തര്‍ജ്ജനി

മുഖമൊഴി

എഴുത്തും വായനയും

എന്തിനാണ്‌ എഴുതുന്നതെന്നതിനുള്ള ഉത്തരം എന്തിനാണ്‌ വായിക്കുന്നത്‌ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലുണ്ട്‌. എഴുത്തില്‍ വായനയും വായനയില്‍ എഴുത്തും അന്തര്‍ലീനമാണ്‌. വായനയാണ്‌ ക്രമേണ എഴുത്തിലേക്ക്‌ നയിക്കുന്നതെന്നും വായനയിലെ പാഠനിര്‍മ്മാണം എഴുത്തല്ലാതെ മറ്റൊന്നുമല്ലെന്നുള്ള നിരീക്ഷണങ്ങള്‍ ഈ വഴിക്കുള്ള തെളിച്ചങ്ങളാണ്‌. രണ്ടിനുമുള്ള പ്രേരണയും ചോദനയും ഉറവ പൊട്ടുന്നത്‌ ഒരിടത്തുനിന്നുതന്നെ. മനുഷ്യന്‍ സ്വയം ഭാഗഭാക്കാവുന്ന മനുഷ്യാവസ്ഥയെന്ന സങ്കീര്‍ണ്ണതയെ അറിയാനും വരുതിയിലാക്കാനുമുള്ള, മനുഷ്യനോളം തന്നെ പഴക്കമുള്ള ധൈഷണികവ്യവഹാരങ്ങളുടെ ലാവണ്യവഴിയിലാണ്‌ എഴുത്തും വായനയും മുള പൊട്ടുന്നതും തളിര്‍ക്കുന്നതും.

ദുര്‍ജ്ഞേയമായ ഒരു കോട്ടപോലെ മനുഷ്യാവസ്ഥയെ ചുറ്റി കാലം സന്നിഹിതമായിരിക്കുന്നു. ജരാനരകളും മൃതിയും കാലത്തിന്റെ അപ്രതിരോധ്യതയ്ക്ക്‌ അടിവരയാകുന്നു. ഒരിക്കലെങ്കിലും കാലത്തെ ധ്യാനവിഷയമാക്കാത്ത മനുഷ്യരാരുണ്ട്‌? മനുഷ്യാവസ്ഥ സങ്കീര്‍ണ്ണവും ക്ലേശഭരിതവും തന്നെ. എന്നും എവിടെയും എഴുത്തിന്റെ അന്തര്‍ധാരകള്‍ ഇതൊക്കെത്തന്നെയെന്ന്‌ കാലത്തെ അതിജീവിച്ച രചനകള്‍ വായനക്കാരോട്‌ പിന്നെയും പിന്നെയും അടക്കം പറയുന്നു.

