തര്‍ജ്ജനി

സംസ്കാരം

ജനതയും അധികാരവും : സ്വാമി ആനന്ദതീര്‍ത്ഥന്റെ എതിര്‍പാഠങ്ങള്‍

ആധുനികത സാമ്രാജ്യത്വത്തിന്റെ കൂടെയാണ്‌ വന്നത്‌. എങ്കിലും അത്‌ ജനങ്ങളുടെ അധികാരം എന്ന സങ്കല്‍പം അവതരിപ്പിക്കുകയും പല പ്രകാരത്തില്‍ നടപ്പില്‍ വരുത്തുകയും ചെയ്തു. പൊതുനിരത്തുകള്‍, വാഹനങ്ങള്‍, വിദ്യാലയങ്ങള്‍, അച്ചടി, ഗ്രന്ഥാലയങ്ങള്‍, വാര്‍ത്താപത്രങ്ങള്‍, കച്ചവടകേന്ദ്രങ്ങള്‍, നിയമവാഴ്ച; ഇവയെല്ലാം ജനങ്ങള്‍ എന്ന സങ്കല്‍പ്പത്തെ വളര്‍ത്തിയെടുക്കുന്നതില്‍ സഹായകമായിത്തീരുന്നുണ്ട്‌. ആധുനികത ചോദ്യം ചെയ്തത്‌ അധികാരത്തിന്റെ പരമ്പരാഗതരൂപങ്ങളെയും സ്ഥാനങ്ങളെയുമായിരുന്നു. ഇന്ത്യനവസ്ഥയില്‍ അധികാരത്തിന്റെ ഏറ്റവും കട്ടിയുളള രൂപം ബ്രാഹ്മണ്യത്തിന്റേതാണ്‌. അത്‌ നിത്യവ്യവഹാരങ്ങളുടേയും മാനസിക ജീവിതത്തിന്റെയും മേലെ ഉപരിവര്‍ഗ്ഗത്തിന്റെ ചൂഷണവേലകള്‍ വിന്യസിച്ചു. ബ്രാഹ്മണാധികാരം ആധുനികതയിലും അതിജീവനത്തിനുവേണ്ടിയുളള മിടുക്ക്‌ കാട്ടുന്നുണ്ട്‌. മറ്റ്‌ ജാതികളിലെ ജന്മിമാരുടെ ആളുകളായിത്തീര്‍ന്ന്‌ അവര്‍ പിന്തുണയ്ക്കുന്ന വിദേശ ഭരണത്തിന്റെ സൌകര്യങ്ങള്‍ നുകരുന്നതിനോടൊപ്പം അതിന്റെ മാനസികശാസ്ത്രങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാനുളള തന്ത്രങ്ങള്‍ ബ്രാഹ്മണപുരോഹിതസമൂഹം ഫലപ്രദമായി നടപ്പാക്കി വന്നിരുന്നു. വിശ്വാസത്തിന്റെ അമൂര്‍ത്തത, ക്ഷേത്രം എന്ന സ്ഥാപനം - ഈ രണ്ടിനങ്ങളുമായി ബന്ധപ്പെട്ടതാണ്‌ ബ്രാഹ്മണാധികാരം. അതിനാല്‍ അതിനെ വെല്ലുവിളിക്കുകയെന്നത്‌ എളുപ്പമായിരുന്നില്ല. ബ്രാഹ്മണാധികാരത്തിന്‍ കീഴില്‍, ഹീനജന്മങ്ങളായി കഴിയുന്നവര്‍തന്നെ ബ്രാഹ്മണരെ ധിക്കരിക്കുകയെന്നത്‌ പാപമായി കരുതിയ ഘട്ടം ഉണ്ടായിരുന്നു. അതിനാല്‍ ആധുനികതയിലെ ജനതാ സങ്കല്‍പ്പത്തിന്റെ സംസ്ഥാപനം പലതലങ്ങളില്‍ ഒരേസമയം നടക്കേണ്ട അത്യന്തം ക്ലേശകരമായ ഒരു പ്രക്രിയയായി മാറുന്നുണ്ട്‌.
ഇതിന്‌ വിദേശമാതൃകകള്‍ കിട്ടാനില്ല - സെമിറ്റിക്‌ സങ്കല്‍പം പുലരുന്ന യൂറോ-അമേരിക്കന്‍ നാഗരികതകളിലെ പൌരോഹിത്യവിരുദ്ധ സമരങ്ങളില്‍ നിന്ന്‌ വളരെ വ്യത്യസ്തമാണ്‌ ജാതികളും ഉപജാതികളും, അവയുടെ വിവിധ സ്ഥാപനങ്ങളും കൊണ്ട്‌ സങ്കീര്‍ണ്ണമായ ഇന്ത്യനവസ്ഥയിലെ സമരങ്ങള്‍. ജാതി-മത മുക്തമായ ജനതയെ ഉണ്ടാക്കാനുളള സ്വാമി ആന്ദതീര്‍ത്ഥന്റെയടക്കമുളള ജീവിതങ്ങള്‍ സമരങ്ങളുടെ സമാഹാരമായിത്തീരുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.

സ്വാമി ആനന്ദതീര്‍ത്ഥന്‍ ആധുനികതയെ നിര്‍വ്വചിച്ചത്‌ അഥവാ നിര്‍വ്വഹിച്ചത്‌ ബ്രാഹ്മണധികാരവിരുദ്ധവും സംവാദാത്മകവും പൊതുവിദ്യാഭ്യാസ സങ്കല്‍പംകൊണ്ട്‌ വിമോചനാത്മകവും പാരമ്പര്യാനുസാരിയല്ലാത്ത തൊഴിലവസരങ്ങളുടെ ഇടമെന്നനിലയില്‍ മത്സരാധിഷിഠിതവുമായ ദേശീയപ്രയോഗമായിട്ടാണ്‌. യുക്തിചിന്തകൊണ്ട്‌ പാരമ്പര്യത്തെയും സമകാലികതയെയും മൂല്യനിര്‍ണ്ണയം ചെയ്യേണ്ടതുണ്ട്‌ എന്നും അനുഷ്ഠാനാത്മകമായി ഒന്നും നിലനില്‍ക്കേണ്ടതില്ല എന്നും സ്വാമി നിശ്ചയിച്ചു. അദ്ദേഹം ആധുനികതയെ ഒരു ഫലമായിട്ടല്ല, പ്രക്രിയയായിട്ടാണ്‌ മനസ്സിലാക്കിയത്‌. അതിനാല്‍ സ്വാമിയ്ക്ക്‌ വിശ്രമത്തിന്റെ ഒരു കാലം സ്വേച്ഛയാലേ ഉണ്ടായില്ല. പഴയ വീരസ്യങ്ങളുടെ ഓര്‍മ്മകള്‍ കൊണ്ട്‌ വാര്‍ദ്ധക്യദിനങ്ങളെ കൃത്രിമമായി സജീവമാക്കേണ്ടതായും വന്നില്ല.

