തര്‍ജ്ജനി

ഓര്‍മ്മ

മഴവില്‍ നെയ്ത്തുകാരന്‍

ഷെഹ്‌നായിയിലേക്ക്‌ ഒരാള്‍ പകരുന്നത്‌ അയാളുടെ ജീവവായു തന്നെയൊണ്‌. അതിന്‌ സാധ്യമാകാതെ വരുമ്പോള്‍ അയാളും അയാളുടെ ഷെഹ്‌നായിയും ഇല്ലാതാകും - ഉസ്താദ്‌ ബിസ്മില്ലാ ഖാന്‍.

ഉസ്താദ്‌ ബിസ്മില്ലാ ഖാന്‍ സാഹിബിനെ ആദ്യം കാണുന്നത്‌ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടി.വിയില്‍ ദല്‍ഹി ദൂരദര്‍ശന്‍ പരിപാടിയിലാണ്‌. അദ്ദേഹം ചിരിക്കുമ്പോള്‍ സിഗരറ്റു കറ പിടിച്ച പല്ലുകള്‍ തെളിയുന്നു. വെളുത്ത വസ്ത്രം ധരിച്ച്‌ തലയില്‍ ചെരിഞ്ഞ തൊപ്പി വെച്ച്‌, കാതില്‍ ഒറ്റക്കമ്മലിട്ട്‌, മുഖത്ത്‌ വസൂരിക്കലയും ദാരിദ്ര്യവും ലയിപ്പിച്ച്‌, അതി മനോഹരമായി ചിരിച്ചു കൊണ്ട്‌ അന്ന് അദ്ദേഹം ഹിന്ദിയും ബിഹാറിയും കൂട്ടിക്കലര്‍ത്തി സംസാരിച്ചതൊന്നും മനസ്സിലായില്ല. ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രമുഖരില്‍ കാണാത്ത ഒരു തരം ക്ലേശം ഈ മനുഷ്യന്‍ അനുഭവിക്കുന്നതു പോലെ തോന്നിയിരുന്നു. അതിനു മുമ്പ്‌ അദ്ദേഹവും സംഘവും അവതരിപ്പിച്ച ഒട്ടനവധി പരിപാടികള്‍ ആകാശവാണിയില്‍ കേട്ടിരുന്നു.

illustration

ബിസ്മില്ലാ ഖാന്റെ വിരലുകളില്‍ വില കൂടിയ മോതിരങ്ങള്‍ ഇല്ലാത്തതും വില കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ അദ്ദേഹം ധരിക്കുന്നതും അന്നേ അത്‌ഭുതപ്പെടുത്തിയിരുന്നു. ഒരു പ്രോലിറ്റേറിയറ്റ്‌ എന്ന്‌ എളുപ്പത്തില്‍ തോന്നിക്കുന്ന മട്ടിലാണ്‌ ദൂരദര്‍ശനില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്‌. കോടീശ്വരന്‍മാരുടെ വേഷം കെട്ടലുകളില്‍ ഒന്നായിരിക്കും ഇതെന്ന്‌ എളുപ്പത്തില്‍ കരുതുകയും ചെയ്തു.

