തര്‍ജ്ജനി

യാത്ര

ഗോമുഖം

ഞങ്ങള്‍ ഒന്നിച്ചു കുറച്ചു നേരം ധ്യാനിച്ചിരുന്നു. അപ്പോഴേക്കും രാത്രിയായിരുന്നു. പുറത്തു് ടെന്റിന്റെ തൊട്ടു മുമ്പിലൂടെ ഒഴുകുന്ന ഭഗീരഥിയില്‍ ചന്ദ്രിക പുളകം കൊള്ളുന്നതു് കാണാമായിരുന്നു. ടെന്റിലേക്കു് തണുപ്പു് അരിച്ചരിച്ചു വരാന്‍ തുടങ്ങിയപ്പോള്‍ ബാബ തന്നെ കമ്പിളിയെടുത്തു് ഞങ്ങളുടെ കാലിലിട്ടുതന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ നരേഷും കൌന്തേയനും ടെന്റിലേക്കു കയറിവന്നു. ബാബയ്ക്കു് നമസ്കാരം പറഞ്ഞു് അവരും താഴെയിരുന്നു. ബാബ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഞങ്ങളുടെ സംഭാഷണം കേട്ടുകൊണ്ടിരുന്നു. ഇടയ്ക്കു് അദ്ദേഹം എന്തെങ്കിലും പറയും. കണ്ണടച്ചിരുന്നു് ഞങ്ങള്‍ പറയുന്നതു് ശ്രദ്ധിക്കും. വെറുതെ പുഞ്ചിരിക്കും.

നരേഷു് പറഞ്ഞു “എനിക്കു് അമ്പലത്തില്‍ പോയാല്‍ ഒരു ആനന്ദവും ലഭിക്കാറില്ല. അവിടുത്തെ വൈബ്രേഷന്‍ ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലത എനിക്കില്ലാത്തതാവാം കാരണം. ഞാനൊരു പാപിയാണു് . ഷെയ്ത്താനാണു്. എന്നാല്‍ ഹിമാലയത്തിലെ മഞ്ഞു മലകളില്‍ രാത്രിയില്‍ ഒറ്റക്കിരുന്നു ഞാന്‍ എന്തിനെന്നറിയാതെ കരഞ്ഞിട്ടുണ്ടു്. ഹൃദയം വലുതായി വലുതായി ആകാശത്തോളം വലുതാവുന്നതുപോലെ തോന്നിയിട്ടുണ്ടു്. യാത്രക്കിടയില്‍ കാണുന്ന വലിയ പാറകളില്‍ കെട്ടിപ്പിടിച്ചു് കുറേനേരം നില്‍ക്കും. അപ്പോള്‍ ഊര്‍ജ്ജപ്രവാഹം ശരീരം മുഴുവന്‍ വന്നുനിറയും. എനിക്കു് എന്തെങ്കിലും എടുത്തു പറയാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടങ്കില്‍ അതു് ഹിമാലയത്തിലെ മഞ്ഞു മലകളില്‍ നിന്നാണു്; പ്രകൃതിയുടെ മനോഹാരിതയില്‍ നിന്നാണു് . അതുകൊണ്ടാവാം ഗുരു എന്നുകേള്‍ക്കുമ്പോഴെല്ലം ഹിമാലയമാണു് എന്റെ ഗുരു എന്നു് ഞാന്‍ അറിയാതെ പറഞ്ഞു പോകുന്നതു്. "നാം ഒന്നുമല്ല" (we are nothing) എന്ന ഉപദേശമാണു് ഹിമാലയ ഗുരു എനിക്കു നല്‍കിയിട്ടുള്ളതു് . എന്തുകൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു്?"

നരേഷ് പറഞ്ഞുനിറുത്തിയപ്പോള്‍ ബാബ എന്നെനോക്കി സംസാരിക്കാന്‍ ആഗ്യം കാണിച്ചു. അദ്ദേഹത്തിന്റെ മുമ്പിലിരുന്നു് സംസാരിക്കാന്‍ അല്പം സങ്കോചം തോന്നിയെങ്കിലും ഗുരുവിനെ ധ്യാനിച്ചു് ഞാന്‍ പറഞ്ഞുതുടങ്ങി.

“തിരക്കു പിടിച്ച ബസ്സാറില്‍ നില്‍ക്കുമ്പോള്‍ താനൊരു പാപിയാണന്നൊന്നും തോന്നാറില്ലല്ലൊ? നിറയെ പൊടിപിടിച്ചിരിക്കുന്ന കണ്ണാ‍ടിയേക്കാള്‍ നമ്മെ അസ്വസ്ഥപ്പെടുത്തുക വൃത്തിയുള്ള കണ്ണാടിയില്‍ അവിടവിടെ പറ്റിയിരിക്കുന്ന പൊടികള്‍ കാണുന്നതാണു്. ഹൃദയം ശുദ്ധമായിക്കൊണ്ടിരിക്കുമ്പോള്‍ സ്വാസ്ഥ്യത്തോടൊപ്പം ഇനിയും തെളിമയാര്‍ജ്ജിക്കാന്‍ വേണ്ടിയുള്ള അസ്വാസ്ഥ്യയവും തീവ്രമാകാതിരിക്കില്ല. അതിനെ നിഷേധാത്മകമായി കാണരുതു്.

പിന്നെ അമ്പലം. അമ്പലത്തിലും പള്ളിയിലും മസ്ജിദിലും ഒന്നും ഒരു ഊര്‍ജ്ജവും ഇല്ല. അവിടെ ഊര്‍ജ്ജമുണ്ടന്നു് തോന്നുന്നതു്, അനുഭവിക്കാനാവുന്നതു്, ഒരു വിശ്വാസിക്കു മാത്രമാണു്. അടിയുറച്ച ഒരു മുസ്ലീം ഭക്തന്‍ അതിശയകരമായ ശക്തിവിശേഷമുണ്ടെന്നു പറയുന്ന അമ്പലത്തിലെങ്ങാനും ചെന്നുപെട്ടാല്‍ എതോ നരകത്തിലെത്തിയപോലെ ഭയചകിതനായി അവിടുന്നോടിക്കളയുകയേയുള്ളൂ. ഒരു ഹിന്ദുമത ഭക്തന്‍ കൃസ്ത്യന്‍ ദേവാലയത്തില്‍ ചെന്നാലും കൃസ്തുമത വിശ്വാസി മുസ്ലീം പള്ളിയില്‍ ചെന്നാലും അനിര്‍വചനീയമായ ശാന്തിയൊന്നും അനുഭവിക്കാനിടയില്ല.

