തര്‍ജ്ജനി

എം.ഗോകുല്‍ദാസ്

ഹരിതം
കോട്ടൂളി
കോഴിക്കോട്‌ - 673016
ഫോണ്‍ :- 0-77363-64488
ഇ മെയില്‍ : m.gokuldas@gmail.com

Visit Home Page ...

കഥ

ശലഭയാത്രകള്‍

മഞ്ഞിന്റെ നേര്‍ത്തപാളി എവിടെ നിന്നോ അടര്‍ന്നു് വീണതുപോലെ ജനല്‍പടിക്കു് ചുറ്റും ഒരിളം തണുപ്പായിരുന്നു. അടച്ചിരുന്ന ജനല്‍പ്പാളി തനിയെ തുറന്നു് വരികയും കാറ്റിനോടൊപ്പം പുകപടലം പോലെ ഒരു നിഴല്‍ ജനല്‍പ്പടിയില്‍ വന്നുനില്ക്കുകയും ചെയ്തു. ജനല്‍പ്പടിയില്‍ വന്നു നിന്ന നിഴല്‍ പൊടുന്നനെ അതിന്റെ പൂര്‍വ്വരൂപം വെടിഞ്ഞു് സര്‍പ്പച്ചുരുളുപോലെ വൃത്താകാരമായി നിലകൊണ്ടു. അതിന്റെ നീലിച്ച പാര്‍ശ്വഭാഗങ്ങളില്‍ നിന്നും വരുന്ന പ്രകാശം ഒരു വലയമാവുകയും നേര്‍ത്ത പ്രഭ പരത്തുകയും ചെയ്തു.

ജനല്‍പ്പടിയില്‍ നിന്നു് നിഴല്‍ പതുക്കെ അഴിപിടിചചു് അനക്കമില്ലാചെ അകത്തേക്കു് കടന്നു. അകത്തേക്കു് കടന്നയുടനെ അതുവരെ ഉണ്ടായിരുന്ന പ്രഭ മങ്ങുകയും അദൃശ്യമായ ഒരാള്‍രൂപമാവുകയും ചെയ്തു. സ്വയം രൂപം വെടിയാനും സര്‍വ്വരൂപങ്ങളേയും ആര്‍ജ്ജിക്കുവാനുമുള്ള ഒരു പ്രത്യേക കഴിവും ദൈവീകമായ ഒരു ചൈതന്യവും അതിനുള്ളില്‍ ആമഗ്നമായിരുന്നു. ഏറെ നേരം നിഴല്‍ അനക്കമില്ലാതിരിക്കുകയും ചിന്താമഗ്നനായിരിക്കുകയും ചെയ്തു.

ഉണ്ണി ഒന്നും അറിഞ്ഞില്ല. ഉണ്ണി നല്ല ഉറക്കമായിരുന്നു. സന്ധ്യാനാമം ചൊല്ലി നെറ്റിയില്‍ ഭസ്മം തൊട്ടു് ഉപപാഠപുസ്തകത്തിലെ മഴയെക്കുറിച്ചുള്ള പാഠം രണ്ടാവര്‍ത്തി വായിച്ചു് തെക്കിനിയില്‍ വന്നു കിടന്നതാണു്. പിന്നെ ഉറങ്ങിപ്പോയി. അപ്പോഴും അടച്ചിരുന്ന ജനല്‍പ്പഴുതിലൂടെ നേര്‍ത്ത കാറ്റു് അകത്തേക്കു് കടന്നു വരുന്നുണ്ടായിരുന്നു. ഉണ്ണിയുടെ മനസ്സില്‍ മഴ പെയ്യുകയാണു് ...... സ്വപ്‌നങ്ങളുടെ മഴ ..... അല്ല. മഴയുടെ സ്വപ്‌നം. ഴ ...ഴ ... ഴ ഴ... ഴ ... ഴ ... എന്ന ശബ്ദം പോലെ എന്തോ ഒരു ..... ഒരു... എവിടെയോ മുഴങ്ങുന്നതല്ലാതെ ഉണ്ണി ഒന്നും അറിഞ്ഞില്ല. അല്ലെങ്കില്‍ ഉണ്ണിയുടെ മനസ്സും കൂടു് വിട്ടു് ഏതോ ലോകത്തേക്കു് പറന്നുപോവുകയായിരുന്നു. അക്കങ്ങളുടെയും പെരുക്കങ്ങളുടെയും ലോകത്തു്. ഗണിതങ്ങളുടെയും സങ്കലനങ്ങളുടെയും ലോകത്തു്. ഈരേഴു് പതിനാലു് ലോകങ്ങള്‍ പിന്നിട്ടു് ബ്രഹ്മാണ്ഡം പിന്നിട്ടു്, ആദിമവും അനന്തവുമായ ഒരു ലോകത്തു്. എല്ലാം പ്രഹേളിക തന്നെ.

