തര്‍ജ്ജനി

കെ പി രമേഷ്‌

പൂങ്ങോട്ട് വീട്
അയിലൂര്‍ പി. ഒ
പാലക്കാട്

ഇമെയില്‍: rameshzorba@yahoo.com
ഫോണ്‍: 9447315971

Visit Home Page ...

ലേഖനം

സമന്വയദര്‍ശനം - ചിത്രകലയുടെ വെളിച്ചത്തില്‍

ലോകം ഇപ്പോള്‍ ഒരൊറ്റ കുടക്കീഴിലാണെന്നു പറയുമ്പോഴും, ജനിതകപരവും ഭൂമിശാസ്ത്രപരവുമായ നിരവധി ഘടകങ്ങളാല്‍ കിഴക്കിന്റെ പടിഞ്ഞാറിന്റെയും( പാശ്ചാത്യം-പൌരസ്ത്യം എന്നു കൃത്യമായി വിളിക്കാവുന്ന തരത്തില്‍) വേരുകള്‍ വേറെയാണു്. ഇതു് തെളിയിക്കാന്‍ നമുക്കു പെട്ടെന്നു ലഭിക്കുന്ന ഉദാഹരണങ്ങളാണു് ഭാരതീയസംഗീതവും ക്ലാസിക്കുകളും.

പാശ്ചാത്യക്ലാസിക്കുകളെയും (ഒഡീസി, ഇലിയഡ്) അവരുടെ സംഗീതത്തെയും ഇതോടു ചേര്‍ത്തുവെക്കുമ്പോഴാണു് കാതലായ വ്യത്യാസം മനസ്സിലാവുക. ഭാരതീയമായ രാഗവിസ്താരത്തിനു് സവിശേഷതയുണ്ടല്ലോ. വ്യക്തിയിലല്ല, വിഷയത്തിലാണു് അതിന്റെ ഊന്നല്‍. വിഷയത്തിന്റെ വിശകലനമാണ്‌ രാഗാലാപനത്തിന്റെ കേന്ദ്രബിന്ദു. ഇതുതന്നെയാണ്‌ ക്ലാസിക്കുകളായ രാമായണവും മഹാഭാരതവും മറ്റൊരു രീതിയില്‍ തെളിയിക്കുന്നതു്‌. പക്ഷേ, ഒഡീസി അങ്ങനെയല്ല. അതു് കൂടുതല്‍ വ്യക്തികേന്ദൃതമാണ്‌. കസന്ദ്സാക്കീസ്‌ പോലും ( ഹോമറിന്റെ ഒഡീസിയുടെ ആധുനികഭാഷ്യമെന്നോ വിഭജനമെന്നോ വിളിക്കാവുന്ന ഒഡീസി - എ മോഡേണ്‍ സീക്വല്‍ എന്ന വിശിഷ്ട രചനയില്‍) വ്യക്തിയിലാണു് ഊന്നിയതു്‌. സിംഫണിപോലുള്ള പാശ്ചാത്യസംഗീതസമ്പ്രദായങ്ങള്‍ നോക്കുക. വ്യക്തിമനസ്സിലേക്കാണു് അവ സഞ്ചരിക്കുന്നതു്‌.

ഭൂമിശാസ്ത്രപരമായി പൌരസ്ത്യതയെയും പാശ്ചാത്യതയെയും സ്വാധീനിക്കുന്നതു് യഥാക്രമം കാനനവും സാഗരവുമാണു് എന്നതു് യാദൃച്ഛികമല്ല. ആത്മീയമായിട്ടും ഭൌതികമായിട്ടും തീര്‍ത്ഥയാത്രാസങ്കല്പനവുമായിട്ടുമെല്ലാം പാശ്ചാത്യര്‍ കടലിനെ കണ്ടിട്ടുണ്ടു്‌. അവിടെ, സംഗീതം അവതരിപ്പിക്കുമ്പോള്‍ സംഘമായിട്ടാണ്‌ വരിക. Symphony എന്നാണു് (Polyphony ആയിട്ടുവരുന്നതു് എന്ന അര്‍ത്ഥത്തില്‍) അതിനെ പറയുക. ക്വയര്‍ സംഗീതം മറ്റൊരു ഉദാഹരണം. സിംഫണി എന്ന വാക്കില്‍ത്തന്നെ വ്യക്തിത്വം അല്ല, സംഘം എന്നതിനാണു് പ്രാധാന്യം നല്കിയിരിക്കുന്നത്‌. ഒരു വ്യക്തിയുടെ അല്ല, ഒരു കൂട്ടം വ്യക്തികളുടെ ലക്ഷ്യം ആയിട്ടാണ്‌ സിംഫണി വരുന്നത്‌. പക്ഷേ, ഭക്തിയില്‍, വൈയക്തികമായ ഒരു ആലാപനശൈലിയാണ്‌ എം ഡി രാമനാഥനെപ്പോലുള്ളവര്‍ക്ക്‌ ഉള്ളത്‌. ബോബ്‌ മാര്‍ലേയും മൈക്കല്‍ ജാക്സനും റിച്ചാര്‍ഡ്‌ മാര്‍ക്സുമൊക്കെ ചടുലമായ സംഗീതത്തിലാണ്‌ ഊന്നിയത്‌. പക്ഷേ, ചടുലതയിലേക്കു കൊണ്ടുപോവുന്നതിനു പകരം ഒരുതരം ലയം സൃഷ്ടിക്കാന്‍ ഭാരതീയര്‍ ശ്രമിച്ചുപോന്നു. പ്രപഞ്ചലയമാണ്‌ ഭാരതീയസംഗീതമെന്നു പറയാം.

കടലനുഭവങ്ങള്‍ ചില കാര്യങ്ങളില്‍ ഒരുപോലെയാവുന്നുണ്ട്‌. നെയ്തല്‍ എന്ന തിണ സങ്കല്പത്തില്‍ കടല്‍ ധാരാളമായി ഉണ്ട്‌. കഥാസരിത്സാഗരത്തിലും മറ്റും കടലിന്റെ അനുഭവങ്ങള്‍ ഏറെയാണ്‌. ഒഡീസ്യസ്‌ ഇലെറ്റസ്‌ എന്ന പ്രമുഖ ഗ്രീക്കുകവിയുടെ രചനകളില്‍ തിരതള്ളിവരുന്നതു മുഴുവന്‍ കടലാണ്‌. തിരുച്ചെന്തൂരും മഹാബലിപുരത്തും രാമേശ്വരത്തുമെല്ലാം ദേവന്‍ കടല്‍ത്തീരത്താണ്‌. എങ്കിലും, പാശ്ചാത്യര്‍ കടലിനെ പുല്കിയതുപോലെ നമ്മള്‍ അതിന്റെ ഭാഗമായിട്ടില്ലെന്നു വേണം കരുതാന്‍. നീണ്ടകാലം കടല്‍ത്തീരത്ത്‌ വസിച്ചിട്ടും കുമാരനാശാന്റെ മനസ്സ്‌ വിഹരിച്ചത്‌ വിന്ധ്യഹിമാചലങ്ങളിലായിരുന്നു. ഹെമിങ്ങ്‌വേയുടെ കിഴവനും കടലും, പീറ്റര്‍ മത്തീസണ്‍ന്റെ ഫാര്‍ ടൊര്‍ടുഗ, മെല്‍വിലിന്റെ മൊബിഡിക്‌, മാര്‍ക്വേസിന്റെ കപ്പല്‍ച്ചേതം വന്ന നാവികന്റെ കഥ, ഷൊോസ്‌ സാരാമാഗുവിന്റെ ഒരു അജ്ഞാതദ്വീപിന്റെ കഥ എന്നിവ ശ്രദ്ധേയമായതിനു പിന്നില്‍ പാശ്ചാത്യര്‍ ഉള്ളില്‍ക്കൊണ്ടു നടക്കുന്ന സാഗരലയം കാരണമായിട്ടുണ്ട്‌. എന്നാല്‍, പര്‍വ്വതത്തില്‍ അഥവാ കാനനത്തിലാണ്‌ പൌരസ്ത്യമനസ്സ്‌ , വിശേഷിച്ചും ഭാരതീയമനസ്സ്‌ കുടിയിരിക്കുന്നത്‌. യസുനാരി കവാബത്തയുടെ മലയുടെ ശബ്ദം, തോമസ്‌ മന്‍ന്റെ മാജിക്‌ മൌണ്ടന്‍, കോവിലന്റെ ഹിമാലയം, ജാക്ക്‌ ലണ്ടന്റെ കാടിന്റെ നിലവിളി, കുമാരനാശാന്റെ നളിനി, കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം എന്നിവ നോക്കുക. സുനാമിക്ക്‌ ഉദാഹരണമായി പലരും ചൂണ്ടിക്കാണിച്ചിട്ടുള്ള ഹൊക്കുസായിയുടെ തിരകള്‍ക്കപ്പുറം ഫ്യൂജീപര്‍വ്വതം എന്ന ചിത്രം ശ്രദ്ധേയമാകുന്നത്‌ കടലിലല്ല, അതിനപ്പുറം കാണുന്ന പര്‍വ്വതത്തിലാണ്‌ എന്നുള്ളത്‌ ജപ്പാന്‍കാരന്‍ പൌരസ്ത്യതയുടെ അവിഭാജ്യചിഹ്നമാണ്‌ എന്നതിലാണ്‌!