ഏതുതരം വിശ്വാസിക്കും തീയില്‍ തൊട്ടാല്‍ കൈ പൊള്ളും, വെള്ളം കുടിച്ചാല്‍ ദാഹം മാറും, സ്നേഹത്തിനുമുന്‍പില്‍ വിനീതനാവും. അതിലൊന്നും വിശ്വാസം എന്ന പ്രശ്നം വരുന്നില്ല. അമ്പലത്തിനും പള്ളിക്കും എല്ലാം എന്തെങ്കിലും ശക്തിയുണ്ടാ‍യിരുന്നങ്കില്‍ അതു് അവരുടെ ദാഹമകറ്റുന്ന ജലംപോലെ എല്ലാവരിലൂടെയും പ്രവഹിക്കണമായിരുന്നു.

സ്ഥലമല്ല പ്രധാനം. പോകുന്ന ആളുടെ വിശ്വാസമാണു്. ഒരു ശിവഭക്തന്‍ ശിവലിംഗത്തിനു മുമ്പില്‍ നിന്നു പ്രാര്‍ഥിക്കുമ്പോള്‍ അവന്റെ കണ്ണില്‍ നിന്നും അശ്രുധാരയുണ്ടാവുകയും ഹൃദയം ആനന്ദം കൊണ്ടു നിറയുകയും ചെയ്യുന്നങ്കില്‍ അവനവിടെ അനുഭവിക്കാന്‍ കഴിയുന്ന ധ്യാനാത്മകമായ ഊര്‍ജ്ജപ്രവാഹം സത്യം തന്നെയാണു്. അതവന്റെ നിഷ്കളങ്കമായ ഭക്തിയില്‍ നിന്നും ഉണര്‍ന്നുവരുന്നതാണു്; അമ്പലത്തിനുള്ളിലിരിക്കുന്ന ശിവലിംഗത്തില്‍നിന്നും പ്രവഹിച്ചു വരുന്നതല്ല. ഇതു് ഏതു മത വിശ്വാസിയുടെയും സ്ഥിതിയാണു്.

വിശ്വാസ പ്രസ്ഥാനങ്ങള്‍ക്കുമപ്പുറത്തു് വിരാജിക്കുന്ന ഒരു ലോകമുണ്ടു്. പ്രകൃതിയുടെ വിശ്വവശ്യമായ സൌന്ദര്യം. മനസ്സിന്റെ ഭാവലോകങ്ങളെയുമെടുത്തമ്മാനമാടി ശാന്ത സുന്ദരമായ അലൌകീകാനുഭൂതിയിലേക്കു് നയിച്ചുകൊണ്ടു പോകുന്ന നൃത്തസംഗീതാസാഹിത്യാദികലകളുടെ മായികലോകം. അവിടെ വിശ്വാസങ്ങള്‍ക്കല്ല പ്രസക്തി. ആസ്വാദനക്ഷമതയുള്ള സഹൃദയത്വത്തിനാണു്.

നരേഷിനു് അമ്പലം ഊര്‍ജ്ജം പകരാതിരുന്നതു് പാപിയായതു കൊണ്ടല്ല. അമ്പലത്തിന്റെ പൂര്‍ണ്ണഭക്തി ഇല്ലാത്തതുകൊണ്ടാണു്. മഞ്ഞുമലയിലെ ഏകാന്തസുന്ദരമായ രാത്രിയില്‍ പൊട്ടിക്കരയാന്‍ കഴിഞ്ഞതു് മൌനവുമായി പാരസ്പര്യപ്പെടാനുള്ള സൌഹൃദയത്വമുണ്ടായതു കൊണ്ടാണു്. ഭക്തിയെന്നാല്‍ അറിയാനാവാത്തതോ അറിയാന്‍ കഴിയുന്നതോ ആയ ഏതോ ദൈവത്തിലുള്ള ഭയം എന്നല്ല മന‍സ്സിലാക്കേണ്ടതു്. ‘ഭ’ യോടു്, പ്രകാശത്തോടു്, ഹൃദയത്തിലനുഭവിക്കാവുന്ന മൌനത്തോടു്, പ്രശാന്തിയോടു്, ലയിച്ചുചേരുക എന്നതാണു് ഭക്തി എന്ന വാക്കിനര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ നരേഷു് ഒരു പരമഭക്തന്‍ തന്നെയാണു്“.

ഞാന്‍ മലയാളത്തില്‍ പറയുന്ന വാചകം ഗായത്രി ഹിന്ദിയിലാക്കും. അതുകേള്‍ക്കുമ്പോള്‍ ബാബയ്ക്കുണ്ടാകുന്ന മാറ്റം ഞാന്‍ ശ്രദ്ധിക്കും. ബാബ കണ്ണടച്ചു് ഭക്തിയോടെ ഇരിക്കുന്നുണ്ടാവും സമ്മതഭാവത്തില്‍ തലയാട്ടുമ്പോള്‍ എനിക്കാശ്വാസമാകും. ഞാന്‍ അടുത്ത വാചകം പറയും. സംസാരിച്ചു കഴിഞ്ഞാപ്പോള്‍ ബാബ വളരെ സന്തോഷത്തോടെ എന്നെ അനുമോദിച്ചു.ആയിരം ആളുകള്‍ ചോദ്യങ്ങളുമായി വരട്ടെ, മറുപടി പറയാന്‍ ഞാന്‍ തയ്യാര്‍ എന്ന അഹങ്കാരമാണു് ആദ്യം ഉയര്‍ന്നു വന്നതു്. നോക്കണേ മനസ്സിന്റെ ഒരു അസൂയ. ‘എന്റെ‘ എന്നു പറയുന്നില്ല. മനസ്സിന്റെയാണുപോലും. സ്വന്തം കഴിവുകേടു് മറ്റുള്ളവരുടെ മേല്‍ കയറ്റിവയ്ക്കുന്ന ഈ സ്വഭാവം എന്നാണു് ഒന്നു മാറികിട്ടുക. ഒരു യോഗിയുടെ മുന്നിലിരിക്കുമ്പോള്‍പോലും അവന്‍ അടങ്ങിയൊതുങ്ങി ഇരിക്കുന്നില്ല.

