തര്‍ജ്ജനി

കഥ

അടയാളം

യാത്രയുടെ ആരംഭത്തില്‍ ഞാന്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നില്ല. പാതിദിവസം കഴിഞ്ഞപ്പോഴാണ്‌ എനിക്ക്‌ അവരോടൊപ്പം ചേരാനായത്‌. അതിന്റെ പ്രശ്നങ്ങളൊന്നും പക്ഷേ അവരൊലൊരാളായി കണ്ണിചേരുന്നതില്‍ ബുദ്ധിമുട്ടായില്ല.

അമൃത ടെലിവിഷനു വേണ്ടി ഓണത്തിന്റെ മാഞ്ഞുപോയ പ്രാദേശികാചാരങ്ങളെക്കുറിച്ച്‌ ഡോക്യുമെന്ററി നിര്‍മ്മിക്കുന്ന സംഘമായിരുന്നു അത്‌. രാത്രിക്കുമുമ്പ്‌ ഷോട്ടുകളെല്ലം എടുത്തു തീര്‍ത്ത്‌ തിരിച്ചുപോകണം . പാലക്കാട്ടെ ആചാരങ്ങള്‍ ചിത്രീകരിക്കുന്നതിന്‌ അനുവദിച്ച പകലിന്റെ ഒരരികില്‍ വെച്ച്‌ ഓണത്തെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന ഞാനും അവരോടൊപ്പം ചേര്‍ന്നു.

അമൃത ടെലിവിഷനിലെ അനന്തപത്മനാഭാനായിരുന്നു പരിപാടിയുടെ പ്രൊഡ്യൂസര്‍. പ്രശസ്ത സംവിധായകനായ പദ്മരാജന്റെ മകന്‍. കണ്ടാല്‍ ശരിക്കും പദ്മരാജന്റെ ചെറിയരൂപമായി തോന്നും താടിയും ശരീരവ്യാകരണവുമൊക്കെ പദ്മരാജന്റേതുതന്നെ. അയാള്‍ മുമ്പ്‌ ഇന്ത്യാവിഷനിലായിരുന്നു. ഇന്ത്യാവിഷനിലായിരിക്കുമ്പോള്‍ ചില നല്ല പരിപാടികള്‍ അനന്തന്‍ ചെയ്തിട്ടുണ്ട്‌. ഇപ്പോഴും അനന്തന്‍ അന്നെടുത്തുവച്ച ഷോട്ടുകള്‍ പലതും ആ ചാനലില്‍ കാണിക്കാറുണ്ട്‌. അവിടെ അയാള്‍ വാര്‍ത്താവിഭാഗത്തിലായിരുന്നു.

പരിപാടിയുടെ പ്രൊഡ്യൂസര്‍ മാത്രമല്ല അനന്തന്‍ സംവിധായകന്‍കൂടിയാണ്‌. സംഘത്തിലുള്ള മറ്റുനാലുപേര്‍ സിദ്ദിഖും രാജനും ഗണപതിയും രംഗനുമാണ്‌. ഒരുപാടുക്യാമറകള്‍ പിടിച്ച കയ്യാണ്‌ സിദ്ദിഖിന്റേത്‌. ഒന്നാം തരം തിരുവനന്തപുരത്തുകാരന്‍. സംഘത്തില്‍ ഏറ്റവും പ്രായക്കൂടുതലുള്ള സിദ്ദിഖ്‌ നെറ്റിയില്‍ കുറിപോലെ ഒരു ചുവന്ന വര വരച്ചിരുന്നു. സിദ്ദിഖിനെ പരിചയപ്പെടുമ്പോള്‍ അയാള്‍ പേരുപറഞ്ഞതും നെറ്റിയിലെ ചുവന്ന വരയാണ്‌ ഞാന്‍ ശ്രദ്ധിച്ചത്‌. വരയായിരുന്നില്ല പെരുവിരല്‍ നീളത്തിലുള്ള മറുകായിരുന്നു. മുന്‍വശം കഷണ്ടിയാണെങ്കിലും ആയാള്‍ക്ക്‌ നിറയെ മുടിയുണ്ട്‌. മുഖത്ത്‌ അക്രമിയുടെ പ്രകാശം വരുത്തിക്കൊണ്ടാണ്‌ അയാള്‍ ക്യാമറ നിയന്തിച്ചിരുന്നത്‌. മുഖത്തെ ഈ പ്രകാശമാണ്‌ ധീരവും സാഹസികവുമായ പ്രോഗ്രാമുകളുടെ ക്യാമറാമാനാകുവാന്‍ സിദ്ദിഖിനെ സഹായിച്ചതെന്ന് അനന്തന്‍ പറഞ്ഞു. സിദ്ദിഖ് ഇതിനുമുമ്പ്‌ രണ്ടുചാനലില്‍ ജോലി ചെയ്തിട്ടുണ്ട്‌. വാര്‍ത്താപരിപാടികളെടുക്കാന്‍ തന്നെയാണ്‌ സിദ്ദിഖിനെപ്പോഴും താത്പര്യം അതുതന്നെയാണയാള്‍ക്ക്‌ ആപത്തായതും. മറ്റു ചാനലുകളിലായിരിക്കുമ്പോള്‍ ഭീഷണികള്‍ അനവധി അതിജീവിച്ചിട്ടുണ്ട്‌ സിദ്ദിഖ്‌. ഒരു മതത്തിലും വിശ്വസിക്കാത്ത സിദ്ദിഖ്‌ മുമ്പ്‌ കബഡികളിക്കാരന്‍ കൂടിയായിരുന്നു.

