തര്‍ജ്ജനി

മറുപക്ഷം

സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും ഉറപ്പുവരുത്താനും സംരക്ഷിക്കുവാനും ഒരു പദയാത്ര

കേരളത്തില്‍ സ്വതന്ത്രസോഫ്റ്റ്വേര്‍ സാങ്കേതികവിദ്യാരംഗത്തും സാമ്പത്തികമേഖലയിലും ശ്രദ്ധേയമായനിലയില്‍ ഇതിനകം നിലയുറപ്പിച്ചു കഴിഞ്ഞിട്ടുണ്ടു്. ഈ സാഹചര്യത്തിലാണു് സ്വതന്ത്രസോഫ്റ്റ്വേറിലെ സ്വാതന്ത്ര്യം എന്ന അടിസ്ഥാനാശയം ജനസമൂഹത്തിലേക്കു് എത്തിക്കുക എന്ന ദൌത്യം ഏറ്റെടുക്കുവാന്‍ നാലു് സോഫ്റ്റ്വേര്‍ പ്രൊഫഷനലുകള്‍ തയ്യാറായതു്. സാമൂഹികവും പാരിസ്ഥിതികവും സാങ്കേതികവുമായ പ്രശ്നങ്ങളില്‍ സ്വയംശാക്തീകരണത്തിന്റെ ഉപാധിയായി സ്വാതന്ത്ര്യം എന്ന ആശയത്തെ സ്വതന്ത്രസോഫ്റ്റ്വേറില്‍ നിന്നും ഉയര്‍ത്തിക്കാണിക്കുകയായിരുന്നു ഉദ്ദേശ്യം. സോഫ്റ്റ്വേര്‍ സാങ്കേതികതയുടെ പ്രശ്നം മാത്രമല്ല അതു് ജീവിതത്തിന്റെ സമഗ്രഭൂമികയില്‍ തിരിച്ചറിയപ്പെടേണ്ട ഉപാധിയാണു് എന്ന കാഴ്ചപ്പാടാണു് ഈ സംഘത്തിനുണ്ടായിരുന്നതു്. സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഗാന്ധിയന്‍ മാര്‍ഗ്ഗം എന്ന നിലയില്‍ പദയാത്ര നടത്താനും തീരുമാനിച്ചു. ജനസാമന്യവുമായി ആശയവിനിമയത്തിനുള്ള ഉചിതമായ മാര്‍ഗ്ഗം പദയാത്ര തന്നെയാണു്.

അനൂപ് ജോണ്‍, ചെറി ജോര്‍ജ്ജ് മാത്യു, പ്രസാദ്.എസ്.ആര്‍, സൂരജ്.കെ എന്നിവരായിരുന്നു സംഘാംഗങ്ങള്‍. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ ആയിരത്തിരുന്നൂറു് കിലോമീറ്ററിലധികം നടക്കാനായിരുന്നു പരിപാടി. ഈ യാത്ര ലളിതജീവിതത്തിന്റെ മാതൃകയായി നിര്‍വ്വഹിക്കാനും നിശ്ചയിച്ചു. ലളിതമായ ഭക്ഷണം, ആര്‍ഭാടങ്ങള്‍ എല്ലാ കാര്യത്തിലും ഒഴിവാക്കുക, വിശ്രമത്തിനും താമസത്തിനും ജനങ്ങള്‍ നല്കുന്ന ലളിതമായ സൌകര്യങ്ങള്‍ മാത്രം സ്വീകരിക്കുക. ഹോട്ടല്‍മുറികളും വന്‍റെസ്റ്റോറന്റുകളും ഉപയോഗിക്കാതിരിക്കുക എന്നതും തീരുമാനങ്ങളില്‍ പെടുന്നു. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിനു് കാസറഗോഡു് നിന്നും യാത്ര പുറപ്പെട്ടു് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ പതിനാലിനു് തിരുവന്തപുരത്തു് സമാപിക്കുക എന്നതായിരുന്നു പരിപാടി.