കൌന്തേയന്‍ ചോദിച്ചു “ഞാന്‍ അച്ഛനേയും അമ്മയേയും ശുശ്രൂഷിച്ചു് അവരോടൊത്തു കഴിയാനാണു് ആഗ്രഹിക്കുന്നതു്. നാം എന്തു തത്വശാസ്ത്രം പറഞ്ഞാലും അവരാണു് നമ്മെ വളര്‍ത്തി വലുതാക്കിയതു്. അവരോടു നമുക്കു് ഉത്തരവാദിത്വമുണ്ടു്. ‘മാതാ പിതാ ഗുരു ദൈവം’ എന്നാണല്ലോ ഋഷിമാര്‍ പറയുന്നതു്. പിന്നെ എന്തുകൊണ്ടാണു് നിങ്ങളൊക്കെ അച്ഛനമ്മമാരെ വിട്ടു് ഓടിപ്പോകുന്നതു്? അവരോടൊത്തു കഴിയുകയല്ലേ വേണ്ടതു്? ഇതാ‍ണു് നമുക്കു് മനസ്സിലാകാത്തതു്. മാതാവിനേയും പിതാവിനേയും ഗുരുവിനേയും ദൈവത്തേപ്പോലെ കാണണമെന്നു പറയുകയും ചെയ്യും, അവരെവിട്ടു് ഓടുകയുംചെയ്യും? ഇതിനേക്കുറിച്ചു് എന്താണു് പറയാനുള്ളതു്?”

“പൌരാണിക ഋഷീസ്വരന്മാര്‍ ദര്‍ശിച്ച സത്യത്തെ മന്ത്രരൂപത്തിലും മറ്റുമായി നമുക്കു നല്‍കിയിട്ടുണ്ടു് എന്നതു സത്യം തന്നെ. പിന്നീടു വന്ന ആചാര്യന്മാര്‍ അവരുടെ അറിവിനും വിശ്വാസത്തിനും സംസ്കാരത്തിനും അനുസരിച്ചു് ആ ദര്‍ശനത്തെ വ്യാഖ്യാ‍നിച്ചു. ഭഗവത്ഗീതയും ബ്രഹ്മസൂത്രവും ഉപനിഷത്തുകളും മാനദണ്ഡമാക്കിയാണു് ശങ്കരന്‍ അദ്വൈതവും മധ്വന്‍ ദ്വൈതവും രാമാനുജന്‍ വിശിഷ്ടാദ്വൈതവും സ്ഥാപിച്ചതു്. വിശിഷ്ട ഖുര്‍‌ആനിനെ അവരവരുടെ മനോധര്‍മ്മമനുസരിച്ചു് വ്യാഖ്യാനിച്ചതിന്റെ ഫലമാണു് ഇസ്ലാം മതത്തില്‍ ഇപ്പോള്‍ കാണുന്ന വിഭാഗങ്ങള്‍. കാത്തോലിക്ക, പെന്തക്കോസ്തു തുടങ്ങിയ എണ്ണിയാലൊടുങ്ങാത്തത്ര സഭകള്‍ ബൈബിളിനെ അടിസ്ഥാനമാക്കിയും ഉണ്ടായിട്ടുണ്ടു്. ഋഷിമാരും മുഹമ്മദ് നബിയും യേശുക്രിസ്തുവും എന്തുദ്ദേശിച്ചാണോ ഓരോ വാക്കും മൊഴിഞ്ഞതു്, അതു് അതേഭാവത്തിലും അര്‍ത്ഥത്തിലും അവതരിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ടു് എന്നുറപ്പിച്ചു് പറയാന്‍ കഴിയില്ല അതിനാല്‍ ‘എന്തല്ല’ എന്നറിയാന്‍ വ്യാഖ്യാനങ്ങള്‍ സഹായിക്കും.

നാം ഒരു മന്ത്രത്തെ വ്യാഖ്യാനിക്കുമ്പോള്‍ അതു് നമ്മുടെ അഭിപ്രായമാണു്. എന്നാല്‍ സ്വന്തം വിശ്വാസത്തെ ഉറപ്പിക്കാനല്ലാതെ, മുന്‍‌വിധികളെയും ഇഷ്ടങ്ങളെയും രമിപ്പിക്കാനല്ലാതെ, മറ്റുള്ളവരുടെമേല്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കനല്ലാതെ, ഭൂരിപക്ഷത്തിന്റെ സമ്മതത്തിനും ആദരവിനും വേണ്ടിയല്ലാതെ, സ്വന്തം ആത്മോല്‍ക്കര്‍ഷത്തിനായി മാത്രം നാം മന്ത്രത്തെ ഭക്തിയോടെ സമീപിക്കുകയാണങ്കില്‍ നമ്മുടെതായ ഒരു മാനം അതില്‍ കണ്ടെത്താനാവും. അങ്ങനെ ഒരു അന്വേഷണം ‘മാതാ പിതാ ഗുരു ദൈവം’ എന്ന വചനത്തിലൂടെ നടത്തുമ്പോള്‍ വെളിപ്പെട്ടുവരുന്ന ഒരുഅര്‍ത്ഥമാണു് എനിക്കു പറയാന്‍ തോന്നുതു്. അതു് ഒരുപക്ഷെ ഇതെഴുതിയ ആള്‍ ഉദ്ദേശിച്ചതായിരിക്കണമെന്നുമില്ല.

‘മാതാ പിതാ ഗുരു ദൈവം’ എന്നതിനെ മാ‍താവും പിതാവും ഗുരുവും ദൈവമാണു് എന്ന അര്‍ത്ഥത്തിലെടുക്കാനല്ല എനിക്കു തോന്നുതു്. മറിച്ചു്, ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ മുകളിലോട്ടു കയറിപ്പോകേണ്ട നാലു ചവിട്ടു പടികളായിട്ടാണു്.

നാം ഭൂമിയില്‍ പിറന്നപ്പോള്‍ സുരക്ഷിതത്വത്തിന്റെയും വാത്സല്യത്തിന്റെയും കാരുണ്യം ആദ്യമായി അമ്മിഞ്ഞപ്പാലിലൂടെ പകര്‍ന്നുതന്നതു് അമ്മയാണു്. അറിവിന്റെ ആദ്യാക്ഷരങ്ങള്‍ സ്നേഹസ്പര്‍ശത്തിലൂടെ പകര്‍ന്നു തരുന്ന ആദ്യഗുരുവാണു് അമ്മ. ലോകവുമായി സംവദിക്കുമ്പോഴുണ്ടാകുന്ന പിഴവുകള്‍ അമ്മ തിരുത്തുന്നു. പിന്നീടു് അച്ഛനും ഗുരുസ്ഥാനീയനായി കടന്നുവരുന്നു. അമ്മ വാത്സല്യവതിയാണു്. ലോലഹൃദയയാണു്. വൈകാരികമായ സ്നേഹത്തിന്റെ നിറവില്‍ കുഞ്ഞിന്റെ പല വൈകല്യങ്ങളും അമ്മ കാണാതെ പോയേക്കാം. അവിടെയാണു് അല്പം കാര്‍ക്കശ്യം എന്നു തോന്നുന്നങ്കിലും ഹിതകരമായ തിരുത്തിലൂടെ അച്ഛന്‍ നമ്മെ ലോകവ്യവഹാരത്തിനനുയോജ്യമായ തരത്തിലുള്ള വിവേകത്തിലേക്കു നയിക്കുന്നതു്. അച്ഛനും അമ്മയും ചേര്‍ന്ന് നമ്മുടെ ശാരീരികവും മാനസികവുമായ ഉന്നതിക്കായി എല്ലാം ചെയ്തുതരുന്നു. അല്പം മുതിര്‍ന്നാല്‍ പിന്നെ കൂടുതല്‍ അറിവുനേടാനായി നമ്മെ വിദ്യാലയങ്ങളിലേക്കു നയിക്കുന്നു.അവിടെ അദ്ധ്യാപകന്‍ നമ്മുടെ ഗുരുസ്ഥാനീയനാകുന്നു.

