തര്‍ജ്ജനി

ജീവിതം

ആ കടം തീരാന്‍ എത്ര കാലം കരയണം?

എനിക്ക് ആകെക്കൂടെയുള്ളത്‌ കുറച്ചു സുഹൃത്തുക്കള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ അവരുടെ വീട്, കുട്ടികള്‍,ബന്ധുക്കള്‍ എല്ലാം അറിയാതെ തന്നെ എന്റെ ആരൊക്കെയോ ആയിത്തീരാറുണ്ട്.

വയനാടന്‍ ചുരമിറങ്ങി കോഴിക്കോടെത്തിയാല്‍ അന്തിയുറങ്ങുന്നത് പലപ്പോഴും നൌഷാദിന്റെ വീട്ടിലാണ്. കഴിഞ്ഞ തവണ ചെന്നപ്പോള്‍ അവന്റെ മകന്‍ (ഞങ്ങളവനെ കുഞ്ഞൂട്ടന്‍ എന്നാണ് വിളിക്കാറ്.) എന്റെ അടുത്തുവരികയോ മടിയില്‍ കയറി ഇരിക്കുകയോ ചെയ്തില്ല. അവനങ്ങനെയൊന്നുമായിരുന്നില്ല. വളരെ നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ മുറിയില്‍നിന്നും പുറത്തുവന്നു. പളുങ്കു പോലുള്ള അന്റെ മുഖത്തെല്ലാം ചെറിയ ചെറിയ കുരുക്കളുണ്ടായി പൊട്ടിയൊലിച്ചുകൊണ്ടിരുന്നു. ഞാനവനെ ചേര്‍ത്തുപിടിച്ചു. ബലം പ്രയോഗിച്ച് മടിയിലിരുത്തിനോക്കി. പക്ഷെ അവന്‍ ഒന്നിലും താത്പര്യം കാണിക്കാതെ ഇറങ്ങിപ്പോയി. ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജിയാണന്നും അത്ര സാരമല്ലായെന്നും മരുന്നു കഴിക്കുന്നു എന്നും നൌഷാദ് പറഞ്ഞു.

അടുത്ത ദിവസം ഞാന്‍ തിരിച്ചു ബത്തേരിയിലേക്കു പോകുമ്പോള്‍ എന്നെ അലട്ടിയത്‌ ഞാനിന്നലെ കുഞ്ഞിനോട് അടുത്തിടപഴകിയില്ലെന്നതായിരുന്നു. തൊട്ടടുത്ത ദിവസത്തെ ഒരു സംഭവമായിട്ടും വര്‍ഷങ്ങള്‍ക്കുമുമ്പ് സംഭവിച്ചതുപോലെ വീണ്ടും അതോര്‍മ്മയില്‍.

ഇല്ല. ഞാനവനെ അകറ്റിനിര്‍ത്തിയിട്ടില്ല. ഏതൊരു കുട്ടിയെ കാണുമ്പോഴും അടുത്തു പെരുമാറുമ്പോഴും ഉള്ളില്‍നിന്നങ്ങനെയൊരു വേവലാതി എന്നെ വന്നു ഞെരുക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അങ്ങനെയുള്ളൊരു വികാരം എന്നിലേക്കു കയറ്റി വിട്ടത് അമ്മായിയുടെ മോനായിരുന്നു. ബാപ്പയുടെ പെങ്ങളായ പാത്തുമ്മ അമ്മായി. എനിക്ക് ഒര്‍മ്മവെച്ച നാള്‍ മുതല്‍ അവര്‍ ഞങ്ങളുടെ വീട്ടിലുണ്ടു്. മുപ്പതാം വയസ്സിലും അമ്മായി വൃത്തിയായി നടക്കണമെങ്കില്‍ ഉമ്മ കുളിപ്പിക്കണം. അവരെ കല്യാണം കഴിച്ചു കൊടുത്തെങ്കിലും അമ്മായിയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഞങ്ങളുടെ വീട്ടില്‍ തന്നെ കൊണ്ടുവിട്ടു. ആയിടയ്കാണ് ബാപ്പയുടെ കച്ചവടം കടം കയറി മുടിഞ്ഞത്. വീടും സ്ഥലവും വില്‍ക്കേണ്ടി വന്നു.ഞങ്ങള്‍ വയല്‍ പ്രദേശത്തുള്ള ചെറിയൊരു വീട്ടിലേക്ക് താമസം മാറ്റി.

