തര്‍ജ്ജനി

സംസ്കാരം

ഓണം: പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉത്സവം

വിദൂര ഭൂതത്തിലെങ്ങോ നിലനിന്നിരുന്നുവെന്ന്‌ വിശ്വസിക്കുന്ന ഒരു നല്ല കാലത്തിന്റെ സുഖസ്മരണയാണ്‌ ഓണം. മനുഷ്യന്‍ മനുഷ്യനെത്തന്നെ ലാക്കാക്കി നാനാരൂപങ്ങളില്‍ നശീകരണായുധങ്ങള്‍ നിര്‍മ്മിക്കുകയും പടവെട്ടുകയും ചെയ്യുന്ന ഒരു ദുരന്തകാലത്തിലൂടെയാണ്‌ നാം സഞ്ചരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ 'മാനുഷ്യരെല്ലാരുമൊന്നുപോലെ' എന്ന ഓണ സങ്കല്‍പത്തിന്‌ പ്രസക്തിയുണ്ട്‌. എല്ലാ പ്രതീക്ഷയും നശിക്കുമ്പോള്‍ നിലനില്‍പിനായ്‌ മനുഷ്യന്‍ നെയ്യുന്ന സുഖസ്വപ്നങ്ങളില്‍ ഒന്നുമാത്രമാണോ മഹാബലി? മഹാബലിയോ മഹാബലിയെപ്പോലെ ഭരണനൈപുണിയുള്ള ഒരു മാതൃകയോ ഉണ്ടായിരുന്നില്ലെന്നു വേണം അനുമാനിക്കാന്‍. ഭാവനാകാശത്തില്‍ ബഹുദൂരം സഞ്ചരിക്കുകയും മിക്കപ്പോഴും തന്റെ ഭാവനയെ യാഥാര്‍ത്ഥ്യത്തോട്‌ അടുപ്പിക്കാതിരിക്കുകയും ചെയ്യുകയെന്ന സവിശേഷ സ്വഭാവത്തിന്‌ ഉടമകളാണ്‌ ഭാരതീയര്‍. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ശാസ്ത്രപുരോഗതിയ്ക്ക്‌ നേരെ നാമെന്നും എയ്യുന്ന അമ്പ്‌, "ഓ ഇതൊക്കെ നമ്മുടെ പുരാണേതിഹാസങ്ങളിലുള്ളതല്ലേ" എന്ന വമ്പ്‌ പറച്ചിലാണ്‌. പുതിയ ശാസ്ത്രശാഖകളെ എന്നും സംശയത്തോടെ വീക്ഷിക്കുകയും ശാസ്ത്രനിരീക്ഷണങ്ങള്‍ക്ക്‌ വിമുഖതകാട്ടുകയും ചെയ്യുന്നവരെന്ന ബഹുമതി അടുത്തകാലം വരെ നമുക്കുണ്ടായിരുന്നു.

ശാസ്ത്രാഭിമുഖ്യത്തിലൂടെ നേടുന്ന നാഗരികത നമ്മുടെ സനാതനമൂല്യവിചാരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നൊരു വ്യാജഭീതി നമ്മെ നിരന്തരം അലട്ടിയിരുന്നു. എന്നാല്‍ നമ്മുടെ മൂല്യങ്ങളെക്കുറിച്ചു് ആലോചിച്ചാലോ? വിരുദ്ധോക്തികള്‍ നിറഞ്ഞ ഫലിതപ്രധാനമായൊരു നാടകമായത്‌ അവസാനിക്കുന്നത്‌ കാണാം. "എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നോ അവിടെ ദേവകള്‍ സന്തോഷത്തോടെ വസിക്കുന്നുവെന്ന്‌ ( യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ) എന്ന്‌ ഉദ്ഘോഷിക്കുന്ന മനുസ്മൃതി ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’യെന്നും പറയും. ഇക്കാലത്ത്‌ അതില്‍ എന്തോ അപാകതയുണ്ടെന്ന്‌ തോന്നിയ ബുദ്ധിശാലികള്‍," നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി”യെന്ന്‌ തിരുത്താന്‍ ആവശ്യപ്പെടുന്നുണ്ട്‌.