ബ്രാഹ്മണാധികാരവ്യവസ്ഥ നൂറ്റാണ്ടുകളായി സ്വന്തം അതിജീവനത്തിനായി ഉപയോഗപ്പെടുത്തിയ പല തന്ത്രങ്ങളെയും ആധുനികതയുടെ ബദല്‍തന്ത്രങ്ങള്‍കൊണ്ട്‌ സ്വാമി എതിര്‍ക്കുന്നുണ്ട്‌. ബ്രാഹ്മണാധികാരം മണ്ണും ആകാശവും പോലെ പ്രാകൃതികം (natural) അല്ലെന്നും അത്‌ ഒരു ചരിത്രഘട്ടത്തിലെ സാമ്പത്തിക ബന്ധങ്ങളുമായി ചേര്‍ന്ന്‌ പിറന്നതും വളര്‍ന്നതുമാണെന്നും സ്വാമി തിരിച്ചറിഞ്ഞിരുന്നു. മാറിയ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളില്‍ സ്വാഭാവികമായി സംഭവിക്കേണ്ട അതിന്റെ പതനത്തിന്‌ സമരമാര്‍ഗ്ഗങ്ങളിലൂടെ ആക്കം കൂട്ടേണ്ടതുണ്ടെന്നാണ്‌ സ്വാമി ചെയ്തു കാട്ടിയത്‌. ഈ സമരം ബ്രാഹ്മണജാതിയെന്ന ഒറ്റ ജാതിയുടെ അധികാരത്തിന്റെ നേര്‍ക്കുളള നീക്കം മാത്രമല്ലെന്നതാണ്‌ സ്വാമിയുടെ ജീവിതത്തെ കൂടുതല്‍ നാടകീയവും ക്ലേശം നിറഞ്ഞതുമാക്കി തീര്‍ക്കുന്നത്‌. ബ്രാഹ്മണാധികാരത്തിന്റെ നിയമങ്ങളെ സ്വന്തം ജാതികളുടെ മേല്‍ക്കൈ നിലനിര്‍ത്താനായി സ്വാംശീകരിച്ച "അവര്‍ണ്ണ" സമുദായങ്ങളടക്കം ഇവിടെയുണ്ട്‌. ഒരു ഭാഗത്ത്‌ (സവര്‍ണ്ണ) ക്ഷേത്രങ്ങളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുമ്പോള്‍ തന്നെ, സ്വന്തം ക്ഷേത്രങ്ങളിലും അതിനടുത്ത നിരത്തുകളിലും ഹരിജനങ്ങള്‍ കയറാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തിയിരുന്നു ആ സമുദായങ്ങള്‍. സ്വാമിയ്ക്ക്‌ ബ്രാഹ്മണാധികാരത്തിന്റെ ഈ ആംഗിരണരൂപത്തോടും (absorbent form) കലഹിക്കേണ്ടിവന്നു. ജനത എന്ന ആധുനികാധികാരരൂപത്തിന്റെ നിര്‍മ്മാണത്തിനെതിരെ അധികാരത്തിന്റെ എത്ര സാമ്പ്രദായികരൂപങ്ങളാണ്‌ നിലകൊളളുന്നത്‌ എന്ന തിരിച്ചറിവാണ്‌ സാഹസികമായ അന്വേഷണങ്ങള്‍ക്കും പ്രയോഗങ്ങളുടെ സ്ഥാനമാക്കാന്‍ സ്വാമി ശ്രദ്ധിച്ചത്‌. അവ ആദ്ധ്യാത്മികസ്ഥാനങ്ങളായതുകൊണ്ടല്ല ബ്രാഹ്മണാധികാരവും അതിന്റെ സാമന്തരൂപങ്ങളും ഏറ്റവും കൂടിയ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങള്‍ എന്ന നിലയിലാണ്‌ സ്വാമി ആരാധനാലയങ്ങളെ കാണുന്നത്‌. പാന്‍തീയിസമായിരുന്നു സ്വാമിയുടെ ആത്മീയദര്‍ശനം.

ബ്രാഹ്മണാധികാരത്തെ എതിര്‍ക്കാനായി സ്വന്തം ജാതിസ്വത്വത്തെ സ്വാമി ഉപയോഗിച്ചുവോ എന്നതാണ്‌ ഒരു ചോദ്യം. വി.ടി. ഭട്ടതിരിപ്പാട്‌ ഭട്ടതിരിപ്പാടായി നിന്നുകൊണ്ടാണ്‌ പരിഷ്ക്കരണ പ്രവര്‍ത്തനം നടത്തിയത്‌. യുക്തിവാദി സംഘത്തില്‍ ചില്ലറക്കാലം നിന്നപ്പോഴും തന്റെ ബ്രാഹ്മണസ്വത്വം വിസ്മൃതമായിരുന്നില്ല. അയ്യങ്കാളിയേക്കാളും പണ്ഡിറ്റ്‌ കറുപ്പനേക്കാളും സഹോദരന്‍ അയ്യപ്പനേക്കാളും വലിയ നേതൃരൂപമായി വി.ടി.യെ പൊതുസമൂഹം കാണുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ഈയൊരുകാര്യമുണ്ട്‌. പില്‍ക്കാലത്ത്‌ മനുഷ്യനെ നമ്പൂതിരിയാക്കുകയെന്ന്‌ ചിന്തിക്കുകയും 1977 ലെ പൊതുതെരഞ്ഞെടുപ്പില്‍ അടിയന്തിരാവസ്ഥയിലെ അധികാരപ്രഭുക്കന്മാര്‍ക്കനുകൂലമായി പരസ്യനിലപാടെടുക്കുകയുമുണ്ടായിട്ടുണ്ട്‌. വി.ടി. അതില്‍ വലിയ അത്ഭുതമൊന്നുമില്ല. സ്വാമി ആനന്ദതീര്‍ത്ഥന്റെ ബ്രാഹ്മണജാതിസ്വത്വം മുഴുവനായും തിരസ്കൃതമായ ഒന്നാണ്‌. ഇന്ന്‌ പല ബ്രാഹ്മണരും ചെയ്യുന്ന ഒരു കാര്യമുണ്ട്‌. തൊഴില്‍കൊണ്ട്‌ സമകാലികരാവുക; വിശ്വാസാനുഷ്ഠാനങ്ങളില്‍ ആധുനികപൂര്‍വ്വ ബ്രാഹ്മണരായി നില്‍ക്കുക, അങ്ങനെ ഒരേ സമയം പാരമ്പര്യത്തിന്റെയും ആധുനികതയുടെയും മേല്‍ അവകാശം നേടുക. ഈ ഇരട്ടക്കളി ദുസ്സാമര്‍ത്ഥ്യം നിറഞ്ഞതും പരിഹാസ്യവുമാണെന്ന്‌ കാണാന്‍ ഏറ്റവും ഉപകരിക്കുന്ന പാഠം സ്വാമിയുടെ ജീവിതമാണ്‌. തിരസ്ക്കാരത്തിന്റെ ഈ ജീവിതത്തിന്‌ ഒരു ചരിത്രപശ്ചാത്തലമുണ്ട്‌.

