തര്‍ജ്ജനി

കവിത

ബുള്‍സ് ഐ

illustration പത്തുപമകളുണ്ടായിരുന്നു
ഒന്നാന്തരം നാടന്‍
അടുക്കള വശത്തെ
തെങ്ങിന്‍ തടത്തില്‍
ഇളക്കിയിട്ട മണ്ണിലും
പാത്രം കഴുകിപ്പരന്ന
ചുവന്ന വെള്ളത്തിലും
കൊത്തിച്ചികഞ്ഞ്
ഉയിരെടുത്തവ

കടലാസുകൂടില്‍ പൊതിഞ്ഞ്
സൈക്കിള്‍പ്പിടിയില്‍ തൂക്കി
ചന്തയിലെത്തും മുമ്പ്
വട്ടംചാടിയ കുട്ടിയെ
വെട്ടിച്ചൊഴിവാക്കുമ്പോള്‍
നിലത്തുവീണുടഞ്ഞു
കറുത്തു പൊള്ളിയ ടാര്‍‌റോഡില്‍
വെള്ളയും മഞ്ഞയും കലര്‍ന്ന്
പൊരിഞ്ഞു പൊരിഞ്ഞു കിടന്ന്
അതൊരു കവിതയായി

പുനര്‍നിര്‍മ്മിച്ചെടുത്ത
ചൂടുള്ള യാഥാര്‍ത്ഥ്യത്തെ
കത്തിയും മുള്ളും ചുഴന്നപ്പോള്‍
പറ്റു പീടികയിലേക്ക്
നടന്നു പോയി കവി.

മനോജ് കുറൂര്‍
Subscribe Tharjani |