അച്ഛനും അമ്മയ്ക്കും അവരുടേതായ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമുണ്ടു്. അതു തന്നെ തന്റെ മക്കളും പിന്‍‌തുടരണമെന്നു് അവര്‍ ആഗ്രഹിച്ചേക്കും ചിലര്‍ നിര്‍ബന്ധപൂര്‍വ്വം അതിനു പ്രേരിപ്പിക്കും. അദ്ധ്യാപകനാണങ്കില്‍ ആരോ എഴുതിക്കൊടുത്ത പാഠങ്ങള്‍ പറഞ്ഞുകൊടുക്കുമെന്നല്ലാതെ കുഞ്ഞിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍ സൂക്ഷ്മമായറിഞ്ഞു് അവനെ അവന്റേതായ ശ്രേയസ്കരമായ വഴിയിലോട്ടു തിരിച്ചുവിടാനൊന്നും ശ്രമിക്കണമെന്നില്ല.

ലോകത്തില്‍ ഏറെ മനുഷ്യരും മാതാപിതാക്കളുടെയും അദ്ധ്യാപകന്റെയും വിശ്വാസത്തിലും രീതിയിലും സംതൃപ്തരായി ലോകരീതിക്കനുസരിച്ചു് കഴിയാന്‍ തന്നെ നിര്‍ബന്ധിതരായിത്തീരുന്നു. എന്നാല്‍ ചിലര്‍ക്കു് ഇതൊന്നും സംതൃപ്തി നല്‍കുന്നില്ല. മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളില്‍ അവര്‍ക്കു് യാതൊരു സംശയവുമില്ല. അദ്ധ്യാപകന്‍ ആത്മാര്‍ത്ഥമായി തന്നെയാണു് പാഠങ്ങള്‍ പറഞ്ഞു തരുന്നതു്. എന്നാല്‍ തന്റെയുള്ളില്‍ ഇരുന്നെരിയുന്ന വിശപ്പകറ്റാനുള്ള അന്നം അവരില്‍ നിന്നും ലഭിക്കുന്നില്ല. തന്നെ താനായി സ്വീകരിക്കുന്ന, തന്നില്‍ ലീനമായിരിക്കുന്ന സ്വാതന്ത്ര്യത്തെ അതിന്റെ ആഴത്തിലനുഭവിക്കന്‍ സഹായിക്കുന്ന അറിവിനുവേണ്ടിയുള്ള അന്വേഷണം, ജീവിതത്തിന്റെ രഹസ്യമറിഞ്ഞനുഭവിച്ചു കഴിയുന്ന ആളുകളിലേക്കോ അവര്‍ മൊഴിഞ്ഞ വചനങ്ങളിലേക്കോ അവനെ നയിച്ചേക്കും.

illustration

തങ്ങള്‍ക്കു തികച്ചും അപരിചിതമായ വഴികളിലൂടെ മക്കള്‍ യാത്രചെയ്യുന്നതു കാണുമ്പോള്‍ മാതാപിതാക്കള്‍ക്കു വിഷമമുണ്ടാകും. അവരെക്കാളധികം വേദന മക്കള്‍ക്കുമുണ്ടാകും പരസ്പരം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന ഈ സന്ദര്‍ഭം വേദനാജനകം തന്നെയാണു്. ഒഴിവാക്കാനാകാത്ത ഈ വേദനയുടെ കഥകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അതു് അപരിഹാര്യമാണു്.

അങ്ങനെ അവന്‍ ഗുരുവിനെ കണ്ടത്തിയേക്കാം. അദ്ദേഹം ആരില്‍നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. അങ്ങനെ ഒരാളുമായി അവന്‍ ആദ്യമായി ബന്ധപ്പെടുകയാണു്. അദ്ദേഹത്തോടൊപ്പമുള്ള ജീവിതം താന്‍ യാത്ര ചെയ്യേണ്ട വഴിയെക്കുറിച്ചുള്ള അവബോധം അവനില്‍ നിറച്ചേക്കും.

ഗുരുവില്‍നിന്നും വീണ്ടും അവനു യാത്ര തുടരണം. ഇനി യാത്ര തനിച്ചാണു്. തനിച്ചെന്നു പറയാനാവില്ല. താനും ദൈവവും മാത്രം. ഹൃദയത്തില്‍ വിളങ്ങുന്ന പ്രകാശത്തെ അനുഭവിക്കാന്‍ താന്‍ സംശയരഹിതമായി അറിഞ്ഞ വഴിയിലൂടെയുള്ള തികച്ചും സ്വതന്ത്രമായ യാത്ര. അതു തുടര്‍ന്നാല്‍ പിന്നെ ഞാനും ദൈവവും എന്ന ദ്വൈതം പോലും അറ്റുപോകുന്ന അനുഭൂതിയില്‍ അവന്‍ ലീനനായിത്തീരുമത്രേ. ഇതാണു് ‘ മാത, പിതാ, ഗുരു, ദൈവം’ എന്ന വചനത്തില്‍ എനിക്കു കാണാന്‍ കഴിഞ്ഞ അര്‍ഥം.

നാം ഭൂമിയില്‍ പിറന്നു വീണതു് അങ്ങനെയൊരു അനുഭവത്തില്‍ ജീവിക്കാന്‍ വേണ്ടിയാണു്. ഒരോരുത്തരുടെയും ജീവിതം ഒരോ രീതിയിലാണു്. അച്ഛനമ്മമാര്‍ മക്കളില്‍നിന്നും മക്കള്‍ അച്ഛനമ്മമാരില്‍നിന്നും അവര്‍ ആഗ്രഹിക്കുന്ന ജീവിതം പ്രതീക്ഷിക്കരുതു്. സ്നേഹിക്കരുതു് എന്നല്ല പറയുന്നതു്. പ്രതീക്ഷകള്‍, ആശകള്‍, ആഗ്രഹങ്ങള്‍ എന്നും ദുഃഖത്തിന്റെ ഇരുട്ടിലേക്കുള്ള വാതായനങ്ങളാണു് എന്നു് അറിവുള്ളവര്‍ പറയുന്നു”.

സമയം ഒന്‍പതുമണി കഴിഞ്ഞിരിക്കുന്നു. പുറത്തു നല്ല നിലാവുള്ളതിനാല്‍ മുറിയിലേക്കു നടക്കാന്‍ വിഷമമുണ്ടായില്ല. ഇന്നു പൌര്‍ണ്ണമിയാണു്. ഹിമാലയത്തിലെ പൌര്‍ണ്ണമിയെ എങ്ങനെയാണു് ഞാന്‍ വര്‍ണ്ണിക്കുക. ഉന്മത്തനായി എന്നുമാത്രം പറയാം. ആശ്രമത്തിലെ അടുക്കളയിലേക്കാണ് ഞങ്ങള്‍ നേരെ പോയതു്. വലിയൊരടുപ്പില്‍ മരക്കഷ്ണങ്ങള്‍ ഇരുന്നെരിയുന്നു. അതിനു മുകളില്‍ വലിയൊരു ചപ്പാത്തിക്കല്ല്‍. അഞ്ചുപത്താളുകള്‍ അതിനുചുറ്റും ഇരുന്നു് ചപ്പാത്തി ചുട്ടു കഴിക്കുന്നു. ഞങ്ങളും അവരോടൊപ്പം കൂടി. നല്ല ചൂടു്. അവിടെ അടുപ്പിനു മുന്നില്‍ കൊരണ്ടിപ്പലകയിലിരുന്നു് ഞങ്ങളും കല്ലുപോലുള്ള ചപ്പാത്തി കടിച്ചു മുറിച്ചുതിന്നു. ഒരു പത്തു ദിവസമെങ്കിലുമെടുക്കും ഇവന്‍ ദഹിക്കാനെന്നു് അതു വയറ്റിലേക്കിറങ്ങിപ്പോകുമ്പോഴേ അറിയാം. ആര്‍ക്കും ഒരപരിചിതത്വവുമില്ല. ചെന്ന പാടെ കൊരണ്ടിപ്പലകയും പാത്രവും ഒരാള്‍ കയ്യില്‍ എടുത്തു തന്നു. ചപ്പാത്തി ചുട്ടുകൊണ്ടിരിക്കുന്നവന്‍ കല്ലില്‍ നിന്നും ചൂടുള്ള രണ്ടെണ്ണം എടുത്തു പാത്രത്തിലേക്കിട്ടു. വേറൊരാള്‍ വലിയൊരു കരണ്ടി നിറയെ ഉരുളക്കിഴങ്ങു കറിയും ഒഴിച്ചു. അവര്‍ ഓരോതമാശ പറഞ്ഞു ചിരിച്ചാണു് ഭക്ഷണം കഴിക്കുന്നതു്. ഇടയ്ക്കു് എന്നെ നോക്കി തമാശ പങ്കുവെയ്ക്കും. ഗായത്രി എന്റെയടുത്തല്ല ഇരിക്കുന്നതു്. കാര്യം പിടികിട്ടിയതുപോലെ ഞാനും പൊട്ടിച്ചിരിക്കും. ഭാഷ അറിയാത്ത ഞാന്‍ അതീന്ദ്രിയ ജ്ഞാനത്താല്‍ ഹിന്ദി മനസ്സിലാക്കി മൂളാനും പൊട്ടിച്ചിരിക്കാനും ഒക്കെ തുടങ്ങി.

രാത്രി വളരെ വൈകിയാണു് കിടന്നതു്. ഒരുറക്കം കഴിഞ്ഞു് മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. മൂത്രമൊഴിച്ചു തിരിഞ്ഞതും ഒരു പ്രകാശവലയം തൊട്ടുമുന്‍പില്‍ വന്നു നില്‍ക്കുന്നതു് കണ്ടു് ഞാന്‍ ഭയന്നുപോയി. അതു പൂര്‍ണ്ണചന്ദ്രനായിരുന്നു; വെട്ടിത്തിളങ്ങുന്ന സൌമ്യത. ദൈവമേ, എന്തൊരു വലിപ്പം! ആകാശത്തുനിന്നും ഞെട്ടറ്റു വീണതാണൊ എന്നു തോന്നിപ്പോയി. തൊട്ടടുത്തു വന്നു നില്‍ക്കുന്നപോലെ. ഭാഗീരഥിക്കുമപ്പുറ‍ത്തുള്ള മലകളിലേക്കു നോക്കിയപ്പോള്‍ ഒരു മീറ്ററോളം വീതിയില്‍ കൂടിയും കുറഞ്ഞും ഒരറ്റം‌മുതല്‍ മറ്റേ അറ്റംവരെ വെള്ളിനിറത്തില്‍ വെട്ടിത്തിളങ്ങുന്നു. മഞ്ഞില്‍ നിലാവേല്‍ക്കുന്നതുകൊണ്ടാവാം. ബാക്കിയിടത്തെല്ലാം ചന്ദ്രികയുടെ പ്രകാശമേയുള്ളൂ. ആ കാഴ്ചനോക്കി കുറേനേരം ഞാന്‍ നിശ്ചലനായി നിന്നു. കണ്ണുനീര്‍ തുടച്ചു വേഗം ഗായത്രിയെ വിളിച്ചു. പുലര്‍ച്ചെ അഞ്ചരയായിരുന്നു. ചന്ദ്രന്റെ അലൌകികതയില്‍ ആശ്രമവരാന്തയായ തറയില്‍ ഞങ്ങള്‍ കുറേനേരം തളര്‍ന്നിരുന്നു.

illustration

രാവിലേയാണ് ഗോമുഖത്തിലേക്കു പോകാനായി വന്നിട്ടുള്ള തീര്‍ത്ഥാടകരെ മുഴുവന്‍ കണ്ടതു്. പ്രഭാത ചപ്പാത്തിക്കായി അടുക്കളയില്‍ ചെന്നപ്പോള്‍ ഒരാള്‍ അടപോലെ എന്തോ കട്ടിയുള്ളതു് ഉണ്ടാക്കുന്നതു കണ്ടു. അതു ചപ്പാത്തിപോലെ കട്ടിയുള്ളതാവില്ല എന്നു തോന്നി. ഇതുമതിയോ എന്നു ചോദിച്ചപ്പോള്‍ മതിയെന്നു പറഞ്ഞുപോയി. ഉള്ളില്‍ അരക്കിലോ പഞ്ചസാര നിറച്ച കരിങ്കല്ലന്‍ ചപ്പാത്തിതന്നെ. അതു കഴിക്കാന്‍ പെടാപാടു പെടുമ്പോഴാണു് ആളുടെ ചോദ്യം:

“നന്നായിട്ടില്ലെ?” വെളുക്കനെ ചിരിച്ചു് വളരെ നന്നായിരിക്കുന്നു എന്നു പറഞ്ഞു. ശോധന പരിപാടിയെക്കുറിച്ചു് കുറച്ചു ദിവസത്തേക്കു വേവലാതിപ്പെടേണ്ടതില്ല.

