തര്‍ജ്ജനി

കവിത

ഫ്ലാഷ്

illustration

ചുണ്ടുകള്‍
തിണര്‍ത്ത രണ്ടുപാടുകള്‍
ചുംബനത്തിന്റെ ചൂരലാല്‍
വിതുമ്പലാല്‍
പിഞ്ഞിയും
നിറഞ്ഞ കണ്ണില്‍ നിന്ന്
വീണെരിഞ്ഞ തുള്ളികള്‍
ചുവന്നതീനിറം കൊടുത്ത ചുണ്ടുകള്‍
വിറച്ച് തെല്ലകന്നു നിന്ന ചുണ്ടുകള്‍ക്കിടയ്ക്ക്
വെളുത്തു നിന്ന പല്ലുകള്‍

മുഖമലച്ചുവീണ ദീപച്ഛായ
പാളിക്കാണുന്നു
കവിള്‍വലിഞ്ഞു മോഹം

മുകളിലേക്കുയര്‍ത്തുന്നു
ഉലഞ്ഞതുള്ളിയില്‍ വന്നു വീണ
എയ്ത്തു നക്ഷത്രം
പൊലിഞ്ഞതിന്‍ പ്രഭയിടറി
നില്‍ക്കുന്നുണ്ടിപ്പൊഴും

മിന്നലിന്റെ വീശലില്‍
നിഴലുകള്‍ വശം പണിഞ്ഞ
നീളമുള്ള കളത്തില്‍
നിന്നു നീങ്ങി മായും മുമ്പ്
പിടിച്ചെടുത്തതിത്രയും

എസ്. കണ്ണന്‍
Subscribe Tharjani |