കുഴല്‍മന്ദത്തുനിന്നാണ്‌ ഞാന്‍ ഇവരോടൊപ്പം ചേര്‍ന്നത്‌. ഉച്ചക്ക്‌ പന്ത്രണ്ട്‌ മണിയായിട്ടുണ്ടാവും. കുഴല്‍മന്ദം ദേശീയപാത ജംങ്ഷനില്‍ ഞാന്‍ നിന്നു അവിടെ നില്‍ക്കാനാണ്‌ എന്നോട്‌ രാവിലെ അനന്തന്‍ വിളിച്ചപ്പോഴും പറഞ്ഞിരുന്നത്‌. സംഘത്തിന്‌ എന്റെ നമ്പരും വിലാസവും കൊടുത്തത്‌ എന്റെ പരിചയക്കാരനായ മറ്റൊരു അനന്തനായിരുന്നു. തത്തമംഗലത്തു താമസിക്കുന്ന ഇറിഗേഷന്‍ ക്ലര്‍ക്കായ അനന്തന്‍.

ഉച്ചവെയിലില്‍ അമൃത ടെലിവിഷന്റെ നീളന്‍ ടെമ്പോട്രാവലര്‍ വരുന്നതുകണ്ടപ്പോള്‍ തന്നെ ഞാന്‍ കൈയുയര്‍ത്തിക്കാണിച്ചു. ടെമ്പോട്രാവലര്‍ അടുത്തു വന്നുനിന്നു മുന്‍വശത്തെ ഒറ്റസീറ്റില്‍ ഇരുന്ന അനന്തപത്മനാഭന്‍ ഡോര്‍തുറന്നു. സിനിമാവാരികകളില്‍ കണ്ടുമറന്ന പദ്മരാജന്റെ ഫോട്ടോകളാണ്‌ എനിക്കപ്പോള്‍ ഓര്‍മ്മവന്നത്‌. വണ്ടിയില്‍ കയറിയ ഉടന്‍ ഞാന്‍ എല്ലാവരെയും പരിചയപ്പെട്ടു.