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ബിസ്മില്ലാ ഖാനുമായുള്ള ദീര്‍ഘ അഭിമുഖം ഹിന്ദു പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ്‌ ആ സംഗീതജ്ഞന്റേയും അദ്ദേഹത്തിലെ മനുഷ്യന്റേയും വലുപ്പം ബോധ്യമാകുന്നത്‌. വരണാസിയിലെ അമ്പലത്തില്‍ സായാഹ്നങ്ങളില്‍ ഷെഹ്‌നായി വായിക്കാനുള്ള അവകാശം തലമുറകളായി ബിസ്മില്ലാ ഖാന്റെ കുടുംബത്തിന്‌ പതിച്ചു കിട്ടിയതായിരുണു. ഒരു മുസ്ലിമിന്‌ ഇതിനുള്ള അവകാശം നല്‍കിയത്‌ ശരിയല്ലെന്നും അതു തിരിച്ചെടുക്കണമെന്നും കാണിച്ച്‌ ചിലര്‍ കേസ്‌ കൊടുക്കുകയും ആ കേസില്‍ ബിസ്മില്ലാ ഖാന്‍ ജയിച്ചതിനെക്കുറിച്ചുമാണ്‌ അഭിമുഖത്തില്‍ പ്രധാനമായും പറഞ്ഞിരുത്‌. കേസില്‍ പ്രതിസ്ഥാനത്ത്‌ ചേര്‍ക്കപ്പെട്ട ബിസ്മില്ലാ ഖാന്‍ കോടതിയില്‍ എത്തിയപ്പോള്‍ മജിസ്ട്രേറ്റടക്കമുള്ളവര്‍ എണീറ്റു നിന്നതായി ഒരു കഥയും അക്കാലത്ത്‌ കേട്ടിരുന്നു. സംഗീതജ്ഞനെ ജാതിയും മതവും നോക്കി വേര്‍തിരിക്കരുതെന്നും സംഗീതത്തിന്റെ ജാതിയും മതവും സ്നേഹം മാത്രമാണെന്നുമുള്ള ബിസ്മില്ലാ ഖാന്റെ വാദം പൂര്‍ണമായും അംഗീകരിച്ച്‌ കോടതി കേസ്‌ തള്ളുകയായിരുണു. ഇന്ത്യന്‍ ചരിത്രത്തില്‍ മറ്റൊരു സംഗീജ്ഞനും ഇത്തരത്തില്‍ കോടതി മുമ്പാകെ വാദിച്ചിട്ടുണ്ടാവില്ല. ആ അഭിമുഖത്തില്‍ തനിക്ക്‌ ഒരു ദിവസം കഴിയാന്‍ ആറു ചപ്പാത്തിയും അല്‍പ്പം സബ്ജിയും മാത്രം മതിയാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനുള്ള പണമേ തനിക്കു വേണ്ടൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാള്‍ക്ക്‌ എത്രയടി മണ്ണുവേണമെന്ന പഴയ ചോദ്യത്തിന്‌ ഇതു വഴി അദ്ദേഹം മറ്റൊരു വ്യാഖ്യാനം ചമയ്ക്കുകയായിരുന്നു.

ബിഹാറില്‍ നിന്നും വരണാസിയിലെത്തിയവരാണ്‌ ബിസ്മില്ലാഖാന്റെ കുടുംബം. തന്റെ ഹവേലിയില്‍ മക്കളും മരുമക്കളും മരിച്ചു പോയ സഹപ്രവര്‍ത്തകരുടെ(കൂടെ വായിച്ചിരു സംഗീതജ്ഞരുടെ) ബന്ധുക്കളുമടക്കം 110 പേരെ അദ്ദേഹം പോറ്റി വരികയായിരുന്നു. കച്ചേരികളില്‍ നിന്ന്‌ കിട്ടുന്ന പണം കൊണ്ട്‌ കാര്യങ്ങള്‍ നടത്താന്‍ കഴിയാതെ കുഴങ്ങിയപ്പോഴും സ്വന്തം മക്കളെപ്പോലെ മരിച്ചു പോയ സഹപ്രവര്‍ത്തകരുടെ മക്കളേയും ബന്ധുക്കളേയും അദ്ദേഹം പോറ്റി. രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന-യ്ക്ക്‌ അര്‍ഹനായ വിവരം അറിഞ്ഞപ്പോള്‍, കാശ്‌ വല്ലതും കിട്ടുമോ എന്നദ്ദേഹം ചോദിച്ചത്‌ ജീവിത ക്ലേശം കുറക്കാന്‍ കഴിയുമോ എന്നറിയാന്‍ വേണ്ടിയായിരുന്നു. അവസാന കാലത്ത്‌ പലപ്പോഴും കച്ചേരിക്ക്‌ വന്‍ തുക ചോദിച്ച്‌ ഖാന്‍ സാഹിബ്‌ ബഹളമുണ്ടാക്കി. ഇക്കാരണത്താല്‍ പല പരിപാടികളും മുടങ്ങി. ജുഗല്‍ബന്ദികളില്‍ തനിക്ക്‌ തരുന്നതിനേക്കാള്‍ പ്രതിഫലം മറ്റുള്ളവര്‍ക്ക്‌ നല്‍കുന്നുവെന്ന്‌ മനസ്സിലാക്കി അദ്ദേഹം വേദികളില്‍ കലഹിച്ചു. പ്രതിഫലം ചോദിച്ചുവാങ്ങാനറിയാതെ കബളിപ്പിക്കപ്പെട്ട ഒരു കലാകാരന്റെ അവസാന കാലത്തെ രോഷ പ്രകടനങ്ങളായിരുണു അവ. അന്ത്യാഭിലാഷം എന്ന നിലയില്‍ അടുത്ത കാലത്ത്‌ ഇന്ത്യ ഗേറ്റിന്‌ സമീപം നടത്താന്‍ തീരുമാനിച്ചിരുന്ന സംഗീത പരിപാടി പല കാരണങ്ങളാല്‍ നടക്കാതെ പോയി. അച്ചടക്കമില്ലാതെ പെരുമാറിയ സദസ്സുകള്‍ക്ക്‌ മുന്നില്‍ ഷെഹ്‌നായ്‌ താഴെ വെച്ച്‌ വായ്പാട്ട്‌ പാടി രാഗങ്ങളെ കുറിച്ച്‌ ക്ലാസെടുത്ത്‌ പ്രകോപനമുണ്ടാക്കി. ന്യൂയോര്‍ക്കില്‍ ഒരു പരിപാടിക്ക്‌ അവിടെത്തന്നെ തുടര്‍ന്നുള്ള കാലവും ജീവിക്കണമെന്ന ഒരു പറ്റം അമേരിക്കക്കാരുടെ ആവശ്യം പരിഗണിക്കാനേ പറ്റില്ലെന്ന്‌ പറഞ്ഞ്‌ അദ്ദേഹം വരണാസിയിലെ ഗലികളിലേക്ക്‌ മടങ്ങി.