വീട്ടിലുള്ളവരുടെ സ്വരം താഴ്ത്തിയുള്ള സംസാരങ്ങള്‍ക്കിടയിലാണ് ഞാനറിയുന്നത് അമ്മായി ഗര്‍ഭിണിയാണന്ന്. സൌകര്യങ്ങള്‍ തീരെയില്ലാത്ത വീട്ടില്‍ ഇടുങ്ങി ജീവിക്കുകയായിരുന്നു ഞങ്ങള്‍. വീടിനു പുറകിലൂടെ ഒരു തോടൊഴുകുന്നുണ്ടായിരുന്നു. മഴക്കാലമായപ്പോഴേക്കും തോട് നിറഞ്ഞു കവിഞ്ഞു. വെള്ളം അടുക്കള വാതില്‍ വരെ എത്തി. കുളിമുറിയില്‍ വരെ പോകാന്‍ വയ്യാതായി. ഉമ്മ പാടെ നിശബ്ദയായി. പെങ്ങന്‍മാര്‍ പിറു പിറുക്കാന്‍ തുടങ്ങി. സൌകര്യങ്ങള്‍ക്കിടയില്‍ ജീവിച്ച ഞങ്ങള്‍ക്ക് ഇത്തരം കഷ്ടതകള്‍ അസഹ്യമായി. ഉമ്മയുടെ കണ്ണുകള്‍ക്കും അപ്പോള്‍ കലങ്ങിയ വെള്ളത്തിന്റെ നിറമായിരുന്നു.

അമ്മായി പ്രസവിച്ചു. കരച്ചില്‍ നിര്‍ത്താത്ത കുട്ടി. കാലവര്‍ഷം. വയലിലെ ഈര്‍പ്പന്‍ കാറ്റ്. കടക്കാര്‍ നിരന്തരം ചെളി ചവിട്ടിക്കയറ്റുന്ന വീട്. വീട് കലങ്ങിയ വെള്ളത്തിനു നടുവില്‍ ഒറ്റപ്പെട്ടു. കടം തരാന്‍പോലും ആരും തയ്യാറായില്ല. എല്ലാറ്റിനും പുറമേ അമ്മായിയുടെ കുട്ടിയുടെ വിശപ്പും കൂടി ക്കൂടി വന്നു. അവന്റെ വിശപ്പിന്റെ ആഴം കൂടുന്തോറും കുര്‍ത്ത തലയിലെ കണ്ണുകള്‍ കുഴിയിലാണ്ടു. ഉന്തിനില്‍ക്കുന്ന നെഞ്ചിനുതാഴെ കൊള്ളിപോലുള്ള എല്ലിന്‍ കൂടിന്മേല്‍ മാംസം തൂങ്ങിക്കിടന്നു. മേലാകെ പരുപരുത്ത കുരുക്കള്‍. അവന്റെ തീറ്റകണ്ട് എല്ലാവരും പറയും.: ഇത്ര ചെറിയ കുട്ടി ഇങ്ങനെ തിന്ന്വോ.. ഇതെന്തോ തീറ്റയാ”-- ഒരടുപ്പവും ഞാനവനോട് കാണിച്ചില്ല. കുഞ്ഞുങ്ങളോട് കാണിക്കേണ്ടുന്ന ഒരു സ്നേഹവും പ്രകടിപ്പിക്കാതെ, അവനെ കളിപ്പിക്കാതെ അവഗണിക്കുന്നഎന്നോട് ഉമ്മ പറയും .

“അര്‍ഷാദേ, ഇതുനിന്റെ അനുജനാണെടോ, നീ ഇങ്ങനെയൊന്നും കാണിക്കരുത്...”

എനിക്കുള്ളത് രണ്ട് സഹോദരികളാണ്. അതുകൊണ്ട് ഞാനെപ്പോഴും ഉമ്മയോട് പരാതിപ്പെടാറുണ്ട്. “ ഉമ്മയ്ക്കൊരു ആണ്‍കുഞ്ഞിനെ പ്രസവിച്ചുകൂടെയെന്ന്. എനിക്കൊരു വെളുത്തു തടിച്ച അനിയനെ കിട്ടിയിരുന്നെങ്കില്‍. എന്റെ അപ്പോഴത്തെ അപക്വമായ മനസ്സില്‍ വെളുത്തുതടിച്ച കുട്ടികള്‍ നിറഞ്ഞു നിന്നു. കവിളുകള്‍ തുടുത്ത, പാല്‍ പോലെ ചിരിക്കുന്ന, കലണ്ടറിലെല്ലാം കാണുന്ന പോലത്തെ കുട്ടികള്‍. അതുകൊണ്ടു തന്നെ അമ്മായിയുടെ കുഞ്ഞു് മനസ്സില്‍ വെറുപ്പിന്റെ ഒരു ചീളായി തങ്ങിക്കിടന്നു.