കേരളത്തിലെ സ്വതന്ത്രസോഫ്റ്റ്വേര്‍ സമൂഹം താല്പര്യപൂര്‍വ്വം ഈ പരിപാടിയെ എതിരേറ്റു. കേരളത്തിലുടനീളം നാല്പത്തൊമ്പതു് പരിപാടികള്‍ അവര്‍ ഈ യാത്രയുമായി ബന്ധപ്പെട്ടു് സംഘടിപ്പിച്ചു. അതില്‍ സെമിനാര്‍, പൊതുയോഗം, ഔപചാരികമായ സ്വീകരണം, മാദ്ധ്യമങ്ങളുമായി ആശയവിനിമയം, സംവാദങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ ചെറുതും വലുതുമായി ഒത്തുചേരലുകളും ആശയവിനിമയംവും നടന്നു. ഏറ്റവും ചെറിയ കൂട്ടായ്മ പത്തോ പതിനഞ്ചോ ആളുകള്‍ പങ്കെടുത്തവയായിരുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പടന്നക്കാടു് ക്യാമ്പസിലെ കൂട്ടായ്മ ഇതിനു് ഉദാഹരണമാണു്. ഏറ്റവും അധികം പങ്കാളിത്തം ഉണ്ടായ പരിപാടിക്കു് ഉദാഹരണം കോട്ടയം ബസേലിയോസ് കോളേജിലെ സ്വീകരണമാണു്. അഞ്ഞൂറിലധികം പേര്‍ പങ്കെടുത്ത യോഗമായിരുന്നു ബസേലിയോസ് കോളേജിലേതു്. ഇത്തരം ഒത്തുചേരലുകളില്‍ പങ്കെടുത്ത വ്യക്തികളുടെ എണ്ണത്തിന്റെ ശരാശരി മുപ്പതു പേര്‍ ഒരു യോഗത്തില്‍ എന്നതാണു്. സ്വാതന്ത്ര്യപദയാത്രയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികളുടെ വിശദാംശങ്ങള്‍ ഇവിടെയുണ്ടു്. പതിവിനു വിപരീതമായി ഈ യാത്രയിലും അതിന്റെ സന്ദേശത്തിലും ചിലതു് കണ്ടതിനാലാകാം മാദ്ധ്യമങ്ങള്‍ തുടക്കം മുതല്‍ അവസാനം വരെ യാത്രാവിശേഷങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു.

പദയാത്രയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ ഭൂരിഭാഗവും, കൃത്യമായി പറഞ്ഞാല്‍ ഇരുപത്തിയെട്ടെണ്ണം, നടന്നതു് വിദ്യാഭ്യാസസ്ഥാപനങ്ങളിലാണു്. പുതിയ തലമുറയെ പ്രതിനിധാനം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി സ്വാതന്ത്ര്യം എന്ന ആശയം പങ്കിടാന്‍ അതു വഴി സാധിച്ചു. ചിലേടങ്ങളില്‍ അദ്ധ്യാപകരും ജീവനക്കാരും കൂടി ഉള്‍പ്പെടുന്ന സദസ്സായിരുന്നു. ഇരിമ്പനത്തെ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററിസ്കൂളിലെ സദസ്സു് ഇതിനു് ഉദാഹരണമാണു്. മറ്റു ചിലേടങ്ങളില്‍ അദ്ധ്യാപകരുമായി മാത്രമാണു് സംവദിച്ചതു്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പടന്നക്കാട് ക്യാമ്പസും കൊച്ചിയിലെ NUALS ഉം ഇതിനു് ഉദാഹരണമായി എടുത്തു കാണിക്കാം. ഈ സന്ദര്‍ഭങ്ങളിലെല്ലാം, ലോകത്തില്‍ ഉണ്ടാവണം എന്നു നാം ആഗ്രഹിക്കുന്ന മാറ്റം നമ്മില്‍ തന്നെ പ്രകടമാക്കുക എന്ന ഗാന്ധിയന്‍ ആശയം സ്വാതന്ത്ര്യപദയാത്രയിലെ സംഘാംഗങ്ങള്‍ എന്ന നിലയില്‍ സ്വന്തം പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചിരുന്നു. ഞങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രകടമാക്കിയ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും സദസ്യരെ മൊത്തത്തിലും പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ ചിലരെയെങ്കിലും സ്വാധീനിച്ചിരിക്കും എന്നതില്‍ സംശയമില്ല. അവരുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തില്‍ ഇതിന്റെ പ്രേരണ ഉണ്ടാവുമെന്നും കരുതാം.

സമ്മേളനങ്ങള്‍ മുന്നു് ഭാഗങ്ങളായാണു് നടത്തിയിരുന്നതു്. ലോകത്തില്‍ ഉണ്ടാവണം എന്നു നാം ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സന്ദേശം നല്കല്‍, സ്വതന്ത്ര സോഫ്റ്റ്വേര്‍ എന്ന ആശയം, അതിന്റെ പിറകിലെ ദര്‍ശനം എന്നിവ എന്തെന്നു് വിശദീകരിക്കുകയും അതു് എങ്ങനെ ലോകത്തെ സ്വതന്ത്രമാക്കുന്നുവെന്നു് വ്യക്തമാക്കുകയും ചെയ്യല്‍, എങ്ങനെ ഈ പ്രസ്ഥാനത്തില്‍ ചേരാമെന്നും ഏതൊക്കെ രീതിയില്‍ ഇതില്‍ പങ്കാളികളാവുകയും സ്വതന്ത്ര സോഫ്റ്റ്വേറുകളുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യാം എന്നും വിശദീകരിക്കല്‍ എന്നിവയായിരുന്നു മൂന്നു് ഭാഗങ്ങള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രാദേശികസ്വതന്ത്രസോഫ്റ്റ്വേര്‍ സമൂഹങ്ങളുമായുള്ള ബന്ധം സൃഷ്ടിച്ചെടുക്കാനും സമ്മേളനങ്ങള്‍ വഴിയൊരുക്കി. പ്രാദേശികസമൂഹങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം എന്നു മനസ്സിലാക്കാനും അതില്‍ എങ്ങനെ പങ്കാളികളാകാം എന്നു ഗ്രഹിക്കാനും ഇതു വഴി സദസ്സിലുള്ളവര്‍ക്കു് സാധിച്ചു. അതുപോലെ സ്വതന്ത്രസോഫ്റ്റ്വേറില്‍ തല്പരരായ ഉപയോക്താക്കളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പ്രാദേശികസമൂഹങ്ങള്‍ക്കും സാധിച്ചു.

