തര്‍ജ്ജനി

ചാനലുകളുടെ പ്രളയം

വിഷുദിനത്തില്‍ പ്രക്ഷേപണം തുടങ്ങിയ അമൃത ടെലിവിഷന്‍ ചാനല്‍ കൂടിയാകുമ്പോള്‍ മലയാളത്തില്‍ 8 ടെലിവിഷന്‍ ചാനലുകളായി. അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നവ വേറെ. അങ്ങനെ അധികം വൈകാതെ കേരളത്തില്‍ ഇരുപതോളം ചാനലുകളുണ്ടാകുമെന്നാണ്‌ തോന്നുന്നത്‌. പുസ്തകങ്ങളോടുള്ള താല്‍പര്യവും ഗൌരവമുള്ള വായനയും ഇല്ലാതാകുന്നുവെന്ന യാഥാര്‍ത്ഥ്യം കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയായി. ഇത്രയധികം ചാനലുകള്‍ക്ക്‌ ഇടമുണ്ടോ എന്ന ചോദ്യം ചോദിക്കുന്നില്ല. പകരം ഇത്രയധികം ചാനലുകള്‍ അടിച്ചേല്‍പ്പിക്കുന്ന സാംസ്കാരിക ക്ഷതങ്ങള്‍ സമൂഹം എങ്ങനെ താങ്ങുമെന്ന ആശങ്കയാണ്‌ മനസ്സില്‍.

ടെലിവിഷന്‍ പരിപാടികളെ അളക്കുന്ന മാനദണ്ഡങ്ങള്‍ പലപ്പോഴും അച്ചടി മാധ്യമത്തിന്റേതാണെന്ന വസ്തുത വിസ്മരിക്കുന്നില്ല. വര്‍ത്തമാനത്തോട്‌ കൂടുതല്‍ അടുത്തു നില്‍ക്കുന്ന തത്സമയ വിനോദ പരിപാടികളില്‍ അച്ചടി ഭാഷ പ്രായോഗികമല്ലെന്നതും വാസ്തവം. പക്ഷേ ഇത്രയും വികൃതമായാണോ സാധാരണക്കാരായ മലയാളികള്‍ പരസ്പരവിനിമയത്തിന്‌ സംസാരഭാഷ ഉപയോഗിക്കുന്നത്‌? സുന്ദരമായ മലയാളത്തിന്റെ ഒഴുക്കെവിടെ തപ്പിത്തടയുന്ന അവതാരകര്‍ പ്രയോഗിക്കുന്ന സങ്കരഭാഷയുടെ അസഹ്യതയെവിടെ? 1970-ല്‍ നടത്തിയ ലിപി പരിഷ്കാരം നമ്മുടെ എഴുത്തുഭാഷയെ തുണ്ടുതുണ്ടാക്കിയെങ്കില്‍, ഇപ്പോഴത്തെ ദൃശ്യമാധ്യമങ്ങള്‍ സംസാരഭാഷയെ വികൃതമാക്കുകയാണ്‌. ഒരു വശത്ത്‌ രചന അക്ഷരവേദി പോലുള്ള സംരംഭങ്ങള്‍ പഴയ ലിപിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴാണ്‌ മറുവശത്ത്‌ വാമൊഴിയെ അനാവശ്യമായി ഇംഗ്ലീഷുമായി കൂട്ടിക്കുഴച്ച്‌ കാഴ്ച്ചക്കാരനെ വധിക്കുന്നത്‌.

ഭാഷയെ കൂട്ടക്കൊല ചെയ്യുന്നത്‌ ഒരു പ്രശ്നം മാത്രം. ദൃശ്യമാധ്യമത്തിന്റെ അനവധി സാധ്യതകളെക്കുറിച്ച്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. പക്ഷേ നമ്മുടെ ടെലിവിഷന്‍ പരിപാടികളില്‍ പുതുമയുള്ളതോ തനതായതോ ആയ ഒരു ദൃശ്യം കാണാന്‍ ഇനി എത്ര കാലം തപസ്സിരിയ്ക്കണം? കാലങ്ങളായി, അതായത്‌ ദൂരദര്‍ശന്‍ തുടങ്ങിയ കാലം മുതല്‍, കാണുന്ന ചില പൊടിക്കൈകളല്ലാതെ, പുതുതായൊന്നും കാണുന്നില്ല. പരീക്ഷണങ്ങള്‍ പോയിട്ട്‌ അനുകരണങ്ങള്‍ പോലും കാണാനില്ല. ഇനിയും ഒരുപാട്‌ ദൂരം പോകാനുണ്ട്‌. ദീര്‍ഘവീക്ഷണത്തോടെയും പുതുമകളോടെയും ടെലിവിഷന്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തില്ലെങ്കില്‍, എത്ര ചാനലുകളുണ്ടായാലും വിനോദത്തിനോ വിജ്ഞാനത്തിനോ അവയൊന്നും പ്രയോജനപ്പെടില്ല.

ഇക്കഴിഞ്ഞ ഒരു വാരം ലോകമെങ്ങും, പ്രത്യേകിച്ചും ബ്രിട്ടണില്‍ ടെലിവിഷന്‍ വിരുദ്ധവാരം ആചരിക്കുകയുണ്ടായി. ടെലിവിഷന്‍ പരിപാടികളുടെ നിലവാരം ഈ നിലയില്‍ തുടരുകയാണെങ്കില്‍ നമ്മുടെ നാട്ടിലും താമസിയാതെ ടെലിവിഷന്‍ വിരുദ്ധവാരം ആഘോഷപൂര്‍വ്വം തുടങ്ങേണ്ടി വരുമെന്ന് ചാനലുകാര്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാം.