ഇനി സംഗീതത്തിലേക്കു വരാം. രാഗവിസ്താരം പ്രകൃതിയുടെ ഒരു പരപ്പുപോലെയാണ്‌. വിശകലനാത്മകമായ ഒരു സംയോഗമാണ്‌ അതിന്റെ അന്ത:സത്ത. രവിശങ്കറിന്റെ സിതാര്‍പോലെ രണ്ടു സംസ്കാരങ്ങളിലും സ്വീകാര്യമായ ഒന്ന്‌ ഇവിടെയുണ്ടെങ്കിലും, ഭാരതീയര്‍ ഒരു കൃതിയെ സമീപിച്ച്‌ അതിനെ പല നിലകളില്‍ വിസ്തരിക്കുന്നത്‌ വല്ലാത്തൊരു അനുഭവമാണല്ലോ.

ബോബ്‌ മാര്‍ലേയെ കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച സംഗീതജ്ഞനായി പാശ്ചാത്യര്‍ തെരഞ്ഞെടുത്തിട്ടുള്ള കാര്യം ഓര്‍ക്കുക. ആളുകളെ ഇളക്കുന്നതും നൃത്തം വെപ്പിക്കുന്നതുമായ സംഗീതമാണ്‌ അവിടെ. അത്‌ വ്യക്തിയിലാണ്‌, അഥവാ വ്യക്തികളിലാണ്‌ കൂടുതലും ഊന്നുന്നത്‌ എന്നതാണ്‌ ഇതിനു ഹേതു. എന്നാല്‍, ഭാരതീയരുടേത്‌ നേരേമറിച്ചാണ്‌. പ്രപഞ്ചലയത്തിനാണ്‌ ഭാരതീയര്‍ പ്രാമുഖ്യം നല്കുന്നത്‌.

ലോകത്തിനു പൊതുവേ ഒരു ഏകീകൃതസ്വഭാവം ഉണ്ടായിരുന്നുവെങ്കിലും, ഗ്രീക്കുകാര്‍ ഇവിടെയും നമ്മള്‍ ഗ്രീസിലും സന്ദര്‍ശിച്ച്‌ സംഗീതം ഉള്‍പ്പെടെയുള്ള കലകള്‍ അഭ്യസിക്കുന്നുവെങ്കിലും ആപേക്ഷികമായ വ്യത്യാസങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തേണ്ടതാണ്‌. അധിനിവേശങ്ങള്‍ നമുക്ക്‌ നല്ലതും ചീത്തയുമായ പലതും നല്‍കിയിട്ടുണ്ട്‌. അതിലൊന്നാണ്‌ കല. ഹിന്ദുസ്ഥാനീസംഗീതത്തിനു നമ്മള്‍ പേര്‍ഷ്യന്‍സംഗീതത്തോടു കടപ്പെട്ടിരിക്കുന്നു. അലക്സാണ്ടറോടൊപ്പം അധിനിവേശം മാത്രമല്ല വന്നത്‌. ഗാന്ധാരകല ഇവിടെ (പഴയ മഹാഭാരതത്തില്‍) പിറവികൊണ്ടത്‌ ഗ്രീക്കുസ്വാധീനംമൂലമായിരുന്നുവല്ലോ. അഫ്ഗാന്‍വഴി വന്ന ഈ കല ബുദ്ധകലയെ കൂടുതല്‍ സമ്പന്നമാക്കി.

ചിത്രകലയുടെ സ്വാധീനം ചലച്ചിത്രകലയെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്‌. പോളിഷ്സംവിധായകനായ ക്രിസ്റ്റോഫ്‌ കീസ്ലോവ്സ്കിയുടെ ത്രീ കളേഴ്സ്‌ - ബ്ലൂ എന്ന ചിത്രം അദ്ദേഹത്തിന്റെ പ്രശസ്തമായ ചലച്ചിത്രത്രയത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ്‌. സ്നേഹമെന്ന വികാരത്തെ, അവസ്ഥയെ പുരസ്കരിക്കുന്ന ഈ ചിത്രം നിറത്തെയും സംഗീതത്തെയും ഇണക്കുവാന്‍ സ്നേഹംകൊണ്ടുമാത്രമേ കഴിയൂ എന്ന കീസ്ലോവ്സ്കിയന്‍ വിചാരത്തിന്റെ തെളിവാകുന്നു.

ചിഹ്നങ്ങളിലൂടെയാണ്‌ വ്യക്തിചരിത്രവും സമൂഹചരിത്രവും രൂപപ്പെടുന്നത്‌ എന്ന്‌ സാഹിത്യവും കലയും ഒരുപോലെ തെളിയിച്ചിട്ടുണ്ടല്ലോ. ഷേക്സ്പിയര്‍( ഒഥല്ലോയില്‍) ഒരു തൂവാലകൊണ്ട്‌ വ്യക്തിമനസ്സിനെ നിര്‍ണ്ണയിച്ചു. കാളിദാസന്‍ ഒരു മോതിരംകൊണ്ടും സി വി രാമന്‍പിള്ള മുദ്രമോതിരം കൊണ്ടും യസുനാരി കവാബാത്ത നീലമറുകുകൊണ്ടും സിന്‍ഡ്രല്ലയുടെ കഥ മൊഴിഞ്ഞ ആ നാടോടിക്കഥാകാരന്‍ ചെരിപ്പിന്റെ അടയാളംകൊണ്ടും ഉംബര്‍ടോ എകോ പുസ്തകംകൊണ്ടും ഈ സംജ്ഞകള്‍ക്ക്‌ വലിയ അര്‍ത്ഥം കല്പിച്ചു.

ഒരു നല്ല കഥ എഴുതണമെങ്കില്‍ എന്തു ചെയ്യണമെന്ന്‌ ഒരാളോടു ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇതാണ്‌ : കഥയല്ലാത്ത ഭാഗങ്ങളെല്ലാം വെട്ടിമാറ്റുക. പക്ഷേ, ഇത്‌ ശരിയല്ല! കരിങ്കല്‍ശില്പത്തെ സംബന്ധിച്ചാണെങ്കില്‍ ഇപ്പറഞ്ഞത്‌ യോജിക്കാം. കാരണം, മാര്‍ബിള്‍ അടര്‍ത്തിമാറ്റി അതിനകത്തിരിക്കുന്ന ബല്‍സാക്കിന്റെ രൂപം കണ്ടെത്തിയ റൊദേന്റെ (Rodin) കലാജീവിതം നമ്മുടെ മുമ്പിലുണ്ട്‌. സത്യം അഗാധസ്ഥിതമാണെന്നും, അതു കാണാന്‍ പല തട്ടുകള്‍ തകര്‍ത്തുമാറ്റി താഴേക്കു ചെല്ലണമെന്നും അരബിന്ദോ പറഞ്ഞത്‌ ഈ പശ്ചാത്തലത്തില്‍ നാം ഓര്‍ത്തെടുക്കുന്നു. എന്നാല്‍, കഥാനിര്‍മ്മാണത്തെ സംബന്ധിച്ച്‌ ഈ നിര്‍വ്വചനം ഒത്തുപോവുകയില്ല. വാക്കുകള്‍കൊണ്ട്‌ കഥാകൃത്ത്‌ മെനയുന്ന ശില്പമാണ്‌ കഥ. സൃഷ്ടിയും നിര്‍മ്മാണവും തമ്മിലുള്ള അന്തരത്തിലേക്കാണ്‌ നാം ഇവിടെ പ്രവേശിക്കുന്നത്‌. പിയേര്‍ മഷേറിയുടെ അഭിപ്രായമനുസരിച്ച്‌ സൃഷ്ടി(Creation‍) എന്ന ഒന്നില്ല, നിര്‍മ്മാണം(Production‍) മാത്രമേയുള്ളൂ. നിലവിലുള്ള അസംസ്കൃതവസ്തുക്കളെ കൂട്ടിച്ചേര്‍ത്ത്‌ ഒരു പുതിയ വസ്തു ഉണ്ടാക്കുന്നവനാണ്‌ കലാകാരന്‍ എന്നാണ്‌ മഷേറിയുടെ മതം. ഫലത്തില്‍, കര്‍തൃത്വത്തെ (Authorship) നിരാകരിക്കുന്ന പ്രസ്താവനയായി മാറുകയാണോ മഷേറിയുടെ പ്രസ്താവന എന്നു തോന്നും. ഓട്ടോമൊബെയില്‍ രംഗത്തെ സംബന്ധിച്ചോ ഇലക്ട്രോണിക്സ്മേഖലയെ സംബന്ധിച്ചോ മാത്രമുള്ള ശരിയാണത്‌. പക്ഷേ, ഒരു കലാസൃഷ്ടിയുടെ ഘടകങ്ങളായ രൂപം, പ്രതിരൂപം, മൂല്യം, ആശയം എന്നിവ കേവലവസ്തുക്കളല്ല; കലാത്മകമായ ജൈവസാമഗ്രികള്‍ തന്നെയാണ്‌. ഇവ കലാകാരന്റെ കര്‍തൃനിഷ്ഠതയിലൂടെ പുറത്തുവരുമ്പോള്‍ ലഭിക്കുന്ന ഒന്നാണ്‌ കലാസൃഷ്ടി. കണ്ണ്‌ സൂര്യനായി മാറിയില്ലെങ്കില്‍ ഈ കണ്ണുകൊണ്ട്‌ സൂര്യനെ കാണാനാവില്ല എന്നു പറഞ്ഞ പ്ലോട്ടിനസ്സും, താന്‍ ആലേഖനം ചെയ്യുന്ന രൂപമായി ചിത്രകാരന്‍ മാറിയില്ലെങ്കില്‍ അവന്‌ ആ രൂപത്തെ ആലേഖനംചെയ്യാന്‍ സാദ്ധ്യമല്ല എന്നു പറഞ്ഞ ഡാന്റേയും വിരല്‍ ചൂണ്ടുന്ന യാഥാര്‍ത്ഥ്യം ഇതാണ്‌.

