തര്‍ജ്ജനി

കവിത

കക്കയും കൈതയും കന്നേറ്റിപ്പാലവും

അരയോളം വെള്ളത്തില്‍
തലയാഴം കൊള്ളുമ്പോള്‍
കക്കകളുടെ ജലസാധകമറിയാം
കുമിളകള്‍ ഉടയുന്നത്‌
കുരിശ്ശേറിയവന്റെ നിമിഷങ്ങളില്‍
പത്തിയമര്‍ത്തിയും ഉപ്പൂറ്റിഉയര്‍ത്തിയും
തുള്ളിക്കളിച്ചാലേ തെളിയുള്ളൂ
കരിങ്കക്കയുടെ ഗ്രാമച്ചെരിവുകള്‍
അതിരുകളില്‍ മുത്തും പവിഴവും
മുങ്ങാം കുഴിയിടുന്ന താഴ്വാരങ്ങള്‍
കറുത്തപൊന്നും തേങ്ങാക്കൊത്തും
ഇടകലരുന്ന ഇറച്ചിയുടെ മണം
ഹരിത താംമ്പൂലങ്ങളില്‍ ചുണയേറ്റുന്ന
ചുണ്ണാമ്പെരിവിന്റെ രസനകള്‍

കരകയറുമ്പോള്‍ കൈത പറഞ്ഞു
'എന്റെ കിരീടം സ്വീകരിക്കൂ'
പൊന്നോലത്തളിരിന്റെ വാസനക്കരങ്ങള്‍
മറന്നുപോകാത്ത കൂട്ടുകാരിയെ
അപ്പോള്‍ തിരികെത്തന്നു
പുസ്തകക്കെട്ടും നെല്ലിപ്പഴവും
കാത്തുവെച്ചൊരുമ്മയും കൈയൊഴിഞ്ഞ്‌
താഴേക്കവള്‍ പറക്കുമ്പോള്‍
കന്നേറ്റിപ്പാലം കണ്ണടച്ചു നിന്നത്‌
ഇന്നലെയാണ്‌.
കക്ക തുറന്നപ്പോള്‍...!
മാംസത്തിനുപകരം
തീരെ ചെറിയ ഒരു മുത്ത്‌.

പി. ശിവപ്രസാദ്‌
Subscribe Tharjani |