illustration

അപ്പോഴും സ്ത്രീകള്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണ്‌. സ്വതന്ത്രം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ സ്വന്തമായ ഉപജീവനമാര്‍ഗ്ഗം തന്നെയാണ്‌. ചുരുക്കത്തില്‍ സ്ത്രീ ഒരിക്കലും സ്വന്തം കാലില്‍ നില്‍ക്കാന്‍ പാടില്ല. ബാല്യകൌമാരങ്ങളില്‍ പിതാവും യൌവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രനും സ്ത്രീയെ സംരക്ഷിക്കണം. ആശ്രയിക്കുന്നവരെയാണ്‌ അടിമകളാക്കാനെളുപ്പം. ഈ മിടുക്ക്‌ തന്നെയാണ്‌ വേദം ശ്രവിക്കുന്നവന്റെ കാതിലെ ഈയമായതും.

കനകവും സുഗന്ധവ്യഞ്ജനങ്ങളും തേടിയെത്തിയ പരദേശി ഈ നാടിനെ കാല്‍ക്കീഴില്‍ ചവിട്ടിത്താഴ്ത്തിയത്‌ നാം തുടര്‍ന്നുവന്ന ഇത്തരം പിന്തിരിപ്പന്‍ ചിന്താഗതികള്‍ മൂലമാണ്‌. അധിനിവേശകനെതിരെ പൊരുതുന്ന പടയാളി ,തന്റെ മുന്‍നിര നായകന്‍ വീണാല്‍ ചിതറിപ്പോകുന്ന, വിവേചനപാഠങ്ങളോ യുദ്ധതന്ത്രമോ അറിയാത്ത നിരക്ഷരനായിരുന്നു. ഒരു വാളോ കുന്തമോ അഭ്യസിക്കുന്നതോടെ തീരുന്നതായിരുന്നു അവന്റെ ആയോധനവിദ്യ. മികച്ച ആയുധങ്ങളെക്കുറിച്ച്‌ നാം ഭാവന ചെയ്തു എന്നല്ലാതെ അത്‌ യാഥാര്‍ത്ഥ്യമാക്കിയില്ല.