വണ്ടി ഓടിച്ചിരുന്നത്‌ ഗണപതിയായിരുന്നു. ഒറ്റനോട്ടത്തില്‍ പട്ടരാണെന്നുതോന്നുന്ന ഗണപതി സ്റ്റിയറിങ് തിരിച്ചിരുന്നത്‌ വളരെ കനപ്പെട്ടായിരുന്നു. ഓടിക്കുമ്പോള്‍ ഗണപതിയുടെ കണ്ണുകള്‍ തുറിച്ചുവരുന്നതും കാണാമായിരുന്നു. എന്നാല്‍ സൂക്ഷ്മതയ്ക്കിടയിലും പിന്നിലിരിക്കുന്ന രംഗനാഥന്റെ തമാശകള്‍ക്ക്‌ അവന്‍ എളുപ്പത്തില്‍ തിരിച്ചടി നല്‍കിക്കൊണ്ടിരുന്നു. രംഗനാഥന്‍ ഗണപതിയെ കളിയാക്കി എന്തെങ്കിലും പറയും ഗണപതി ഒന്നും മിണ്ടാതെ ഗൗരവഭാവത്തില്‍ വണ്ടിയോടിക്കും ഒന്നോ രണ്ടോ മിനിട്ടുകഴിഞ്ഞാല്‍ അവന്‍ ഗംഭീരമായൊരു ഗോളടിച്ച്‌ വണ്ടിക്കുള്ളില്‍ രസം നിറയ്ക്കും. ഗണപതിയും രംഗനാഥനും ഉള്ളപ്പോഴൊക്കെ കൂടെയുള്ളവരുടെ സമയം പോക്ക്‌ ഇവരുടെ രസകരമായ വഴക്കാണ്‌.

"ഡ്രൈവര്‍ ഗണപതിയേ വേഗം വിടടേ... നേരം പോയി“ ക്യാമറമാന്‍ രംഗനാഥന്‍ കൃത്രിമമായ ആജ്ഞയില്‍.
"മണ്ടന്മാരോരോ വണ്ടിയിലുണ്ടേയ്‌.. വലിക്കുന്നില്ല നീയൊന്നടങ്ങ്‌" ഗണപതി അവന്റെ തടിച്ച ശരീരം കുലുക്കി പറഞ്ഞു.

അനന്തപത്മനാഭന്‍ പിന്നിലേക്കു തിരിഞ്ഞ്‌ രംഗനാഥന്റെ പുറത്ത്‌ സമാധാനിപ്പിക്കും മട്ടില്‍ ഉഴിഞ്ഞപ്പോള്‍ ഗണപതി വീണ്ടും പൊട്ടിച്ചു.
"എന്താ രങ്കാ .. നിനക്ക്‌ ഛര്‍ദ്ദിവരുന്നോ? പപ്പന്‍ ചേട്ടന്‍ ഉഴിയുന്നു"
അനന്തന്‍ കൈകൊട്ടിചിരിച്ചു. എനിക്കും അതൊരുനല്ല തമാശയായി തോന്നി.

"രങ്കാ നിന്റെ ചമ്മല്‍ മാറ്റാന്‍ ബോഞ്ചി വേണ്ടേ?" സിദ്ദിഖ്‌ ചോദിച്ചു.

ബോഞ്ചി എന്താണെന്നു എനിക്ക് മനസിലായില്ല. തിരുവനന്തപുരത്തെ ചില ഗ്രാമപ്രദേശങ്ങളില്‍ കിട്ടാറുള്ള പാനീയമാണെന്ന് അവര്‍ പറഞ്ഞുതന്നു. രംഗനാഥന്റെ വീട്ടീല്‍ ബോഞ്ചി ആതിഥ്യമര്യാദയുടെ ഭാഗമാണ്‌. എല്ലാവര്‍ക്കും അതിന്റെ രുചി ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ അവിടത്തുകാര്‍ കുടിക്കാന്‍ നിര്‍ബന്ധിക്കും രംഗനാഥന്റെ വീട്ടില്‍ ഒരിക്കല്‍ ചെന്നപ്പോള്‍ സിദ്ദിഖിന്‌ ബോഞ്ചി കുടിക്കേണ്ടിവന്നിട്ടുണ്ട്‌. അതോര്‍ത്താണ്‌ സിദ്ദിഖ്‌ പറയുന്നത്‌.

