തര്‍ജ്ജനി

കഥ

കണ്ടുമുട്ടലും പിരിയലും

അവര്‍ ഒരു കുടയുടെ കീഴില്‍ നടന്നുപോവുകയായിരുന്നു. എന്നാല്‍ അല്പം മുമ്പു് ഒരുമിച്ചു വന്നവരായിരുന്നില്ല അവര്‍. മുപ്പതോ, മുപ്പത്തിരണ്ടോ വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീയും അതിലും അല്പം പ്രായം തോന്നിക്കുന്ന ഒരു പുരുഷനുമായിരുന്നു. നനഞ്ഞ മഴയില്‍ വാഹനങ്ങള്‍ മാത്രം നിറഞ്ഞ നിരത്തിലൂടെ നടന്നു് മേല്പാത കടന്നു് അപ്പുറത്തെത്തിയതു്.

അയാളെ കണ്ടുമുട്ടുന്നതിനുമുമ്പു് ഒരു ചെറിയ ആപ്പിള്‍ വണ്ടിയുടെ ചായ്ച്ചുകെട്ടിയ മറയുടെ താഴെ, പെട്ടെന്നു പെയ്ത മഴയില്‍ പരിഭ്രമിച്ചു കുടയില്ലാതെ കയറിനില്‍ക്കുകയായിരുന്ന അവര്‍. അതുവഴി വന്നയാളാണു് കടത്തിണ്ണയിലേക്കോ മറ്റോ മാറിനില്കാന്‍ സഹായിക്കാം എന്നു തെല്ലുറക്കെ വിളിച്ചുപറഞ്ഞതു്. സങ്കോചമൊന്നുമില്ലതെ അവര്‍ വന്നു കുടയില്‍ കയറുകയും ചെയ്തു. അതിനുവേണ്ടി അവരുടെ അടുത്തേക്കു അയാള്‍ നടന്നുചെല്ലുകയുണ്ടായി.

illustration

ആ നടത്തം അങ്ങനെനീണ്ടു അവരിരുവരും പിന്നീടു് വളരെയൊന്നും സംസാരിച്ചില്ല. തന്റെ വശത്തേക്കു് കുട അധികംകിട്ടിയപ്പോള്‍ നിങ്ങളുടെ ചുമല്‍ നനയുന്നു എന്നു സ്ത്രീയും, തന്റെ വശത്തേക്കു കുടമറ നിര്‍ബന്ധമായി അവള്‍ നീക്കിയപ്പോള്‍ നിങ്ങളുടെ ചുമല്‍ നനയുന്നു എന്നു പുരുഷനും പറഞ്ഞു.

മഴയുടെ ശക്തി കുറഞ്ഞതേയില്ല. ആരങ്കിലുമൊരാള്‍ ഇനിയും സംസാരിക്കുമെന്നു അവര്‍ രണ്ടാളും കരുതുന്നുമുണ്ടായിരുന്നില്ല. മേല്‍പ്പാത ഇറങ്ങി, മറുവശത്തു് ഒരു സൂപ്പര്‍മാര്‍ക്കറ്റിനു മുന്നിലെത്തിയപ്പോള്‍ സ്ത്രീ പറഞ്ഞു .
“ഞാനിവിടെക്കാണു്”.
അയാള്‍ അവരെ നനയാതെ അതിനകത്തുകയറാന്‍ സഹായിച്ചു. അപ്പോഴേക്കും മഴ തോര്‍ന്നിരുന്നില്ല. നിരത്തില്‍ വാഹനങ്ങളല്ലാതെ ആളുകളുമുണ്ടായിരുന്നില്ല. പിന്തിരിയാന്നേരം അയാള്‍ അവരെ നോക്കാതെ പറഞ്ഞു.
“ഡൈവോഴ്സ് തന്നെയാണു് വേണ്ടതെന്നു നാളെ കോര്‍ട്ടില്‍ പറഞ്ഞാലും വീണ്ടും ആറുമാസം വരെ കാത്തിരിക്കേണ്ടി വരും”.

സ്ത്രീ അതുകേട്ടു് തലകുലുക്കുകമാത്രം ചെയ്തു. പിന്നെ അവരേതോ സെയിത്സു് ഗേളിനെനോക്കി പരിചിത ഭാവത്തില്‍ ഒന്നു ചിരിച്ചു് അകത്തേക്കു നടന്നു.
തോരാത്ത മഴയിലേക്കു് അയാളുമിറങ്ങി.

പിന്നെയും മഴമാത്രം....

സുസ്മേഷ് ചന്ദ്രോത്ത്
Subscribe Tharjani |
Submitted by peringodan on Tue, 2006-09-19 15:25.

ഡി-യ്ക്കു ശേഷം സുസ്മേഷിന്റെ ഒരു രചന വായിക്കാനാവുന്നതു് ഇപ്പോഴാണു്. ഈ കഥ നന്നായിരിക്കുന്നു.