ഞാനവനെ എടുത്ത് മാറോടണച്ചില്ല. തമാശകള്‍ കാണിച്ച് ചിരിപ്പിച്ചില്ല. ഒരിക്കല്‍ അവന്‍ മൂത്രമൊഴിച്ചതില്‍ കയ്യിട്ടടിച്ചു വായിലേക്ക് കൊണ്ടു പോകുന്ന കണ്ടുകൊണ്ടിരുന്ന ഞാനവന്റെ കയ്യില്‍ അറപ്പോടെ പിടിച്ചു. മാംസം ഉരിഞ്ഞു വരുന്നുണ്ടോയെന്നുപോലും ഞാന്‍ ഭയന്നു.അവന്‍ പെട്ടന്ന് എന്റെ മുഖത്തേക്കു നോക്കി ചിരിച്ചു.ആദ്യമായിട്ട് കാണുകയാണ് അവനില്‍ നിന്ന് ഇങ്ങനെയൊരു ചിരി. കുഴിയിലാണ്ടകണ്ണുകള്‍ കിണറ്റില്‍ വീണ രണ്ടു നക്ഷത്രങ്ങള്‍ പോലെ തിളങ്ങി. ഞാനവനെ ആദ്യമായി തൊട്ടതുകൊണ്ടായിരിക്കുമോ ഇങ്ങനെ ചിരിച്ചത്.

എനിക്കറിഞ്ഞുകൂട. ഭൂമിയിലെ എല്ലാ നിഷ്കളങ്കതയും അലിഞ്ഞു ചേര്‍ന്ന ചിരി. എല്ലാ ദുഃഖങ്ങളും ഉണര്‍ത്തി വിട്ട ചിരി. നെഞ്ചകത്ത് കിടന്ന് വിങ്ങുകയാണ് ഇപ്പോഴും ആനിമിഷം.

അമ്മായി വന്ന് അവനെ കഴുകാനായി കൊണ്ടുപോകുമ്പോഴുമെനിക്കവനെ എടുക്കാന്‍ തോന്നിയില്ലല്ലോ. ഞാനവനെ അകറ്റിയത് അവന് മനസ്സിലായിക്കാണുമോ. ഞാന്‍ ഒന്നെടുക്കാനും എന്റെകൂടെ കളിക്കാനും അവന്‍ ആഗ്രഹിച്ചിട്ടുണ്ടാകുമോ? ഞായറാഴ്ച ദിവസം ഞങ്ങളെല്ലാരും കുടുംബത്തിലൊരു കല്യാണത്തിന്പങ്കെടുത്ത് തിരികെ എത്തിയപ്പോള്‍ അവന്‍ തീരെ വയ്യാതെ കിടക്കുന്നതാണ് കണ്ടത്.

“പാത്തുമ്മ, ഞങ്ങളു പോകുമ്പോള്‍ കുട്ടിക്കൊന്നുമില്ലായിരുന്നല്ലോ പിന്നെന്താ പറ്റീത്-“ ഉമ്മ അമ്മായിയുടെ അടുത്ത് ആവര്‍ത്തിച്ച് ചോദിച്ചു.

അടുത്ത വീട്ടിലുള്ളവര്‍ പറയുമ്പോഴാണ് കാര്യമറിയുന്നത്. വീടിന്റെ പുറകിലായി ചെറിയൊരു വെള്ളം നിറഞ്ഞ കുഴിയുണ്ട്. കുട്ടിയെ കഴുകിക്കാനായി ചെന്നപ്പോള്‍ കൈയില്‍ നിന്ന് വഴുതി വെള്ളത്തിലേക്ക് വീണുവത്രെ.

”റബ്ബേ, ചതിച്ചല്ലോ“.ഉമ്മ കരഞ്ഞുകൊണ്ട് അവനെയെടുത്ത് ആശുപത്രിയിലേക്കു പോയി. കൂടെ ഞാനും. മരുന്നു വാങ്ങിച്ചുകൊണ്ട് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് തിരിച്ചു പോരുമ്പോള്‍ ഉമ്മയുടെ മടിയില്‍ കിടന്ന് ഉമ്മയുടെ കണ്ണുകളിലേക്കു തന്നെ ഉറ്റുനോക്കുന്നു. കരയാത്ത, ചിരിക്കാത്ത, അനക്കമില്ലാത്ത നോട്ടം.
“ഉമ്മ എന്റെ മടീലു വെക്ക്വോ....“ ഞാന്‍ ചോദിച്ചു.
“വേണ്ട.. വേണ്ട സുകോല്ലാത്തതാ..” മൂന്നു ദിവസം അവന്‍ അനങ്ങാതെ കിടന്നു.

