തര്‍ജ്ജനി

കഥ

യാത്ര

അകലെ മിന്നുന്ന പ്രകാശത്തെ ആശ്ചര്യത്തോടെ ഉറ്റുനോക്കുകയായിരുന്നു അവള്‍. എല്ലാവരുടെയും ഡോണ. തന്റെ ശരീരം പ്രതീക്ഷിക്കുന്നതുപോലെ കരങ്ങളും പാദങ്ങളും നിര്‍വചിക്കുന്നതുപോലെ മനസ്സ് ചലിക്കുന്നില്ല എന്ന് അവള്‍ അവസാനം മനസ്സിലാക്കി. എന്തിനോ വേണ്ടി തിരയുന്ന കണ്ണുകളെ തൃപ്തിപ്പെടുത്താന്‍ അവള്‍ അലസമായി പാഠപുസ്തകം മറിച്ചു നോക്കി. കറുകറുത്ത അക്ഷരങ്ങള്‍ വളെ നൊക്കി കൊഞ്ഞനം കുത്തി. ദേഷ്യത്തില്‍ പുസ്തകമടച്ചു വച്ച് ഗോവണിപ്പടികള്‍ കയറി അവള്‍ മുറിയിലെത്തി.

കതകടയ്ക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും അമ്മയുടെ വിളി വന്നു. “മോളെ, നീയവിടെ എന്തെടുക്കുന്നു..? ഇങ്ങു വാ.. ഒരു കാര്യം പറയാനുണ്ട്..”
അലപം ദേഷ്യം മുഖത്തു വരുത്താന്‍ ശ്രമിച്ചുകൊണ്ട് അവള്‍ താഴെയ്ക്ക് വന്നു.അമ്മയുടെ മുറിയില്‍ കയറി. ‘അമ്മ ഇപ്പോഴും കിടക്കുവാണ്..’ അവര്‍ കേള്‍ക്കാതെ ഡോന പിറുപിറുത്തു.

ഈ അമ്മ എന്താ ഇങ്ങനെ? എപ്പോ നോക്കിയാലും കിടപ്പാണ്. അവര്‍ പറഞ്ഞതെന്തൊക്കെയോ കാട്ടിക്കൂട്ടിയിട്ട് അവല്‍ മുറിയിലെയ്ക്ക് പോയി. ‘ഇന്നും ജനാല ആരും തുറന്നിട്ടില്ല. ഹോ ! എന്തൊരു കഷ്ടമാണ്! കാറ്റും വെളിച്ചവും ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ടോ? അവള്‍ ജനാല വലിച്ചു തുറന്നു.

അലറി വിളിച്ച് പായുന്ന തീവണ്ടികള്‍ ഇന്ന് നന്നേ കുറവാണല്ലോ. എന്തു പറ്റിയോ ആവോ? ജനാല തുറക്കുമ്പോള്‍ എന്നും കൂകിവിളിച്ച് അഹങ്കാരത്തോടേ പായുന്ന തീവണ്ടികള്‍ അവളുടെ ഉറ്റതോഴരാണ്. തനിക്കോ, തന്റെ ജീവിതത്തിനോ ഇല്ലാത്ത വേഗം, തന്റെ മനസ്സിനോ കാലുകള്‍ക്കോ ഇല്ലാത്ത ശക്തി.. ഇതൊക്കെയുള്ള എന്തിനെയും അവള്‍ ആരാധിച്ചിരുന്നു. അതുകൊണ്ടാവുമോ അവളുടെ വീട്ടുകാര്‍ അവളെ ആരാധനേ എന്നു വിളിച്ചത്?

അവള്‍ പലപ്പോഴും പലരോടും ചോദിച്ചു, എന്തിനു തനിക്കീ വ്യത്യസ്തമായ പേരുകള്‍? ‘എല്ലാവരും എന്നെ കളിയാക്കുന്നമ്മേ....’ അമ്മ അവളെ തലോടിക്കൊണ്ടു പറയും. “ മോളേ അച്ഛനിഷ്ടം കൂടിയിട്ടാ അങ്ങനെ പേരിട്ടത്. മോളെന്തിനാ വിഷമിക്കണേ? മറ്റാര്‍ക്കുമില്ലാത്ത പേരല്ലേ മോള്‍ക്കുള്ളത്?’

