തര്‍ജ്ജനി

ഓര്‍മ്മ

മരണക്കുറിപ്പ്

illustration

പണിയെല്ലാം കഴിഞ്ഞു തളര്‍ന്ന്
അല്പനാള്‍ സ്വസ്ഥമായിക്കിടക്കാന്‍ സമ്മതിച്ച
ശ്രീമാന്‍ പണിക്കരുടെ മൃതദേഹം
ഇവിടെ കുടികൊള്ളുന്നു
അയാള്‍ക്കൊരാത്മാവുണ്ടായിരുന്നെങ്കില്‍,
അതിനെന്തു സംഭവിച്ചു എന്നു നിശ്ചയമില്ല.

ജീവിച്ചിരുന്ന കാലത്ത്
ഏതാണ്ടു നമ്മളെപ്പോലൊക്കെ ആയിരുന്നു അയാളും.
സത്യം പറയട്ടെ, പലപ്പോഴും അയാളുടെ ഉടല്‍
പ്രതിഷേധമുയര്‍ത്തി മനസ്സിന്റെ മൃദുലതകളെ
അലോസരപ്പെടുത്തിയിട്ടുണ്ട്.

സ്ഥലമാണെങ്കില്‍
സ്വന്തമിഷ്ടത്തിനൊത്തു നിയന്ത്രിക്കാന്‍
അയാള്‍ക്കു കഴിഞ്ഞിരുന്നില്ല.
കാലത്തെക്കുറിച്ചുള്ള അയാളുടെ ബോധവും,
നിനക്കറിയാമല്ലോ, അത്ര ബലപ്പെട്ടതായിരുന്നില്ല.

അയാളുടെ സഞ്ചിയില്‍ പല സിദ്ധാന്തങ്ങളുമുണ്ടായി
ശരിതന്നെ, പക്ഷേ
അയാള്‍ക്കു തൊട്ടറിയാന്‍ കഴിഞ്ഞ കാര്യങ്ങള്‍
മറ്റൊരു കഥയാണയാളോട് പറഞ്ഞത്.

എങ്ങനെയല്ല ജീവിക്കേണ്ടതെന്ന്
ക്ഷമാപൂര്‍വം പഠിക്കുകയായിരുന്നു
ജീവിതകാലം മുഴുവന്‍ അയാള്‍.
ആര്‍ക്കറിയാം ഒരു പക്ഷേ, ഇനിയും
ഒരവസരം കൂടി ലഭിക്കുകയാണെങ്കില്‍
ഒന്നുകൂടി നന്നായി അയാള്‍ ജീവിക്കുമായിരിക്കും.
ഇതിലേ കടന്നു പോകുന്ന എടോ, ദരിദ്രവാസീ,
നീ ഇവിടെ അധികനേരം തങ്ങേണ്ട,
കടന്നുപോവൂ നിന്നെക്കാത്തുകിടക്കുന്ന
അടുത്ത ശവപ്പറമ്പിലേയ്ക്ക്.

(‘അത്രയും ഹൃസ്വമായ ജീവിതത്തിന്
ഇത്രയും ദീര്‍ഘമായ മരണക്കുറിപ്പോ?’)

(1970-ല്‍ എഴുതിയത്)

അയ്യപ്പപ്പണിക്കര്‍
Subscribe Tharjani |