നോക്കി ആംഗലേയത്തില്‍ അഭിസംബോദന ചെയ്തു.

"വെല്‍ക്കം ടു നരകം. നേം ആന്‍ഡ്‌ പ്ലേസ്‌ ഓഫ്‌ ബര്‍ത്ത്‌ പ്ലീസ്‌ "
"പയ്യന്‍, പാലക്കാട്‌"
"എങ്കേ, കല്‍പാത്തിയോ?"
"താരേക്കാട്‌"
"വെരി ഗുഡ്‌, നാനും പാലക്കാട്ട്‌ താന്‍. നൈസ്‌ റ്റു മീറ്റ്‌ യു"

കംപ്യൂട്ടറില്‍ രണ്ട്‌ കൊട്ടിയതിനു ശേഷം അയ്യര്‍ പയ്യനു ചരടില്‍ കോര്‍ത്ത ഐ.ഡി കാര്‍ഡ്‌ നല്‍കി. മാല ധരിച്ച്‌ പയ്യന്‍ അയ്യരെ അനുഗമിച്ച്‌ നരകത്തിന്റെ ചുവന്ന ഉരുക്ക്‌ വാതിലുകള്‍ തുറന്ന്‌ അകത്ത്‌ കടന്നു.

പ്രശാന്തസുന്ദരം! കണ്ണെത്താദുരങ്ങളില്‍ പരന്ന്‌ കിടക്കുന്ന വയലുകള്‍. പാടങ്ങള്‍ക്ക്‌ ഇടയ്ക്ക്‌ ചെറിയ കുടിലുകള്‍. വയമ്പുകളിലൂടെ കറ്റയുമായ്‌ നടന്നുവരുന്ന സ്ത്രീകള്‍. "മുഷിയില്ല" പയ്യന്‍ മനസ്സില്‍ പറഞ്ഞു.

കറ്റയുമായി വരുന്ന സ്ത്രീകളില്‍ ഒരുവള്‍ പയ്യന്റെ അരുകില്‍ വന്നു. അവരുടെ ഐ.ഡി കാര്‍ഡില്‍ 'ശ്രീദേവി' എന്ന്‌ എഴുതിയിരുന്നു.
"പുതിയതാ ?" സുസ്മേരവദനയായി ശ്രീദേവി അന്വേഷിച്ചു.
അതെയെന്ന്‌ പയ്യന്‍ തലയാട്ടി. നരകജീവിതത്തിന്റെ 'സെറ്റപ്പിനെ' കുറിച്ച്‌ പയ്യന്‍ അവരോട്‌ ആരാഞ്ഞു.
"ഓ! എന്നാ പറയാനാ. വെലിയ കഷ്ടമാ!. പണിയെടുത്ത്‌ എല്ലു നീരാകും. കറന്റ്‌ എന്ന സാധനമില്ല. പാടത്ത്‌ പണിയെടുത്ത്‌, നെല്ല്‌ കുത്തി, വിറക്‌ വെട്ടി, വീടു മുഴുവന്‍ അടിച്ച്‌ വാരി... എല്ലാം കഴിഞ്ഞു ടി.വിയുമില്ല... മോന്‍ 'സ്ത്രീ' കാണാറുണ്ടോ? ലക്ഷ്മി ഈ എപ്പിസോഡില്‍ പ്രസവിച്ചോ? കഥ ഏതുവരെയായി? പുതിയതായി ആരെങ്കിലും വരാന്‍ കാത്തിരിയ്ക്കയായിരുന്നു ഞാന്‍"

പയ്യന്‍ 'മാലും നഹി' എന്ന മുഖഭാവത്തില്‍ അവരെ നോക്കി. അവര്‍ പുച്ഛത്തോടെ നടന്നു നീങ്ങി.

പയ്യനു നരകം സുഖിച്ചു. രാവിലെ മുതല്‍ വൈകിട്ട്‌ വരെ പാടത്ത്‌ പണി. ഭാര്യയുടെ പിറുപിറുപ്പും സാമ്പാറും അനുഭവിക്കണ്ട. രാത്രികളില്‍ നിവര്‍ന്ന്‌ കിടന്ന്‌, ഒന്നും ആലോചിക്കാതെ ആകാശത്തിലോട്ട്‌ നോക്കി കിടക്കാം. പ്രൊവിഡന്‍ ഫണ്ടിനെ പറ്റിയും, ഹോം ലോണിനെ കുറിച്ചും ചിന്തിക്കണ്ട. അങ്ങനെ സുഭഗമായ രണ്ടാഴ്ച്ചകള്‍ കൊഴിഞ്ഞ്‌ പോയി. പക്ഷെ നിലാവുള്ള ഒരു രാത്രിയില്‍ പയ്യന്‍ മയങ്ങുമ്പോള്‍, അകലെ യമപുരിയിലെ കണ്‍ട്രോള്‍ റൂമില്‍ 'പയ്യന്‍' എന്നെഴുതിയ ഫലകത്തിനുരുകിലെ ചുവന്ന ബള്‍ബ്‌ എരിയുവാന്‍ തുടങ്ങി.