ഇങ്ങനെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും നിരക്ഷരരും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും പാര്‍ക്കുന്ന ഒരു ഭൂഭാഗത്ത്‌ സമത്വ സുന്ദരമായൊരു കാലത്തെക്കുറിച്ച്‌ സ്വപ്നം കാണുന്നത്‌ സ്വാഭാവികമായും ആരാണ്‌? ഒരിക്കലും നിലനിന്നിട്ടില്ലാത്ത ഒരു നല്ലകാലത്തെപ്പറ്റിയുള്ള സ്വപ്നവുമായി ഒരു ദേശത്തെ അടിസ്ഥാനവര്‍ഗ്ഗം ഇരുപത്‌ നൂറ്റാണ്ടിലധികം അടിമകളായി നരകിച്ചു. ആ യാതനയില്‍ നിന്നവര്‍ സ്വാതന്ത്ര്യത്തിന്റെ ശുഭദിനങ്ങളിലേക്ക്‌ നടന്ന്‌ കയറിയിട്ട്‌ ആറ്‌ ദശകങ്ങള്‍ ആകുന്നു. എന്നാല്‍ ഇന്ന്‌ അഭാവത്താല്‍ മാത്രം തിരിച്ചറിയുന്ന ഒന്നായി സ്വാതന്ത്ര്യം വിലകെട്ടുപോയി. അതുകൊണ്ടാണ്‌ പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെ സാമൂഹികപിന്നോക്കാവസ്ഥയ്ക്ക്‌ പരിഹാരമെന്ന നിലയ്ക്ക്‌ ഏര്‍പ്പെടുത്തിയ സംവരണം ഇന്നും നമുക്ക്‌ തുടരേണ്ടിവരുന്നത്‌. നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന ജീര്‍ണ്ണിച്ച വ്യവസ്ഥിതിയെ സ്വാതന്ത്ര്യം കിട്ടിയിട്ടും സമൂലമായി മാറ്റാനായില്ലെ എന്നുമാത്രമല്ല സഹജീവികളോട്‌ പുലര്‍ത്തുന്ന മനോഭാവത്തില്‍ നിലനില്‍ക്കുന്ന ഒരു സമത്വവിചാരം ഉള്‍പ്പെടുത്താനും നമുക്ക്‌ സാധിച്ചിട്ടില്ല. ചുരുക്കത്തില്‍ കോരനിപ്പോഴും കഞ്ഞി കുമ്പിളില്‍ തന്നെയെങ്കിലും ഇന്ത്യ തിളങ്ങുന്നുവെന്ന്‌ നാം വമ്പ്‌ പറയും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്‌ അഭിമാനിക്കുന്ന ഇന്ത്യയില്‍, നാം ഭരണനേതൃത്വത്തില്‍ എത്തിച്ചവര്‍ ധനികന്റെ ദല്ലാളന്മാരായി അധഃപതിച്ച്‌ ഒരു ആഗോള മുതലാളിത്ത അജന്‍ഡയുടെ സാത്ക്ഷാകാരത്തിനായി യത്നിച്ചുകൊണ്ടിരിക്കുകയാണ്‌. അവരുടെ കീഴില്‍ നാഗരികജീവിതം അപരന്റെ വ്യഥകളോടും പ്രശ്നങ്ങളോടും പ്രതികരിക്കാത്ത അനുഭാവരഹിതമായ തിരക്ക്‌ മാത്രമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ആ തിരക്ക്‌ സമത്വം, സമൃദ്ധി എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഓണമെന്ന സുന്ദരസ്വപ്നത്തെക്കൂടി കവര്‍ന്നിരിക്കുകയാണ്‌. സമൃദ്ധി കൈവരിക്കുകയും സമത്വം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സമ്പന്നവര്‍ഗ്ഗം ഓണം ഏറ്റെടുക്കുമ്പോള്‍ ഓണത്തിന്റേതെന്ന്‌ സാധാരണക്കാരന്‍ കരുതിയിരുന്നത്‌ പലതും നഷ്ടമാവുന്നുണ്ട്‌. പകരം കച്ചവടമൂല്യമുള്ള ചില ഏച്ചുകെട്ടലുകള്‍ ഉത്‌പാദിപ്പിക്കപ്പെടുകയും അവ സമര്‍ത്ഥമായി വിപണനം ചെയ്യപ്പെടുകയും ചെയ്യുന്നു. മനുഷ്യന്റെ സ്വയം നിര്‍ണ്ണയിക്കാനുള്ള അവകാശത്തെപ്പോലും കൌശലപൂര്‍വ്വം മായ്ച്ചുകളഞ്ഞുകൊണ്ടാണ്‌ വിപണിയിയുടെ ഈ കടന്ന്‌ കയറ്റം. എന്ത്‌ ധരിക്കണം, ഭക്ഷിക്കണം തുടങ്ങി എന്ത്‌ ചിന്തിക്കണം എന്നുവരെ വിപണി തീരുമാനിക്കുന്ന കാലയളവിലൂടെയാണ്‌ ആധുനിക നാഗരികന്റെ സ്വപ്നാടനം . ഓണം ഒരു വിളവെടുപ്പ്‌ ഉത്സവമാണെന്ന അഭിപ്രായപ്പെടുന്നവരുണ്ട്‌. ഓണത്തിന്‌ ഒരു മതേതര ഛായ നല്‍കുന്നതിനായ്‌ ചില നിഷ്കളങ്കര്‍ അതേറ്റുപാടുകയും ചെയ്യുന്നുണ്ട്‌. ഓണത്തിന്‌ രണ്ടായിരം വര്‍ഷത്തെ ആഘോഷപ്പഴമയാണുള്ളത്‌. അക്കാലത്തെ കൃഷി ഭൂമിയുടെ വിതരണ- ഉടമസ്ഥാവകാശങ്ങള്‍ സാര്‍വത്രികമാകാന്‍ വഴിയില്ല. മാത്രമല്ല ഭൂരഹിതരരും ദരിദ്രരും അടിമകളും ധാരാളമുണ്ടായിരുന്ന അക്കാലത്ത്‌ സമ്പത്ത്‌ ആര്‍ജ്ജിക്കുന്നതിനുള്ള ജന്മിയുടെ ഒരു സ്വകാര്യം മാത്രമായിരുന്നു വിളവെടുപ്പ്‌. തൊഴിലാളികള്‍ക്ക്‌ കൂടുതല്‍ അദ്ധ്വാനം വേണ്ടിവരുന്ന ഒരു കാര്‍ഷിക സന്ദര്‍ഭമായാണ്‌ വിളവെടുപ്പ്‌ എന്നും നിലനിന്നിട്ടുള്ളത്‌. ഋതുഭേദമില്ലാതെ അധ്വാനിക്കുന്ന അടിസ്ഥാനവര്‍ഗ്ഗം അവരുടെ ജീവിതത്തിലെ മടുപ്പ്‌ കഴുകിയകറ്റുന്നതിനും നഷ്ടപ്പെട്ട ഊര്‍ജ്ജം ഉല്ലാസത്തിലൂടെ വീണ്ടെടുക്കുന്നതിനും ആഘോഷിച്ചിരുന്ന ഒരു ഉത്സവത്തിന്‌ മതചിഹ്നങ്ങള്‍ നല്‍കിയത്‌ ഹൈന്ദവരിലെ ഉപരിവര്‍ഗ്ഗമായിരുന്നു. അവരാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയ്ക്ക്‌ ഓണം അവര്‍ കടന്നുപോകാന്‍ ആഗ്രഹിച്ച ഒരു നല്ല കാലത്തെക്കുറിച്ചുള്ള സ്വപ്നസ്മരണയാണെങ്കില്‍ പില്‍ക്കാലത്ത്‌ ഹൈന്ദവേതര മതങ്ങളിലേക്കുള്ള മാറ്റം പ്രായോഗികമായൊരു രക്ഷാമാര്‍ഗ്ഗമായിരുന്നു. ആ രക്ഷയിലും അവര്‍ കൈവിടാതെ സൂക്ഷിച്ച ചിലതില്‍ ഓണവുമുണ്ടായിരുന്നതു കൊണ്ടാണ്‌ ഓണം മതേതമായൊരു ജനകീയ ഉത്സവമായത്‌. പൊതുധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന ദരിദ്ര സമൂഹമാണ്‌ ഓണത്തിന്റെ അവകാശികള്‍. ധനികന്റെ ധൂര്‍ത്തിന്‌ മുന്നില്‍ കാണം വിറ്റും ഒരു നേരത്തെ നല്ല ഭക്ഷണം കഴിക്കാനുള്ള അവരുടെ തത്രപ്പാടുകളെ മറന്നുകൊണ്ട്‌ ഹൃദയമുള്ള ആര്‍ക്കും ജീവിതം നടന്നുതീര്‍ക്കാനാവില്ല. ആ സഹൃദയത്വമാര്‍ജ്ജിക്കാനുള്ള ശ്രമമാണ്‌ ജീവിതത്തിന്‌ അര്‍ത്ഥവും കൈവല്യവും നല്‍കുന്നതെന്നോര്‍ത്താല്‍ എന്നും ഓണമായി.

ഓണാശംസകള്‍!

സുനില്‍ ചിലമ്പിശ്ശേരില്‍
Subscribe Tharjani |
Submitted by Sunil on Wed, 2006-09-06 11:08.

അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും കഥകള്‍.. അത്‌ തീരുന്നില്ലേ?
-S-