തര്‍ജ്ജനി

മുഖമൊഴി

ആരാണു് സ്വതന്ത്രസോഫ്റ്റ്‌വേറിന്റെ എതിരാളികള്‍?

ഇക്കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം സ്വതന്ത്രസോഫ്റ്റ്‌വേറുമായി ബന്ധപ്പെട്ട മൂന്നു് പ്രധാനസംഭവങ്ങള്‍ കേരളത്തില്‍ നടക്കുകയുണ്ടായി. കാസറഗോട്ടു നിന്നും തിരുവന്തപുരം വരെ നാലു് സോഫ്റ്റ്‌വേര്‍ എഞ്ചിനിയര്‍മാര്‍ നടത്തിയ സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യപദയാത്ര, കൊച്ചില്‍ സര്‍വ്വകലാശാലയില്‍ നടന്ന സ്വതന്ത്രസോഫ്റ്റ്‌വേര്‍ ദേശീയസമ്മേളനം, തിരുവനന്തപുരത്തു് നടന്ന സ്വതന്ത്രസോഫ്റ്റ്‌വേര്‍ സ്വതന്ത്രസമൂഹം അന്തര്‍ദ്ദേശീയസെമിനാര്‍. ഇതില്‍ വൈപുല്യംകൊണ്ടും പങ്കാളിത്തം കൊണ്ടും വലുതു് തിരുവനന്തപുരം സമ്മേളനമായിരുന്നു. സ്വതന്ത്രസോഫ്റ്റ്‌വേര്‍ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകനായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, വിക്കിപീഡിയയുടെ സ്ഥാപകന്‍ ജിമ്മി വെയില്‍സ് എന്നിങ്ങനെ പ്രാമാണികരായവരുടെ പങ്കാളിത്തം എല്ലാ നിലയിലും ഒരു വന്‍സംഭവമാക്കി ആ സമ്മേളനത്തെ മാറ്റിത്തീര്‍ത്തു. അനൂപ് ജോണും കൂട്ടാളികളും ഒക്ടാബര്‍ 2നു് ആരംഭിച്ചു് നവംബര്‍ 14നു് അവസാനിപ്പിച്ച പദയാത്ര അതിന്റെ അസാധാരണത്വം കാരണം വേറിട്ട ഒരു സംഭവം തന്നെ. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മാദ്ധ്യമങ്ങളില്‍ ആവര്‍ത്തിച്ചു് പരാമര്‍ശിക്കപ്പെടുകയും ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്തതുമായ ഈ പരിപാടികളിലൂടെ സ്വതന്ത്രസോഫ്റ്റ്‌വേറിനെക്കുറിച്ചു് പുതിയ ഒരു അവബോധം മലയാളിസമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടു്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വേറുകളില്‍ നിന്നും വ്യത്യസ്തമായി സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ കമ്പ്യൂട്ടിംഗ് അന്തരീക്ഷവും സംസ്കാരവുമാണു് സ്വതന്ത്രസോഫ്റ്റ്‌വേര്‍ പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്നതു് എന്നു് മലയാളിസമൂഹം മനസ്സിലാക്കിയിട്ടുണ്ടു്. ഫ്രീ സോഫ്റ്റ്‌വേര്‍ എന്ന പദത്തിലെ ഫ്രീ എന്ന ഇംഗ്ലീഷ് വാക്കിനില്ലാത്ത വ്യക്തത മലയാളത്തില്‍ സ്വതന്ത്രം എന്ന വാക്കിനു് നല്കാന്‍ കഴിയുന്നുണ്ടു്. സൗജ്യന്യമായി കിട്ടുന്നതല്ല സ്വാതന്ത്ര്യമാണു് ഇവിടെ പരിഗണന എന്നു് ഇതിനകം കേരളീയര്‍ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടു്.