ട്രാവലിന്റെ ഏറ്റവും പുറകിലായി ഇരിക്കുന്ന രാജനെ കാണുമ്പോള്‍ തന്നെ അവന്റെ മുഖത്ത്‌ അവന്‍ പാവമാണന്ന് എഴുതിവച്ചത്‌ അറിയാനാവും. രാജന്‍ ഒരു കൈകൊണ്ട്‌ നിലത്തു ചരിച്ചു വച്ചിരിക്കുന ക്യാമറ പിടിച്ചിട്ടുണ്ട്‌. ക്യാമറ നീളമുള്ള ടാവല്‍ കൊണ്ടാണ്‌ മൂടിയിരിക്കുന്നത്‌, ക്യാമറയുടെ നീളന്‍ കാലുകളും ലൈറ്റുകളും തെര്‍മോകോള്‍ഷീറ്റുകളും ഒരു പ്ലാസ്റ്റിക്‌ സ്‌റ്റൂളും പുറകില്‍ ഉണ്ടായിരുന്നു.

"മാഞ്ഞുപോകുന്ന അടയാളങ്ങള്‍" എന്നാണ്‌ പരിപാടിക്കിട്ട പേര്‌" അനന്തന്‍ വാഹനത്തിന്റെ ഇരമ്പലിനിടയില്‍ പറഞ്ഞു.
"മുഴുവന്‍ ഓണാചാരങ്ങളേയും എടുക്കുന്നില്ല. ഒരു കാലത്ത്‌ സജീവമായി ഉണ്ടായിരുന്നതും ഇപ്പോള്‍ തീരെ ഇല്ലാത്തതുമായവ മാത്രം" അവന്‍ വിശദീകരിച്ചു.
പഠനത്തിനായി ശേഖരിച്ച ആചാരങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ എന്റെ മസ്സിലോടെ കടന്നുപോയി. എന്നാല്‍ ഓണാചാരങ്ങളില്‍ പെട്ടെന്നൊന്നും ഉള്ളില്‍ പൊന്തിവന്നില്ല.

ഞാന്‍ കുറിപ്പെഴുതിവച്ചിരുന്ന ചെറിയ പുസ്തകം എടുത്തു. അതില്‍ ഒന്നാമതായി എഴുതിയിരുന്നത്‌ രാധയുടെ പേരായിരുന്നു. നെന്മാറയ്ക്കടുത്ത്‌ അയിരൂര്‍ പഞ്ചായത്തിലെ മുതുകുന്നിവാര്‍ഡിലെ മെമ്പറായിരുന്നു രാധ. അവരെ ഇന്നലെ വിളിച്ച്‌ അവിടത്തെ ലക്ഷംവീട്‌ കോളനിക്കാര്‍ പാടുന്ന പ്രാചീനമായ നാടന്‍ പാട്ട്‌ ഷൂട്ടുചെയ്യുവാന്‍ ചാനലുകാര്‍ വരുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചു. വേണ്ടെതല്ലാം എടുത്തോളുവാന്‍ അവര്‍ പറഞ്ഞു. അവര്‍ അങ്ങനെ പറഞ്ഞപ്പോഴാണ്‌ എനിക്ക്‌ സമാധാനമായത്‌. കാരണം അപരിചിതമായ ഒരു കോളനിയില്‍ പോയി വൃദ്ധസ്ത്രീകളെകൊണ്ട്‌ നാടന്‍ പാട്ടുപാടിച്ച്‌ റെക്കോര്‍ഡുചെയ്യുക എളുപ്പമാവില്ല. ഇതിനിടയില്‍ പ്രശ്നങ്ങള്‍ പലതും വരാം. രാഷ്ട്രീയ പ്രശ്നവും കുടുംബതര്‍ക്കവും ഒക്കെ കടന്നുവരാം. ഇതില്‍ രാഷ്ട്രീയമുണ്ട്‌. പാട്ടൊന്നും പാടരുത്‌ എന്നാരെങ്കിലും പറഞ്ഞാല്‍ കഴിഞ്ഞു കഥ.

മുതുകുന്നിയിലേക്കുള്ള വഴി എന്റെ പുസ്തകത്തിലുണ്ട്‌. വഴി മോശമാണ്‌ എന്ന് ഞാന്‍ തന്നെ എഴുതിയിരുന്നെങ്കിലും വിചാരിച്ചതിനേക്കാള്‍ മോശമായിരുന്നു വഴി. മഴവെള്ളമൊഴിച്ച്‌ കുണ്ടും കുഴിയും നിറഞ്ഞിരുന്നു. കാളവണ്ടിയും കാളകളും നായകളും വൃത്തികേടാക്കിയ വഴി.