കേരളത്തിലെ പതിനാലു് ജില്ലകളിലൂടെ തലങ്ങും വിലങ്ങും നടന്നുകൊണ്ടുള്ള ഈ യാത്രയ്ക്കു് മറ്റൊരു സദ്ഫലം കൂടി ഉണ്ടായി. പദയാത്രയെ സഹായിക്കാനും ഇതിന്റെ ഭാഗമായി പരിപാടികള്‍ ഒരുക്കാനും കേരളത്തില്‍ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന സ്വതന്ത്രസോഫ്റ്റ്വേര്‍ ഉപയോക്തൃസമൂഹങ്ങള്‍ ഒന്നിക്കുവാന്‍ ഇതു കാരണമായി. വിവിധ പ്രദേശങ്ങളിലെ ഉപയോക്തൃസമൂഹങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധം സ്ഥാപിക്കുന്നതിനും സഹകരിച്ചു് പ്രവര്‍ത്തിക്കുന്നതിനും ആവശ്യമായ വിധത്തിലുള്ള ഘടനാപരമായ രൂപം യാത്രയുടെ ഫലമായി സൃഷ്ടിക്കപ്പെട്ടു. FSUG മെയിലിംഗ് ലിസ്റ്റിലൂടെ ഈ ബന്ധം ദൃഢതരമാവുകയാണു്.

സോഫ്റ്റ്വേര്‍ സ്വാതന്ത്ര്യപദയാത്ര പല വിധത്തിലും മറ്റു് പദയാത്രകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നുവെന്നു് സൂചിപ്പിക്കട്ടെ. ഇതിന്റെ തുടക്കം സര്‍ക്കാരേതരമാണു്. തികച്ചും ഉപയോക്തൃസമൂഹവും പൊതുസമൂഹവുമാണു് ഇതിന്റെ പിന്തുണക്കാര്‍. ആസൂത്രണത്തിന്റെ കാര്യത്തിലാവട്ടെ തികച്ചും വികേന്ദ്രീകൃതമായിരുന്നു യാത്ര. പ്രാദേശികസമൂഹങ്ങളാണു് യാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം തീരുമാനിച്ചിരുന്നതു്. ഏതൊക്കെ വഴികളിലൂടെ സഞ്ചരിക്കണം, എവിടെയൊക്കെ പരിപാടികള്‍ സംഘടിപ്പിക്കണം എന്നെല്ലാം നിശ്ചയിച്ചതും നടപ്പിലാക്കിയതും ഉപയോക്തൃസമൂഹങ്ങളായിരുന്നു. ഒടുവില്‍ ഇതിലെ ശാരീരികമായ പങ്കാളിത്തം; നാല്പത്തിനാലു് ദിവസം നീണ്ടു നിന്ന തുടര്‍ച്ചയായ നടത്തം എന്ന ശാരീരികാനുഭവം അസാധാരണം തന്നെയാണു് എന്നു തോന്നുന്നു. സംഘാംഗങ്ങളായ നാലു പേരും യാത്രയുടെ തുടക്കം മുതല്‍ അവസാനം വരെ ഫോട്ടോ ഡോക്യുമെന്റേഷന്‍ നടത്തിയിട്ടുണ്ടു്. എണ്ണായിരത്തോളം ഫോട്ടോകള്‍! മാത്രമല്ല യാത്രാവിശേഷങ്ങളെക്കുറിച്ചു് നിത്യേന ബ്ലോഗില്‍ എഴുതുകയും ചെയ്തിട്ടുണ്ടു്. ബ്ലോഗും ഫോട്ടോകളും Freedomwalk.in ല്‍ കാണാം. ഒക്ടോബര്‍ 2നു് കാസറഗോഡു് നിന്നും പുറപ്പെട്ട യാത്ര നവംബര്‍ 14നു് തിരുവനന്തപുരത്തു് സമാപിച്ചു. തിരുവനന്തപുരത്തെ സ്വതന്ത്രസോഫ്റ്റ്വേര്‍ ഉപയോക്തൃസമൂഹം ഒരുക്കിയ സ്വീകരണമായിരുന്നു യാത്രയിലെ അവസാനപരിപാടി. കേരളസര്‍ക്കാരിന്റെ ഐടി വകുപ്പു് സെക്രട്ടറിയായിരുന്നു ആ ചടങ്ങിലെ അദ്ധ്യക്ഷന്‍.

അനൂ‍പ് ജോണ്‍
Subscribe Tharjani |