ഐടി അറ്റ് സ്കൂള്‍ പദ്ധതി പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റവേറിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനമായിരുന്നു സ്വതന്ത്രസോഫ്റ്റ്‌വേറിനു് അനുകൂലമായി കേരളത്തിലുണ്ടായ ഏറ്റവും വലിയ സംഭവം. മുമ്പു് സര്‍ക്കാര്‍ വകുപ്പുകളിലെ കമ്പ്യൂട്ടര്‍വത്കരണത്തെക്കുറിച്ചു് ആലോചിക്കുമ്പോള്‍, അതു് സ്വതന്ത്രസോഫ്റ്റ്‌വേറിലായിരിക്കണം എന്നു് കേരളത്തില്‍ അന്നു് ഉണ്ടായിരുന്ന ചെറുതെങ്കിലും കര്‍മ്മോത്സുകതയും പ്രതിജ്ഞാബദ്ധതയുമുള്ള സ്വതന്ത്രസോഫ്റ്റ്‌വേര്‍ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Panchayat computerisation a disaster: study
E-Governance efforts in Kerala : CAG indicting IKM
CAG comes down on IKM's performance
Online Overdrive

അക്കാലത്തു് സര്‍ക്കാര്‍ പ്രസ്തുത നിര്‍ദ്ദേശം അഗണ്യകോടിയില്‍ തള്ളുകയാണു് ചെയ്തതു്. ഇന്നു് ഖാദി ബോര്‍ഡും വൈദ്യുതി ബോര്‍ഡും അവരുടെ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ സ്വയം സ്വതന്ത്രസോഫ്റ്റ്‌വേറിലാക്കി മാതൃക കാണിച്ചിരിക്കുന്നു. ഇതെല്ലാം ബോര്‍ഡുകളാണു്. സര്‍ക്കാര്‍ വകുപ്പുകള്‍ ഇനിയും മാറാനിരിക്കുകയാണു്. കേരള സര്‍ക്കാരിന്റെ ഐടി നയം അനുസരിച്ചു് കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വേറില്‍ ആയിരിക്കേണ്ടതാണു്. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന ചൊല്ലിന്റെ ആനൂകൂല്യം വെച്ചു് മുറ പോലെ മാറ്റം വരും എന്നു് ആശിക്കാം.

കേരളത്തികത്തും പുറത്തും ഇക്കഴിഞ്ഞ വര്‍ഷത്തിന്റെ ഒടുവില്‍ സ്വതന്ത്രസോഫ്റ്റ്‌വേറിനു് അനുകൂലമായി ഉണ്ടായ ചില കാര്യങ്ങള്‍ നോക്കുക: ദേശീയതലത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി അവരുടെ വെബ്ബ്‌സൈറ്റും കമ്പ്യൂട്ടര്‍ശൃംഖലയും സ്വതന്ത്രസോഫ്റ്റ്‌വേറിലേക്കു് മാറ്റി. ഇസ്ലാമിക സംഘടനയായ എസ്.ഐ.ഒ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും അതിന്റെ പ്രചാരണത്തില്‍ പങ്കാളികളാവാനും നിശ്ചയിച്ചു. കേരളത്തില്‍ സി.പി.ഐ.എം സ്വതന്ത്രസോഫ്റ്റ്‌വേറിലും വിക്കിപീഡിയയിലും താല്പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ടു്. പ്രത്യയശാസ്ത്രങ്ങളുടെ ചേരിതിരിവുകള്‍ മറികടന്നു് സ്വതന്ത്രമായ കമ്പ്യൂട്ടിംഗ് സംസ്കാരത്തിലേക്കു് രാഷ്ട്രീയപാര്‍ട്ടികള്‍ മാറുന്നതു് കൂടുതല്‍ സ്വതന്ത്രവും ജനാധിപത്യപരവുമായ രാഷ്ട്രീയസംസ്കാരത്തിലേക്കു് വളരാന്‍ ഇടവരുത്തട്ടെ. ഇതിനിടയില്‍ കോഴിക്കോട്ടു നിന്നും പുറത്തിറങ്ങുന്ന ഒരു പത്രം സ്വതന്ത്രസോഫ്റ്റ്‌വേര്‍ മാത്രം മതി സ്കൂളുകളില്‍ എന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. ഫ്രീ എന്ന വാക്കു് തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും സൗജന്യമായിക്കിട്ടും എന്നു് തോന്നിപ്പിച്ചു് കബളിപ്പിക്കാനാണെന്നുമാണു് എഡിറ്റ്‌പേജ് ലേഖനത്തിലെ വാദം. പഠനം സ്വതന്ത്രസോഫ്റ്റ്‌വേറിലായാല്‍ കേരളത്തിലെ കുട്ടികള്‍ക്കു് ഐടി വിദ്യാഭ്യാസത്തിനു് ശേഷം ജോലികിട്ടാതായിപ്പോകും എന്ന ആശങ്കയും ലേഖകന്‍ ഉന്നയിക്കുന്നു. സ്വന്തം പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വേറിലാക്കിയിട്ടു് പോരേ ഇത്തരം നടപടികള്‍ എന്നും ചോദിക്കുന്നു. പക്ഷെ, കൗതുകകരമായ കാര്യം ഈ പത്രത്തിന്റെ വെബ്ബ് എഡിഷന്‍ സ്വതന്ത്രസോഫ്റ്റ്‌വേറിലാണു് എന്നതാണു് സാങ്കേതികവിദ്യാപരിജ്ഞാനം ഇല്ലാത്തവരും പഠനമൊന്നുമില്ലാതെ സാമാന്യയുക്തിയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നവരും ഇങ്ങനെയും ആലോചിക്കാം.