കേരളത്തിന്റെ അധികാര ഭൂപടത്തില്‍ വലിയസ്ഥാനമൊന്നുമില്ലാത്ത, കച്ചവടക്കാരും മറ്റുമായിരുന്ന, പൊതുഹിന്ദു സമൂഹത്തിന്റെ പൌരോഹിത്യവേല ഏറ്റെടുക്കാത്ത ഗൌഡസാരസ്വതവിഭാഗത്തില്‍പ്പെട്ട ബ്രാഹ്മണനായിട്ടാണ്‌ സ്വാമിയുടെ ബാല്യകൌമാരങ്ങള്‍. കേരളഹിന്ദുക്കളുടെ സാമാന്യശ്രദ്ധ പതിയുന്ന ക്ഷേത്രങ്ങളിലല്ല, ചില സ്വന്തം (exclusive) ദേവസ്ഥാനങ്ങളിലാണ്‌ കൊങ്ങിണി സ്വാമിമാരുടെ ബ്രാഹ്മണ്യം സാക്ഷാത്കൃതമാവുന്നത്‌. ബ്രാഹ്മണ്യത്തെ പൊതുസമൂഹത്തിലെ അധികാരലബ്ധിയ്ക്കായുളള സൌകര്യമായി വികസിപ്പിക്കാനുളള താല്‍പര്യം ഈ സമുദായത്തിനില്ല. സവര്‍ണ്ണതയെ ഉച്ചാടനം ചെയ്യാതെ അയിത്തോച്ചാടനം സാധിക്കുകയില്ല എന്ന സ്വാമിയുടെ തീര്‍പ്പിന്‌ പിന്നില്‍ ഇതൊരു ചെറിയ കാരണമെങ്കിലുമാണ്‌. പയ്യന്നൂരില്‍ വന്ന ഗാന്ധിജി സൂത്രത്തില്‍ തന്റെ ജാതി ചോദിച്ച കാര്യം തെല്ലുകുസൃതിയോടെ സ്വാമി ഓര്‍മ്മിക്കുന്നുണ്ട്‌. പ്രസ്തുത സന്ദര്‍ഭത്തില്‍ ഗാന്ധിജിക്ക്‌ എന്റെ ജാതി അറിയുവാന്‍ ഔത്സുക്യമുണ്ടായി. അദ്ദേഹം “what is your community to which your father is supposed to belong?“ എന്ന്‌ വളഞ്ഞരീതിയില്‍ ചോദ്യമുന്നയിക്കുകയാണുണ്ടായത്‌. അതനുസരിച്ചുളള ഉത്തരം ഞാനും നല്‍കി... അയിത്തോച്ചാടന സമരത്തിലെ സവര്‍ണ്ണസാന്നിദ്ധ്യം സ്വാമിയ്ക്ക്‌ സഹനീയമായിരുന്നില്ല. ‘സ്വാമി ആനന്ദതീര്‍ത്ഥര്‍’ എന്ന പഠനഗ്രന്ഥത്തില്‍ ഫാദര്‍ എം.എം. എബ്രഹാം അയരുകുഴിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌. സവര്‍ണ്ണഹിന്ദുക്കള്‍ക്ക്‌ മനംമാറ്റ‍മുണ്ടായി അയിത്തോച്ചാടനം സംഭവിക്കുന്നതായിരുന്നല്ലോ ഗാന്ധിജിയുടെ സമീപനം. സ്വാമിജിയുടെ അനുഭവങ്ങള്‍ തെളിയിക്കുന്നത്‌ ഹരിജന്‍സേവകസംഘം ആവിഷ്ക്കരിച്ചുനടപ്പാക്കുന്ന ഗാന്ധിയന്‍ പരിപാടിയുടെ ലക്ഷ്യം അയിത്തജാതിക്കാരെ കെണിയില്‍ വീഴ്ത്താനുളളതാണെന്നു പറഞ്ഞ ഡോ. ബി.ആര്‍.അംബേദ്കറുടെ വാക്കുകള്‍ ശരിയായിരുന്നുവെന്നതാണ്‌. ഫാ. അയിരുകുഴിയുടെ പുസ്തകത്തിന്‌ അവതാരികയെഴുതിയ ഫാ. എസ്‌. കാപ്പന്‍ കുറച്ചുകൂടി തെളിച്ചുപറയുന്നുണ്ട്‌: (ഗാന്ധിജി) സവര്‍ണ്ണ ഹിന്ദുക്കളില്‍ മന:പരിവര്‍ത്തനം വരുത്തി ഈ ദുരാചാരത്തിനറുതി വരുത്താമെന്ന്‌ വിഫലമായ വ്യാമോഹത്തിനടിമപ്പെട്ടിരുന്നു. ആനന്ദതീര്‍ത്ഥരാകട്ടെ നേരെമറിച്ച്‌ അധ:കൃതവിഭാഗം സ്വയം സംഘടിച്ചുപോരാടുന്നതിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന്‌ വിശ്വസിച്ചിരുന്നയാളാണ്‌. ശ്രീനാരായണ സംന്യാസി സംഘത്തിന്റെ പ്രസിഡണ്ടുസ്ഥാനത്തുണ്ടായിരുന്ന സ്വാമി അതില്‍നിന്നൊഴിഞ്ഞത്‌ എസ്‌.എന്‍.ഡി.പി. യോഗം ഒരു ജാതിയുടെ താല്‍പര്യസംരക്ഷണയോഗമായിത്തീരുന്ന പശ്ചാത്തലത്തിലാണ്‌ 1959 ഡിസംബറിലാണ്‌ സ്വാമി പ്രസിഡണ്ടുസ്ഥാനം രാജിവെക്കുന്നത്‌. വിമോചനസമരമെന്ന, കേരളത്തിലെ ആധുനികതയുടെ ജനകീയദിശയെ ദുര്‍ബ്ബലപ്പെടുത്താനുളള പ്രക്ഷോഭത്തില്‍ എസ്‌.എന്‍.ഡി.പി യോഗം പങ്കാളിയായിയെന്നതും സ്ഥാനത്യാഗത്തിന്റെ കാരണമായി പറയാവുന്നതാണ്‌.