1947-ല്‍ ഇന്ത്യ സ്വതന്ത്രമായി മാറിയ വേളയില്‍ പാര്‍ലമെന്റിലേക്ക്‌ പ്രധാനമന്ത്രി അടക്കമുള്ളവരെ സ്വീകരിച്ചാനയിച്ച സംഗീത സംഘത്തിലെ അംഗമായിരുണു ബിസ്മില്ലാ ഖാന്‍. ഉയരം കുറഞ്ഞ ഖാന്‍ സാഹിബിന്‌ ഷെഹ്‌നായി വായിച്ച്‌ നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു മനസ്സിലാക്കിയ നെഹ്‌റു അദ്ദേഹത്തോട്‌ മുന്നില്‍ നടക്കാന്‍ ആവശ്യപ്പെട്ടു. ഷെഹ്‌നായിയുമായി ബിസ്മില്ലാ ഖാനാണ്‌ സ്വതന്ത്ര ഇന്ത്യയുടെ പാര്‍ലമെന്റ്‌ മന്ദിരത്തിലേക്ക്‌ ആദ്യം കയറിയതെന്ന്‌ ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. സംഗീതത്തിന്റെ പാര്‍ലമെന്റില്‍ അദ്ദേഹമിപ്പോഴും ഷെഹ്‌നായി വാദകനായി നില്‍ക്കുകയാണ്‌.

93-ല്‍ കോഴിക്കോട്ട്‌ കച്ചേരി നടത്താനെത്തിയപ്പോഴാണ്‌ അദ്ദേഹത്തെ കാണുന്നതും നേരിട്ട്‌ കേള്‍ക്കുന്നതും. കടലിനോട്‌ ചേര്‍ന്ന ഹോട്ടലിലെ മുറിയില്‍ ഒന്നിനു പിറകെ ഒന്നായി ചാര്‍മിനാര്‍ വലിച്ചു തള്ളി, കാണാനെത്തുന്നവരെയെല്ലാം സ്വീകരിച്ച്‌, ഇടക്കിടെ ചായ സല്‍ക്കരിച്ച്‌ അദ്ദേഹം എല്ലാവരേയും പരിഗണിച്ചു കൊണ്ടിരുണു. മുറിയുടെ വാതില്‍ തുറന്നിടാന്‍ മാനേജറോട്‌ നിര്‍ദ്ദേശിച്ചു. വരുവരോടെല്ലാം സലാം പറഞ്ഞു. കോഴിക്കോട്ട്‌ വരുന്നതിന്‌ കുറച്ചു കാലം മുമ്പ്‌ തന്നെ അദ്ദേഹത്തിന്റെ കാല്‍മുട്ടുകളെ വാതം പിടികൂടിയിരുന്നു. കച്ചേരി ഹാളുകളിലേക്ക്‌ കാറിലും തുടര്‍ന്ന്‌ വീല്‍ച്ചെയറിലുമായാണ്‌ യാത്ര. ഇരിക്കാനും ഇരുന്നിടത്ത്‌ നിന്ന്‌ എഴുന്നേല്‍ക്കാനും പരസഹായം വേണം. ഷെഹ്‌നായിയെപ്പോലെ വീല്‍ച്ചെയറും ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു എന്ന്‌ അദ്ദേഹം ഇടക്കിടെ തമാശ പറഞ്ഞു കൊണ്ടിരുന്നു.