കല എന്നത്‌ ഒരു പ്രത്യേക കാലഘട്ടത്തില്‍ ഉറച്ചുനില്‍ക്കുന്ന ഒന്നല്ല. നിലവിലുള്ള കാലത്തോടു വിമര്‍ശനാത്മകമായി സംവദിച്ചുകൊണ്ടുതന്നെ കാലാതിവര്‍ത്തിയായി നിലനില്‍ക്കേണ്ടതാണ്‌ ഒരു നല്ല കലാസൃഷ്ടിയുടെ മുഖമുദ്ര. കലാസൃഷ്ടിയുടെ ബാദ്ധ്യതയും അതാണ്‌. ലിയനാര്‍ഡോ ഡാവിഞ്ചി ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നതിനുള്ള ഒരു വലിയ കാരണം അദ്ദേഹത്തിന്റെ കല ഈ കാലഘട്ടത്തിലേക്കും നീണ്ടുവരുന്നുണ്ട്‌ എന്നതുകൊണ്ടാണ്‌. മൊണാലിസയ്ക്ക്‌ മീശവച്ചുകൊടുത്ത സാല്‍വദോര്‍ ദാലി വാസ്തവത്തില്‍ ഡാവിഞ്ചിയെ സറീയലിസംകൊണ്ടു പൂരിപ്പിക്കുകയായിരുന്നു. എഡ്വേഡ്‌ മാനേയുടെ പുല്‍ത്തകിടിയിലെ ഉച്ചഭക്ഷണം എന്ന വിവാദചിത്രത്തിന്‌ പില്‍ക്കാലത്ത്‌ നിരവധിപേര്‍ പെയിന്റിങ്ങിലൂടെ തന്നെ ഭാഷ്യം ചമച്ചു. ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം എന്ന ചിത്രത്തെ എമില്‍ നോള്‍ദ്‌ മറ്റൊരു മന:സ്ഥിതിയില്‍ ആവിഷ്കരിച്ചു. ഇതേ ചിത്രം സമീപകാലത്ത്‌ വിവാദമായത്‌ ഡാന്‍ ബ്രൌണിന്റെ നോവലിലൂടെയാണ്‌. ഓട്ടോ ഡിക്സ്‌, വാള്‍ട്ടര്‍ ജേക്കബ്‌ തുടങ്ങിയ ജര്‍മന്‍ എക്സ്പ്രഷനിസ്റ്റുകള്‍ പണ്ട്‌ ഡാവിഞ്ചിയെ മാറ്റിവരച്ചിരുന്നു. ഇപ്പോള്‍ ഫ്രാന്‍സിസ്‌ കോടങ്കണ്ടത്ത്‌ ഡാവിഞ്ചിയുടെ കോഡിനെ മറ്റൊരു കാലത്തില്‍വച്ച്‌ വ്യാഖ്യാനിക്കുന്നു. ക്രൂശിതനായ ക്രിസ്തുവിനെ ദെലക്രോയിയും എല്‍ ഗ്രെക്കോയും മത്തീസ്‌ ഗ്രൂന്‍വാള്‍ഡും വരച്ചതില്‍നിന്നും വിഭിന്നമായി രണ്ടു വഴികളിലൂടെ ദാലിയും പോള്‍ ഗോഗിനും വരച്ചപ്പോള്‍ അത്‌ ക്രിസ്തു നടന്ന വഴികള്‍ മാത്രമല്ല, മഹാന്മാരായ ആ ചിത്രകാരന്മാര്‍ നടന്ന കലാവഴികളെക്കൂടി കാണിച്ചുതന്നു.

കലയിലെ പരിണാമമെന്നത്‌ അടിസ്ഥാനപരമായി കലാകാരന്റെ പരിണാമംതന്നെയാണ്‌ എന്നു മേല്പറഞ്ഞ ഉദാഹരണങ്ങള്‍ തെളിയിക്കുന്നു. ആഫ്രിക്കന്‍ ഗോത്രജീവിതത്തെ അടുത്തറിഞ്ഞതാണ്‌ പിക്കാസോവിന്റെ കലാജീവിതത്തെ മാറ്റിമറിച്ചത്‌. രബീന്ദ്രനാഥ്‌ ടാഗോര്‍ സന്താളുകളുടെ ഗോത്രപ്പെരുമ തൊട്ടറിഞ്ഞു, ഓസ്ട്രേലിയന്‍ അബോറിജനുകളുടെ സത്ത സിഡ്നി നൊളാന്‍ സ്വാംശീകരിച്ചു, പോള്‍ ഗോഗിന്‍ താഹിതീദ്വീപിലെ മനുഷ്യജീവിതത്തെ കൂടെ കൂട്ടിക്കൊണ്ടുപോയി. തന്റെ പരിമിതമായ ചുറ്റുപാടുകളെ ഭേദിച്ച്‌ ലോകത്തിന്റെ തുറസ്സിലേക്കു പോവുമ്പോഴാണ്‌ കലയില്‍ വിപ്ലവമുണ്ടാവുക എന്ന്‌ രവിവര്‍മ്മയുടെ കാലം മുതല്‍ കേരളീയ ചിത്രകല നമ്മെ നിരന്തരം ബോദ്ധ്യപ്പെടുത്തുന്നുണ്ട്‌. ഈജിപ്ഷ്യന്‍ ഹൈറോഗ്ലിഫിക്സ്‌ പോള്‍ ക്ലീയെയും, പേര്‍ഷ്യന്‍ പരവതാനികള്‍ ഹെന്റി മത്തീസെയെയും, ഗൌഡിയാലോഹാറികളുടെ ആത്മസത്ത എ രാമചന്ദ്രനെയും , മധ്യപ്രദേശിലെ ഗോത്രകല ജെ സ്വാമിനാഥനെയും പുതുക്കിപ്പണിതുവെന്നു പറയുന്നത്‌ കലയിലെ പരിണാമത്തിന്റെ അടിസ്ഥാനത്തിലാണ്‌.

താവോയിസവും ബുദ്ധസൂക്തങ്ങളും ഹൃദിസ്ഥമാക്കിക്കൊണ്ടാണ്‌ മാവോ സേ തുങ്ങ്‌ തന്റെ പ്രഭാഷണപര്യടനങ്ങള്‍ നടത്തിയത്‌ എന്നത്‌ നമ്മളൊക്കെ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്ന ഒരു വസ്തുതയാണ്‌. പക്ഷേ, ഇപ്പോള്‍ മാവോയിസത്തെ താവോദര്‍ശനത്തോടു ബന്ധപ്പെടുത്തി വായിക്കേണ്ടി വന്നിരിക്കുന്നു. പണ്ടത്തെ ഒരു കാഴ്ചപ്പാടനുസരിച്ച്‌, കാള്‍ മാര്‍ക്സും കാള്‍ പോപ്പറും വിരുദ്ധധ്രുവങ്ങളിലായിരുന്നു. എന്നാല്‍, പുതിയ കലയും പരിസ്ഥിതിചിന്തയും ഉദ്ബോധിപ്പിക്കുന്നത്‌ മാര്‍ക്സിനെയും കാള്‍ പോപ്പറിനെയും ഇണക്കുവാനാണ്‌. നാം ജീവിക്കുന്ന ഈ കാലഘട്ടം അത്‌ ആവശ്യപ്പെടുന്നു.