താന്‍ പരിചയിച്ച രണ്ടു നഗരങ്ങള്‍ - തലശ്ശേരിയും മദിരാശിയും -ആധുനികതയുടെ ആലയങ്ങളാണ്‌ എന്നതും സ്വാമിയുടെ രൂപപ്പെടലില്‍ അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്‌. കേരളം പിന്നീട്‌ വ്യാപകമായി പരിചയിക്കുകയും വികസിപ്പിക്കുകയും ചെയ്ത പലപുതുമകളുടേയും - വര്‍ത്തമാനപത്രം, ക്രിക്കറ്റ്‌, ബേക്കറി, ഇംഗ്ലീഷ്‌ സ്കൂളുകള്‍ - ആദ്യവേദികളിലൊന്നാണ്‌ തലശ്ശേരി. ഇംഗ്ലീഷ്‌ അവിടെ വേറൊരു മതമായി മാറിയിട്ടുണ്ട്‌. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിന്‌ മുന്‍പു തന്നെ. ഉപരിപഠനത്തിനായി ചെന്ന മദിരാശി വികസിതമായ നഗരമായിക്കഴിഞ്ഞിരുന്നു. നഗരത്തിന്റെ അടിസ്ഥാനഘടന പൊതുനിരത്തുകളുടേയും വിപണികളുടേയുമായതുകൊണ്ട്‌ ആധുനികമായ ഒരു മനുഷ്യസങ്കല്‍പം അവിടെ പുലരുന്നത്‌ മലബാര്‍ പോലെയൊരു അയിത്തദേശത്തുനിന്ന്‌ എത്തുന്ന ഒരാള്‍ക്ക്‌ പെട്ടെന്ന്‌ തിരിച്ചറിയാനാവും. മുതലാളിത്തത്തിലെ വിപണിയുടേയും ലാഭത്തിന്റേയും വികാസത്തിന്‌ വേണ്ടിയായാലും ആധുനികമായൊരു നഗരം മതേതരമായ ഒരു ഇടമായി സാമാന്യമായി മാറുന്നത്‌ സ്വാമി ശ്രദ്ധിക്കുന്നുണ്ട്‌. നഗരത്തില്‍വെച്ച്‌ പഠിക്കുന്നത്‌ ശാസ്ത്രമാണ്‌ - പ്രസിഡന്‍സി കോളേജില്‍ ഫിസിക്സ്‌ ബി.എ. (ഓണേഴ്സ്‌) വിദ്യാര്‍ത്ഥിയായിരുന്നു സ്വാമി. ഫിസിക്സ്‌ ഭാരതീയമായ ഉളളടക്കം ഒട്ടുമില്ലാത്ത, യുക്തിയുടെയും കൃത്യതയുടെയും സമവാക്യങ്ങള്‍കൊണ്ട്‌ നിര്‍മ്മിതമായ ജ്ഞാനവ്യവസ്ഥ. ഇത്‌ പരീക്ഷയ്ക്കുളള വെറും പാഠമോ പഠിത്തമോ ആയിട്ടല്ല സ്വാമി പരിഗണിച്ചത്‌. ശാസ്ത്രം വഴി പ്രസരിക്കുന്ന പുതിയ മനുഷ്യസങ്കല്‍പം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്‌. ബ്രാഹ്മണാധികാരത്തെ ദൃഢമാക്കുന്നതില്‍ ഗണ്യമായ സ്ഥാനം വഹിക്കുന്ന ജ്ഞാനവ്യവസ്ഥയ്ക്കെതിരെ, പുതിയതും സാര്‍വ്വലൌകികാംഗീകാരമുളളതും ഉല്‍പാദനക്ഷമവും അന്വേഷണത്വര വളര്‍ത്തുന്നതും പ്രായോഗിക മൂല്യമുളളതുമായ ഒരു ജ്ഞാനസമുദായം കൈക്കലാക്കുകയാണ്‌ സ്വാമി ഫിസിക്സ്‌ പഠനം വഴി. തലശ്ശേരി ബ്രണ്ണന്‍ ഹൈസ്കൂള്‍ തൊട്ട്‌ തനിക്ക്‌ കിട്ടിയ ആധുനികവിദ്യാഭ്യാസം, പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയത്തിന്റെ നടത്തിപ്പിലും സ്വാമിയ്ക്ക്‌ തുണയാവുന്നുണ്ട്‌. താനുണ്ടാക്കിയത്‌ ഒരു ആശ്രമമല്ല, വിദ്യാലയമാണ്‌ എന്നത്‌, അവിടത്തെ പ്രവര്‍ത്തനത്തില്‍ പരമ്പരാഗത ജ്ഞാനമായിരുന്നില്ല മുഖ്യസ്ഥാനത്ത്‌ എന്നത്‌ സ്വാമിയുടെ ആധുനികതയുടെ അസ്സലടയാളമാണ്‌.

ഹൈന്ദവം എന്ന ഗണത്തില്‍ നിന്നുതന്നെ മാറിനില്‍ക്കാന്‍ സ്വാമി ശ്രദ്ധിക്കുന്നുണ്ട്‌. ‘ക്ഷേത്രമാണ്‌ അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം’ എന്ന സ്വാമിയുടെ നിശ്ചയത്തില്‍ ബ്രാഹ്മണാധികാരത്തിന്റെയും ക്ഷേത്രോപജീവനത്തിന്റെയും അപഗ്രഥനമാണുളളത്‌. സ്വാമിയ്ക്ക്‌ ഹിന്ദുസംന്യാസിയായി സ്ഥാനപ്പെടേണ്ടിവന്നില്ല. വിവേകാനന്ദനും, ഗാന്ധിജിയ്ക്ക്‌ പോലും ഹിന്ദുവര്‍ഗ്ഗീയവാദത്തിന്റെ ഉദ്ധരണികളാവേണ്ട ഗതികേടുണ്ടായിട്ടുണ്ട്‌. ഗാന്ധിയന്‍ സോഷ്യലിസമാണ്‌ തങ്ങളുടെ പ്രത്യയശാസ്ത്രമെന്ന്‌ പറഞ്ഞ ഹിന്ദുവര്‍ഗ്ഗീയപാര്‍ട്ടി സമീപകാലാനുഭവമാണല്ലോ. ഈ കൂട്ടിച്ചേര്‍ക്കലിന്റെ പരിധിയ്ക്ക്‌ പുറത്താണ്‌ സ്വാമി. ഇതിന്‌ പലകാരണങ്ങളും ഉണ്ട്‌. ജീവപര്യന്തം പീഡനങ്ങളേറ്റ്‌ വലഞ്ഞ ഒരാളാണ്‌ സ്വാമി ആനന്ദതീര്‍ത്ഥന്‍. അടിയും ചവിട്ടും കൊളളുന്ന ഒരു സ്വാമിയ്ക്ക്‌ സംന്യാസിശ്രേഷ്ഠന്റെ പകിട്ട്‌ (glamour) സ്വാഭാവികമായും ഇല്ല. രൂപകങ്ങള്‍ നിരത്തുന്ന വാചകവിദ്യയിലും സ്വാമി തല്‍പരനായിരുന്നില്ല. ഭരണവര്‍ഗ്ഗവുമായി സന്ധിചെയ്ത സ്വയം പ്രസ്ഥാനമായിത്തീരുന്നയാളുമല്ല സ്വാമി. സാമ്പത്തിക കാര്യത്തിലും സ്വാമി ഒരു പ്രഭുവല്ല; നിസ്വതയുടെയും ലാളിത്യത്തിന്റെയും ആസ്വാദനമായിരുന്നു സ്വാമിയുടെ ജീവിതം. ആസ്വാദനമായിരുന്നു സ്വാമിയുടെ ജീവിതം. ഇങ്ങനെയൊരാളെ അവകാശപ്പെടാന്‍ പുതിയ ഹിന്ദുത്വപ്രത്യയശാസ്ത്രത്തിനാവില്ല. ആ വഴിക്കും സ്വാമി ജനത എന്ന ബദല്‍സങ്കല്‍പത്തിന്റെ കൂടെ നില്‍ക്കുന്നതായി കാണാം. ജനതയെന്നത്‌ പരമ്പരാഗതമായ ഒന്നേയല്ല. നാട്ടുപ്പതിനായിരം, സര്‍വ്വാണി തുടങ്ങിയ നിന്ദ ചുവയ്ക്കുന്ന പ്രയോഗങ്ങള്‍ക്ക്‌ പകരമായാണ്‌ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും അവകാശബോധത്തിന്റേയും താല്‍പര്യങ്ങള്‍ കലര്‍ന്ന ജനത എന്ന പരികല്‍പന വികസിക്കുന്നത്‌ എന്നുകൂടി അറിയുക.