ആന്ധ്രയില്‍ നിന്നും കുടിയേറിയ പണ്ടാരന്മാര്‍ താമസിക്കുന്ന കോളനിയാണ്‌. കോളനിക്കുമുമ്പില്‍ വണ്ടിനിന്നപ്പോള്‍ ഒന്നുമുടുക്കാതെ കൊച്ചുകുട്ടികള്‍ ഞങ്ങളെ വലയം ചെയ്തു.
“ടിവി പിടിക്കാന്‍ വന്ന്വോറാ" എന്ന് കൂട്ടത്തില്‍ മുതിര്‍ന്നവന്‍ ചോദിച്ചു.
"പാട്ടു പാടുന്ന കാന്തലക്ഷ്മിയുടെയും അമ്മാളുവിന്റെയും വീടേതാ" പരിചിതമട്ടില്‍ ഞാന്‍ ചോദിച്ചപ്പോള്‍ മുതിര്‍ന്നവന്‍ "ദോ അങ്കെ" എന്നു പറഞ്ഞ്‌ നടക്കാന്‍ തുടങ്ങി. ക്യാമറയെല്ലാം എടുത്തോളുവാന്‍ ആഗ്യം കാണിച്ച്‌ അനന്തന്‍ അവനു പിന്നിലായി നടന്നു. ദരിദ്രം പിടിച്ച വീടുകളായിരുന്നു അവ എല്ലാം. വീടുകള്‍ക്ക്‌ മുമ്പില്‍ വയസ്സായ സ്ത്രീകളോ കുട്ടികളോ നില്‍ക്കുന്നതുകണ്ടു. ഒരു മരത്തണലില്‍ അഞ്ചാറുപുരുഷന്മാര്‍ ഇരുന്നു ചീട്ടുകളിക്കുനുണ്ട്‌. അവരൊക്കെ ലുങ്കി മാത്രം ഉടുത്തവരും തമിഴ്‌ എഴുതിയ ബനിയനുകള്‍ ഇട്ടവരുമായിരുന്നു. തുണിയുടുക്കാത്ത കുട്ടികള്‍ അകമ്പടിയായി വരുന്നത്‌ സിദ്ദിഖിനും രാജനും രംഗനാഥനും കുതുകമായി. കോളനിയുടെ അറ്റത്തെ കാന്തലക്ഷ്മിയുടെയും അമ്മാളുവിന്റെയും വീടെത്തുമ്പോഴേക്കും ഞങ്ങള്‍ വിയര്‍ത്തു.

വീരശൈവജംഗജാതിയില്‍പ്പെട്ട കാന്തലക്ഷ്മിയും അമ്മാളുവും ചരിത്രം മറന്ന കുടിയേറ്റത്തിന്റെ കഥ പറഞ്ഞു. പ്രായമേറിയ സ്ത്രീകളും ഉടുക്കാക്കുട്ടികളും ഞങ്ങള്‍ക്ക്‌ ചുറ്റും അവസാനം വരെ ഉണ്ടായിരുന്നു. തമിഴും തെലുങ്കും മലയാളവും കലര്‍ത്തി ഓണക്കാലത്തു പാടുന്ന നാടന്‍ പാട്ടുകള്‍ സ്ത്രീകള്‍ പാടിത്തന്നു. കുളക്കടവില്‍ നിര്‍ത്തിയും കിണറ്റിനു സമീപം നിര്‍ത്തിയും അനന്തന്‍ അവ ക്യാമറയിലാക്കി. പിന്നില്‍ കാണുന്ന വടമലയുടെ ഭംഗിയിലേക്ക്‌ ക്യാമറ ഉയര്‍ത്തുവാന്‍ അനന്തന്‍ പറയുന്നതു കേട്ടു. നാടന്‍ പാട്ടിന്റെ രംഗം ആ ദൃശ്യത്തില്‍ അവസാനിപ്പിക്കാനാവാം അത്‌. ഇടയ്ക്കിടെ അവര്‍ പാട്ടുതെറ്റിച്ചതുകൊണ്ട്‌ കുറേത്തവണ ചൊല്ലേണ്ടിവന്നു.

