തര്‍ജ്ജനി

എം.എസ്‌. ബനേഷ്‌

എം.എസ്‌.ബനേഷ്‌, കൈരളി ടിവി, ഫോര്‍ട്ട് പി.ഒ., തിരുവനന്തപുരം.

ഫോണ്‍: 94470-80797

Visit Home Page ...

കവിത

സാല്‍വദോര്‍ ദാലിയുടെ വധശിക്ഷ നടപ്പാക്കുന്നു

ആരാച്ചാര്‍ കൊലക്കയര്‍
കഴുത്തിലിട്ടു്‌ മുറുക്കിത്തന്നു.
ഓപ്പറേറ്റര്‍ ലിവര്‍ വലിച്ചു്‌
പാതാളത്തിലാഴ്‌ത്തിത്തന്നു.
രണ്ടുപേരും കട്ടനടിക്കാന്‍
കയ്യില്‍ തോളിട്ടു്‌ പോയ്പോയി.

കാല്ക്കീഴില്‍ എനിക്കു്‌ പക്ഷേ
കട്ടിപ്പലകയായ്‌ വായു.
ഞാനതില്‍ കേറി നിന്നു്‌
കുരുക്കൊക്കെയഴിച്ചല്ലോ.

ഇറങ്ങിപ്പോകും വഴി നീളെ
ഇരുളാളുന്ന പ്രഭാതങ്ങള്‍.
ഇലച്ചാര്‍ത്തിന്നിടയ്ക്കൂടെ
വരുന്നമ്പലഗാനങ്ങള്‍.
ആത്മാവിന്റെ പരോളുപോല്‍
ഇടറിക്കേള്‍പ്പൂ ഇടയ്ക്കകള്‍.

തട്ടുകട വെളിച്ചത്തില്‍
തീ കാഞ്ഞു നില്ക്കുന്നു
ഞാന്‍ കൊന്ന കൂട്ടുകാരന്‍
തണുപ്പിന്‍ സുരതത്തിന്മേല്‍.

ഒരുമുഴം മുല്ലമാല
കീശക്കാക്കിയിലൊളിപ്പിച്ചു്‌
മോട്ടോര്‍ബൈക്കില്‍ കോണ്‍സ്റ്റബിള്‍
നീങ്ങും കാറ്റിന്‍ സുഗന്ധങ്ങള്‍.

എനിക്കൊന്നു കുളിക്കണം
കുളിച്ചൊന്നിരിക്കണം
ജ്ഞാനപ്പാന പാടണം
അവനെച്ചെന്നു കൊല്ലണം.

കട്ടന്‍ചായ കുടിച്ചവര്‍
തിരികെയെത്തുംമുമ്പു തന്നെ
കയറില്‍ച്ചെന്നു കുരുങ്ങണം
കാര്യങ്ങള്‍ ശരിയാക്കണം

Subscribe Tharjani |