സ്ഥാപനം സ്വന്തമധികാരം എതിര്‍പ്പുകളില്ലാതെ, മുന്‍പില്‍ നോക്കാതെ നടപ്പിലാക്കാനുളള ഒന്നായി മാറാറുണ്ട്‌. സ്വാമിയുടെ ശ്രീനാരായണവിദ്യാലയം അത്തരമൊരു സ്ഥാപനമല്ല. രണ്ടുരൂപയ്ക്ക്‌ ചവോക്കിന്‍കൂട്ടം വാടകയ്ക്കെടുത്ത്‌ വിദ്യാലയം തുടങ്ങിയ കാലത്തെ (1931) പ്രയത്നശീലവും സാരള്യവും നിലനിര്‍ത്തുന്ന ഒന്നാണ്‌ വിദ്യാലയം. അധികാരത്തെ സംബന്ധിച്ച ഉപരിവര്‍ഗ്ഗ സങ്കല്‍പ്പത്തെയല്ല, ജനകീയമായ ബദലധികാരസാധ്യതയെയാണ്‌ വിദ്യാലയം പ്രതിനിധാനം ചെയ്യുന്നത്‌. സ്വാമിയ്ക്ക്‌ സ്ഥാപനം ഒരു സംരക്ഷണവലയമായിരുന്നില്ല - ഇന്ന സ്ഥാപനത്തിന്റെ മേധാവിയാണ്‌, അതിനാല്‍ സൂക്ഷിക്കണം എന്ന പ്രതീതിയുളവാക്കിക്കൊണ്ടല്ല സ്വാമി പ്രവര്‍ത്തിച്ചത്‌. 1931 മുതല്‍ ജീവപര്യന്തം നീണ്ട പ്രവര്‍ത്തനവും ഉത്തരവാദിത്തവുമായിരുന്നു സ്വാമിയ്ക്ക്‌ വിദ്യാലയം. സ്ഥാപനമെന്നതിനെക്കുറിച്ചുളള സംവാദാത്മകമായ ആശയം എന്ന നിലയില്‍ പ്രത്യേകം പഠനീയമാണ്‌ ശ്രീനാരായണ വിദ്യാലയത്തിന്റെ ചരിത്രം. മേധാവി, നേതാവ്‌, ഗുരു എന്നീ സ്ഥാനങ്ങളും സ്വാമി ജനാധിപത്യവത്കരിക്കുന്നുണ്ട്‌. സ്വാമി ഇതൊന്നുമായിരുന്നില്ല. അതിനാല്‍ പിന്‍ഗാമി തുടങ്ങിയ രാജഭരണത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന തര്‍ക്കങ്ങളും വിദ്യാലയത്തില്‍ ഉണ്ടായില്ല.

സ്ഥാപനത്തേക്കാള്‍ വലിയ സ്ഥാപനം സ്വാമിയ്ക്ക്‌ സ്വന്തം ശരീരമായിരുന്നു. ചരിത്രപരമായി പാഠവത്ക്കരിക്കപ്പെട്ടതാണ്‌, ഒട്ടും സ്വകാര്യമല്ല സ്വാമിയുടെ ശരീരം. ബ്രഹ്മസത്യം, ജഗത്‌ മിഥ്യ എന്ന ബ്രാഹ്മണവേദാന്തത്തില്‍ ചൂഷണത്തിന്റെ തന്ത്രമാണ്‌ സ്വാമി വായിച്ചത്‌. സത്യമായ ബ്രഹ്മത്തെ ആരാധിക്കുകയെന്നാല്‍ നിലനില്‍ക്കുന്ന വ്യവസ്ഥയെ വെറുതേ വിടുക എന്നാണര്‍ത്ഥം. ജഗത്തിനെ മിഥ്യയായിക്കാണാതെ, അതിനെ മാറ്റിത്തീര്‍ക്കാന്‍ സ്വന്തം നിലയില്‍ പാടുപെടുന്ന സ്വാമിയ്ക്ക്‌ സ്വന്തം ശരീരം മിഥ്യയല്ല. അത്‌ ഉപകരണമല്ല. ചരിത്രപരമാക്കപ്പെട്ട സ്ഥാപനമാണ്‌. ‘ഹരിജന’ങ്ങളെയും മറ്റ്‌ കീഴാളരേയും ദേവാലയങ്ങളിലും ഭക്ഷണശാലകളിലും ക്ഷുരകപ്പുരകളിലും നിരത്തുകളിലും സ്നാനഘട്ടങ്ങളിലും അണിനിരത്തിയ പ്രവര്‍ത്തനത്തിന്റെ മിക്കവാറുമെല്ലാ സന്ദര്‍ഭങ്ങളിലും സ്വാമിയ്ക്ക്‌ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ട്‌. മിഥ്യയായ ശരീരം എന്ന സങ്കല്‍പ്പത്തെ സ്വാനുഭവം കൊണ്ട് നിഷേധിക്കുകയായിരുന്നു. ഇന്ത്യാചരിത്രത്തില്‍ പാവനവും ആരാധ്യവുമായി (നിര്‍ബന്ധപൂര്‍വ്വം) സ്ഥാപിതമായ ബ്രാഹ്മണശരീരത്തിനാണ്‌ ഒറ്റപ്പെട്ടതെങ്കിലും ഒരു പരിണാമം സംഭവിച്ചിരിക്കുന്നത്‌. ബ്രാഹ്മണനായി നിന്നുകൊണ്ട്‌ സാമൂഹ്യമാറ്റം സാധിക്കുകയില്ലെന്നും, ആ ശരീരത്തെ പുതിയ അനുഭവങ്ങളിലേക്കും പരീക്ഷണങ്ങളിലേക്കും സമര്‍പ്പിക്കുക വഴിയാണ്‌ ബ്രാഹ്മണവംശജന്റെ സമൂഹപ്രവേശം ചരിത്രവത്ക്കരണം സാധിക്കുകയെന്നുമാണ്‌ സ്വാമി തെളിയിച്ചത്‌. ശ്രീനാരായണഗുരുവില്‍നിന്ന്‌ കിട്ടിയ സംന്യാസത്തെക്കാളും (1928) ശ്രദ്ധേയമായിരിക്കുന്നത്‌ ഈ സാമൂഹ്യപ്രയോഗമാണ്‌. സന്ന്യാസദീക്ഷ സ്വീകരിക്കുകയെന്നത്‌ അനുഷ്ഠാനാത്മകമായ ഒന്നാണ്‌. ആധുനികതയില്‍ ഒരു സംന്യാസിക്ക്‌ ആശ്രമത്തിന്റെ സുഖാനുഭവങ്ങളിലേക്കും സായാഹ്നപ്രാര്‍ത്ഥനകളുടെ കേവലതയിലേക്കും പിന്‍വാങ്ങാന്‍ ഒരവകാശവുമില്ല. മൂര്‍ച്ഛിക്കുന്ന വര്‍ഗ്ഗസംഘര്‍ഷങ്ങളില്‍ ജനകീയതയുടെ നിലപാടെടുക്കുകയാണ്‌ ആധുനികതയില്‍ സംന്യാസത്തിന്റെ ലക്ഷണം. കുടുബംപോലുളള സ്ഥാപനങ്ങള്‍ക്കപ്പുറത്തെ ജീവിതസാധ്യതകള്‍ക്ക്‌ കാണായ തെളിവുകള്‍ ഒരുക്കുകയാണ്‌ സംന്യാസത്തിന്റെ കഴിവ്‌. അബ്രാഹ്മണികമായ സംന്യാസസങ്കല്‍പം ഈവിധം സാക്ഷാത്കരിച്ച സ്വാമിയ്ക്ക്‌ അതിന്റെ തീക്ഷ്ണമായ ശാരീരികാനുഭവങ്ങളിലൂടെയൊക്കെ കടന്നുപോകേണ്ടിവന്നു. വാസ്തവത്തില്‍ ഇതാണ്‌ സ്വാമിയുടെ ചരിത്രം. ഇന്ത്യപോലെ ഒരു മത-ജാതി-ഉപജാതി സമ്പ്രദായങ്ങളും അതിന്റെ ദേശ്യഭേദങ്ങളും കൊണ്ട്‌ സങ്കീര്‍ണ്ണമായ ഒരിടത്ത്‌ ആധുനികതയുടെ ശാസ്ത്രീയതയ്ക്കും യുക്തിചിന്തയ്ക്കും പരിവര്‍ത്തനപ്രമേയത്തിനും നിരക്കുന്ന മതേതരമായ, അദ്ധ്വാനിക്കുന്ന ശരീരം എന്ന ആശയം പ്രായോഗികമായി അവതരിപ്പിക്കാനുളള ക്ലേശങ്ങളാണ്‌ സ്വാമി ദേഹത്തുടനീളം തുടര്‍ച്ചയായിട്ടെന്നവണ്ണം അനുഭവിച്ച പീഢനങ്ങള്‍. ബ്രാഹ്മണശരീരത്തിന്റെ പരിണാമം എന്ന വിഷയംകൂടി ഇതിലുണ്ടെന്ന്‌ കാണുമ്പോള്‍ സ്വാമിയുടെ ജീവിതപ്രമേയം കുറെക്കൂടി പ്രതിപാഠസ്വാഭാവിയാവുന്നുണ്ട്‌.