‘ഉം ഉം..ഈ അമ്മയ്ക്കെന്തിനും ഓരോ എസ്ക്യൂസ് കാണും. അമ്മയ്ക്ക് ഒന്നും അറിയില്ല. എന്നെയും അച്ഛനെയും അറിയില്ല. ആരെയും അറിയില്ല..’

ഹാ..! ദേ വരുന്നു ഒരു തീവണ്ടി. മണി പത്തായി. എന്നു എന്താ ഇത്ര താമസിച്ചു വന്നേ? ഓ.. പാളത്തില്‍ പണി നടക്കുന്നുണ്ടാവും. എന്തേലുമാവട്ടെ. അവരായി അവരുടെ പാടായി. ഇന്നെങ്കിലും പഠിച്ചു തുടങ്ങണം. ങും. ഇതെത്ര നാളായി ഞാന്‍ വിചാരിക്കുന്നു. എന്തെല്ലാം ഞാന്‍ വിചാരിക്കുന്നു. അതൊന്നും നടക്കുന്നില്ലല്ലോ. കൃഷ്ണാ.. അതെന്താ അങ്ങനെ? നീയും എന്നെ മറന്നു തുടങ്ങിയോ? ഇന്ന് പതിവിലും ചൂടാണ്. മഴ എന്തായാലും കാണും. മാനം കറുത്തു തുടങ്ങുന്നതേയുള്ളൂ..

കറുത്ത കാര്‍മേഘങ്ങള്‍ക്കിടയിലൂടെ പതിയെ പതിയെ അവള്‍ താളുകള്‍ പുറകിലോട്ട് മറിച്ചു. പലതവണ വേണ്ടെന്നു വിചാരിച്ചിട്ടും അവളിലെ ഡോണ അതിനു പ്രേരിപ്പിച്ചു. വേണ്ട... ഇനിയും വയ്യ... ഞാന്‍ വെറുമൊരു ആരാധനയാണിപ്പോള്‍ എന്ന കാര്യം പലപ്പോഴും മറക്കുന്നു. എനിക്കും ജീവിക്കണം, എന്റെ അമ്മയെ പോലെ. ഒരു പെണ്ണായി.. വെറും ഒരു പെണ്ണായി.

വേദനയേറിയ അനുഭവങ്ങള്‍ തനിക്കേറെയും സമ്മാനിച്ചത് ഓര്‍ക്കാന്‍ സുഖമുള്ള ഓര്‍മ്മക്കുറിപ്പുകളാണ്. അവയൊക്കെ തന്റെ ജീവിത രീതികള്‍ഊമായി ഇനിയും പൊരുത്തപ്പെടാന്‍ സാധിക്കാതെ ഒഴിഞ്ഞു മാറുന്നു. പലതവണ കരതട്ടി മാറ്റിയാലും തിരമാലകള്‍ ഉത്സാഹത്തോടെ വീണ്ടും വീണ്ടും കരയിലേയ്ക്ക് തന്നെ വരുന്നുണ്ടല്ലോ ! തനിക്കും തീര്‍ച്ചയായി, അവയെല്ലാമായി പൊരുത്തപ്പെടാന്‍ സാധിക്കണം...

അറിയാത്ത വഴികളിലൂടെ ഒത്തിരി സഞ്ചരിച്ചു. അനുഭവങ്ങള്‍ പലതായി.. എന്നിട്ടും അവള്‍ പ്രതീക്ഷിക്കുന്നു. ജീവിതം ആഘോഷിക്കാന്‍ ശ്രമിക്കുമ്പോഴും ഉള്ളില്‍ കരയാന്‍ അവല്‍ മറന്നില്ല. തന്നെ താനാക്കിയ ജീവിതത്തെ ചിലപ്പോഴൊക്കെ അവള്‍ വെറുപ്പോടെ നോക്കി. അങ്ങകലെ മറയുന്ന പടിക്കെട്ടുകളെ മനഃപൂര്‍വ്വമല്ലാതെ വെറുത്തു. ഇനിയും വെറുപ്പോടെ പ്രതീക്ഷിക്കുന്ന ആ ഓര്‍മ്മകള്‍ ഒരുപക്ഷേ അവളെ മറ്റൊരാളായി മാറ്റിയേക്കാം.