നേരെ രാംബാബയുടെ അടുത്തുപോയി. ആഗ്രഹിച്ചതുതന്നെ സംഭവിച്ചു. നല്ലൊരു ഹെര്‍ബല്‍ ചാ‍യ കിട്ടി. എട്ടരയോടുകൂടി നരേഷിനോടും കൌന്തേയനോടും ഒപ്പം ഗോമുഖിയിലേക്കു യാത്ര തിരിച്ചു. ഭോജൂബാസില്‍നിന്നു് ഗോമുഖ് വളരെ വ്യക്തമായിത്തന്നെ കാണാം. പേരുപോലെ തന്നെയാണു് ഗോമുഖ്. കൊമ്പുകളെന്നപോലെ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗീരഥി പര്‍വ്വതങ്ങളും മുഖവും വായയും എന്നതുപോലെ മുന്‍പോട്ടു തള്ളി നില്‍ക്കുന്ന മഞ്ഞുമലകളും ചേര്‍ന്നാല്‍ ഗോമുഖം ഒരു പശുവിന്റെ മുഖം തന്നെ.

മുമ്പോട്ടു നടക്കുന്തോറും ഹൃദയത്തില്‍ വന്നു നിറയുന്ന ലാഘവത്വം കൂടെയുള്ളവരെ കുറിച്ചുള്ള ചിന്തയില്‍ നിന്നും നമ്മെ അകറ്റുന്നു. ഞാന്‍ വളരെ മുമ്പിലായിപ്പോയിരിക്കുന്നു. ചിലരെയൊക്കെ ഞാന്‍ കടന്നു പോകുന്നുണ്ടു്. ചിലരൊക്കെ എന്നെ കടന്നു പോകുന്നുണ്ടു്. അങ്ങനെ ഞാന്‍ വലിയൊരു മൈതാനത്തില്‍ പ്രവേശിക്കുന്നതിനു മുമ്പുള്ള ഒരിടത്തെത്തി. വലിയൊരു ഉരുളന്‍ പാറ. അതിനു താഴെ തെളിഞ്ഞൊരു ജലാശയം. നീലനിര്‍മ്മലജലാശയം. ഇനി ഗായത്രി വന്നിട്ടു് ഒന്നിച്ചു പോകാം. സമയം ഏറെ കഴിഞ്ഞിട്ടും ഗായത്രിയെ കാണുന്നില്ല. ഞങ്ങളോടൊപ്പം യാത്ര തിരിച്ച പലരും കടന്നുപോയി. നരേഷിനോടു് സംസാരിച്ചു സാവധാനം വരുന്നുണ്ടാകും. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ നരേഷു ഒരു സുഹൃത്തും കൂടി അകെലെനിന്നും വരുന്നതു കണ്ടു. ഗായത്രി കൂടെയില്ല. ഉള്ളിലൂടെ ഒരു ഭയം പാളിപ്പോയി. ആകപ്പാടെ അസ്വസ്ഥനായി ഞാന്‍ തിരിച്ചു നടന്നു. നരേഷിന്റെ അടുത്തെത്തി ഗായത്രി എവിടെ എന്നന്വേഷിച്ചു.

“ഞങ്ങള്‍ ഒന്നിച്ചാണു് വന്നതു്. പിന്നെ അവര്‍ മുമ്പിലാണെല്ലോ വന്നതു് ഞങ്ങള്‍ വരുന്ന വഴിയിലെങ്ങും അവരെ കണ്ടതുമില്ല. ഷൌക്കത്തിനെ കടന്നു പോയിട്ടില്ലങ്കില്‍ പിന്നെ എവിടെപ്പോയി? ഇനി വല്ലയിടത്തും മാറി ഇരിക്കുന്നുണ്ടായിരിക്കും. വരും. വരാതിരിക്കില്ല” നരേഷു് മുമ്പോട്ടു നടന്നു.

കാലുതെറ്റി കൊക്കയിയില്‍ വീണിട്ടുണ്ടാകും. അല്ലങ്കില്‍ നരേഷു് കാണേണ്ടതല്ലെ. ദൈവമേ. എനിക്കാകെ പരിഭ്രമമായി. മനസ്സില്‍ വേണ്ടാത്ത ചിന്തകള്‍ ചീറിപ്പായുകയാണു്. കൊക്കയിലേക്കും അവിടവിടെയായി കാണുന്ന വലിയ കുഴികളിലേക്കുമെല്ലാം ഭയത്തോടെ നോക്കി ഒരു കിലോമീറ്ററിലധികം തിരിച്ചു കയറിക്കഴിഞ്ഞപ്പോള്‍ ഒരു ഗുഹയുടെ അടുത്തെത്തി. ഉള്ളിലെങ്ങാനും ഇരിപ്പുണ്ടാകുമോ എന്നു കരുതി അകത്തോട്ടു നോക്കിയപ്പോള്‍ ഒരു ജടാധാരിയായ സ്വാമി കെറ്റിലില്‍ എന്തോ തിളപ്പിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിനഭിമുഖമായി ഗായത്രിനിസ്സംഗപരബ്രഹ്മത്തില്‍ ലയിച്ചു് സുഖമായിരിക്കുന്നു. ഒരൊറ്റ ചവിട്ടിനു കൊല്ലാനാണു് തോന്നിയതു്. അറിയാവുന്ന എല്ലാതെറിയും ഉള്ളില്‍ വിളിച്ചു് വളരെ ശാന്തനായി ഗുഹയില്‍ കയറി. സ്വാമി എന്നോടു് ഇരിക്കാന്‍ പറഞ്ഞു.

“ഒത്തിരി തിരിച്ചു നടന്നോ? ഞാനിങ്ങനെ നടന്നു വരുമ്പോള്‍ സ്വാമിയെന്നെ ഗുഹയിലേക്കു ക്ഷണിച്ചു. ഒരു ചായ കുടിച്ചിട്ടു പോകാമെന്നു പറഞ്ഞു. ഒരോ കാര്യങ്ങള്‍ പറഞ്ഞിരിക്കുകയായിരുന്നു.”