ഉച്ചഭക്ഷണമായി ഓരോരുത്തരും ഓരോ നേന്ത്രപ്പഴം കഴിച്ചു. അതു കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അനന്തന്‍ ആരെയോ വിളിക്കുന്നതു കേട്ടു. മൂന്നരക്കുമുമ്പ്‌ എത്താം എന്നവന്‍ പറഞ്ഞു. സമയം മുന്നേകാലായിരിക്കുന്നു.
“ഇനി കൊട്ടുവയൂരിലേക്ക്‌" അനന്തന്‍ പറയുകയാണ്‌ "അവിടെ കുറച്ചു നായാടികള്‍ റെഡിയായിട്ടുണ്ട്‌ അതെടുക്കണം." .

ഓണക്കാലത്ത്‌ മുമ്പൊക്കെ നായടികള്‍ വീടു സന്ദര്‍ശിക്കും പഴയ തുണിയോ മറ്റോ കൊടുത്താല്‍ സംതൃപ്തിയോടെ മടങ്ങിപ്പോകുന്ന പാരമ്പര്യയാചകര്‍

ഒരു മണിക്കൂര്‍ വൈകിയാണ്‌ കൊടുവായൂരിലെത്തിയത്‌. എല്ലാം വേഷം കെട്ടിയ നായാടികളായിരുന്നു. കൈക്കട്ട മേലുരച്ച്‌ കറുത്തവരായി, അല്‍പം മദ്യം അകത്താക്കി തയ്യാറായി നില്‍ക്കുന്നവര്‍.

കൊഴിഞ്ഞാമ്പാറയില്‍ പോയി ഓണക്കാലത്തു വരുന പാണന്മാരെക്കുറിച്ചും ചിത്തേശന്മാര്‍ എന്ന പണ്ടാരന്മാരെക്കുറിച്ചും ഷൂട്ട്‌ ചെയ്ത്‌ കഴിയുമ്പോഴേക്കും എല്ലാവരില്‍ നിന്നും തമാശയൊക്കെ ചോര്‍ന്നുപോയിരുന്നു. എല്ലാവരും ക്ഷീണിച്ചും കരുവാളിച്ചുമിരുന്നു. അനന്തന്‍ പുതിയ സിനിമകളെപറ്റി പറഞ്ഞു കൊണ്ട്‌ ഉഷാറാക്കാന്‍ ശ്രമിച്ചു.

അമൃത ടെലിവിഷന്‍ എന്നെഴുതിയ വണ്ടി അവസാനത്തെ ഷോട്ടിനായി മലമ്പുഴയിലേക്ക്‌ പായുകയായിരുന്നു. അപ്പോള്‍ ഇനി പരിപാടിയുടെ ആമുഖമായി അനന്തന്‍ പറയുന്നവാക്കുകള്‍ മാത്രമേ എടുക്കാനുള്ളൂ.
വണ്ടി പാര്‍ക്കു ചെയ്തതും സാമഗ്രികളുമായി ഒഴിഞ്ഞ ഒരിടം തേടി നടന്നു. "ഇരുട്ടിയാല്‍ നന്നാവില്ല, വേഗം നടക്ക്‌" സിദ്ദിഖ്‌ എല്ലാവരോടുമായി പറഞ്ഞു.

അണക്കെട്ടിന്റെ ഒരറ്റത്തേക്കാണ്‌ നടന്നെത്തിയത്‌. മഞ്ഞ്‌ തണുത്ത കാറ്റിനോടൊപ്പം മുഖത്തു വന്നു വീണുകൊണ്ടിരുന്നു. ആളുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും വിട്ടകന്ന് അകലത്തിലാണിപ്പോള്‍.

അണക്കെട്ടിന്റെ വശത്തുകൂടി ഒരു റോഡ്‌ ഇരുളിലേക്ക്‌ പോകുന്നുണ്ടായിരുന്നു. അതിന്റെ പാതിവരേയേ വെളിച്ചം ഇട്ടിരുന്നുള്ളൂ. അതിനപ്പുറമുള്ള മരങ്ങളൂടെ കറുത്ത നിബിഡത ഒറ്റപ്പെട്ട ആകര്‍ഷണമായിരുന്നു.