ഈ പ്രമേയം സാക്ഷാത്കരിക്കപ്പെടുന്നത്‌ തീരെ ചെറിയ അളവിലായതിനാല്‍ സ്വാമിയ്ക്ക്‌ സമരങ്ങള്‍ അവസാനിപ്പിച്ച്‌ വിശ്രമിക്കാന്‍ കഴിഞ്ഞില്ല. സ്വാതന്ത്ര്യാനന്തര ഘട്ടത്തിലും സ്വാമി പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നത്‌ യാദൃശ്ചികമായ സംഭവമല്ല. അതിനെ ഒരു ശീലമായും കണ്ടുകൂടാ. നമ്മുടെ നവോത്ഥാന നായകന്മാരുടെ ജീവീതത്തില്‍ രണ്ടുഘട്ടങ്ങള്‍ പ്രായേണ കണ്ടുവരുന്നു. നിഷേധത്തിന്റെയും നിര്‍മ്മാണത്തിന്റെയുമായ പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞ ഒന്നാം ഘട്ടം. യൌവ്വനംകഴിഞ്ഞശേഷം അതുമതിയാക്കി അതിന്റെ ഓര്‍മ്മകള്‍, ഒരു സ്ഥിരനിക്ഷേപത്തില്‍ നിന്നുളള പലിശയെന്നപോലെ എടുത്തുപയോഗിച്ച്‌ ജനശ്രദ്ധയില്‍ നില്‍ക്കുന്ന രണ്ടാംഘട്ടം. അധികാര രാഷ്ട്രീയത്തോടും മറ്റ്‌ സ്ഥാപനവത്കൃത ഘടനകളോടും സന്ധിചെയ്യാനുളള പ്രവണതയേറുക ഈ ഘട്ടത്തിലാണ്‌. സ്വാമിയുടെ ജീവിതത്തില്‍ ഈ ഘട്ടവിഭജനം ഒട്ടും സാധ്യമല്ല. നവോത്ഥാനത്തെയും ആധുനികതയെയും സംബന്ധിച്ച അപക്വധാരണകളാണ്‌ രണ്ടുഘട്ടങ്ങളിലായി ജീവിച്ച നേതാക്കളിലുളളത്‌ എന്നും വാസ്തവത്തില്‍ ഒന്നാം ഘട്ടത്തിലെ ആശയവ്യൂഹത്തോടെടുക്കുന്ന അനാസ്ഥയാണ്‌ രണ്ടാം ഘട്ടത്തിലെ വിശ്രമതുല്യമായ നില എന്നും സ്വാമി തിരിച്ചറിഞ്ഞതായി വേണം വിചാരിക്കാന്‍. ജനാധിപത്യത്തിന്റെ പ്രാഥമികാനുഭവങ്ങളില്‍ സംതൃപ്തനാകാതെ തന്റെ അന്വേഷണങ്ങള്‍ തുടരുകയാണദ്ദേഹം ചെയ്തത്‌. തന്റെ എഴുപത്തഞ്ചാം വയസ്സില്‍, 1982 ല്‍ ഗുരുവായൂരമ്പലത്തിലെ ഒരു സമരത്തിനിടയില്‍ ഒരു പോലീസുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മര്‍ദ്ദനമാണ്‌ സ്വാമിയുടെ മേധാക്ഷയത്തിനും തുടര്‍ന്ന്‌ മരണത്തിനും കാരണമായതെന്നത്‌ ഒരു സൂചനയാണ്‌. ഈ പോലീസുദ്യോഗസ്ഥനെ ഭരണകൂടം സംരക്ഷിക്കുകയായിരുന്നു എന്നതിനേക്കാള്‍ സങ്കടകരമായ കാര്യം കേരളത്തിലെ പൊതുസമൂഹം ഇതില്‍ വലുതായൊന്നും പ്രതിഷേധിച്ചില്ല എന്നതാണ്‌. ഇതാണ്‌ ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും സ്വഭാവം. ഈ ഉള്‍ക്കാഴ്ച സ്വാമിയ്ക്ക്‌ എന്നുമുണ്ടായിരുന്നു. അതാണ്‌ അദ്ദേഹത്തെ തുടര്‍ച്ചയായി പോരാളിയാക്കി നിര്‍ത്തിയത്‌. ഇത്‌ ജനാധിപത്യത്തിനായുളള പ്രവര്‍ത്തനമാണെന്ന്‌ അടയാളപ്പെടുത്താനുളള സാമൂഹ്യോര്‍ജ്ജം തെരഞ്ഞെടുപ്പുകളിലും അധികാരാരോഹണത്തിലും ശ്രദ്ധിക്കുന്ന മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പ്രായോഗിക തന്ത്രങ്ങളുടെ ആധിക്യം കാരണം ഇവിടെ തടസ്സപ്പെട്ടിട്ടുണ്ടെന്നതും സ്വാമി സ്വന്തം നിലയില്‍ മനസ്സിലാക്കിയിരിക്കുന്നതായി കരുതാം. അയിത്തത്തിനെതിരെയുളള സമരത്തിന്റെ വിശാലധ്വനികള്‍ പ്രചരിക്കുന്നത്‌ - കീഴാളരുടെ രാഷ്ട്രീയാധികാരമെന്ന ആശയം വിപുലമാകുന്നത്‌ മധ്യ-ഉപരിവര്‍ഗ്ഗങ്ങളുടെ താല്‍പര്യത്തിനെതിരാണ്‌. സ്വാമിയെ സഗൌരവം കേരളം തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍ ഇതാണതിന്‌ കാരണം.
സ്വാമിയില്‍ ഒരു കുറവും ഉണ്ടായിരുന്നു. ജനത, അധികാരം എന്നീ ആശയങ്ങളില്‍ പ്രതിപാഠങ്ങള്‍ സൃഷ്ടിക്കാനുളള പ്രവര്‍ത്തനങ്ങളില്‍ സ്വാമി ആധുനികതയുടെ വകകളായ നീതിന്യായ വ്യവസ്ഥയുടെയും നിയമപരിപാലനസേനയുടെയും സഹായം തേടുന്നുണ്ട്‌. അവയെ സമ്പൂര്‍ണ്ണമായി ആശ്രയിച്ചിരുന്നില്ലെങ്കിലും, പോലീസില്‍ പരാതി കൊടുക്കലും ഹര്‍ജി ഫയല്‍ ചെയ്യലും തന്റെ ശൈലിയായി സ്വാമി വളര്‍ത്തികൊണ്ടു വന്നിരുന്നു. ജാത്യഭിമാനം, ക്രിമിനല്‍ കുറ്റമാണെന്നും ആധുനികതയില്‍ അത്‌ നിയമം മൂലം തടഞ്ഞിട്ടുണ്ടെന്നും തെളിയിക്കുകയായിരുന്നു സ്വാമി. വിദ്യാലയത്തില്‍ ആധുനിക പഠനക്രമം മാനിക്കപ്പെട്ടിരുന്നു. എന്നാല്‍ ആധുനികതയെ സംബന്ധിച്ച ഈ പൊതു ചിത്രത്തിനപ്പുറത്തെ പ്രാദേശികാധുനികതയെന്ന ആശയം സ്വാമിയ്ക്ക്‌ ഒട്ടും തെളിഞ്ഞ്‌ കിട്ടിയിരുന്നില്ല. വിമോചിതമാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കീഴാള ജനവിഭാഗങ്ങള്‍ക്ക്‌ സ്വന്തമായ ജ്ഞാനവ്യവസ്ഥയുണ്ടെന്നും. പ്രകൃതിയുമായും അദ്ധ്വാനവുമായും ബന്ധപ്പെട്ട ദേശമുദ്രകള്‍ അതിലുണ്ടെന്നും അതുകൂടി ആധുനികതയുടെ പൊതുജ്ഞാനവുമായി ചേര്‍ത്താലേ സ്വന്തമായൊരു ആധുനികത സാധ്യമാകൂ എന്നും സ്വാമി അറിഞ്ഞില്ല. ‘ഫോക്‌ലോര്‍’ എന്ന്‌ ഇന്ന്‌ ഒരു പ്രത്യേകാവശ്യത്തിനായി പറയുന്ന ജ്ഞാനസമുച്ചയത്തിലെ വിമോചനഭാവനകളെ, തന്റെ സമരത്തെ കുറെക്കൂടി പ്രാദേശികവും, വാസ്തവികവുമാക്കാന്‍ തനിയ്ക്ക്‌ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. ആധുനികതയെന്നാല്‍ പാരമ്പര്യത്തില്‍ നിന്നുളള വിച്ഛേദമാണെന്ന ധാരണയാണ്‌ സ്വാമിയേയും നയിച്ചത്‌. ബ്രാഹ്മണേതരവും ജനാധിപത്യ സ്വഭാവിയുമായ ജ്ഞാനവ്യവസ്ഥയെന്നാല്‍ പുതിയ ഭരണകൂടം അതിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി മുന്നോട്ടുവെക്കുന്ന പാഠങ്ങളാണ്‌ എന്ന സാമാന്യവിശ്വാസത്തില്‍ സ്വാമിയും അകപ്പെടുന്നുണ്ട്‌. തങ്ങള്‍ ഇതുവരെ ജീവിച്ച ജീവിതത്തിന്‌ ഒരു മൂല്യവും ഇല്ലെന്ന അപകര്‍ഷബോധമാണ്‌ ഈ വിശ്വാസത്തിലേക്ക്‌ എത്തുന്നവര്‍ക്കുണ്ടാവുക. അവര്‍ക്ക്‌ തുടര്‍ന്നുളള ജീവിതത്തില്‍ മുഖ്യധാരയുടെ പൊരുത്തപ്പെടല്‍ രീതികളിലാണ്‌ താല്‍പര്യം തോന്നുക. ഈ വിപരിണാമം കേരളത്തിലെ ആധുനികകതയുടെ തന്നെ തകരാറായി വിലയിരുത്തേണ്ടതാണ്‌. ഇത്‌ സ്വാമിയുടെ സമരജീവിതത്തിന്റെ ചരിത്രഗുണത്തെ തെല്ലുലച്ചിട്ടുണ്ടെന്ന്‌ ഇന്നറിയുവാന്‍ കഴിയും.

