തര്‍ജ്ജനി

കവിത

ശ്രാവണചിത്രം.

നീലാകാശത്തു നക്ഷത്രക്കുറിഞ്ഞികള്‍
ഭൂമിയിലെ 'പൂവേ പൊലി' കാതോര്‍ക്കുന്നു.
വട്ടത്തില്‍ കുത്തിയ അമ്പിളിക്കിണറ്റില്‍
ശ്രാവണത്തിന്റ പാലൂറ്റു പൊങ്ങുന്നു.
പറങ്കിമാവിന്റ താഴ്‌ന്ന ചില്ലക്ക്‌
പുതിയൊരൂഞ്ഞാല്‍ കെട്ടിക്കൊടുക്കാന്‍,
മുറ്റത്തു കൈകോര്‍ത്തു തിരുവാതിര-
നൃത്തം ചവിട്ടും പൂക്കളത്തിന്‌
ഓണത്തിരി കൊളുത്തി വക്കുവാന്‍
അകത്തളത്തിലെ വളയിട്ട കൈകളെ
മറന്നു പോയവര്‍ വീണ്ടുമോര്‍ക്കുന്നു...

പൗരാണിക പ്രവാസിമലയാളി
പാതാളമാര്‍ഗ്ഗേ ഈ വട്ടം വരില്ലെന്ന
സൂചനയുമായ്‌ കൂട്ടംതെറ്റി വന്ന
വെയില്‍തുമ്പിയുടെ പുള്ളിവാലില്‍
കൊരുത്ത കണ്ണുകള്‍ പൂമുഖത്തു പിടയ്‌ക്കുന്നു.

'എത്ര തൂശനില വെട്ടിവക്കണം...'
മുണ്ടിന്റ കോന്തലയില്‍ കണ്ണീരൊപ്പി
ഒഴിഞ്ഞ വീടിന്നുള്‍കുടം നൊന്ത്‌
അടുക്കളത്തിണ്ണയില്‍ കരയാനിരിക്കുന്നു.

കടം പറഞ്ഞില്ല,
കാണവും വിറ്റില്ല,
മകന്റ'യോണപ്പണം'
കടല്‍കടന്നെത്തി.
ദുഃഖമണിമുഴക്കി
ഫോണിനുള്ളിലൂടെ
അവധിയില്ലായ്മയുടെ
മാപ്പിരന്നെത്തി.

ഇനി,
നൃത്തംനടത്തും മതില്‍കെട്ടിനുള്ളില്‍
പൂമുഖത്തിണ്ണയില്‍ തൃക്കാക്കരപ്പനായ്‌
അച്ഛനിരിക്കും.

കണ്ണില്‍ കൊളുത്തിയ ചിങ്ങത്തിരിയുമായ്‌
തൊട്ടപ്പുറത്ത്‌ അമ്മയുരുകും,

അത്തം തൊട്ടിങ്ങനെ
പത്തോണനാളോളം
ആളെ തിരഞ്ഞു വീടെന്ന പൂക്കളം
ഓണമാചരിക്കും.

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
Subscribe Tharjani |