കേരളത്തില്‍ മുമ്പു് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ സ്വതന്ത്രസോഫ്റ്റ്‌വേറിനു് അനുകൂലമായ അന്തരീക്ഷം ഇപ്പോള്‍ നിലവിലുണ്ടു്. ഈ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതില്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് എന്ന സന്നദ്ധസേവകസംഘത്തിന്റെ ചെറുതല്ലാത്ത സംഭാവനയുണ്ടു്. എങ്കിലും ഉപയോക്താക്കള്‍ ഇനിയും കടല്‍ക്കൊള്ളക്കാരല്ലാതായി മാറിയിട്ടില്ല. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വേറിന്റെ പകര്‍പ്പുകള്‍ സൗജന്യമായി കിട്ടിയതു് ഉപയോഗിച്ചു് പൈറേറ്റുമാരായി കഴിയുന്നതു് നിയമലംഘനത്തില്‍ തല്പരരായവരല്ല. നിയമവിധേയമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെ. എന്നിട്ടും അവര്‍ എന്തുകൊണ്ടു് കുറ്റബോധത്തോടെ, ഒരു നാള്‍ റെയിഡില്‍ പിടിക്കപ്പെടുമോ എന്ന ഭയത്തോടെ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുന്നു? ശീലം കാരണം അതിനു് അടിമയായിപ്പോയതിനാലാകുമോ? അല്ലെങ്കില്‍ നിയമലംഘനത്തിന്റെ നിഗൂഢമായ ആനന്ദം അനുഭവിക്കാനോ?