ഇതിനിടയിലേക്കാണ്‌ കോഴിക്കോട്ടെ ഒരു ഹിന്ദി അധ്യാപകന്‍ തന്റെ മക്കളുമായി അദ്ദേഹത്തെ കാണാന്‍ വരുത്‌. കുട്ടികളെ കണ്ടതോടെ ബിസ്മില്ലാ ഖാന്‌ വലിയ ആഹ്ലാദമായി. കുട്ടികളെ കൂട്ടിപ്പിടിച്ച്‌ പേരു ചോദിച്ചു. പാട്ടറിയുമോ എന്ന്‌ ചോദിച്ചു. കുട്ടികള്‍ അക്കാലത്തെ ഒരു ഹിറ്റ്‌ മലയാള സിനിമയിലെ പാട്ടു പാടി. ഉടനെ ബിസ്മില്ലാ ഖാന്‍ പെട്ടിയില്‍ നിന്ന്‌ ഷെഹ്നായ്‌ എടുക്കാന്‍ മാനേജറോട്‌ ആവശ്യപ്പെട്ടു. കുട്ടികള്‍ പാടുന്നതിനൊപ്പം ഷെഹ്നായ്‌ വായിച്ച്‌ മാല്‍ഖോംസ്‌ രാഗത്തെ കടമെടുത്താണ്‌ ഈ പാട്ടുണ്ടാക്കിയിരിക്കുന്നതെന്നു പറഞ്ഞു. ഇതിനിടെ അന്ന്‌ രാത്രി നടക്കുന്ന കച്ചേരിക്ക്‌ പാസ്‌ കിട്ടിയില്ലെന്ന്‌ പറഞ്ഞ്‌ ഒരു പറ്റം ചെറുപ്പക്കാര്‍ അദ്ദേഹത്തെ കാണാന്‍ വന്നു. നിങ്ങള്‍ എത്ര പേരുണ്ട്‌-12 ചെറുപ്പക്കാര്‍ പറഞ്ഞു. എന്റെ അതിഥികളാണെണ്‌ ഗേറ്റില്‍ പറഞ്ഞാല്‍ മതി. അതു ബുദ്ധിമുട്ടാണെങ്കില്‍ ഞങ്ങള്‍ പരിപാടിക്ക്‌ പോകുമ്പോള്‍ കൂടെ വന്നാല്‍ മതി. പരിപാടി നടക്കുന്ന ഹാളിലേക്ക്‌ ബിസ്മില്ലാ ഖാനും സംഘവും വന്ന വാഹനങ്ങളില്‍ നിന്ന് ഈ ചെറുപ്പക്കാര്‍ ഇറങ്ങി സംഘത്തോടൊപ്പം തെല്ല്‌ അഭിമാനത്തോടെ ഹാളിനകത്തേക്ക്‌ പോകുമ്പോള്‍ ബിസ്മില്ലാ ഖാന്‍ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.

