തര്‍ജ്ജനി

കവിത

ശവമേ എന്ന ഒരു വിളി

illustration

വെയില്‍ച്ചുള്ളികള്‍
ഒടിച്ചു മടക്കി
മടിയില്‍ വച്ച്
ഇടവഴിയരികിലെ തണല്‍മരം
മയക്കം പിടിച്ചപ്പോള്‍
അതുവഴി കടന്നു പോയൊരു
കാറ്റ്
ചുണ്ടുകള്‍ തുറന്ന്
പതുക്കെ വിളിച്ചു:
“"ശവമേ..."

ഇടവഴിയില്‍
തൊലിയുരിഞ്ഞു പോയ
സ്വപ്നങ്ങളില്‍ നിന്ന്
ചോര മോന്തുന്ന പകല്‍ച്ചുട്...
അനാഥത്വത്തിന്റെ
കര്‍ഫ്യൂവില്‍ പെട്ടുപോയ
കാലടിപ്പാടുകളില്‍
കണ്ണുനീരിന്റെ പട്ടാളങ്ങള്‍
മാര്‍ച്ചു ചെയ്യുന്നു.
അപസ്മാര ബാധയാല്‍
വിറതുള്ളുന്ന
മൌനത്തിന്റെ കുരുവികളെ
കൂട്ടബലാത്സംഗത്തിനിരയാക്കുന്നു
വാക്കിന്റെ മണമുള്ള
ചരല്‍ക്കല്ലുകള്‍...

നിദ്രയുടെ പുതപ്പു നീക്കി
കണ്ണുകള്‍ തുറന്ന്
തണല്‍മരം
നിഴലിനെ നീട്ടിത്തുടങ്ങുമ്പോഴേക്കും
ഇടവഴി കടന്ന്
താടി ചൊറിഞ്ഞ്
കല്ലുമുരുട്ടി
കുന്നുകയറി
ശവക്കാടുകള്‍ തിരഞ്ഞ്
യാത്രയായിരുന്നു
ഭ്രാന്തന്‍ കാറ്റ്...

യാസര്‍ അറാഫത്ത്
Subscribe Tharjani |