സ്വാമി നേരിട്ട ബ്രാഹ്മണാധികാരവ്യവസ്ഥയും പിന്തുണച്ച ദലിതജീവിതവും പുതിയ സന്ദര്‍ഭങ്ങളിലേക്ക്‌ കടന്നിട്ടുണ്ട്‌. ബ്രാഹ്മണാധികാരം അതിജീവനത്തിലായുളള തുടര്‍വ്യഗ്രതയില്‍ പുതിയ സാഹചര്യങ്ങളോട്‌ പൊരുത്തപ്പെട്ട്‌ പുതിയ ആധിപത്യരൂപങ്ങളുടെ പൌരോഹിത്യം നേടാന്‍ ശ്രമിക്കുകയാണ്‌. സോവിയറ്റ്‌ യൂനിയന്റെ പതനവും ആഗോളവത്ക്കരണം വഴിയുണ്ടായ മുതലാളിത്തത്തിന്റെ വിജയപ്രതീതിയും സ്വന്തം നിലനില്‍പിന്റെ വേളയാക്കിത്തീര്‍ക്കുന്നതിലാണ്‌ ബ്രാഹ്മണാധികാരികളുടെ ശ്രദ്ധ. കേരളം പോലെയൊരിടത്ത്‌ സാമാന്യമായി ദുര്‍ബ്ബലമായിരിക്കുകയാണ്‌ സാമൂഹ്യപ്രവര്‍ത്തനം എന്നത്‌ ഈ സാഹചര്യം ബ്രാഹ്മണാധികാരത്തിന്റെ അതിജീവനശ്രമത്തെ എളുപ്പമാക്കുന്നുണ്ട്‌. ഉയര്‍ന്ന വിദ്യാഭ്യാസവും ശാസ്ത്രീയോപകരണങ്ങളുടെ വിന്യാസവുമൊന്നും ഇതിനെ തടയാന്‍ ഉതകുന്നില്ല. ബ്രാഹ്മണപൂജകളുടെ ദൃശ്യഗുണം പോലും ആസ്വാദ്യമായെടുത്ത്‌ അവ വേണമെന്ന്‌ തീരുമാനിക്കുന്നവര്‍ ഏറുകയാണ്‌. ഇങ്ങനെയൊക്കെ നേടുന്ന അമിതധനം ഉണ്ടാക്കുന്ന ജീര്‍ണ്ണതയ്ക്കും ബ്രാഹ്മണജീവിതം ഇടമാവുന്നുണ്ട്‌. ശബരിമല തന്ത്രിയുടെ മാളികപ്പുറത്തെ (flat) സന്ദര്‍ശനകഥ ഒറ്റപ്പെട്ടതോ യാദൃശ്ചികമോ ആയ ഒന്നാണെന്ന്‌ കരുതാന്‍ ന്യായം കാണുന്നില്ല.