ജ്യാമിതി(Geometry‍) പലയിടത്തും പല രീതിയിലാണ്‌ സ്വീകരിക്കപ്പെട്ടത്‌. ഭാരതീയരും പാശ്ചാത്യരും ദര്‍ശനവ്യത്യാസം കൊണ്ടുതന്നെയാണ്‌ ഇത്‌ പ്രയോഗത്തില്‍ വരുത്തിയത്‌ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പോള്‍ ക്ലീയും കാന്റിന്‍സ്കിയും മറ്റും ഡയലക്ടിക്കലായി ആവിഷ്കരിച്ച ജ്യാമിതിയും, കെ വി ഹരിദാസനും അക്കിത്തം നാരായണനും മറ്റും താന്ത്രിക്‌ രീതിയില്‍ ആവിഷ്കരിച്ച ജ്യാമിതിയും വ്യത്യസ്തമാവുന്നത്‌ ഇങ്ങനെയാണ്‌.

രണ്ട്‌
പക്ഷേ, കലാലോകത്തു നടക്കുന്ന ഇത്തരം മാറ്റങ്ങളൊന്നും കേരളത്തില്‍ കാര്യമായി ചര്‍ച്ചചെയ്യപ്പെടുന്നില്ല എന്നതല്ലേ വാസ്തവം? സാഹിത്യത്തിന്റെ അതിപ്രസരവും അധിപ്രസരവും നിറഞ്ഞുനില്‍ക്കുന്ന നാടാണല്ലോ കേരളം. ഇത്തരമൊരു സാഹിത്യാധിഷ്ഠിതബോധം വരുത്തിവയ്ക്കുന്ന അപകടം കുറച്ചൊന്നുമല്ല, വിശേഷിച്ചും ആസ്വാദനത്തിന്റെ മേഖലയില്‍. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ കേരളീയചിന്തയെയും സാഹിത്യമുള്‍പ്പെടെയുള്ള കലാവിഭവങ്ങളെയും സൂക്ഷിച്ചു നോക്കിയാല്‍ ഇപ്പറഞ്ഞത്‌ വാസ്തവമാണെന്നുകാണാം. ആധുനികതയും ഫെമിനിസവും പരിസ്ഥിത്യാത്മീയതയും ഉത്തരാധുനികതയും വന്നിട്ടും നമ്മള്‍ സാഹിത്യത്തിന്റെ കരയില്‍നിന്ന്‌ തെല്ലിടപോലും മാറിയിട്ടില്ലെന്നത്‌ വിസ്മയകരംതന്നെ.

സാഹിത്യത്തെക്കുറിച്ചു പറയുമ്പോള്‍ ചിലയാളുകള്‍ അതില്‍ സംഗീതത്തെയും ചിത്രകലയെയും സിനിമയെയും കൂട്ടിക്കുഴയ്ക്കുന്നതെന്തിനാണെന്ന്‌ ഒരു മുതിര്‍ന്ന നിരൂപകന്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ചോദിക്കുകയുണ്ടായി. ഇന്നും ചിലര്‍ ഈ ചോദ്യം ആവര്‍ത്തിക്കുന്നു. കണ്ണിന്റെ കലയായ ചിത്രകലയും കാതിന്റെ കലയായ സംഗീതവും ഒത്തുപോവുകയില്ലെന്നും, "ഇന്ദ്രിയസങ്കലനം" (Synaesthesia) സൌന്ദര്യശാസ്ത്രത്തിലെ ഒരു പിഴവാണെന്നും, ജുഗല്‍ബന്ദി തട്ടിപ്പാണെന്നും മറ്റും ഡോ. ടി.പി. സുകുമാരന്‍ വാദിച്ചതിനെ ബന്ധപ്പെടുത്തേണ്ടതും ഈ സന്ദര്‍ഭത്തിലാണ്‌.

ഇങ്ങനെയാണെങ്കില്‍, എം.മുകുന്ദന്റെ ദല്‍ഹി എന്ന നോവലിനെ എങ്ങനെ അപഗ്രഥിക്കാമെന്നാണ്‌ നമ്മുടെ ചോദ്യം. അടിസ്ഥാനപരമായി, ആധുനികതയുടെ ആത്മബോധത്തിന്റെ രൂപത്തില്‍ 'എഴുത'പ്പെട്ടതാണെങ്കിലും അത്‌ സാഹിത്യബാഹ്യമായ രണ്ടു പ്രധാന മേഖലകളെ ഗാഢമായി സ്പര്‍ശിക്കുന്നുണ്ട്‌- സംഗീതത്തെയും ചിത്രകലയെയും. ചിത്രകാരനായ അരവിന്ദന്റെ കലാപഭരിതമായ കലാജീവിതത്തെയാണ്‌ അത്‌ ഉന്നയിക്കുന്നത്‌. ബെയ്ഥോവന്റെ സിംഫണിയെ പാടുന്ന വര്‍ണ്ണങ്ങളില്‍ ആവിഷ്ക്കരിക്കുവാന്‍ വെമ്പുന്ന അരവിന്ദനെ കേവലം സാഹിത്യമഞ്ജരിയുടെ സഹായംകൊണ്ടുമാത്രം സ്പര്‍ശിച്ചറിയാന്‍ ശ്രമിക്കുന്നത്‌ ശരിയല്ല. പാശ്ചാത്യകൃതികള്‍ "മലയാളികള്‍" വായിച്ചറിയുന്നതിന്റെ അടിസ്ഥാനപരമായ പിശകിലേക്കുകൂടി ഇത്‌ വിരല്‍ചൂണ്ടുന്നുണ്ട്‌.

മിലന്‍ കുണ്ടേരയുടെ കാര്യമെടുക്കുക. ഈ ചെക്കോസ്ലോവാക്യന്‍ നോവലിസ്റ്റ്‌ ഫ്രാന്‍സില്‍ താമസിക്കുന്നതുതന്നെ പ്രവാസത്തിന്റെ ഗൂഢമായ വിധി പേറിക്കൊണ്ടാണ്‌. എന്നാല്‍ ഈ പ്രയാണത്തിനിടയില്‍പ്പോലും അദ്ദേഹത്തിന്റെ ധൈഷണികതയില്‍ വേരോടിനില്‍ക്കുന്ന സംഗീതാവബോധത്തെയും ചിത്രകലയോടുള്ള ആഭിമുഖ്യത്തെയും വെളിപ്പെടുത്തിക്കൊണ്ടാണ്‌ കുണ്ടേരയുടെ രചനകള്‍ മുന്നേറിയിട്ടുള്ളത്‌. "ഇമ്മോര്‍ട്ടാലിറ്റി" എന്ന നോവലിലും, "ആര്‍ട്ട്‌ ഓഫ്‌ ദ്‌ നോവല്‍" എന്ന നോവല്‍ പഠനത്തിലും അദ്ദേഹം സാഹിത്യത്തെ സമഞ്ജസിപ്പിക്കുന്നത്‌ നാദത്തോടും വര്‍ണ്ണത്തോടുമാണ്‌. പക്ഷേ, മേല്‍പ്പറഞ്ഞ കൃതികളെ സാഹിത്യബദ്ധമായിമാത്രം വിലയിരുത്തുമ്പോള്‍ കുണ്ടേരയുടെ കൃതികളിലെ സാരാംശത്തെ ചോര്‍ത്തിക്കളയുകയാണ്‌ ചെയ്യുന്നതെന്ന്‌ ഓര്‍ക്കുക!