മഴയുള്ളൊരു ദിവസം സ്കൂള്‍വിട്ട് വീട്ടിലേക്കെത്തിയപ്പോള്‍ മുറ്റത്ത് ആള്‍ക്കൂട്ടം. വെള്ളത്തുണിയില്‍ പൊതിഞ്ഞ അവന്റെ കുഞ്ഞു ശരീരം. ഞാന്‍ ബാപ്പയുടെ അടുത്ത് ചേര്‍ന്നു നിന്നു. ചെറിയൊരു പലകയില്‍ മൈദിനിയിലേക്കു കൊണ്ടു പോകാനായി ഉയര്‍ത്തിയപ്പോള്‍ ഞാനും ഒരറ്റം പിടിച്ചു. ഒന്നരവര്‍ഷം വീട്ടിലുണ്ടായിരുന്നിട്ടും ഒരിക്കല്‍ പോലും ഞാനവനെ എടുത്തിരുന്നില്ല. ഒടുക്കം അവന്‍ തന്നെ നിശ്ശബ്ദമായി എന്നെക്കൊണ്ട് അവനെ എടുപ്പിച്ചു.

കറുത്ത ശരീരത്തില്‍ നിന്ന് വെളുത്തചിരി ചിരിച്ചുകൊണ്ട് അങ്ങേയറ്റം അവനെന്നെ തോല്‍പ്പിച്ചതായി കാലങ്ങള്‍ക്കുശേഷം ഞാന്‍ തിരിച്ചറിഞ്ഞു.

മഴപെയ്തു തോര്‍ന്ന വൈകുന്നേരം വിരലിലെണ്ണാവുന്ന ആളുകളുടെ അകമ്പടിയോടെ അവന്‍ യാത്രയായി. ഞാനവനെ സ്നേഹിച്ചിരുന്നില്ലെന്ന് അവനറിയുമായിരുന്നോ? ഓര്‍മ്മകളിലെരിഞ്ഞെരിഞ്ഞ് ഒടുവില്‍ തീക്കനല്‍കൊണ്ട് നിറഞ്ഞപ്പോള്‍ പില്‍ക്കാലത്ത് അമ്മായിയുടെയും മകന്റെയും ജീവിതം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ താളുകളില്‍ കറുത്ത ഭൂപടത്തിലെ പക്ഷി എന്ന പേരില്‍ കഥയായി അടിച്ചുവന്നു. പലരും എന്നോട് ചോദിച്ചു. ഇങ്ങനെയൊരു അമ്മായിയും മകനും അര്‍ഷാദിന്റെ വീട്ടിലുണ്ടോ? നല്ല കഥയായിരുന്നു.

കഥയല്ല, അതെന്റെ കണ്ണുനീര്‍ കണങ്ങളായിരുന്നുവെന്ന് ഞാന്‍ ആരോടും പറഞ്ഞില്ല. പിന്നീട് തമിഴിലെ പ്രശസ്തെഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് ഈ കഥ തമിഴിലേക്ക് മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിച്ചു. എക്കാലത്തേയും പ്രതിഭയായ മാധവിക്കുട്ടി എന്റെ പുസ്തകത്തിന്റെ അവതാരികയില്‍ ഇങ്ങനെയെഴുതി:

“കറുത്ത ഭൂപടത്തിലെ പക്ഷി“ എന്ന കഥ വായിച്ചപ്പോള്‍ ഞാന്‍ നക്ഷത്രങ്ങളില്ലാത്ത കറുത്ത ആകാശം കണ്ടു, അസ്വസ്ഥയായിയെന്ന്‌.

അര്‍ഷാദ് ബത്തേരി
ഷഹനായി
പൂമല പി.ഒ
വയനാട്-673592
Subscribe Tharjani |
Submitted by avanianamika on Thu, 2006-09-28 11:11.

Hai...

Years back we met at the kottayam book fair... and you compelled me to buy one book, just b's there was one of your stories... after that whenever i see your name in the periodicals, me compelled myself not to skip it and to make time to read it...but never tried to contact ..

let me take this opportunity to express my well wishes .. thanks for giving some good words to read...