ഒരിക്കല്‍ വരാന്തയില്‍ നിന്നു് മഴയുടെ വെള്ളിനൂലുകള്‍ എത്തിപ്പിടിച്ചും കടലാസുവഞ്ചിയിട്ടും ചാറ്റല്‍മഴ കൊള്ളാന്‍ വെറുതേ മുറ്റത്തേക്കു് കുതറിയോടിയും കളിച്ചതിനെത്തുടര്‍ന്നു് ഒത്തിരിനാള്‍ പനപിടിച്ചു് കിടപ്പിലായിരുന്നു. ശരീരവും മനസ്സും തളര്‍ന്നു് നിശ്ശബ്ദനായി ഏറെനാള്‍ കിടന്നു. അപ്പോള്‍ കാഴ്ചകള്‍ക്കൊക്കെ ചുവന്നരാശി കലര്‍ന്ന മഞ്ഞ നിറമായിരുന്നു. ഏറെ നാള്‍ വര്‍ണ്ണക്കാഴ്ചകള്‍ കണ്ണില്‍ കല്ലിച്ചു നിന്നു. പനിച്ചു് കിടന്നതിന്റെ ഏഴാംപക്കം അവന്‍ പറഞ്ഞു.``അമ്മേ ..... ഞാന്‍ മഴവില്ലിന്റെ കൈപിടിച്ചു് ഒരു ചിത്രശലഭത്തെപ്പോലെ ഏതോ നാട്ടില്‍ പറന്നു് പറന്നു് പോയിരുന്നു. ഒത്തിരി അകലെ. എനിക്കറിയില്ല. ഞാനെങ്ങനെ അവിടെ എത്തിപ്പെട്ടെന്നു് .... അമ്മയെ കാണാന്‍ ഇങ്ങോട്ടു് വന്നതാ ............... ''

കനത്ത നിശ്ശബ്ദതയെ ഉണ്ണിയ്ക്കു് എന്നും പേടിയായിരുന്നു. രാത്രിയുടെ നിശ്ശബ്ദതയില്‍ ഉണ്ണി ചിലപ്പോള്‍ പറയാറുണ്ടു്. അമ്മേ ...... പുറത്തു് ഒച്ചയില്ലാതെ ആരോ വന്നിട്ടുണ്ടു്. ആരോ പതിയെ നടന്നുപോവുന്നതുപോലെ .... ഒരനക്കം ... ഒരു ചോദ്യഭാവത്തോടെ `` ഉം '' എന്നു മൂളിയതല്ലാതെ അമ്മ മറ്റൊന്നും പറഞ്ഞില്ല. അമ്മയ്ക്കു് അറിയില്ലായിരുന്നു ഉണ്ണിയുടെ മനോവ്യാപാരം. ഉണ്ണിയുടെ ചിത്രശേഖരങ്ങള്‍ പിന്നിട്ടു്, മേശയ്ക്കരികിലൂടെ നിഴല്‍ പതുക്കെ ഉണ്ണിയുടെ കട്ടിലിനടുത്തേക്കു് വന്നു നിന്നതോടെ നിശ്ശബ്ദതയുടെ ഒരു കടല്‍ ഇളകി മറിഞ്ഞു. എല്ലാറ്റിനേയും തന്നിലേക്കു് ആവാഹിക്കുന്ന ഒരു ശാന്തത ചുറ്റും പരക്കുകയും സാന്ദ്രമാവുകയും ചെയ്തു.

ജനലിനപ്പുറത്തു് നേര്‍ത്ത മഞ്ഞു് പൊടിഞ്ഞുവീഴുന്നതുകൊണ്ടും ഇരുട്ടു് കര്‍ക്കിടകത്തിലെ കടല്‍പോലെ കനത്തു വരുന്നതുകൊണ്ടും വാഴത്തോപ്പുകളിലും മരച്ചില്ലകളിലും കാറ്റിന്റെ ചിറകുകള്‍ വന്നു് ഉലയ്ക്കുന്നതുകൊണ്ടും ഉണ്ണി ഒന്നുമറിഞ്ഞില്ല.

ഉണ്ണി നല്ല ഉറക്കമായിരുന്നു.

Subscribe Tharjani |