ഒരു മണിക്കൂര്‍ പത്തു മിനിറ്റായിരുണു അന്നത്തെ കച്ചേരി. കുഡിയ രാഗം അദ്ദേഹം വിസ്തരിച്ച്‌ വായിച്ചു. തുടര്‍ന്ന്‌ ‘ക്യാ കരൂ സജ്‌നി ആയേന ബാലമ്‌..’, അവസാനം പൂര്‍വധുന്നില്‍ ഒരു രാഗവിസ്താരവും. കൂടെ വായിക്കുവരെല്ലാം മക്കളും മരുമക്കളുമാണ്‌. ഇളയ മകന്‍ നാസിര്‍ ഹുസൈനാണ്‌ പ്രധാന തബല വാദകന്‍. ഇടക്കിടെ അയാള്‍ ബിസ്മില്ലാ ഖാനെ വെട്ടിച്ച്‌ വായിക്കാന്‍ നോക്കി. തബലയില്‍ വിരലുകളില്‍ പതിയുന്നതിലെ ചെറിയ മാറ്റങ്ങള്‍ മനസ്സിലാക്കി ഉസ്താദ്‌ ഷെഹ്‌നായിയെ സ്വതന്ത്രമാക്കി. തബലിസ്റ്റ്‌ വഴുതി വീഴുമെന്ന നിലയിലായി. കഷ്ടപ്പെടാതിരിക്കാന്‍ പഴയ മീറ്ററില്‍ തന്നെ ഉസ്താദ്‌ തുടര്‍ന്ന് വായിച്ചു. സംഘവായനയില്‍ സോളോ പെര്‍ഫോമന്‍സ്‌ പാടില്ലെന്ന ശാസനയായിരുന്നു അത്‌. കുഡിയയുടെ വിസ്താരത്തില്‍ പ്രാണവായു ഷെഹ്‌നായിയായി മാറുന്നത്‌ അനുഭവിച്ചു. വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കവിളുകള്‍ വീര്‍ത്ത്‌ പൊട്ടിപ്പോകുമോ എന്നു ഭയന്നു. അങ്ങേയറ്റം ലയിച്ച്‌ കേള്‍വിക്കാരന്‌ നല്‍കാവുന്നതിന്റെ പരമാവധി സമ്മാനിക്കുകയാരുന്നു ബിസ്മില്ലാ ഖാന്‍. താഴ്‌സ്ഥായിയില്‍ വായിക്കേണ്ട സന്ദര്‍ഭങ്ങളിലെല്ലാം ഷെഹ്‌നായി അദ്ദേഹം മൈക്കിനോട്‌ കൂടുതല്‍ അടുപ്പിച്ചു. ഭൂരിഭാഗമാളുകളും താഴ്‌ സ്ഥായി വായിക്കുമ്പോള്‍ മൈക്കില്‍ നിന്ന്‌ പിന്നിലേക്കാണ്‌ പോവുക. ശബ്ദത്തിന്റെ കസവില്‍ നിന്ന്‌ ഒരിഴ അതിശ്രദ്ധം പുറത്തെടുക്കുന്ന പോലെ. ആ ഇഴ നന്നാക്കി വീണ്ടും കസവ്‌ പുടവയില്‍ തുന്നിച്ചേര്‍ത്ത്‌ മഴവില്ല്‌ നിര്‍മ്മിക്കുന്ന നെയ്ത്തുകാരനപ്പോലെ അദ്ദേഹം ആ കച്ചേരി നയിച്ചു. ഷെഹ്‌നായി എന്ന മംഗളവാദ്യത്തിന്റെ ഉത്സാഹം പൂര്‍വധുന്‍ അവതരണത്തോടെ സംഗീതശാലയില്‍ നിറഞ്ഞു നിന്നു. പൂര്‍വധുന്‍ വായിച്ച വേളയില്‍ നാടന്‍ പാട്ട്‌ കേട്ട്‌ ഒരു ഗോതമ്പ്‌ പാടം എണീറ്റ്‌ നില്‍ക്കുകയാണെണ്‌ തോന്നി. പാടത്തിന്‌ കുറുകെ ഇളം കാറ്റടിക്കുന്നു, ഗോതമ്പ്‌ ചെടികള്‍ നൃത്തം വെയ്ക്കുന്നു. സംഗീതശാലയിലേക്ക്‌ ഗോതമ്പ്‌ പാടത്തെ പ്രഭാതവും മധ്യാഹ്നവും സായാഹ്നവും രാത്രിയും കടന്നു വന്നു. രാത്രി പകലായി മാറുന്ന മുഹൂര്‍ത്തം വന്നണയുകയാണെണ്‌ തോന്നും മട്ടില്‍ ഉസ്താദ്‌ സംഗീതം അവസാനിപ്പിച്ചു. സംഗീത ശാലയിലെ വിളക്കുകള്‍ തെളിഞ്ഞു. ഇരുട്ടും വെളിച്ചവും ഇടചേര്‍ന്ന്‌ നിഴല്‍ വീഴ്ത്തിയ തെരുവുകളിലൂടെ ആസ്വാദകര്‍ പിരിഞ്ഞു പോയി. സംഗീതം മനസ്സിന്റെ പോഷണമാണെന്ന കാഫ്കയുടെ വരികളുടെ അര്‍ഥം പലരും ശരിക്ക്‌ മനസ്സിലാക്കിയത്‌ അന്നായിരിക്കണം.