പ്രൊപ്രൈറ്ററി സോഫ്റ്റ്‌വേറുകള്‍ പഠിക്കാന്‍ നിവധി കൈപ്പുസ്തകങ്ങള്‍ വിപണിയിലെങ്ങും ലഭ്യമാണു്. പരിശീലനസ്ഥാപനങ്ങളും ധാരാളം. തികച്ചും ഉപയോക്തൃസൗഹൃദപരം എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ ഉപയോഗലാളിത്യം. സ്വതന്ത്രസോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കാന്‍ പ്രയാസകരമാണു് എന്ന പ്രചാരണം. തുടക്കക്കാര്‍ക്കു് സഹായം കിട്ടാനുള്ള പ്രയാസം. കമ്പ്യൂട്ടര്‍ ഡുവല്‍ ബൂട്ടാക്കിയിട്ടും ഇടയ്ക്കൊന്നു് മറുപുറം നോക്കി വന്നു് കടല്‍ക്കൊള്ളക്കാരനായി ജീവിക്കേണ്ടിവരുന്ന ഉപയോക്താവിനു് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാനുള്ള സംവിധാനമാണു് ഇപ്പോള്‍ ഉണ്ടാവേണ്ടതു് കമ്പ്യൂട്ടറുകള്‍ പലരും അലങ്കാരവസ്തുവായി ഉപയോഗിക്കുന്ന സാഹചര്യം മാറ്റി സ്വന്തം ജീവിതസാഹചര്യത്തിനുസരിച്ചു് ഉപയോഗിക്കാനുള്ള പരിശീലനമാണു് വേണ്ടതു്. സംശയങ്ങള്‍ സ്വയം ദൂരീകരിക്കാനും പഠനം നടത്താനും അച്ചടിച്ച കൈപ്പുസ്തകങ്ങളും വേണം. ഇതെല്ലാം ഓണ്‍ലൈനായി കിട്ടാനുണ്ടെന്നാണു് വാദമെങ്കില്‍, കിട്ടാനുണ്ടായിട്ടും എന്തേ ഇന്നത്തെ അവസ്ഥയ്ക്കു് കാരണം എന്ന ചോദ്യത്തിനു് കൂടി ഉത്തരം നല്കണം. സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷത്തില്‍ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു് ആരാണു് എതിരു്?

Subscribe Tharjani |
Submitted by ഐ.പി.മുരളി (not verified) on Sun, 2009-01-04 17:05.

സ്വതന്ത്ര സോഫ്റ്റ്വെയറിനെക്കുറിച്ച് ഇങ്ങിനെയൊരു ലേഖനം പ്രസിദ്ധീകരിച്ചു കണ്ടതില്‍ അതിയായ സന്തോഷം. ഒരു കൈപ്പുസ്തകത്തിന്റെ കുറവ് അടുത്തുതന്നെ പരിഹരിക്കാന്‍ കഴിയുമെന്ന് ആശിക്കുന്നു.

Submitted by Kiran Thomas Thompil (not verified) on Sun, 2009-01-04 23:02.

എന്തൊക്കെ ഡിമാന്റുകളാണ്‌ ഈശ്വര ഈ സ്വതന്ത്ര സൊഫ്റ്റ്‌ വെയറുകാര്‍ക്ക്‌. സ്കൂളില്‍ പ്രൊപ്രേറ്ററി സോഫ്‌റ്റ്‌വെയര്‍ പഠിപ്പക്കരുത്‌ എന്ന് പറയുന്നത്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌ എന്ന് മനസിലാകുന്നില്ല. പ്രൊപ്രെറ്ററി സോഫ്റ്റ്‌വെയരും സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകളും പഠിക്കണം എന്ന് പറയുന്നത്‌ ന്യായം . എന്നാല്‍ ഒന്നെ പഠിപ്പിക്കാവു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത്‌ ഒന്നിന്റെ കുത്തകവല്‍ക്കരണം തന്നെയാണ്‌. സ്വന്തമായി നിലനില്‍ക്കാന്‍ ധൈര്യമില്ലാത്തവരാണ്‌ മറ്റൊന്ന് നിരോധിക്കണം എന്ന് പറയുന്നത്‌. അത്‌ ഒരു തരത്തില്‍ ഫാസിസം തന്നെ