പാശ്ചാത്യരായ ഒരുപാട്‌ എഴുത്തുകാര്‍ തങ്ങളുടെ കൃതികളില്‍ സംഗീതജ്ഞന്മാരുടെയും ചിത്രകാരന്മാരുടെയും സങ്കേതങ്ങളും നാമാവലിയും സാഹിത്യത്തിന്റെ മുഖ്യധാരയില്‍ വിസ്മയകരമായി ഇണക്കുന്നുണ്ട്‌. ബെയ്ഥോവന്റെ "ക്രോയിറ്റര്‍ സൊനാറ്റ"യെ ആധുനികകാലത്തില്‍വെച്ചു വ്യാഖ്യാനിക്കുന്നതാണ്‌ ടോള്‍സ്റ്റോയിയുടെ അതേ പേരിലുള്ള നോവല്‍. പക്ഷേ, കേരളത്തില്‍ "ബഹുസ്വരത"യെപ്പറ്റി വാതോരാതെ സംസാരിക്കുന്നവന്‌ സംഗീതധാരകള്‍ വശമില്ലെന്നുവരുന്നു! 'പോളിഫണി' പാശ്ചാത്യസംഗീതജ്ഞന്റെയും സംഗീതശാസ്ത്രത്തിന്റെയും അവിഭാജ്യഘടകമാണെന്നു കൃത്യമായി തിരിച്ചറിഞ്ഞ മിഖായില്‍ ബക്ഥീന്റെ ചിന്താശകലം വേഷം മാറി, സുനാമിത്തിരമാലയായി ആഞ്ഞടിച്ച കേരളത്തില്‍ അത്‌ ഏറ്റുപറയുന്നവന്‌ സംഗീതബോധംതന്നെ വേണ്ടെന്നുവന്നാലോ! ചിത്രകലയിലും സംഗീതത്തിലും ഉത്ഭവിച്ച ആശയങ്ങളാണ്‌ പിന്നീട്‌ സാഹിത്യത്തിലേക്കു കുടിയേറിയത്‌. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ വായിച്ചിട്ട്‌ സറീയലിസത്തെക്കുറിച്ചു പറയുമ്പോള്‍, സാല്‍വദോര്‍ ദാലിയെക്കുറിച്ചു പറയുമ്പോള്‍ സ്വയം പിന്‍വാങ്ങുകയോ തമസ്ക്കരിക്കുകയോ ചെയ്യുന്നതിന്റെ ഗതികേട്‌ നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടതാണ്‌. മിഖായില്‍ ബക്ഥീന്‍ സംഗീതബോധത്താല്‍ തോറ്റിയുണര്‍ത്തിയ ബഹുസ്വരതയെ ("പോളിഗ്ലോസിയ" എന്ന്‌ ബക്ഥീന്‍) സാഹിത്യത്തിലേക്കു മാത്രം വെട്ടിച്ചുരുക്കിയവര്‍ യഥാര്‍ത്ഥത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കേണ്ടത്‌ ജെ.എസ്‌ ബാഹിന്റെയും മറ്റും മുമ്പിലാണ്‌.

രാജാ രവിവര്‍മ്മയില്‍ നിന്നും കെ.സി.എസ്‌ പണിക്കരില്‍ നിന്നും വ്യത്യസ്ത ചിത്രവഴികള്‍ പിറന്നിട്ടും കേരളീയര്‍ക്ക്‌ സാഹിത്യമേഖലയില്‍ സമന്വയത്തിന്റെ രീതിശാസ്ത്രം നഷ്ടപ്പെടുത്തുന്നുവെന്നതല്ലേ ശരി? ബാബു സേവ്യറും യൂസഫ്‌ അറക്കലും എന്‍ എന്‍ റിംസണും ഷിബു നടേശനും ഉള്‍പ്പെടെ എണ്ണംപറഞ്ഞ ചിത്രകാരന്മാരും ശില്പികളും ഉണ്ടായിട്ടും നമ്മളെന്തിനാണ്‌ സ്വയം പിന്മാറി നില്ക്കുന്നത്‌? സാഹിത്യം സാഹിത്യംമാത്രമായും, ചിത്രകല ചിത്രകലമാത്രമായും നിലനിന്നാല്‍മതി എന്നു ശഠിക്കുന്നതുകൊണ്ട്‌ നമ്മള്‍ അബോധപരമായി ടെലിവിഷന്‍ക്കാഴ്ചകളിലും കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലും അച്ചടിവര്‍ണ്ണങ്ങളിലും അഭിരമിച്ച്‌ കാലയാപനം ചെയ്യുന്നു.

നമ്മുടെ ചലച്ചിത്രനിരൂപണരംഗത്തും ഇത്തരമൊരു ധ്രുവീകരണം സംഭവിച്ചുകഴിഞ്ഞു. ആങ്ങ്ദ്രേ വൈദ, കുറൊസാവ, പോളാന്‍സ്കി, കീസ്ലോവ്സ്കി, പീറ്റര്‍ വൈസ്‌, ഐസന്‍സ്റ്റീന്‍, സത്യജിത്‌ റേ, ഡേവിഡ്‌ ലീന്‍ എന്നിവര്‍ സംഗീതത്തില്‍ നിന്നും ചിത്രകലയില്‍ നിന്നും ഊര്‍ജ്ജം കടമെടുത്താണ്‌ തങ്ങളുടെ സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ളത്‌. പക്ഷേ, മിക്കപ്പോഴും പ്രമേയത്തെക്കുറിച്ചുമാത്രമുള്ള പ്രബന്ധങ്ങളായി മാറുകയാണ്‌ നമ്മുടെ ചലച്ചിത്രനിരൂപണം.

പ്രസിദ്ധ ചലച്ചിത്രനിരൂപകനും ഡോക്യുമെന്ററി അവാര്‍ഡ്‌ ജൂറി അംഗവുമായ ഒരു സുഹൃത്തിന്റെ കുമ്പസാരം ഇതിലേക്ക്‌ ചേര്‍ത്തുവയ്ക്കാം. ഒരു ചലച്ചിത്രമേളയില്‍ മത്സരത്തിനു ലഭിച്ച എന്‍ട്രികളില്‍ രണ്ടെണ്ണം തലത് മെഹ്‌മൂദിനെക്കുറിച്ചും ആര്‍.കെ. ശേഖറിനെക്കുറിച്ചും ആയിരുന്നു. പ്രാഥമിക ലിസ്റ്റില്‍പ്പോലും ഇവ ഉള്‍പ്പെടാഞ്ഞതെന്തേ എന്നു കൌതുകപൂര്‍വ്വം ചോദിച്ചപ്പോള്‍, അത്‌ സംഗീതത്തെക്കുറിച്ചുള്ളതല്ലേ എന്നായിരുന്നു മറുചോദ്യം! ഗസലുകള്‍ക്ക്‌ മേല്‍ക്കൈ വരുത്തുന്നതിനുമുമ്പ്‌ ആ ഛായ സിനിമാഗാനങ്ങളില്‍ പടര്‍ത്തിയ പട്ടുപോലുള്ള ശബ്ദമായിരുന്നു തലത്തിന്റേത്‌. ആര്‍.കെ.ശേഖരാവട്ടെ, സാക്ഷാല്‍ ഇ.ആര്‍. റഹ്മാന്റെ പിതാവും. മികച്ച ഗാനങ്ങള്‍ക്ക്‌ ഈണം പകര്‍ന്നിട്ടും കേരളീയര്‍ ശ്രദ്ധിക്കാതിരുന്നു ആര്‍.കെ.ശേഖറിനെ. ഈ കുറ്റത്തിനു ലഭിച്ച സംഗീതപരമായ തിരിച്ചടിയായിരുന്നു ഇ.ആര്‍ റഹ്മാന്‍. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പരമ്പരയില്‍പ്പിറന്ന്‌ മുസ്ലീമായി ജീവിച്ച ഗായകന്‍ കോഴിക്കോട്‌ അബ്ദുള്‍ ഖാദറിന്റെ പ്രതിരൂപം, ഹിന്ദുവായിപ്പിറന്ന്‌ മുസ്ലീമായി ജീവിക്കേണ്ടിവന്ന അല്ലാരഖാ റഹ്മാനിലുണ്ട്‌. തലത്‌ മലയാളത്തില്‍ പാടിയതുകൊണ്ട്‌ എം.എസ്‌. ബാബുരാജും ഈ സന്ദര്‍ഭത്തില്‍ കടന്നുവന്നു.

മറ്റൊരവസരത്തില്‍, മേല്പറഞ്ഞ ചലച്ചിത്രനിരൂപകന്‍ ബാബുരാജിനെക്കുറിച്ചും റഹ്മാനെക്കുറിച്ചും ആവേശപൂര്‍വ്വം എഴുതിയത്‌ ഓര്‍ത്തുപോയി. അധഃസ്ഥിതരുടെ നീറുന്ന ശബ്ദമായി ബാബുരാജിനെയും, അക്രമത്തിന്റെ സംഗീതമായി റഹ്മാനെയും ചിത്രീകരിച്ച ഇദ്ദേഹത്തിന്‌ ചലച്ചിത്രമേളയില്‍ സംഗതിയുടെ 'യഥാര്‍ത്ഥ പതിപ്പ്‌' കൈയില്‍ കിട്ടിയിട്ടും വേണ്ടതുപോലെ ഉപയോഗിക്കാന്‍ കഴിയാഞ്ഞതിനുപിന്നില്‍ "സിനിമ സിനിമ മാത്രം" എന്ന പിടിവാശിയും ഗതികേടും മാത്രമാണുള്ളത്‌. യുദ്ധം, ഭീകരത, വര്‍ഗ്ഗീയത, ആഗോളവത്കരണം എന്നൊക്കെ നിരന്തരം ഉച്ചരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌ സംഗീതത്തിന്റെ കലാപ-വിലാപസ്വരങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത്‌ നമുക്ക്‌ സഹതപിക്കാം.