പ്രായമുള്ളവര്‍ ഏറ്റവും ഭയപ്പെടേണ്ടത്‌ മഴക്കാലങ്ങളെയാണെന്ന്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ പറയാറുണ്ടായിരുന്നുവത്രെ. ഈര്‍പ്പം ദുര്‍ബലമായ ശ്വാസകോശങ്ങളില്‍ നിന്ന്‌ ജീവനെ പറിച്ചെടുക്കുമെന്ന്‌ ആസ്മാരോഗിയായ അദ്ദേഹം കരുതിയിരുന്നു. ഓരോ മഴക്കാലം കഴിയുമ്പോഴും ബഷീര്‍ ആയുസ്സ്‌ നീട്ടിക്കിട്ടി എന്ന്‌ കരുതാറുമുണ്ടായിരുണു. ഉത്തരേന്ത്യയിലെ ഈ മഴക്കാലം ഉസ്താദ്‌ ബിസ്മില്ലാ ഖാനെ ഒരു കച്ചേരിക്ക്‌ ക്ഷണിച്ച്‌ കൊണ്ടു പോവുകയായിരുന്നോ?

വി. മുസഫര്‍ അഹമ്മദ്‌
Subscribe Tharjani |
Submitted by Sunil on Sun, 2006-09-03 10:18.

അതിമനോഹരമായി എഴുതിയിരിക്കുന്നു മുസഫര്‍. നന്ദി ഈ വരികള്‍ ഇവിടെ വായിക്കാന്‍ കഴിഞതിന്

Submitted by mangalat on Sun, 2006-09-03 14:07.

മനോഹരമായ ഈ ലേഖനം എവിടെയെങ്കിലും അച്ചടിക്കുകകൂടി വേണം

Submitted by ദിലീപ് on Sun, 2006-09-03 20:47.

മനോഹരമായിരിക്കുന്നു. ഇത് അച്ചടി മഷി പുരളേണ്ടത് തന്നെ.

ബിസ്മില്ലാഖാന്റെ ഷെഹനായി പോലെ എന്ന ഒരു പ്രയോഗം തന്നെയില്ലെ? ഈ വിയോഗം ഒരു തീരാനഷ്ടം തന്നെ.

സ്നേഹപൂര്‍വം,
ദിലീപ്

Submitted by kvenunair on Sun, 2006-09-03 23:41.

വേണു.
മനോഹരമായിരിക്കുന്നു..
ഉസ്താതിനു് ആയിരം പ്രണാമങ്ങള്‍.

Submitted by baburaj on Mon, 2006-09-04 21:42.

ഒരു നല്ല ലേഖനത്തെ അഭിനന്ദിക്കുന്നതു മനസ്സിലാക്കാം. പക്ഷേ അത് അച്ചടിക്കേണ്ടതാണെന്നു മൂന്നുപേര്‍ ആവര്‍ത്തിച്ചു പറയുന്നത് നിസ്സാര കാര്യമല്ല. അച്ചടിയാണ് പ്രധാനം എന്നിവര്‍ വിചാരിക്കുന്നു എന്നല്ലേ അതിന്റെ അര്‍ത്ഥം. അതായത് അച്ചടിയേക്കാള്‍ താഴ്ന്ന ഒന്നാണ് ഈ വെബ് മാഗസീന്‍ എന്ന്. അറിയാതെയാണെങ്കിലും ലേഖനത്തെ പുകഴ്ത്തുന്നതിലൂടെ ഇവര്‍ തര്‍ജനിയെ താഴ്ത്തിക്കെട്ടുകയാണ് ചെയ്തിരിക്കുന്നത്..കലാകൌമുദിയില്‍ വന്ന ഒരു ലേഖനത്തെപ്പറ്റി “നല്ല ലേഖനം ഇതു മാതൃഭൂമിയിലാണ് വരേണ്ടത് “ എന്ന് കലാകൌമുദിയില്‍ തന്നെ ആരെങ്കിലും കത്തെഴുതുമോ...? പക്ഷേ അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്..!

Submitted by Sunil on Wed, 2006-09-06 11:02.

ബാബുരാജ് പറഞതില്‍ കാര്യമുണ്ട്‌. ഒരു പക്ഷെ ഇന്റെര്‍നെറ്റ് ഇപ്പോഴും വലിയൊരു ജനവിഭാഗത്തിന്റെ ഇടയിലേക്ക്‌ ഇറങിയിട്ടില്ല എന്നതിനാലാവാം ഇങനെ തൊന്നുന്നത്‌ (ഡിജിറ്റല്‍ ഡിവൈഡ്?)
തര്‍ജ്ജനിയെ താഴ്ത്തിക്കെട്ടി എന്ന്‌ ഞാന്‍ വിചാരിക്കുന്നില്ലെങ്കിലും...

-S-