അനന്തനും സിദ്ദിഖും ചേര്‍ന്ന് അണക്കെട്ടിന്റെ പാര്‍ശ്വഭാഗം പശ്ചാത്തല്‍മാകുന്ന കോണില്‍ ക്യാമറ ഉറപ്പിച്ചു. അനന്തന്‍ പോക്കറ്റില്‍ നിനു ആമുഖക്കുറിപ്പെടുത്ത്‌ വായിച്ചു. എന്നിട്ട്‌ സ്വയം കടലാസില്‍ നോക്കാതെ പറഞ്ഞു നോക്കി. "കാലം മാറിമറിയുന്നതോടെ നമ്മുടെ ദേശീയോത്സവമായ ഓണത്തിന്റെ പല അടയാളങ്ങളും മാഞ്ഞുപോവുകയാണ്‌" ഇങ്ങനെയാണ്‌ അതാരംഭിക്കുന്നത്‌.ഇതുകൂടിതീര്‍ന്നാല്‍ എട്ടുമണിയോടെ വിടാനാവും "പുലര്‍ച്ചെ സ്‌റ്റുഡിയോക്കാര്‍ക്ക്‌ നമ്മളെ കണികാണിക്കാം". രംഗനാഥന്‍ ശബ്ദിച്ചു.

അനന്തന്‍ എന്നെ വിളിച്ച്‌ അയാള്‍ പറയുന്നത്‌ ശരിയാകുന്നുണ്ടോയെന്നു നോക്കാന്‍ പറഞ്ഞു. നന്നായി അവതരിപ്പിക്കുന്നുണ്ടായിരുന്നു അയാള്‍. പദ്മരാജന്റെ പടങ്ങള്‍ ഞാനൊന്നുകൂടി ഓര്‍മ്മിച്ചു.

അനന്തന്‍ എന്നെ തോണ്ടി വിളിച്ച്‌, ദൂരേക്ക്‌ കൈചൂണ്ടി.
കുറച്ചപ്പുറത്ത്‌ രാജനും രംഗനാഥനും അണക്കെട്ടിന്റെ ജലസമൃദ്ധി നോക്കി നില്‍ക്കുകയായിരുന്നു.

"അവരെന്തായീ കാണിക്കുന്നെ" അനന്തന്‍ ചോദിച്ചു.
ഞാന്‍ അവര്‍ക്കരികിലേക്കു നടന്നു. പുറകെ അനന്തന്‍ വന്നു. അവര്‍ രണ്ടുപേരും മൊബെയിലില്‍ സംസാരിക്കുകയാണെന്നുതോന്നി. അടുത്തെത്തിയപ്പോള്‍ മനസിലായി, അണക്കെട്ടിലെ ജലത്തില്‍ ദൂരെക്കാണുന്ന എന്തോ ഒന്നിനെ ചൂണ്ടിയാണവര്‍ നില്‍ക്കുന്നത്‌. ഒരു പൂക്കൊട്ട ജലത്തിലൂടെ ഒഴുകിവരുകയാണ്‌. മുല്ലയും പിച്ചിയും റോസും ചെണ്ടുമല്ലിയും ചെമ്പരത്തിയും കാക്കപ്പൂവുമുള്ള ഒന്നാന്തരമൊരു പൂത്തട്ടായി വീണ്ടുമതിനെ അതിനെ പുതുക്കി മനസിലാക്കി. പതുക്കെപ്പതുക്കെ ജലോപരിതലത്തിലൂടെ പൂക്കളം ഒഴുകി വരുന്നു.

എന്റെ തൊട്ടടുത്തിപ്പോള്‍ അനന്തനും അത്‌ നോക്കി നില്‍ക്കുന്നു.