സംഗീതത്തിന്റെ പദാവലികൊണ്ടാണ്‌ ഷേക്സ്പിയര്‍ വാക്കുകള്‍ കടഞ്ഞെടുത്തിട്ടുള്ളതെന്ന്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. സ്പാനിഷ്‌ നാടോടിഗാനങ്ങളില്‍ ഉപയോഗിച്ചുവരുന്ന താളനിബദ്ധമായ വാക്കുകള്‍കൊണ്ടാണ്‌ മാര്‍ക്വേസ്‌ തന്റെ വിഖ്യാതമായ "ദി ഓട്ടം ഓഫ്‌ ദ പേട്രിയാര്‍ക്ക്‌" എന്ന നോവല്‍ സ്വരപ്പെടുത്തിയത്‌. നവമാര്‍ക്സിസ്റ്റായ തിയഡോര്‍ അഡോര്‍ണോ സംഗീതത്തെ കൂട്ടുപിടിച്ചതിനു ഹേതു, ദര്‍ശനത്തെ നാദോപാസനയെപ്പോലെ കൊണ്ടുനടന്ന കാള്‍മാര്‍ക്സ്‌ തന്നെയാണ്‌ എഡ്വേഡ്‌ സെയ്ദ്‌ 'മ്യൂസിക്കല്‍ ഇലാബറേഷന്‍സ്‌' എഴുതുമ്പോള്‍ അതില്‍ സംസ്ക്കാരങ്ങളുടെ അസംഖ്യം അടരുകള്‍ വിലയിച്ചിരുന്നു. 'മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം' എന്നു പേരെടുത്തു പറയുകയും 'സൌന്ദര്യശാസ്ത്ര'മൊഴികെയുള്ളതൊക്കെ മാര്‍ക്സിനു ചാര്‍ത്തിക്കൊടുത്തുകൊണ്ട്‌, ഫലത്തില്‍, കവിയും പ്രണയിയുമായ മാര്‍ക്സിനെ സൌകര്യപൂര്‍വ്വം മറക്കുകയും 'വര്‍ഗ്ഗസമര-സാമ്പത്തിക വിദഗ്ദ്ധനായ' മാര്‍ക്സിനെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്പിക്കുകയായിരുന്നു നാളിതുവരെ നാം ചെയ്തത്‌. അതിനാല്‍ ഇവിടുത്തെ 'പുനര്‍വായന'പോലും 'പഴംവായന'തന്നെയാണ്‌!

ഒരു കലാമാദ്ധ്യമത്തെ പരമപദമായി കാണുന്നതിനുമുമ്പ്‌ അതിന്റെ രാഷ്ട്രീയവും സാംസ്ക്കാരികവുമായ പരിപ്രേക്ഷ്യങ്ങള്‍ക്ക്‌ ശ്രദ്ധ നല്കിയില്ലെങ്കില്‍ നമ്മുടെ ആസ്വാദനമേഖലയില്‍ പരിവര്‍ത്തനമുണ്ടാവില്ല എന്ന വിപത്തിലേക്കാണ്‌ ഇതെല്ലാം വിരല്‍ചൂണ്ടുന്നത്‌.

മൂന്ന്‌

ചിത്രകലയിലേക്ക്‌ തിരിച്ചു വരാം. ചിത്രകല പ്രാഥമികമായും കണ്ണിന്റെ കലയാണ്‌, സ്ഥലത്തിന്റെ കലയാണ്‌. എങ്കിലും, അത്‌ ചിലപ്പോഴൊക്കെ കാലത്തിലൂടെയും കാലബോധങ്ങള്‍ക്കപ്പുറത്തേക്കും നമ്മെ നയിക്കുന്നു. പരസ്പരബോധമുള്ള വസ്തുക്കളുടെയും പദാര്‍ത്ഥതലങ്ങളുടെയും പൊരുത്തത്തെ സ്ഥലമെന്ന്‌ വിളിക്കുന്ന അലക്സാണ്ടര്‍ സ്പിര്‍ക്കിന്‍ ശരിയായ നിര്‍വ്വചനം തരുന്നു. അളവിന്റെ മാനകത്തിലാണ്‌ സ്ഥലം നിലനില്ക്കുന്നത്‌. പക്ഷേ, സംഭവങ്ങളുടെ അകലത്തെയും അടുപ്പത്തെയും കാലം ആധാരമാക്കുന്നു. കാലമെന്നത്‌ കര്‍മങ്ങളുടെ പൊരുത്തമാണ്‌. ചിത്രകലയുടെ ലാവണ്യം ഇവയെ വേര്‍തിരിച്ചു നിര്‍ത്താന്‍ സഹായിക്കുകയും, ഒപ്പം സ്ഥലത്തില്‍ നിന്ന്‌ കാലത്തിലേക്കുള്ള സാധ്യതയെ പിന്തുടരുകയും ചെയ്യുന്നു.

ക്ലാസിസിസം, റിയലിസം തുടങ്ങിയ രീതികള്‍ മുതല്‍ അമൂര്‍ത്തതവരെയുള്ള ഒരു നീണ്ട ചരിത്രം ചിത്രകലയ്ക്കുണ്ട്‌. റിയലിസവും ക്യൂബിസവും മറ്റും രീതികള്‍ മാത്രമല്ല മനോഭാവങ്ങള്‍ കൂടിയാണെന്നു പറയാം. ചരിത്രത്തെ മനസ്സിലാക്കാനുള്ള ഒരു എളുപ്പവഴി അതത്‌ കാലഘട്ടത്തിലെ ചിത്രകലയുടെ സ്വഭാവത്തെ പഠിക്കുക എന്നതുതന്നെയാണ്‌.

ഭാരതത്തിലെ ശില്പകല ചിത്രകലയെ അതിശയിച്ചുനില്‍ക്കുന്നു. ചിത്രങ്ങളിലെ നമ്മുടെ ആകാരവടിവുകള്‍ പോലും ശില്പകലയുടെ തോതുകള്‍ക്ക്‌ വഴങ്ങിക്കൊണ്ടുനില്‍ക്കുന്നു എന്ന്‌ ചോളശെയിലിയും ഗാന്ധാരകലയും മറ്റും വിനീതമായി അറിയിക്കുന്നു.
ഒരുപടി മുമ്പില്‍ കടന്നുകൊണ്ട്‌, ആധുനിക ചിത്രകല പൂര്‍വ്വാധികം പൌരസ്ത്യമാണെന്ന്‌ ഓഷോ നിരീക്ഷിക്കുന്നു. മനുഷ്യമനസ്സ്‌ അതില്‍ അത്യധികം ആഴ്ന്നു പോകുന്നു എന്നാണ്‌ ഓഷോ പറയുന്നത്‌. ആധുനിക ചിത്രകല ലീലയായിത്തീരുന്നതിനാല്‍, നമുക്ക്‌ ഒരു പരിധിവരെ അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നു. ക്ലാസിക്കല്‍ പെയിന്റിങ്‌ പെട്ടെന്നു മനസ്സിലാക്കാം. ജീവിതത്തെ അതേപടി പകര്‍ത്തുന്ന ഒന്നാണിത്‌. പക്ഷേ, അത്‌ തികച്ചും യാന്ത്രികമായ ഒരു കലയാണെന്നു പറയാതെ വയ്യ.

ജീവിതത്തെ അതേപടി പകര്‍ത്തുന്നതിനെ പ്രതിരോധിച്ചുകൊണ്ടാണ്‌ ചിത്രകല മുന്നോട്ടു പോകുന്നത്‌. സിദ്ധാന്തങ്ങള്‍ക്ക്‌ അടിത്തറ പാകിയതും വികസിപ്പിച്ചതും ചിത്രകലയാണ്‌. ഇത്‌ കേരളത്തില്‍ , ഇന്ത്യയില്‍ എങ്ങനെ നഷ്ടപ്പെട്ടു? ഒരുപക്ഷേ, പരസ്യകലയില്‍ മാത്രമാണ്‌ നമ്മള്‍ ചിത്രകലയെ ഉപയോഗിക്കുന്നതും ദുരുപയോഗിക്കുന്നതും.

