തര്‍ജ്ജനി

കവിത

അമൃതചുംബനം

illustration അമ്മ കുനിഞ്ഞുമ്മവയ്ക്കുമ്പൊഴെന്നുള്ളില്‍
മഞ്ഞിന്‍ മുടികളടര്‍ന്നു പതിക്കുന്നു.
നീരായൊലിച്ചുവറ്റീടുന്നിതെന്നഹ-
ങ്കാരം; അലൌകികമേതു പരിമളം
വായുവില്‍? താണ്ടിക്കടന്ന ജന്മങ്ങളും
തേടാനിരിക്കുന്ന ജന്മാന്തരങ്ങളും
ഇപ്പോള്‍, ഇവിടെ, ഒരൊറ്റമാത്രയ്ക്കകം
മുറ്റി ത്രസിക്കുന്നു ഞാനെന്ന കര്‍മ്മമായ് !
ഏതോ കടങ്കഥ പോല്‍ അയഥാര്‍ത്ഥമാം
കാലം ചിലന്തിവലയായ് വിറയ്ക്കുന്നു.
ഉള്ളില്‍ കുടുങ്ങുന്ന ജീവപ്രപഞ്ചങ്ങള്‍
ചന്ദ്രാര്‍ക്കതാരകള്‍ കോടാനുകോടികള്‍.
മുക്തിയെന്തിന്ന്, വാത്സല്യത്തിനാല്‍ നില-
നില്പിനെ അമ്മയമൃതമായ് മാറ്റവേ?
വിഷ്ണുനാരായണന്‍ നമ്പൂതിരി
Subscribe Tharjani |