തര്‍ജ്ജനി

കവിത

തവള

illustration

തവളയായി
മാര്‍ബിള്‍തറയില്‍ പറ്റിനിന്ന്‌
എന്നെ മാത്രം നോക്കി
എന്റെ അഗ്നികള്‍ മാത്രം
എന്റെ ജലധാരകള്‍ മാത്രം നോക്കി,
കണ്ണുകള്‍ ചെവികള്‍ നോക്കി
കൈകാലുകള്‍ നോക്കി,
വേദനിക്കുന്ന പിന്‍ കഴുത്തിലൂടെ
നട്ടെല്ലിലൂടെ ഇഴഞ്ഞിഴഞ്ഞ്‌,
തന്ത്രവിദ്യയുടെ സര്‍പ്പരാശികളിലൂടെ,
നിറഞ്ഞാടുന്ന ഫണങ്ങളിലൂടെ,
മറഞ്ഞിരിക്കുന്ന
പൃഷ്ഠഭാഗങ്ങളിലൂടെ, ഒരിക്കലും മുന്നില്‍ വരാതെ
ഉള്ളില്‍ കടന്ന്‌,
ഹൃദയം നിറഞ്ഞ മുന്തിരിപ്പഴങ്ങളിലൂടെ,
മനസ്സ്‌ നിറഞ്ഞ കവിതകളിലൂടെ,
കവിതയില്‍ പൂത്ത അവീന്‍ ചെടികളിലൂടെ,
ഓര്‍മ്മകളിലെ കറുപ്പിലൂടെ,
ആതുരാവസ്ഥയുടെ കഞ്ചാവ്‌ തരികളിലൂടെ,
അറിയുന്നുണ്ട്‌ ഞാന്‍

മുടിയിഴകള്‍ പാറിനില്‍ക്കുമ്പോള്‍
മറവിയുടെ പേടകത്തിലേക്ക്‌
നടന്നടുക്കുമ്പോള്‍
നിലാവും നിഴലുമില്ലാത്ത
പനിനീര്‍പ്പൂക്കളില്ലാത്ത
മന്ദാരം പൂക്കാത്ത
മഞ്ഞക്കൊന്നയും
ചന്ദ്രചൂഢവും

കൊഴിഞ്ഞുതീര്‍ന്ന
വരണ്ടതാഴ്‌ വാരത്തില്‍ ഏകനായി...

പുരുഷാരമില്ലാതെ
പുകച്ചാലുകളിലൊഴുകാതെ
സമുദ്രങ്ങളിലുരുകാതെ
പര്‍വ്വതച്ചിമിഴുകളില്‍ തങ്ങിനില്‍ക്കാതെ
പനന്തളിരിന്റെ തലോടലില്ലാതെ
കണ്ണുകളില്‍ തിളക്കമില്ലാതെ
മരുഭൂമിയും മഴവില്ലുമില്ലാതെ
പകലും രാവുമില്ലാതെ
തടങ്ങളിലുരുകുമ്പോള്‍
അറിയുന്നു ഞാന്‍

തണുപ്പില്‍,തണുത്തുറഞ്ഞ ചോരയില്‍
വേദമോ മന്ത്രമോ ഉച്ചരിക്കാതെ
കാത്തുകാത്തിരിക്കുന്നു
അറിയുന്നു ഞാന്‍
അനന്തമായി നീളാത്ത കാത്തിരിപ്പിന്റെ ശ്രദ്ധ
പ്രതലങ്ങളില്‍ പറ്റിനിന്ന്‌
എന്നും തവളയായി, പാവം പാവം തവളയായി
ശാന്തമായി, പകയോ സ്നേഹമോ ഇല്ലാതെ,
ആവേഗമോ നെടുവീര്‍പ്പോ ഇല്ലാതെ
ഒരു പാവം തവള!

അറിയുന്നു ഞാന്‍ നിന്നെ!

സി. പി. അബൂബക്കര്‍
തണല്‍ ഓണ്‍ലൈന്‍
Subscribe Tharjani |