മറുപടിയായി ഒരു കത്തുന്ന നോട്ടമാണു് എന്നില്‍നിന്നും വന്നതു്. സംഗതി പന്തിയല്ലന്നു ഗായത്രിക്കു മനസ്സിലായി. വെള്ളം തിളച്ചു തുടങ്ങിയിട്ടേയുള്ളൂ. എന്റെ ഇരിപ്പുവശം ശരിയല്ലെന്നു കണ്ടപ്പോള്‍ തല്‍ക്കാലം ചായകുടി വേണ്ടന്നുവെച്ചു് യാത്രപറഞ്ഞു് ഗായത്രി പുറത്തിറങ്ങി. അതദ്ദേഹത്തിനു തീരെ പിടിച്ചിട്ടുണ്ടാവില്ല. ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പിന്നീടു് അതോര്‍ത്തു ഞാന്‍ വിഷമിച്ചിട്ടുണ്ടു്, കുറ്റബോധവും തോന്നിയിട്ടുണ്ടു്. അദ്ദേഹത്തോടു് ആത്മാര്‍ത്ഥമായും മനസ്സ് കൊണ്ടു് ഞാന്‍ മാപ്പപേക്ഷിച്ചിട്ടുണ്ടു്. ദേഷ്യമെന്ന ചെകുത്താന്റെ പിടിയിലകപ്പെടുമ്പോള്‍ ബുദ്ധി കലുഷമാവുകയും സംഭവിക്കുന്നതെല്ലാം അവിവേകമായിത്തീരുകയും ചെയ്യും. മനുഷ്യജീവിതത്തെ നരകതുല്യമാക്കുന്ന വിഷവിത്തുതന്നെയാണു് കോപം.

കുറച്ചു ദൂരം ഒന്നും പറയാതെ നടന്നു. ദേഷ്യവും സങ്കടവുംകൊണ്ടു് ഞാനങ്ങനെ വിറയ്ക്കുകയാണു്. അവസാനം അതു് പൊട്ടിയൊലിക്കാന്‍ തുടങ്ങി. “പിന്നെ ഉമ്മയെയും ബാപ്പയെയും ഒക്കെ വിട്ടു് വീടുവിട്ടിറങ്ങിയതു് കണ്ട അണ്ടനെയും അറകോടനേയും ഒക്കെ കാത്തിരുന്നു് സമയം കളയാനല്ല. അല്ലെങ്കിലെ എനിക്കറിയാമായിരുന്നു. ഒരു സ്ത്രീയുടെ കൂടെ യാത്ര ചെയ്താല്‍ എല്ലാം കുളമാകുമെന്നു്. മറ്റുള്ളവരെക്കുറിച്ചു് ഒരു ചിന്തയുമില്ലാത്ത വര്‍ഗ്ഗം. ഒരുത്തന്‍ മുന്‍പില്‍ നടന്നു പോയിട്ടുണ്ടന്നും അവന്‍ തന്നെ കാണാതെ വിഷമിക്കുന്നുണ്ടാവുമെന്നും ഒന്നു ചിന്തിച്ചുകൂടെ? മനുഷ്യന്റെ സമധാനം കെടുത്താനായി ഉണ്ടായ വര്‍ഗ്ഗം. എന്നിട്ടു് ഗുഹയിലിരുന്നു് സല്ലപിക്കുന്നു. രാത്രിയാവുന്നതിനുമുമ്പു് എവിടെയെങ്കിലും ചെന്നെത്തണമെന്ന വിചാരമുണ്ടോ?”

പറഞ്ഞതു മുഴുവന്‍ ഓര്‍മ്മയില്ല. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ സ്ത്രീപക്ഷം ഉണര്‍ന്നു. “നീ എന്നെ കാത്തിരിക്കണമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ലല്ലൊ. നിനക്കു പോകാന്‍ തോന്നിയാല്‍ പോകുക. അത്രതന്നെ. സ്വന്തമായി യാത്ര ചെയ്യാന്‍ എനിക്കറിയാം. നിന്റെ സഹായമൊന്നും എനിക്കാവശ്യമില്ല. ശരി, സമ്മതിച്ചു. ഞാന്‍ ഗുഹയില്‍ കയറി ഇരിക്കാന്‍ പാടില്ലായിരുന്നു. ഒരു സ്വാമി വിളിച്ചാല്‍ ചെല്ലാതിരിക്കാന്‍ പറ്റുമോ? ഒരുത്തന്‍ സിംഹത്തെപ്പോലെ കാറി അവിടെ നില്‍ക്കുന്നുണ്ടെന്നു പറയാനൊക്കുമോ? പിന്നെ ഞാനൊന്നും നിന്റെ കൂടെ ഇറങ്ങി വന്നിട്ടില്ല. നീ തന്നെയാണു് നമുക്കു് ഒന്നിച്ചു് പോകമല്ലെ എന്നു പറഞ്ഞു് എന്റെ പിന്നാലെ വന്നതു്”.

ഞാന്‍ മെല്ലെ മൌനത്തിലേക്കു പിന്‍‌വാങ്ങി. അങ്ങനെ ഞങ്ങള്‍ നടന്നു് ഒരു വലിയ പാറയുടെ അടുത്തെത്തി. അപ്പോഴുണ്ടു് നരേഷു് അവിടെ നില്‍ക്കുന്നു. പിന്നെ നരേഷിന്റെ കൂടെയായി യാത്ര. നരേഷു് ഞങ്ങളെ കാണാതെ കാത്തു നില്‍ക്കുകയായിരുന്നു.

വീണ്ടും നടക്കുമ്പോള്‍ മഞ്ഞുമല കൂടുതല്‍ വ്യക്തമാകുന്നു. പഞ്ചസാര പോലെയുള്ള മണല്‍ നിറഞ്ഞ വഴിയിലൂടെ പതിയെ നടന്നു് അവസാനം ഗോമുഖില്‍ എത്തി. മഞ്ഞുമലകളുടെ അടിയില്‍നിന്നും ഭാഗീരഥി പുറത്തേക്കു് തള്ളിവരുന്നു. ഐസുകട്ടള്‍ ഇടിഞ്ഞുവീണു് കൂട്ടിയിടിച്ചു് പൊട്ടിത്തകരുന്ന ശബ്ദം എങ്ങും പ്രതിധ്വനിക്കുന്നു. കഴിയുന്നത്ര അടുത്തുനിന്നു് ഗോമുഖിനെ കാണാന്‍ ഇരുഭാഗത്തും ഇടിഞ്ഞുവീഴാന്‍ തയ്യാറായി നില്‍ക്കുന്ന ചെരുവിലൂടെ ഞങ്ങള്‍ നടന്നു. അഞ്ചുമീറ്ററോളം അടുത്തു് ഒരു പാറയുണ്ടു്. അതിനു മുകളില്‍ കയറിയിരുന്നു. ഹുങ്കാരത്തോടെ തള്ളിവരുന്ന ഗംഗയുടെ പ്രതിധ്വനി ശരീത്തെ മുഴുവന്‍ കോരിത്തരിപ്പിക്കുന്നു. കാറ്റില്‍ പറന്നുവന്നു മുഖത്തു ചുംബിക്കുന്ന ഗംഗയുടെ സ്പര്‍ശം! കുറച്ചു സമയം അവിടെ ഇരുന്നു. നരേഷു് നിര്‍ബന്ധിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. അപകടമില്ലത്ത ഒരിടത്തുനിന്നു് പിന്നെയും കുറേനേരം കണ്ണിമയ്ക്കാതെ ഗോമുഖിന്റെ ഗാംഭീര്യതയിലേക്കുനോക്കി നിന്നു.‍

