തര്‍ജ്ജനി

സംസ്കാരം

ഓണം അന്ന്

“ഓണമഞ്ചും കഴിവോളം
നിലവിളക്കു നിന്നെരിക
ഓണമഞ്ചു കഴിവോളം
കതിര്‍വിളക്കു നിന്നെരിക”

പാക്കനാര്‍ പാട്ട്

സംഘകാലകൃതിയായ ‘പത്തുപാട്ടി’ലുള്‍പ്പെട്ട ‘മധുരൈക്കാഞ്ചി’ ഓണത്തെപ്പറ്റി പല വിവരങ്ങളും നല്‍കുന്നുണ്ട്. പതിനാറു ദിവസങ്ങള്‍ ചെന്നു മുതിര്‍ന്ന ചന്ദ്രന്‍ പ്രകാശിക്കുന്ന ചിങ്ങമാസത്തിലെ പൌര്‍ണ്ണമി നാളിലായിരുന്നു മധുരയിലെ ഓണം. മധുരയിലെ തേരോടുന്ന തെരുവുകളില്‍ കാലവര്‍ഷത്തിന്റെ മഴവെള്ളം പൊങ്ങിയൊഴുകുന്നുണ്ടാവും. ഓണാഘോഷം അവിടെ ഏഴു ദിവസത്തേയ്ക്കുണ്ടായിരുന്നു. മഹാബലിയെ ജയിച്ച വാമനന്റെ സ്മാരകമായി തന്നെയാണ് മധുരയിലും ഈ മഹോത്സവം കൊണ്ടാടി വന്നത്. ഉത്സവകാലത്ത് അങ്ങാടിയിലും തെരുവിലും നഗരവാസികളും ചതുരംഗ സേനകളും കൂട്ടംച്ചേര്‍ന്ന് താന്താങ്ങളുടെ ദൈവങ്ങളെ ആരാധിക്കുന്നതിനെപ്പറ്റി മരുതനാര്‍ വര്‍ണ്ണിക്കുന്നു. ഓണദിവസം നാട്ടുകാര്‍ക്കു പരക്കെ സദ്യ നല്‍കാറുണ്ടായിരുന്നു. ഓണക്കാലത്തു് ക്ഷേത്രങ്ങളുടെ മുന്‍ഭാഗത്തും നിരത്തുകളിലും ക്രീഡായുദ്ധങ്ങള്‍ നടക്കും. നമ്മുടെ ഓണത്തല്ലും പടേണിയും ഈ ചേരിപ്പോരിന്റെ നഷ്ടാവശിഷ്ടങ്ങളാകുന്നു. ഉത്സവം കഴിഞ്ഞ പിറ്റേന്നാള്‍ പാണ്ഡ്യന്‍ നെടുഞ്ചെഴിയന്‍ തന്റെ ആശ്രിതരായ വീരന്മാര്‍ക്കും സ്ഥാനികള്‍ക്കും പണ്ഡിതന്മാര്‍ക്കും സമ്മാനങ്ങള്‍ നല്‍കും. ഓണപ്പുടവയെയും കൊച്ചിരാജാക്കന്മാര്‍ നടത്തിവന്ന അത്തച്ചമയത്തെയും ഇത് അനുസ്മരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ആന്ധ്ര സംസ്ഥാനത്തിലുള്ള തിരുപ്പതിയിലെ ദൈവം ത്രിലോകങ്ങള്‍ അളന്ന വാമനമൂര്‍ത്തിയാണ്. ഇക്കാര്യം തൊല്‍ക്കാപ്പിയത്തിനു നച്ചിനാര്‍ക്കിനിയര്‍ എഴുതിയ വ്യാഖ്യാനത്തിലും തിരുവായ്മൊഴി എന്ന വൈഷ്ണവ ഗ്രന്ഥത്തിലുമുണ്ട്. പെരിയാഴ്വാര്‍ തന്റെ ‘തിരുമൊഴിയില്‍’ മധുരയിലോ തിരുക്കൊട്ടിയൂരിലോ നടന്ന ഓണാഘോഷത്തെ വിവരിക്കുന്നുണ്ട്. പണിക്കു പോകാതെ അക്കാലത്തു ആളുകള്‍ വീട്ടിലിരുന്നിരുന്നു എന്നും തിരുമൊഴിയില്‍ നിന്നു മനസ്സിലാക്കാം. മതപരമെന്നും സാമൂഹികമെന്നും ഉത്സവങ്ങള്‍ക്കിടയിലെ വിഭജനം ആധുനിക കാലത്തുണ്ടായതാണ്. 1700 കൊല്ലം മുന്‍പ് തമിഴ്നാട്ടില്‍ മധുരയിലുണ്ടായ ഓണാഘോഷവും ഇന്നും മലയാളികള്‍ കൊണ്ടാടിവരുന്ന ഓണാഘോഷവും ഒന്നു തന്നെയാണ്. അതിന്റെ നാരായ വേര് കിടക്കുന്നതോ ഓര്‍മ്മകള്‍ക്കൊക്കെ അപ്പുറത്ത് അതിവിദൂരത്തിലുള്ള ആദിദ്രാവിഡത്തിലും.
‘ഓണം ദ്രാവിഡനാട്ടില്‍’ -കലോത്സവം -എന്‍ വി കൃഷ്ണവാര്യര്‍