സാഹിത്യത്തെപ്പോലെ ചിത്രകല ആസ്വദിക്കപ്പെടുന്നില്ല. അഥവാ നമ്മളില്‍ പലരും ചിത്രകലയില്‍ എത്തുന്നതുതന്നെ സാഹിത്യസാരാംശങ്ങളെ ആധാരമാക്കിയാണ്‌. ഇതിന്‌ പല കാരണങ്ങളുണ്ട്‌. ഒന്നാമതായി, ചിത്രഭാഷയും സാഹിത്യഭാഷയും വിഭിന്നം. ചിത്രഭാഷക്ക്‌ അര്‍ത്ഥവും ക്രമവും ഇല്ല. അത്‌ മറ്റൊരു നിയമമാണ്‌. പക്ഷേ, അര്‍ത്ഥത്തെ ഒഴിവാക്കിക്കൊണ്ട്‌ സാഹിത്യത്തിന്‌ മുന്നോട്ടു പോകാനേ കഴിയില്ല. ചിത്രഭാഷ ക്രമനിബദ്ധമല്ലാത്തതിനാല്‍ അതില്‍ അമൂര്‍ത്തത കടന്നുവരാം. പക്ഷേ, അര്‍ത്ഥത്തിലൂടെയല്ലാതെ സാഹിത്യത്തില്‍ ആസ്വാദനം സാധ്യമല്ലെന്നു വരുമ്പോള്‍ അവിടെ അമൂര്‍ത്തതയ്ക്ക്‌ സ്ഥാനമില്ലല്ലോ. സാഹിത്യം ഒരു പ്രത്യേക ഭാഷയെ അഥവാ പ്രാദേശികതയെ ആശ്രയിക്കുന്നു എന്നതാണ്‌ മറ്റൊരു വ്യത്യാസം. അതാവട്ടെ ആ ഭാഷയുടെ നിയമങ്ങള്‍ക്ക്‌ വിധേയവും. എന്നാല്‍, ചിത്രഭാഷയ്ക്ക്‌ ലോകത്തിന്റെ മുഴുവന്‍ ഭാഷകളിലേക്കും പരിഭാഷപ്പെടാന്‍ കഴിയുന്നു.
ചിത്രാക്ഷരങ്ങളിലൂടെയാണ്‌ പ്രാചീന ജനത സ്വത്വബോധമുളവാക്കിയത്‌. ചിത്രകലയെയും കവിതയെയും വേര്‍തിരിച്ചുകാണാന്‍ കഴിയാത്ത അവസ്ഥ ചില നാടുകളില്‍ കാണാം. ജപ്പാനിലെ കല്ലിഗ്രാഫില്‍ കവിതയും ചിത്രകലയും സമന്വയിക്കുന്നത്‌ അങ്ങനെയാണ്‌. ടാഗോറും ഖലീല്‍ ജിബ്രാനും വില്യം ബ്ലേക്കും മറ്റും രണ്ട്‌ മേഖലകളെ ഒരു മനസ്സുകൊണ്ട്‌ നിറച്ചവരാണ്‌.

ചിത്രകാരന്മാരാവാന്‍ കൊതിച്ചിട്ട്‌ സര്‍ഗ്ഗാത്മകമായി പരാജയപ്പെടുകയും മറ്റൊരു മാദ്ധ്യമത്തില്‍, സാഹിത്യത്തില്‍ സ്വന്തം മുദ്രകള്‍ പതിപ്പിക്കുകയും ചെയ്തവരാണ്‌ ടി. ആര്‍, എം. മുകുന്ദന്‍, മേതില്‍ രാധാകൃഷ്ണന്‍, പി.സുരേന്ദ്രന്‍ എന്നിവര്‍. മലയാറ്റൂരും മാധവിക്കുട്ടിയും യു.എ. ഖാദറും എ അയ്യപ്പനും നിത്യചൈതന്യയതിയും ഡി. വിനയചന്ദ്രനും തങ്ങളുടെ വര്‍ണ്ണബോധത്തെ അതിന്റെ സാങ്കേതിക ഭാഷയില്‍ത്തന്നെ ആവിഷ്ക്കരിച്ചു. മലയാളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സുകൃതമാണ്‌. ചിത്രകാരനാവുന്നതില്‍ പരാജയപ്പെട്ട വ്യക്തിയാണ്‌ അഡോള്‍ഫ്‌ ഹിറ്റ്ലര്‍ എന്നത്‌ ചരിത്രത്തിലെ ദുരന്തവുമാണ്‌.

ചില പ്രത്യേക നിറങ്ങളോട്‌ കലാകാരന്മാര്‍ക്കുള്ള ആഭിമുഖ്യത്തെ കേവലം കൌതുകത്തിലൊതുക്കാന്‍ പറ്റില്ല. റോറിച്ചിന്‌ വയലറ്റിനോടും ടേണര്‍ക്ക്‌ ചാരനിറത്തോടും വാന്‍ഗോഘിന്‌ മഞ്ഞയോടും അച്യുതന്‍ കൂടല്ലൂരിന്‌ നീലനിറത്തോടും അജയകുമാറിന്‌ ചുവപ്പിനോടും റെംബ്രാന്റിന്‌ തവിട്ടുനിറത്തോടും യൂസഫ്‌ അറക്കലിന്‌ കോഫിബ്രൌണിനോടും മുരളി നാഗപ്പുഴയ്ക്ക്‌ പച്ചയോടും സവിശേഷമായ പ്രണയം കാണാം. പിക്കാസോവിന്‌ ചില കാലഘട്ടങ്ങളില്‍ ചില നിറങ്ങള്‍ ആരാധ്യമായിട്ടുണ്ടല്ലോ. ചിത്രകലയിലെ നിറങ്ങള്‍ ആ കലാകാരന്മാരുടെ ജീവിതത്തിന്റെ വര്‍ണവും വര്‍ണ്ണബോധവുമാണ്‌.

"നിങ്ങള്‍ക്ക്‌ ജ്യാമിതിയെപ്പറ്റി അറിവില്ലെങ്കില്‍ ഇവിടെ വരാന്‍ അര്‍ഹതയില്ല" എന്ന്‌ ഏഥന്‍സിലുള്ള പ്ലേറ്റോ അക്കാദമിയുടെ പടിവാതില്‍ക്കല്‍ എഴുതിവെച്ചിട്ടുണ്ടത്രെ. ഗണിതപരമായ തങ്ങളുടെ സിദ്ധാന്തങ്ങള്‍ യഥാര്‍ത്ഥലോകത്തെക്കുറിച്ചുള്ള ആവിഷ്കാരങ്ങളാണെന്നും ജ്യാമിതീയ വടിവുകള്‍ കേവലലാവണ്യത്തിന്റെ ആവിര്‍ഭാവങ്ങളാണെന്നും ഗ്രീക്കുകാര്‍ പരക്കെ വിശ്വസിക്കുന്നു. ആ തട്ടകത്തില്‍ നിന്ന്‌ ഉയര്‍ന്നുവന്ന സൌന്ദര്യശാസ്ത്ര സംഹിതകളില്‍ ഈ മനോഭാവം ഉണ്ടായിരുന്നതിനാല്‍, പില്‍ക്കാലത്ത്‌ ലോകം മറ്റൊരു കണ്ണുകൊണ്ടാണ്‌ കലയെ വീക്ഷിച്ചത്‌.

ജ്യാമിതി ക്യൂബിസത്തെ ആഴത്തില്‍ സ്വാധീനിച്ചതായി നമുക്കറിയാം. വസ്തുക്കള്‍ക്ക്‌ ത്രിമാനസ്വഭാവമുണ്ടെന്നു തെളിയിച്ച ക്യൂബിസം ചിത്രകലയിലെ ഒരു വിപ്ലവമാണ്‌. സെസാന്‍ തുടങ്ങിവെച്ച ആ സങ്കേതത്തെ പിക്കാസോയും ബ്രാക്കും തനതു വഴികളില്‍ നവീകരിച്ചു. ക്യൂബിസത്തില്‍ നിന്ന്‌ കൊളാഷിലേക്കും അമൂര്‍ത്തതയിലേക്കും പോയിന്റലിസത്തിലേക്കും വഴികള്‍ നീണ്ടു. ക്യൂബിസത്തെയും ജ്യാമിതിയെയും സമഞ്ജസിപ്പിച്ചു വാസിലി കാന്റിന്‍സ്കി അമൂര്‍ത്തതയുടെ വര്‍ണപ്രപഞ്ചമൊരുക്കി.