സമയം പോയതറിഞ്ഞില്ല. മഴ ചെറുതായി ചാറി തുടങ്ങിയിട്ടുണ്ട്. അവയില്‍ ഒരു തുള്ളി അവളുടെ അധരത്തില്‍ പതിച്ചു. ഒത്തിരി വാത്സല്യത്തോടെ അവളതിനെ നുണഞ്ഞു. പ്രത്യേകമായൊരു രുചി അവള്‍ക്ക് തോന്നി. മഴ ഉറച്ചു തുടങ്ങി, എന്നിട്ടും അവള്‍ ജനാലയെ തനിച്ചാക്കിയില്ല. മറ്റേതോ ലോകത്തിലേക്ക് പറക്കാന്‍ കൊതിയ്ക്കുന്ന തന്നെ, താന്‍ തന്നെ എന്തിനു തടയണം. അവളുടെ ശരീരവും അതിനായി കൊതിക്കുന്നുണ്ടെന്ന് തോന്നി. ഇല്ല.. ഇനിയൊരിക്കലും ആ പഴയ ഡോണയാവില്ല, ഉറപ്പ്...

ഏകാന്തതയുടെ സുഖം ഒത്തിരി അനുഭവിച്ചതാണ്. ഇനിയുമതിന്റെ മാധുര്യം നുണയാന്‍ തനിക്കാവില്ലെന്നറിഞ്ഞിട്ടും അവള്‍ തീരുമാനിച്ചു. ‘എനിക്കിനിയൊരിക്കലും തെറ്റില്ല, എന്താണോ മനസ്സും ശരീരവും ആഗ്രഹിച്ചത് അവിടെ തന്നെയാണ് താനിപ്പോള്‍ ..ഈ പാത തുടരുക തന്നെ..!‘

സമയം ഒരു പാട് കഴിഞ്ഞു.. ഓരോന്നോര്‍ത്തിരിക്കാന്‍ എന്തു രസമാണ്..! ഇനി വരാന്‍ പോകുന്ന ജീവിതത്തെയും ഇതുവരെ കഴിഞ്ഞ ജീവിതത്തെയും ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നു വരാം. പക്ഷേ ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ജീവിതത്തെ അറിഞ്ഞില്ലെന്നും അറിയില്ലെന്നും പറയാനാവില്ല. ഞാന്‍ പ്രനയിക്കുന്നത് ഈ ജീവിതതെയാണ്. ഇനിയൊരിക്കലും എനിക്കീ ജീവിതം മറക്കാനാവില്ല. ഞാനൊട്ട് ആഗ്രഹിക്കുന്നുമില്ല..

കട്ടിലില്‍ ചാരിയിരിക്കുമ്പോള്‍ അവളുടെ കവിളുകള്‍ നനഞ്ഞിരുന്നു. ഒരു പക്ഷേ അവള്‍ തന്റെ പ്രണയം മനഃപൂര്‍വം മറക്കാന്‍ ശ്രമിക്കുന്നതാവാം. കാരണം പ്രണയം ഒരിക്കലും തന്നെ പ്രണയിക്കുന്നില്ല, തനിക്കതിനെ വെറുക്കുകയും വയ്യ. അത് അവളറിയാതെ തന്നെ അറിഞ്ഞിരുന്നു. ഇതിനെല്ലാമപ്പുറം അവള്‍ ഒരുപാടൊരുപാട് പ്രണയിച്ചത് തനെ അനുഭവങ്ങളെയാണ്. അവയിലൂടെ ജീവിതത്തെയും..

മിഥുന പി. എസ് ,
പന്ത്രണ്ടാം തരം കമ്പൂട്ടര്‍ സയന്‍സ്
ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, കരമന.

Subscribe Tharjani |
Submitted by Anonymous (not verified) on Thu, 2009-01-22 20:54.

Pranayichavarkkum Pranayikkan marannavarkkum oru sneha kurupu