അരുവിയുടെ ഏറ്റവും ഇടുങ്ങിയ ഭാഗത്തു് ഒരു മീറ്ററോളം ആഴവും 15മീറ്ററോളം വീതിയുമുണ്ടു്. ഒരിടത്തുവച്ചും വെള്ളത്തിലിറങ്ങി നടന്നു് പുഴകടക്കാമെന്നു് ആഗ്രഹിച്ചാല്‍ സാദ്ധ്യമല്ല തണുപ്പും ഒഴുക്കും നമ്മെ കാലപുരിക്കയക്കും.

4200മീറ്റര്‍ ഉയരത്തിലാണു് ഗോമുഖു്. ഒരിക്കല്‍ ഗംഗോത്രിയും ഗോമുഖും ഒരുസ്ഥലത്തുതന്നെയായിരുന്നത്രെ . പിന്നീടു് അടര്‍ന്നടന്നു് ദൂരയായിപ്പോയതാണന്നു പറയപ്പെടുന്നു. മന്ദാകിനിയും അളകനന്ദയും ഈ ഹിമധാരയില്‍നിന്നാണു് ഉത്ഭവിക്കുന്നതു്. ചൌഖംബപര്‍വ്വതത്തിന്റെ ചെരുവിലൂടെ വന്നു് ഗോമുഖിലവസാനിക്കുന്ന ഹിമധാര(Glacier)യ്ക്കു് 24കി.മി. നീളവും 4കി.മീടറിലധികം വീതിയുമുണ്ടു്.

ഇരുഭാഗങ്ങളില്‍ രക്തവര്‍ണ്ണ, ചതുരംഗി, സ്വച്ഛന്ദ, മേരു, കീര്‍ത്തി മുതലായ ജലധാരകള്‍. ശിവലിംഗം, മേരു, സുമേരു,ഭഗീരഥപര്‍വ്വതം തുടങ്ങിയ ഹിമഗിരിശൃംഗങ്ങള്‍. ഇതെല്ലാം ചേര്‍ന്ന ഗംഗോത്തരീഹിമധാരയുടെ വിസ്മയാവഹമായ ആകാശസൌന്ദര്യത്തിനുമുമ്പില്‍ നാം നമ്രശിരസ്കരാവുന്നു. ഈ ഹിമധാരയുടെ മുഖകമലമാണു് ഗോമുഖം എന്ന തീര്‍ത്ഥസ്ഥാനം.

ഈ ഹിമഗുഹയ്ക്കു മുകളില്‍ എവിടെയും ഗംഗയെ കാണാന്‍ കഴിയാത്തതിനാല്‍ ഇതുതന്നെയാണു് ഗംഗയുടെ ഉത്ഭവസ്ഥാനം എന്നു ഏവരും വിശ്വസിക്കുന്നു. എന്നാല്‍ ഭഗീരഥി പര്‍വ്വതത്തിന്റെ അടിയിലൂടെ ഒഴുകിയെത്തി ഗോമുഖിലൂടെ പ്രവഹിക്കുന്നതാണു് ഗംഗ എന്നും അനുമാനിക്കുന്നുണ്ടു്.

“നിങ്ങള്‍ തപോവനത്തില്‍ പോകുന്നില്ലെ? ഞങ്ങള്‍ നന്ദന്‍ വനത്തിലെക്കു് തിരിക്കുകയായി. ഇപ്പോള്‍ പുറപ്പെട്ടാലെ സുരക്ഷിതമായ ഒരിടത്തു് എത്താനാവൂ”. നരേഷു് ചോദിക്കുന്നതുവരെ തപോവനയാത്ര മനസ്സിലില്ലായിരുന്നു. ഒറ്റക്കു തപോവനം കയറിയാല്‍ വഴി തെറ്റിപോകുമെന്നും. മഴക്കാലമായതിനാല്‍ യാത്രക്കിടയില്‍ മഴപെയ്താല്‍ കല്ല് തലയില്‍ വീഴുമെന്നും കാലുതെന്നി വീഴാന്‍ സാദ്ധ്യതയുണ്ടെന്നും ഒക്കെ ഒരുത്തന്‍ പറഞ്ഞിരുന്നു. തല്‌ക്കാലം തപോവനം മനസ്സില്‍നിന്നും വിട്ടേക്കാം എന്നു കരുതിയിരിക്കുകയായിരുന്നു.

സംശയത്തോടെ നരേഷിനെ നോക്കി.

“നിങ്ങള്‍ തീര്‍ച്ചയായും പോകണം. വഴി അത്ര പ്രയാസമൊന്നുമില്ല. ശിവലിംഗപര്‍വ്വതം അവിടെനിന്നു കാണണം.അതൊരു കാഴ്ചതന്നെയാണു്. കുറച്ചുദൂരം ഞങ്ങളും കൂടെയുണ്ടു്. അവിടെനിന്നും പോകാനുള്ള വഴി ഞാന്‍ കാണിച്ചുതരാം”.

അങ്ങനെ പോകാന്‍ തന്നെ തീരുമാനിച്ചു. തപോവനത്തില്‍നിന്നും ഇറങ്ങി വരുന്ന രണ്ടു വിദേശീയരോടു് “ യാത്ര എങ്ങനെയുണ്ടായിരുന്നു; ഗൈഡായി ആരെങ്കിലും ഉണ്ടായിരുന്നോ?” എന്നു ചോദിച്ചപ്പോള്‍ “യാത്ര മനോഹരമായിരുന്നെന്നും ഗൈഡായി ഗംഗാമാതാജി ഉണ്ടായിരുന്നെ“ന്നും പറഞ്ഞു. അതോടെ ഞങ്ങളുടെ ഭയമൊക്കെ എങ്ങോ പോയ്മറഞ്ഞു.

ഷൌക്കത്ത്
Subscribe Tharjani |
Submitted by Sunil on Wed, 2006-09-06 11:46.

ഞാനും പോകും ഒരുനാള്‍.... അത്രയല്ലെ ഇപ്പോ പറയാന്‍ പറ്റൂ
-S-

Submitted by Anonymous (not verified) on Tue, 2011-04-26 19:28.

മനോഹരമായി എഴുതി