കേരളത്തിലെ തെയ്യത്തിലും കളമെഴുത്തിലും മറ്റും ഉപയോഗിക്കുന്ന വര്‍ണ്ണക്കൂട്ടുകള്‍ നമ്മുടേതായ ചിത്രഭാഷയുടെ പാരമ്പര്യത്തെ സാക്ഷ്യപ്പെടുത്തുന്നു. കെ.സി.എസ്‌. പണിക്കരും രവിവര്‍മ്മയും രണ്ടുതരം കലാകാരന്മാരെ സൃഷ്ടിച്ചിട്ടുണ്ടെന്ന്‌ സൂചിപ്പിച്ചുവല്ലോ. പക്ഷേ, സാഹിത്യം വല്ലാതെ മേല്‍ക്കോയ്മ നേടിയ കേരളത്തില്‍ ചിത്രകല ഓരംപറ്റി നില്‍ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യവും നമ്മള്‍ മനസ്സിലാക്കണം.

ഇന്ദ്രിയസങ്കലനത്തിന്‌ ചിത്രകല നല്കിയ അര്‍ത്ഥതലങ്ങള്‍ വലുതാണ്‌. ആഫ്രിക്കന്‍ മുഖംമൂടികളെന്നപോലെ ആ സംഗീതവും പിക്കാസോയെ വശീകരിച്ചിട്ടുണ്ടെന്ന്‌ "ഗിറ്റാര്‍", "ഗെര്‍ണിക" എന്നിവ കണ്ടാലറിയം. ഉംബര്‍ടോ ബോക്ഷ്യോണിയെപ്പോലുള്ള ഫ്യൂച്ചറിസ്റ്റുകളുടെ "രൂപാന്തരം" എന്ന ആശയമാണ്‌ ഫ്രാന്‍സ്‌ കാഫ്കയെ സ്വാധീനിച്ചത്‌. അതിന്റെ വെളിച്ചത്തിലാണ്‌ "മെറ്റമോര്‍ഫോസിസ്‌" പിറന്നത്‌.

വൈരുദ്ധ്യങ്ങളുടെ സംയോഗത്തെയാണ്‌ കല സൂചിപ്പിക്കുന്നത്‌. മതവും ശാസ്ത്രവും കലയുടെ രണ്ടു വശങ്ങളാണ്‌. പാശ്ചാത്യ ചിത്രകല തികച്ചും സാങ്കേതികമായതിന്‌ കാരണം ദാലിയും പിക്കാസോയും മറ്റും ശാസ്ത്രപരിസരത്തെ ഓര്‍മിപ്പിക്കുന്നു. പൌരസ്ത്യദേശത്തെ ധ്യാനപരമായ ചിത്രങ്ങള്‍ (Zen Paintings‍) ധ്യാനകലയില്‍ പിറന്നവയാണ്‌.

ഒരു ചിത്രം കാണുന്ന മാത്രയില്‍ അതിലെ സങ്കേതം മനസ്സിലാക്കുന്നത്‌ മാത്രമല്ല ചിത്രകലാസ്വാദനം. ഏതു കലയിലുമെന്നതുപോലെ, രൂപത്തില്‍നിന്ന്‌ ഭാവത്തിലേക്കുള്ള യാത്രയാണ്‌ ചിത്രകലയിലെ ലാവണ്യാനുഭവം. ആശയത്തെ യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യം കലയിലും ആസ്വാദനത്തിലും ഉണ്ട്‌. ചിത്രകലയുടെ വര്‍ത്തമാനം നമുക്കു തരുന്ന ബോധ്യങ്ങള്‍ ഇതൊക്കെയാണ്‌.

Subscribe Tharjani |
Submitted by V C Joseph (not verified) on Mon, 2014-03-03 17:16.

കലയുടെ എല്ലാ നിര്‍വചനങ്ങളും നാo ജീവിക്കുന്ന കാലഘട്ടത്തില്‍ പക്ഷെ അപര്യാപ്തമാണ് .പലപ്പോഴും ചിത്രകല ഉള്പ്പെുടുന്ന സൈബര്‍ കാലഘട്ടത്തിലെ കലാരീതികള്ക്ക്ി പഴയ നിര്‍വചനങ്ങള്‍ പോരാതെ വന്നിരിക്കുന്നു
കംപുട്ടറുകള്‍ തുടക്കമിടുന്ന വിവര സാങ്കേതിക വിദ്യയുടെ ഈ കുതിച്ചുചാടലുകള്ക്കി ടയില്‍ സൈബര്‍ സ്പേസ് ,സൈബര്‍ നെട്ടിക്സ്,സൈബര്‍ ആര്ട്ട്്‌ തുടങ്ങി നിരന്തരം കേള്ക്കു ന്ന പദാവലികള്ക്കിബടയില്‍ നമ്മുടെ പുതിയ ഉത്തരങ്ങള്‍ ചോദ്യങ്ങളെ കിട്ടാതെ അലയുന്നു.................
നമ്മുടെ കാലത്ത് കലാപ്രവര്ത്ത നങ്ങളെ കമ്പ്യൂട്ടറുകള്‍ എത്ര മാത്രം സ്വധിനിക്കുന്നു എന്നറിയാനുള്ള ഒരു ശ്രമമാണ് നമ്മള്‍ നടത്തുന്നത് ഇങ്ങിനെ പറയുമ്പോള്‍ ഒരു ചിത്രകല ഉപകരണം എന്നാ നിലയില്‍ കമ്പ്യൂട്ടറുകളുടെ പ്രാധാന്യം ആണ് അന്വേഷണവിഷയമാവുന്നത് നേര്‍ രേഖ വരക്കനുപയോഗിക്കുന്ന സ്കെയില്‍ , വൃത്തം വരക്കനുപയോഗിക്കുന്ന കോമ്പസ് പെന്സികല്‍ ,പേന,ബ്രഷ് കരിക്കട്ട കല്ല്‌ തുടങ്ങിയ സകല സ്ഥാവര ജങ്ങമ വസ്തുക്കളും കേവലം ഉപകരണങ്ങള്‍ മാത്രമാണ്. അവയുടെ ഒരറ്റത്ത് കാന്വാംസും മറ്റേ അറ്റത്ത് മനുഷ്യ വിരലുകളുമാണ് ഇതിനിടയിലൂടെയാണ് ചിന്തയുടെയും ആശയങ്ങളുടെയും അനസൂദമായ ഗംഗാപ്രവാഹം നടക്കുന്നത്
മനുഷ്യ വിരലുകള്ക്കും മനുഷ്യ മനസിനും നടുവിലൊരു പാലമുണ്ട് ആശയങ്ങളെ അതേപടി പകര്ത്താ നുള്ള ശ്രമമാണ് ഒരുവനെ കലാകാരനാക്കുന്നത് ചിന്തകള്‍ എത്ര ഉദാത്തമായാലും അവ വിരലുകളുടെ ഈ പാലത്തിലൂടെ കടന്ന് ചിത്രതലത്തിലെക്കെത്തനവാതെ പലപ്പോഴും കുഴഞ്ഞു വീഴുന്ന കാഴ്ചയാണ് സാധാരണ ക്കാരനെയും .കലാകാരനെയും വേര്തിുരിക്കുന്നത് പക്ഷെ ഈ യാത്രയാണ് കലാകാരന്റെ പുണ്യം
ചിത്രതലത്തില്‍ വാര്ന്നുവീഴുന്ന ആശയങ്ങള്‍ ആസ്വദകനുമായി എത്രമാത്രം സംവേദിക്കുന്നു എന്നയിടത്താവാം കലയുടെ വിജയ പരാജയങ്ങളുടെ അളവുകോല്‍ അങ്ങിനെയെങ്കില്‍ 100 ശതമാനം ആശയ സംവേദനം നടക്കുന്നിടത്താണ് ഉദാത്ത കലയുടെ വസതി എന്നും വരും അത് മാത്രമല്ല ഓരോ കാഴ്ചയിലും ഓരോ കേള്വിയിലും വ്യത്തസ്ത്തങ്ങളായ ആശയങ്ങള്‍ ഉദിച്ചുയര്ന്നുയ പല പല ആകാശങ്ങള്‍ ഉടലെടുത്തു എന്നും വരാം കലയുടെ നിത്യ നൂതന ഭൂമികയില്‍ കാലം വേണ്ടുവോളം ഉണ്ടെങ്കില്‍ എല്ലാം സംഭാവ്യമാണ്---- ശുദ്ദസംഗീതത്തിന്റെ തലമാണുത്..എല്ലാ കലകളും സംഗീതത്തിലെത്താന്‍ കൊതിക്കുന്ന തലം ഉദാത്തം... ഗംഭീരം..