പിറ്റെന്ന്‌ പ്രഭാതത്തില്‍ യമകിങ്കരന്മാര്‍ പയ്യന്റെ കതകില്‍ തട്ടി. അവര്‍ പയ്യനെ യമരാജാവിന്റെ മുന്നില്‍ ഹാജരാക്കി. ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച, കഷണ്ടിയുള്ള, സ്വര്‍ണ്ണചെയ്നിട്ട സെല്‍ഫോണ്‍ ധാരിയായിരുന്നു യമന്‍. ചുരുക്കത്തില്‍ തറവാട്ടില്‍ പിറന്ന ഒരു അബ്ക്കാരി 'ലുക്ക്‌'. സുഖാന്വേഷണങ്ങള്‍ക്കൊടുവില്‍ യമന്‍ കാര്യങ്ങളിലേക്ക്‌ കടന്നു.

"മിസ്റ്റര്‍ പയ്യന്‍, ഇവിടെ കാര്യങ്ങളൊക്കെ ഇത്തിരി ബുദ്ധിമുട്ടിലാണു. ഡീസലിന്റെയും, മണ്ണെണ്ണയുടെയും, ഇരുമ്പിന്റെയും വില കാരണം പഴയ വറുക്കലും കുന്തം
കയറ്റലുമൊക്കെ നിര്‍ത്തി. ഫണ്ട്സും കുറവാ, എല്ലാം ന്യൂനപക്ഷം കൊണ്ടുപോകുകയല്ലേ ?
അതുകൊണ്ടാണു കറന്റും വാഹനങ്ങളുമില്ലാത്ത ഇങ്ങനത്തെ ഒരു സിസ്റ്റം ഡിസൈന്‍ ചെയ്തത്‌. സംഭവം സക്സെസ്സാണു. ബാറും ഹര്‍ത്താലുമില്ലാതെ ആണുങ്ങള്‍വലയുന്നു. ടി വിയും, മിക്സിയും, ഐ.സിയുമില്ലാതെ സ്ത്രീജനങ്ങള്‍ നരകിക്കുന്നു. എ ചീപ്പ്‌ ആന്റ്‌ എഫക്റ്റീവ്‌ സിസ്റ്റം."

പോക്കറ്റില്‍ നിന്ന്‌ ഒരു സിഗറെറ്റ്‌ എടുത്ത് കത്തിച്ച് യമന്‍ തുടര്‍ന്നു "പക്ഷേ... ഇതാദ്യമായാണ്‌.. താങ്കളെ പോലെയുള്ളവര്‍ വന്നാല്‍ പാടാ. എന്‍ജോയ്‌ ചെയ്യാനല്ലലോ നരകം. താങ്കള്‍ക്കു നല്ലത്‌ നാടാണു. സോ..എനിക്ക്‌ നിങ്ങളെ തിരികെ അയക്കേണ്ടിവരുന്നു...ഗുഡ്‌ ബൈ പയ്യന്‍"

എന്തെങ്കിലും പറയാനൊരുമ്പിടും മുമ്പ്‌ പയ്യന്റെ കാലുകള്‍ക്ക്‌ അടിയില്‍ നിലം പിളര്‍ന്നു. ഒരു അലര്‍ച്ചയോടെ പയ്യന്‍ നരകത്തിന്റെ അഗാധങ്ങളിലേക്ക്‌ വഴുതി വീണു.

ഒരു ഞെട്ടലോടെ പയ്യന്‍ കണ്ണുകള്‍ തുറന്നു. തുറന്നിട്ട ജനാലയിലൂടെ പുലരി വെളിച്ചം പയ്യന്റെ മുറിയില്‍ സ്വര്‍ണ്ണവര്‍ണ്ണം ചൊരിയുന്നു.
"അതേ, എഴുന്നേറ്റോ?" അടുക്കളയില്‍ നിന്ന്‌ ഭാര്യ വിളിക്കുന്നു. അവളുടെ സ്വരത്തിനു എന്തെന്നില്ലാത്ത ഒരു മധുരിമ പയ്യനു അനുഭവപ്പെട്ടു.

അജയന്‍ വേണുഗോപാലന്‍, ajayanv@hotmail.com

Submitted by Anonymous (not verified) on Fri, 2005-05-06 11:47.

Our beloved V.K.N was living in a world of ignorance. But only because he had 'iron in the soul'the masks cannot touch his talent. it was a flow. Never ending river with drops of wisdom.
this story is a tribute to V.K.N. Thank you Ajayan.

Submitted by Mustafa (not verified) on Sun, 2005-05-15 10:04.

Dear Ajayan,
Your work is a real tribute to our famous writer. We miss VKN... Thank you very much for reminding VKN by adopting his style as it was in your story...keep it up...many thanks

Submitted by Ajayan (not verified) on Tue, 2005-05-17 19:33.

My sincere thanks for your kind words. Its good to hear from other VKN fans ! .May his soul rest in peace.

Regards,
Ajayan.

Submitted by Jeen Geevar (not verified) on Tue, 2008-08-05 01:04.

Keep it up Ajayan.You are really good in writing.