തര്‍ജ്ജനി

കവിത

മടക്കം

വെറുതെ നടക്കുന്ന
വൈകുന്നേരത്തില്‍;
പുകഞ്ഞലയും നേരം
ഞങ്ങളിറക്കിവെക്കാറുണ്ട്,

കരളില്‍ കനം മെല്ലെ
കുറയാറുണ്ട്;

വെയിലാറുന്ന താളില്‍
വീണ്ടും നിറങ്ങള്‍
പൂക്കാറുണ്ട്.

കൂട്ടിനായെത്തും സിനിമാക്കഥ
‘പുലിജന്മം’ നോറ്റതാം സുഹൃത്തുക്കള്‍,
വീട്ടില്‍ നിന്നിറക്കങ്ങള്‍.
കണ്ണുനീര്‍ മറയ്ക്കുന്ന ഫലിതോക്തികള്‍,
നുരചിന്തുന്ന ചഷകത്തില്‍
മുങ്ങുന്ന പ്രയാസങ്ങള്‍.

ഒക്കയുമൊടുങ്ങുന്നൊ-
രസ്തമയത്തില്‍ ശോണ
വിസ്മയവിഷാദത്താല്‍
കുന്നിറങ്ങുമ്പോഴെന്നും;
പിന്നെയും കനം വെക്കാറുണ്ട്
ഞങ്ങളില്‍;മുന്നില്‍
സ്വന്തമായ് താണ്ടാനുള്ള
പാതതന്‍ അപാരത!

ദിവാകരന്‍ വിഷ്ണുമംഗലം
Subscribe Tharjani |