ദലിതജീവിതം ആത്മബോധത്തിന്റെയും അവകാശബോധത്തിന്റെയും ആവിഷ്ക്കാര യുക്തികളുടേയും ചരിത്രത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്‌. പീഡനങ്ങളുടെ ശാരീരിക-മാനസികാനുഭവങ്ങളെ നേരിടാന്‍ പൊതു സമൂഹത്തില്‍ നിന്ന്‌ ഔപചാരികമായെങ്കിലും പിന്തുണയും കിട്ടുന്നുണ്ട്‌. എന്നാല്‍ വിമോചിതമാവുന്ന ദലിത സമൂഹത്തില്‍ത്തന്നെ വരേണ്യതയുടെ സ്വാംശീകരണവും നടക്കുന്നുണ്ട്‌ എന്നത്‌ ആധുനികകതയില്‍ പ്രതീക്ഷിക്കാതിരുന്ന വിപരിണാമമാണ്‌. ഡോ. എം. കുഞ്ഞാമന്‍ അടുത്തകാലത്തായി നടത്തിയ ഒരു പ്രസ്താവന ഉദ്ധരിക്കാം. ‘പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്ക്‌ പ്രാതിനിധ്യം ലഭിച്ചു എന്നതുകൊണ്ടുമാത്രം സമൂഹത്തില്‍ സമൂലമായ മാറ്റം ഉണ്ടാവുകയില്ല. ഇതിന്‌ പലകാരണങ്ങളുണ്ട്‌. സംവരണത്തിന്റെ ആനുകൂല്യം അനുഭവിക്കുന്നവര്‍ പെട്ടെന്നുതന്നെ ഒരു വരേണ്യ വര്‍ഗ്ഗമായി മാറുകയാണിവിടെ. ജോലി ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ ദളിതനും പിന്നോക്കക്കാരനും ഇലെറ്റ്‌ ക്ലാസ്സിലാണ്‌. ശരിക്കും വരേണ്യര്‍. ഇവര്‍ പെട്ടെന്ന്‌ അരാഷ്ട്രീയ വാദികളായി മാറുകയും ചെയ്യുന്നു. പലപ്പോഴും സമൂഹത്തില്‍ സമൂലമായ മാറ്റമുണ്ടാക്കാന്‍ ഇവരിലൂടെ സിദ്ധിക്കാതെ വരുന്നു. മാത്രമല്ല, സാമുഹ്യപുരോഗതിക്ക്‌ വിഘാതമുണ്ടാക്കുന്നവരുടെ കൂട്ടത്തില്‍ പ്രധാനസ്ഥാനവും ഇവര്‍ക്കുണ്ടെന്നു പറയാന്‍ എനിക്കു മടിയില്ല. ആനുകൂല്യം നേടി ഉദ്യോഗസ്ഥതലത്തില്‍ വരുന്നവരായാലും രാഷ്ട്രീയമായ സമൂല പരിവര്‍ത്തനം അവര്‍ ആഗ്രഹിക്കുന്നില്ല.’ (ദളിത്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ ദിശാബോധം തെറ്റുന്നു/അഭിമുഖം/ഭാഷാപോഷിണി മാസിക വാര്‍ഷികപ്പതിപ്പ്‌ 2006). വിശദീകരിക്കുന്നില്ല - സ്വാമി ആനന്ദതീര്‍ത്ഥന്‍ പങ്കാളിയായ, ജനതയുടെ അധികാരം എന്നതിലൂന്നിയ സമരത്തിന്റെ വര്‍ത്തമാനം കലുഷമാണ്‌ എന്ന്‌ ചുരുക്കമായി പറയാം. അത്‌ അകത്തുനിന്നും പുറത്തുനിന്നുമുളള തടസ്സങ്ങളെ മറികടക്കേണ്ടതുണ്ട്‌. ആധുനികതയുടെ ആയുധങ്ങളുമായല്ല സമരം ഇനി മുന്നോട്ടു നീങ്ങേണ്ടത്‌.

(കണ്ണര്‍ സര്‍വ്വകലാശാല സ്വാമി ആനന്ദതീര്‍ത്ഥന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ 2006 ആഗസ്ത്‌ 10ന്‌ നടത്തിയ ‘നവോത്ഥാനം, മതം, ആധുനികത’എന്ന സെമിനാറില്‍ വായിച്ചത്‌.

ഇ.പി. രാജഗോപാലന്‍
ശ്രീരേഖ
മാണിയാട്ട്‌ 671 310
കാസറഗോഡ്‌ ജില്ല
Subscribe Tharjani |
Submitted by Sunil on Wed, 2006-09-06 11:34.

ഇത്തരം അധികം പറയപ്പെടാത്തവരുടെ ജീവിതത്തെക്കുറിച്ച്‌ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു.
-S-