Submitted by കേരളഫാര്‍മര്‍ (not verified) on Mon, 2009-01-05 06:06.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നത് സാധാരണക്കാരന് ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടാണ് എന്ന പ്രചരണവും മൈക്രോസോഫ്റ്റിന് അഡിക്ട് ആയിപ്പോയതുമാകാം പലരേയും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിന്റെ പൈറേറ്റഡായി ലഭ്യമാകുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാന്‍ കാരണം. വീടുകളില്‍ റയിഡ് ഉണ്ടാകില്ല എന്ന തെറ്റായ ധാരണയും ഗ്നു-ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള സി.ഡിയും സഹായവും എവിടെ ലഭിക്കും എന്ന അറിവില്ലായ്മയും ഒരു പരിധിവരെ പലരെയും മൈക്രോസോഫ്റ്റിന്റെ അടിമകളാക്കി നിറുത്തുന്നു. സര്‍ക്കാര്‍ തീരുമാനിച്ചാലും തലപ്പത്തുള്ള ഉദ്യോഗസ്ഥരില്‍ പലരും സ്വാതന്ത്ര്യം എന്ന സൌജന്യത്തെക്കാള്‍ കാശ് കൊടുത്ത് വാങ്ങുന്നതില്‍ അഭിമാനം കൊള്ളുന്നതുമാകാം മറ്റൊരു തടസ്സം.
എസ്.എം.സി, സിക്സ്‌വെയര്‍ ടെക്നോളജീസ്, സ്പേസ്, ഫ്രീ സോഫ്റ്റ്‌വെയര്‍ യൂസേഴ്സ് ഗ്രൂപ്പുകള്‍ മുതലായവ പലര്‍ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗത്തിലേക്ക് വലിയൊരു ജനവിഭാഗത്തിന് പ്രേരണയും സഹായവും ലഭ്യമാക്കുന്നുണ്ട്. ഇവര്‍ തന്നെയാണ് ഒരു കര്‍ഷകനായ എന്നെ ഒരു പൂര്‍ണ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താവായി എന്നെ മൈക്രോസോഫ്റ്റില്‍നിന്ന് മാറ്റി എടുത്തത്. കേരളത്തില്‍ നടക്കുന്ന ഗ്നു-ലിനക്സ് ഇന്‍സ്റ്റാള്‍ ഫെസ്റ്റുകള്‍ ഒരു കൂട്ടം സേവന സന്നദ്ധരായ ഐ.ടി പ്രൊഫഷണലുകളുടെ സന്മനസ്സ് തന്നെയാണ് കേരളത്തിലെ വന്‍ മാറ്റത്തിന് വഴിയൊരുക്കുന്നത്.

Submitted by ജഗദീശ് (not verified) on Thu, 2009-01-08 10:34.

കിരണ്‍ അങ്ങനെ പറയാന്‍ കാരണം പ്രൊപ്രേറ്ററി സോഫ്‌റ്റ്‌വെയറിന്റെ ലൈസന്‍സാണ്. സമൂഹത്തിന്റെ നല്ല രീതിയിലുള്ള വളര്‍ച്ചക്ക് പരസ്പര സഹകരണം ആവശ്യമാണ്. പ്രൊപ്രേറ്ററി സോഫ്‌റ്റ്‌വെയറിന്റെ ലൈസന്‍സ് അതിനെതിരാണ്. അതോടഒപ്പം അത് ഞാന്‍, എനിക്ക്, എന്റേത് എന്നുള്ള സങ്കുചിത ചിന്ത വളര്‍ത്തുന്നു. അത്തരം ചിന്തകള്‍ സ്കൂള്‍ വഴി പഠിപ്പിച്ചുകൂടാ. വേണമെങ്കില്‍ പ്രൊപ്രേറ്ററി സോഫ്‌റ്റ്‌വെയറിനേക്കുറിച്ച് പഠിപ്പിക്കുകയും അതിന്റെ കുഴപ്പം കുട്ടികളെ പറഞ്ഞ് മനസിലാക്കിപ്പിക്കുകയും ചെയ്യാം. പ്രാക്ടിക്കല്‍ ഇല്ലാതെ. അതായത് അവയുടെ ഇന്സ്റ്റലേഷന്‍ സ്കൂളില്‍ ഉണ്ടാകരുത്.

കമ്പ്യൂട്ടര്‍ സ്കൂളില്‍ പ്രത്യേകം പഠിപ്പിക്കേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം. റേഡിയോയും, ടിവിയും, വാഷിങ്ങ് മിഷീനും ഒന്നും ആരും സ്കൂളില്‍ പഠിപ്പിക്കുന്നില്ലല്ലോ! ആവശ്യമുള്ളവര്‍ ആ സമയത്ത് "For Dummies" പുസ്തകങ്ങള്‍ പഠിച്ച് ഉപയോഗിക്കേട്ടേ. എന്തിന് സ്റ്റേറ്റിന്റെ പണം അതിന് ചിലവാക്കുന്നു? ഈ പഠനം മൂലം പ്രധാന വിഷയങ്ങളുടെ പ്രാധാന്യം കുറയുകയാണോ എന്ന് തോന്നുന്നു.

