തര്‍ജ്ജനി

അമൃത. കെ.വി

വടക്കന്മാര്‍ വീടു്, തെക്കുമ്പാടു്, കുഞ്ഞിമംഗലം, കണ്ണൂര്‍.

Visit Home Page ...

കവിത

ബലിമൃഗം

നിത്യതയുടെ പവിത്രശയനീയത്തില്‍
കൊടുങ്കാറ്റിന്റെ ചൂടുപോല്‍ വിഷസര്‍പ്പങ്ങള്‍
ഇണചേര്‍ന്നു.
വര്‍ഷങ്ങളുടെ ചിറകൊടിഞ്ഞ താളുകള്‍
കണ്ണീരിലലിഞ്ഞു.
എന്റെ ജാതകം രക്തബിന്ദുക്കളാല്‍
ആരോ കോറിയിട്ടു.
അവയിലെന്നും നിര്‍ഭാഗ്യദേവത
നൃത്തമാടാറുണ്ടായിരുന്നു.

ഒരു പിടി പാഥേയം ഉറ്റവരുമായി പങ്കിടാതെ
ആര്‍ത്തിയോടെ ഞാന്‍ തിന്നു.
അവയില്‍ നിന്നു് കര്‍ത്തവ്യത്തിന്റെ
പുഴുക്കള്‍ കരയുന്നുണ്ടായിരുന്നു.
കഴുകിവെടിപ്പാക്കിയ എന്റെ ശരീരത്തെ
ഞാന്‍ ശുഭ്രവസ്ത്രത്തില്‍ പൊതിഞ്ഞു.
ആ ശൂഭ്രവസ്ത്രം ഇന്നലെകളില്‍
പേറ്റുനോവൊപ്പിയെടുത്തിരുന്നു.

എന്റെ പൊക്കിള്‍ച്ചുഴിയില്‍
ഓന്തുകള്‍ ഒളിച്ചിരിക്കുന്നുണ്ടു്.
മറ്റെവിടെയോ, ആരോ മുറിച്ചു കളഞ്ഞ
പൊക്കിള്‍ക്കൊടിയുടെ തേങ്ങല്‍സ്വരത്തിനു്
കാതുകൊടുക്കുന്നുണ്ടു്.
കുറ്റബോധത്തിനു്
കണ്ണീര്‍നല്കി പുഞ്ചിരിക്കുന്ന
നീ എന്റെ സുഹൃത്തായിരുന്നു.

ഇന്നും കടല്‍ കരയെ പുല്കുന്നുണ്ടു്,
രാത്രി പകലിനു് വഴിമാറുന്നുണ്ടു്.
എന്റെ ജാതകം ചവിട്ടി മെതിച്ചു്,
എന്റെ വേരുകളെ മുറിച്ചുകളഞ്ഞു്
ഏതോ തേങ്ങലടികള്‍ കയ്യിലെടുത്തു്
ഞാനിതാ അര്‍പ്പിക്കുന്നു:
പാപഖണ്ഡങ്ങളുടെ പുതിയ വഴികള്‍ക്കുമേല്‍
പ്രത്യാശകളസ്തമിപ്പിക്കുന്ന ഇരുട്ടിന്റെ കരങ്ങള്‍ക്കുമേല്‍
ആദിമദ്ധ്യാന്തപ്പൊരുളില്‍
ഓറസ്റ്റേറ്റിനെ പിന്തുടര്‍ന്ന ഇരണികള്‍ക്കായ്
പുതിയൊരു ബലിമൃഗത്തെ.

ഓറസ്റ്റേറ്റ് - ഒരു ഗ്രീക്ക് കഥാപാത്രം
ഇരണികള്‍ - ഗ്രീക്ക് പുരാവൃത്തങ്ങളിലെ പ്രതികാരദേവതകള്‍

Subscribe Tharjani |
Submitted by സിന്ധു.കെ.വി. (not verified) on Sun, 2009-01-04 21:02.

കവിത വളരെ നന്നായിട്ടുണ്ട്. നല്ല ശൈലി. ഇനിയുമിനിയും ഈ താളുകളിൽ നിന്നെ കാണാൻ ഇടവരട്ടെ.ആശംസകൾ.....

Submitted by sreeraj (not verified) on Mon, 2009-01-12 06:40.

very interesting poem good luck