എഴുത്ത്‌ മാത്രമല്ല, സകല കലകളും ആവിഷ്കരിക്കാന്‍ ഉദ്യമിക്കുന്നത്‌ മനുഷ്യാവസ്ഥയെ സംബന്ധിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ്‌. അതല്ല, ഇതല്ല, അങ്ങിനെയല്ല, ഇങ്ങിനെയല്ല എന്നൊക്കെ വ്യഞ്ജിപ്പിച്ചുകൊണ്ട്‌ സങ്കീര്‍ണ്ണതയെയും ദുര്‍ജ്ഞേയതയെയും വെളിപ്പെടുത്താനും വരുതിയിലാക്കാനും എഴുത്ത്‌ പരിശ്രമിക്കുന്നു. സമുദ്രത്തെ ചിപ്പിക്കുള്ളില്‍ ഒതുക്കുന്നതിനേക്കാള്‍ ക്ലേശകരമെന്ന്‌ അറിയുമ്പോഴും എഴുത്തിന്റെ ഉറവുകള്‍ ക്ഷയിക്കുന്നില്ല; നരകവാതില്‍ക്കലെ നചികേതസ്സിനെപ്പോലെ അത്‌ പിന്നെയും പ്രശ്നോത്തരികളുടെ മഹാസ്ഥലികള്‍ തീര്‍ക്കുന്നു. മനുഷ്യാവസ്ഥയെ സംബന്ധിക്കുന്ന സങ്കീര്‍ണ്ണയാഥാര്‍ത്ഥ്യങ്ങളെ എഴുത്തിലൂടെ കടത്തിവിടുമ്പോള്‍ അത്‌ മനുഷ്യജ്ഞാനത്തിന്റെ ഭാഗമായി മാറുനു. ചുറ്റുമുള്ള കാലത്തെയും ലോകത്തെയും തൊട്ടറിയാന്‍ എഴുത്ത്‌ ഉപകരണമാകുന്നത്‌ അങ്ങിനെയാണ്‌. എഴുത്തിലെ സര്‍ഗ്ഗാത്മകതയെന്നത്‌ സ്വര്‍ഗ്ഗീയവെളിപാടുകളെയും പ്രത്യയശാസ്ത്രങ്ങളെയും സംശയിച്ചുകൊണ്ട്‌ സ്വതന്ത്രവും നിര്‍ഭയവുമായി മനുഷ്യരെയും അതുവഴി ലോകത്തെയും സഹഭാവത്തോടെ അഴിച്ചുപണിയാനുള്ള കാലാതിവര്‍ത്തിയും സാര്‍വലൌകികവുമായ തീഷ്ണതയുടെ ഭാഗമായി മാറാനുള്ള എഴുത്തിന്റെ സാധ്യതയല്ലാതെ മറ്റൊന്നല്ല. ആരൊക്കെ എന്തൊക്കെ നിര്‍ണ്ണയിച്ചാലും ഏതൊക്കെ കള്ളികളിലേക്ക്‌ എഴുത്തിനെ അടുക്കിപ്പെറുക്കിയാലും ഇതിന്‌ മാറ്റമുണ്ടാകുന്നില്ല.

എഴുത്തിന്‌ ഒരു വരേണ്യതയുണ്ട്‌. എന്നാലും അത്‌ വിശിഷ്ടര്‍ക്കോ അന്യഗ്രഹജീവികള്‍ക്കോ വേണ്ടിയുള്ളതല്ല. വിശിഷ്ടരോ അപൂര്‍വജീവികളോ സര്‍ക്കസിലെ അഭ്യാസികളോ ആയി സ്വയം നിര്‍ണ്ണയിക്കുന്ന എഴുത്തുകാരുടെ പടപ്പുകള്‍ അവരുടെ ഭൌമകാലം പോലും താണ്ടുകയുമില്ല.

ജീവിത്തെ ഒരു മാധ്യമത്തിലൂടെ ആവിഷ്കരിക്കാനുള്ള മനുഷ്യയത്നത്തിന്റെ കൊടിപ്പടം ഏന്തുന്നത്‌ എഴുത്തുകാരാണ്‌. എഴുത്തിലാണ്‌ ജീവിതത്തിന്റെ ഉണ്മ തിരനോക്കുന്നത്‌. ബാക്കിയുള്ളവയെല്ലാം കേവലം വിശദാംശങ്ങള്‍ മാത്രം.

പി.ജെ.ജെ. ആന്റണി
Subscribe Tharjani |
Submitted by Sunil on Wed, 2006-09-06 10:59.

എന്നെഴുത്തുകാരന്‍ പറയുന്നതല്ലേ? ഒരു നല്ല ചിത്രകാരന്‍ അല്ലെങ്കില്‍ മറ്റേതൊരു ക്രിയാത്മകപ്രവര്‍ത്തിയും അങനെത്തന്നെയല്ലെ?
തര്‍ജ്ജനിയുടെ മുഖചിത്രം വളരെ നല്ലത്‌.
-S-