Submitted by ദാസന്‍ വി (not verified) on Thu, 2010-02-11 09:04.

കൊലപാതകം നിരോധിക്കാന്‍ കാരണം സമൂഹം അതിനെ ഭയക്കുന്നത് കൊണ്ട്തന്നെയാണ്. സമൂഹത്തിന്റെ നല്ല നടപ്പിന് വിഘാതമാവും എന്നത് കൊണ്ട്.

പിന്നെ സ്വതന്ത്ര സോഫ്റ്റ് വെയറിനെ തള്ളിപ്പറയുന്നവര്‍ അറിവില്ലായ്മകൊണ്ട് മാത്രമാണ്..
എല്ലായിടവും മാറുന്നു സ്വാതന്ത്ര്യത്തിലേക്ക്, ക്യൂ ട്ടി ഏറ്റെടുത്ത് നോക്കിയ വരെ ആവഴിയില്‍ നീങ്ങുമ്പോള്‍ ഞങ്ങള്‍ കാലങ്ങളായി അറിയാതെ ഉപയോഗിച്ച്പോരുന്ന,സാങ്കേതികപരമായി നോക്കിയാല്‍ ഏറ്റവും മോശം സോഫ്റ്റ് വെയര്‍ തന്നെ നമ്മുടെ അടുത്ത തലമുറയേയും പഠിപ്പിച്ച് അവരേയും ഒരുവഴിക്കാക്കണം എന്ന് വാശിയുള്ളവരോട് എന്ത് പറയാന്‍..
പിന്നെ എന്തിനേയും ഏതിനേയും അന്ധമായിഅനുകരിക്കാറുള്ളവര്‍ നല്ലകാര്യങ്ങള്‍ മനപ്പൂര്‍വം ഒഴിവാക്കുന്നതാണോ ?
വെളിയിലെങ്ങും ഗ്നു/ലിനക്സ് പ്രീലോഡഡ് ലാപ്പ്ടോപ്പുകള്‍ ധാരാളം കിട്ടുമ്പോള്‍ നമ്മുടെ നാട്ടില്‍ അതൊന്ന് പോയി അന്വേഷിച്ച്നോക്കു.. വിന്‍ഡോസിന് കാശ്കൊടുക്കാതെ വരുന്ന ചുരുക്കം ലാപ്പ്ടോപ്പ് മോഡലുകളില്‍ തന്നെ ജി യു ഐ ഇടാതെ ടെര്‍മിനല്‍ മാത്രം ഇടുന്നതാരെ സഹായിക്കാന്‍ ?
നിങ്ങളെല്ലാം കൂടി സമൂഹത്തിനെ കുട്ടിച്ചോറാക്കുമ്പോഴേക്കും മറ്റ് ലോകം മുഴുവന്‍ സ്വാതന്ത്ര്യത്തിലായിരിക്കും..
യൂസര്‍ ലെവലില്‍ ഇന്നുള്ള മികച്ച ഓ എസ് ഗ്നു/ലിനക്സ് തന്നെ യാണെന്ന് നിസ്സംശയം പറയാം.....
കുറേമെമ്മറിയും പ്രൊസ്സസിങ്ങ് പവറും ആന്റിവൈറസ്സിന്ന് കൊടുക്കാതെ.....
ആഴ്ചയിലൊരു ഫോര്‍മാറ്റിങ്ങ് ഇല്ലാതെ..........
മനസ്സമാധാനത്തോടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ക്കുദ്ധേശമില്ലെങ്കില്‍ എന്ത് പറയാനാ......
അപരിഹാര്യമായ ദുര്‍വിധി എന്നല്ലാതെ...