ചിന്ത.കോം പ്രവര്‍ത്തകര്‍

For more information on tv turnoff week visit the following websites:
http://www.tvturnoff.org
http://www.whitedot.org

Submitted by Cibu C J (not verified) on Sun, 2005-05-01 10:20.

1. BBC-ഇല്‍ നിന്നും : "Self improvement, the couch potato way" http://news.bbc.co.uk/1/hi/magazine/4491349.stm (ഇത് അമേരിക്കന്‍/ബ്രിട്ടീഷ് പ്രോഗ്രാമുകളെ വച്ചുള്ള പഠനം മാത്രമാണ്‌)

2. ടിവി പ്രോഗ്രാമുകളുടെ ഇന്നത്തെ രീതികള്‍ ഇങ്ങനെ ഒക്കെ ആയതില്‍ കാഴ്ച്ചക്കാരുടെ പങ്കെന്തെന്ന്‌ ഈ ലേഖനം വിശകലനം ചെയ്യുന്നില്ല.

3. കുറച്ചുകൂടി വിശാലമായി, ബുദ്ധിജീവികളും സാധാരണക്കാരും തമ്മിലുള്ള divide കൂടുതല്‍ കൂടുതല്‍ വലുതായിക്കൊണ്ടിരിക്കുന്ന പ്രതിഭാസത്തിന്റെ ഭാഗമല്ലേ ഈ ടിവി-കുറ്റവിചാരണയും?

Submitted by sasi (not verified) on Mon, 2005-05-02 06:25.

Cibu,
at the 40year anniversary of bbc, they had a program analyzing the history so far. And the answer was "it is all rubbish"... എല്ല്ലാത്തിനും എപ്പോഴും രണ്ടു പക്ഷം കാണുമല്ലോ...

ബുദ്ധിജീവികള്‍ക്ക്‌ ഇന്നത്തെ ചാനലുകളില്‍ എവിടെ സ്ഥാനം? ചാനലുകള്‍ മുഴുവന്‍ കയ്യടക്കി വച്ചിരിക്കുന്നത്‌ മള്‍ട്ടിനാഷണലുകളുടെ പരസ്യക്കാരും അവരുടെ കൂട്ടിക്കൊടുപ്പുകാരുമല്ലേ?

Submitted by raj (not verified) on Mon, 2005-05-02 11:12.

സിബു പറയുന്നതില്‍ കാര്യമുണ്ടെന്ന്‍ എനിക്കു തോന്നുന്നു. ബുദ്ധിജീവികള്‍ സാമാന്യജനത്തിനു മനസ്സിലാകുന്നതോ താല്‍പര്യമുള്ളതോ ആയ ഒന്നും പറയുന്നില്ല. പോരെങ്കില്‍ പരസ്യങ്ങളുടെ മധുരത്തില്‍ മയങ്ങിയിരിക്കുന്ന ബഹുജനവും ...

രാജ്

Submitted by Cibu C J (not verified) on Tue, 2005-05-03 03:10.

ശശീ,

BBC ഉണ്ടായത്‌ വളരെ പണ്ടാണ്‌: http://en.wikipedia.org/wiki/BBC#History . അതു വച്ച്‌ BBC-ടെ നാല്പ്പതാം പിറന്നാള്‍ ആഘോഷിക്കേണ്ടത്‌ 1976-ലോ അതിനു മുമ്പോ ആണ്‌. ശശി കണ്ട ലേഖനത്തിന്റെ ലിങ്ക് കണ്ടുപിടിച്ചയച്ചു തരാമോ?‍ വായിക്കണമെന്നാഗ്രഹമുണ്ട്...

Submitted by sivan (not verified) on Tue, 2005-05-03 04:40.

തര്‍ജ്ജനിയിലെ ആമുക്കുറിപ്പില്‍ പറഞ്ഞതുപോലെ എട്ടു ചാനലുകള്‍ മലയാളത്തില്‍ വന്നതിനെക്കുറിച്ച്‌ ഭയപ്പെടാനൊന്നുമില്ല എന്നര്‍ത്ഥം. മറിച്ച്‌ ആശ്വസിക്കാന്‍ അല്‍പം ഉണ്ടുതാനും. കാരണം അവയിലേതെങ്കിലുമൊക്കെ, ഈ മൂന്നരക്കോടികളില്‍ ചിലരെങ്കിലും കാണുന്നുണ്ട്‌ എന്നാണല്ലോ അവ പ്രസരിപ്പിക്കുന്ന വാസ്തവം. അത്രത്തോളം കാലം, അതു കഴിഞ്ഞ്‌ 'ഹാലോ' പോലെ കുറേക്കാലവും കൂടി, നശിച്ചു, നശിച്ചു എന്നു പറഞ്ഞ്‌ നാം ഒപ്പാരി പാടിതുടങ്ങിയ മലയാളം നിലനിന്നേ മതിയാവൂ. സങ്കര,വെങ്കല ഭാഷയാണെങ്കില്‍ കൂടി അവ പ്രക്ഷേപിക്കുന്നതും അവ അറിയപ്പെടുന്നതും മലയാളം എന്നു തന്നെയാണല്ലോ.

Read more at http://www.chintha.com/forum/viewtopic.php?p=47#47