ഒഴുകി വരുന്ന ഓണപ്പൂക്കളെം ക്യാമറയില്‍ പകര്‍ത്തിയാല്‍ നന്നാവും. മാഞ്ഞുപോകുന്ന അടയാളങ്ങളുടെ തുടക്കം എങ്ങനെയുമാവാം. അനന്തനോട്‌ അതു പറയാമെന്നു വിചാരിച്ച്‌ ഞാനയാളിലേക്കു തിരിഞ്ഞു.

ഒഴുകിവരുന്നത്‌ അത്രയൊന്നും വലിപ്പമില്ലാത്ത പൂക്കളമായിരുന്നു. പൂക്കള്‍ വൃത്തിയായി ഇട്ടതായൊന്നും തോന്നുന്നില്ല. വിതറിയിട്ടതായിരിക്കണം. ഏതെങ്കിലും വീട്ടില്‍നിന്ന് ഉപേക്ഷിച്ചതാവണം.

അടുത്തെത്തുംതോറും പൂക്കളത്തിന്റെ ഭംഗികുറവായി. പൂക്കളത്തില്‍ വികൃതമായി ഇലകളും പലജാതി നാരുകളും ഉള്ളതായി കണ്ടു. വട്ടം ചുറ്റി ഒഴുകിയപ്പോള്‍ പടര്‍ന്നമാതിരി പായലുകളും അവശിഷ്ടങ്ങളും കിടക്കുന്നുണ്ട്‌.
പൂക്കളത്തിന്‌ ഒത്തനടുവില്‍ വലിയൊരു പൂവ്‌ വിടര്‍ന്നുനിക്കുന്നുണ്ട്‌. ഇളനീര്‍ ചെത്തി അലങ്കരിച്ചു വച്ചപോലെ.
"പൂത്തട്ടവും പൂക്കളവുമൊന്നുമല്ല വെള്ളത്തില്‍ പെട്ടുപോയ നായയാ" അനന്തന്‍ നിസ്സാരമായി പറഞ്ഞു.
അനന്തനതെന്താണെന്നു വ്യക്തമായിരുന്നില്ല. ആര്‍ക്കും വ്യക്തമായിരുന്നില്ല. അനന്തനോടിപ്പം ഞങ്ങളും വെള്ളം കുടിച്ചു മരിച്ച മൃഗമേതെന്നറിയാന്‍ കൗതുകത്തോടെ നോക്കി.

മൃഗമായിരുന്നില്ല, ജലത്തിന്റെ ഓളങ്ങള്‍ സാവധാനത്തില്‍ ഞങ്ങള്‍ക്കടുത്തേക്ക്‌ ഒരു മനുഷ്യന്റെ തലയെ എത്തിച്ചു. ഒരു സധാരണ കര്‍ഷകന്റെ തിണര്‍പ്പും കറുപ്പും തീരെ തീരെ ചെറിയ ആമുഖത്ത്‌ ഞങ്ങള്‍ വ്യക്തമായി വായിച്ചു. പായലുകളും പ്ലാസ്റ്റികകവറും ചണ്ടികളും മറ്റനേകം വിഴുപ്പുകളുമായി അതിനു ചുറ്റും ക്രമമില്ലാതെ വൃത്തം രൂപപ്പെട്ടിരുന്നു.

ഉദ്വേഗമോ വേദനയോ സഹതാപമോ ആവശ്യപ്പെടാതെ ഒരു നിമിഷത്തില്‍ ഞങ്ങള്‍ക്കു ചുറ്റും അണക്കെട്ടിന്റെ ജലബന്ധം മാത്രമാക്കി അതെങ്ങോ ഒഴുകി മറഞ്ഞു.

അല്‍പം കഴിഞ്ഞ്‌, യാത്രപോലും പറയാനാവാത്തവിധം വയ്യാത്ത വിധം നിറഞ്ഞ മൗനവുമായി ടെമ്പോവാന്‍ മുന്നോട്ടു നീങ്ങി. ഞാന്‍ നെല്‍പാടങ്ങള്‍ക്കരികില്‍ നിന്നുകൊണ്ട്‌ നനാതരം പൂക്കള്‍ നിറഞ്ഞ സമൃദ്ധമായ ഓണപ്പൂക്കളം സങ്കല്‍പിക്കാന്‍ നോക്കി.

സി. ഗണേഷ്‌
Subscribe Tharjani |