1584 നും 1631നും ഇടയ്ക്ക് കേരളം സന്ദര്‍ശിച്ച ജേക്കബ് ഫെനീഷ്യാ എന്ന പോര്‍ത്തുഗീസു പാതിരി കേരളത്തിലെ സമ്പ്രദായങ്ങളെ നിരീക്ഷിച്ച് ഒരു പുസ്തകമെഴുതിയിട്ടുണ്ട്. ‘ലിവ്രോ ദസീറ്റ ഡോസ് ഇന്‍ഡിയോസ് ഒറിയന്റാലിസ്”. അതില്‍ അദ്ദേഹം മഹാബലി കഥയും ഓണാഘോഷവും വിവരിക്കുന്നു. ആഗസ്റ്റുമാസത്തിലെ തിരുവോണനാളാണ് ഓണം എന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. വിഷ്ണു മാവേലിയെ നിഷ്കാസനം ചെയ്ത് സ്വര്‍ഗത്തിലെ കാവല്‍ക്കാരനാക്കി. മാവേലി പ്രജകളെ സന്ദര്‍ശിക്കാന്‍ വരുന്ന ദിവസമാണ് ഓണം. അന്ന് എല്ലാവരും പുതു വസ്ത്രങ്ങള്‍ അണിയണമെന്നും അഞ്ചുതരം കറികള്‍ ചേര്‍ത്ത് സദ്യകഴിക്കണമെന്നും വിഷ്ണു ആജ്ഞാപിച്ചുവത്രേ. 1717 മുതല്‍ 1723 വരെ കൊച്ചിയില്‍ ലന്തക്കാരുടെ ചാപ്ലൈന്‍ ആയിരുന്ന കാന്റര്‍ വിഷര്‍ എഴുതുന്നു : ആഗസ്റ്റിലെ ഓണം ശ്രീരാമന്റെ പത്നി സീതയുടെ ജന്മദിനമാണ്. അതു ചിലര്‍ നാലു ദിവസവും ചിലര്‍ ഏഴു ദിവസവും ആചരിക്കുന്നു. അവര്‍ വീടുകളുടെ മുന്നില്‍ ഒരു കൂമ്പാരമുണ്ടാക്കുകയും അതില്‍ ചാണകം മുഴുകുകയും അതില്‍ പൂക്കള്‍ വിതറുകയും ചെയ്യുന്നു. വിഷ്ണുവിന്റെ ഭക്ഷണമായി നാളികേര മുറികളും വയ്ക്കുന്നു. മത്സ്യം കഴിക്കുന്നവര്‍ അന്നത്തെ ദിവസം അതു കഴിക്കുകയില്ല. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ കൊച്ചിയെക്കുറിച്ച് പുസ്തകമെഴുതിയ ഫ്രാന്‍സിസ് ഡെ പറയുന്നത് ഓണക്കാലത്ത് ജനങ്ങളെ സന്ദര്‍ശിക്കുന്നത് വിഷ്ണുവാണ് എന്നാണ്. മഹാബലിയെപ്പറ്റി പറയുന്നേയില്ല. ഓണക്കാലത്ത് പരശുരാമന്‍ സന്ദര്‍ശിക്കുന്നു എന്നാണ് ഗുണ്ടര്‍ട്ട് പറയുന്നത്.

“ഋഗ്വേദം മുതല്‍ ഓണപ്പാട്ടുകള്‍ വരെ” -കെ ടി രവിവര്‍മ്മ

1777 -ല്‍ വാരാപ്പുഴ വന്ന് മിഷന്‍ പ്രവര്‍ത്തനം നടത്തിയ ആസ്ട്രിയന്‍ പാതിരിയാണ് പൌലിനോഡിസന്‍ ബര്‍ത്തലോമിയോ. അദ്ദേഹത്തിന്റെ ‘ഈസ്റ്റിന്‍ഡീസ് പര്യടന’ (A Voyage to East Indies) -ത്തില്‍ തെക്കന്‍ കേരളത്തെപ്പറ്റി വിവരിക്കുന്ന കൂട്ടത്തില്‍ ഓണത്തെയും വിവരിച്ചിട്ടുണ്ട്.

കേരളത്തില്‍ വിവിധ ദേശീയാഘോഷങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഓണം. ആബാലവൃദ്ധം മതിമറന്നാഹ്ലാദിക്കുന്ന സമയമാണിത്. ഓണാഘോഷം എട്ടു ദിവസം നീണ്ടു നില്‍ക്കും. വീടിന്റെ അകവും പുറവും ചാണകം മെഴുകി പൂക്കള്‍ കൊണ്ടലങ്കരിക്കും. പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കും. പഴയ മണ്‍പാത്രങ്ങള്‍ കളഞ്ഞ് പുതിയവ വാങ്ങുക പതിവാണ്. എട്ടു ദിവസവും വിഭവസംമൃദ്ധമായ സദ്യകാണും. കാറകളി, പന്തുകളി, കോലുകളി, കൈകൊട്ടിക്കളി, ചതുരംഗം, പകിടത്തല്ല്, ഓണത്തല്ല് - അങ്ങനെ പലകളികളില്‍ ഏര്‍പ്പെടും. രണ്ടു ചേരിയായി നിന്ന് പരസ്പരം അമ്പുകള്‍ അയയ്ക്കുന്നത് ചെറുപ്പക്കാരുടെ ഒരു പ്രധാന വിനോദമാണ്. അമ്പ് കൂര്‍ത്തതല്ലെങ്കിലും ശക്തിയായി അയയ്ക്കുന്നതുകൊണ്ട് ഇരുവശത്തും ഒട്ടധികം പേര്‍ക്ക് മുറിവു പറ്റാറുണ്ട്.
‘സഞ്ചാരികള്‍ കണ്ട കേരളം’ - വേലായുധന്‍ പണിക്കശ്ശേരി

Subscribe Tharjani |