തര്‍ജ്ജനി

എ. സി. ശ്രീഹരി

Visit Home Page ...

കവിത

സയാമീസ് കവിതകള്‍

ഒന്നു്: ശവമേ!

ശ്മശാനത്തിലെ
ഇഷ്ടികയടുപ്പില്‍
ചുട്ടുപഴുക്കും
ശവമേ,

ചത്തതാണെന്നു കരുതി
അടുത്തുള്ളവര്‍
വാഴ്ത്തുന്നുണ്ടു്
അപദാനങ്ങള്‍.

അവരില്‍ നിന്നു് കേട്ടു്
ആഹ്ലാദിക്കുന്നുണ്ടാവും
ചത്തവന്റെ ആത്മാവും
കുറച്ചൊക്കെ.

ചത്താലും
ചാവാതെ നില്ക്കുമല്ലോ
പച്ചവാക്കിന്റെ
ഊര്‍ജ്ജം.

ചാവും നേരം
പിറന്നുവീഴുമല്ലോ
നല്ല വാക്കിന്റെ
കുഞ്ഞുങ്ങള്‍.

അപദാനങ്ങള്‍ കേട്ടു്
കൂടുതല്‍ വീര്യത്തോടെ
അകലത്തുള്ളവരും
ഓര്‍ക്കും
നിന്നെ.

രക്തസാക്ഷിയായ്
ചിത്രീകരിക്കും ചിലര്‍.
ടെലിഫിലിമിലും വരാം.

ശ്മശാനത്തിലെ
ഇഷ്ടികയടുപ്പില്‍
ചുട്ടുപഴുക്കും
ശവമേ,
ഒരുനാളും ചാവുകയില്ലല്ലോ നീ
ഞങ്ങളില്‍.

രണ്ടു്: ഭ്രൂണമേ

അടിവയറ്റിലെ
ചൂടാറാപ്പെട്ടിയില്‍
ജീവന്‍ കുരുത്ത
ഭ്രൂണമേ,

പിറക്കുമെന്നു കരുതി
പൂര്‍വ്വികര്‍ പോലും
ഒരുക്കി വെയ്ക്കുന്നുക്കുണ്ടു്
തൊട്ടിലുകള്‍.

കിട്ടുമെന്നുറപ്പിച്ചു്
കാത്തിരിപ്പുണ്ടാകും
അമ്മത്തൊട്ടിലുകള്‍പോലും
അനാഥമായ അതിഥിയെ.

കുരുത്താലും
കുരുക്കുമല്ലോ
കയ്യുറകളിട്ട
പാതാളക്കരണ്ടികള്‍

പുറത്തെത്തുമ്പോഴേയ്ക്കും
പരുവപ്പെടുമല്ലോ
പല പേരുകളില്‍
ഫെയ്‌സ്ക്രീമായി.

പിറക്കാതെ പോകട്ടെ
നീയെന്‍ മകളേ എന്നു്
പാടി നീട്ടുമല്ലോ
പ്രിയ കവികള്‍ നിന്നെ.

പിഴച്ചെഴുത്തെന്നു്
ചാപ്പകുത്തും ചിലര്‍.
നല്ലപിള്ള ചമയുകയുമാവാം.

അടിവയറ്റിലെ ചൂടാറാപ്പെട്ടിയില്‍
ചാപിള്ളയായ
ഭ്രൂണമേ,
ഒരു നാളും പിറക്കുകയില്ലല്ലോ നീ
കവിതയിലല്ലാതെ.

Subscribe Tharjani |