തര്‍ജ്ജനി

ശാസ്ത്രം

പരിണാമ സിദ്ധാന്തം നേരിടുന്ന ഭാഷാപരമായ ചില തെറ്റിദ്ധാരണകള്‍

ഇന്നേക്ക്‌ 147 വര്‍ഷം മുന്‍പ്‌, കൃത്യമായി പറഞ്ഞാല്‍ നവമ്പര്‍ 24, 1859-തിലായിരുന്നു ചാള്‍സ്‌ ഡാര്‍വിന്‍ തന്റെ "പ്രകൃതി നിര്‍ധാരണത്തിലൂടെയുള്ള ജീവികളുടെ ഉത്ഭവം" പ്രസിദ്ധീകരിക്കുന്നത്‌. ഈ പുസ്തകത്തിന്റെ ആദ്യ എഡിഷനായ 1250 കോപ്പികളും അന്നുതന്നെ വിറ്റുപോയെങ്കിലും വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. 147 വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. എന്നാല്‍ അന്ന്‌ ഡാര്‍വിന്റെ പത്ത്‌ വിരലിലെണ്ണാവുന്ന ആളുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്‌ സ്ഥിതിമാറി.

പലരുടേയും വിമര്‍ശനങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍, പരിണാമ സിദ്ധാന്തത്തിന്‌ ഭാഷാപരമായി വന്ന ചില തെറ്റിദ്ധാരണകളാണ്‌ അത്‌ മനസിലാക്കുന്നതില്‍ വന്ന വീഴ്ചകള്‍ക്ക്‌ പ്രധാന കാരണം എന്നുതോന്നുന്നു. പ്രശ്നം ശാസ്ത്രത്തിലുപരി ഭാഷയിലായിരുന്നു എന്ന്‌. ഈ പറഞ്ഞതിനര്‍ഥം ശാസ്ത്രീയമായി സകലതും തികഞ്ഞതായിരുന്നു ഈ സിദ്ധാന്തം എന്നല്ല. അത്‌ ശാസ്ത്രമായിരിക്കുന്നിടത്തോളം കാലം അതില്‍ ഇടപെട്ട്‌ തിരുത്തലുകള്‍ സാധ്യവുമാണ്‌. എന്നാല്‍ അന്നുവരെ, ഇന്നും, ലഭിച്ചിടത്തോളം ഏറ്റവും അധികം ശാസ്ത്രീയ വിശകലനങ്ങള്‍ക്ക്‌ യോജ്യമായത്‌ ഈ സിദ്ധാന്തം മാത്രമായിരുന്നു.

അന്നോളം കാര്യമായി ചോദ്യം ചെയ്യപ്പെടാതിരുന്ന സൃഷ്ടിവാദമായിരുന്നു ജീവികളുടെ ഉത്ഭവത്തിനു കാരണമായി പരിഗണിച്ചുപോന്നത്‌. ഇതിനെ ചോദ്യം ചെയ്തവര്‍ക്കാവട്ടെ ഈ സിദ്ധാന്തത്തിനെ അനുകരിച്ചിരുന്നവര്‍ക്കെന്ന പോലെ തന്നെ തെളിവുകളുടെ അപര്യാപ്തതയുണ്ടായിരുന്നു. സൃഷ്ടിവാദമല്ല ജീവോത്പത്തിക്ക്‌ കാരണം എന്നു പറയാനല്ലാതെ പകരമൊന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുവെയ്ക്കാനായില്ല. ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ശ്രദ്ധിക്കപ്പെട്ടുമില്ല. ലാമാര്‍ക്കിനെപോലുള്ള ചിലരുടെ പരീക്ഷണങ്ങള്‍ പകരം സിദ്ധാന്തം കണ്ടു പിടിക്കുന്നതിനുള്ള ചില പിടച്ചിലുകള്‍ മാത്രമായിരുന്നു. കൂടാതെ വളരെ പെട്ടെന്നു തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.

illustration

സെമിറ്റിക്ക്‌ മതങ്ങളിലെ സൃഷ്ടിവാദമായിരുന്നു സൃഷ്ടിവാദങ്ങളില്‍ പ്രബലം. അതില്‍ സൃഷ്ടാവായ ദൈവം അരൂപിയെങ്കിലും വിശ്വാസികളില്‍ അവ്യക്തമായ മനുഷ്യരൂപമായിരുന്നു. ഇമ്മിണി ബല്ല്യ ഒരാള്‍. ആ വലിയ മനുഷ്യരൂപി കളിമണ്ണു കുഴച്ചു തന്റെ പ്രതിമയുണ്ടാക്കി എന്ന രൂപത്തിലായിരുന്നു സൃഷ്ടിവാദം. ഈ വിശ്വാസം ഭാഷയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. ഇത്തരം ചില പദങ്ങളാണ്‌ പരിണാമസിദ്ധാന്തം വിശദീകരിക്കുന്നതിന്‌ ഡാര്‍വിനും ഉപയോഗിക്കേണ്ടി വന്നത്‌. ആ പദങ്ങളാവട്ടെ എല്ലാ "ഉണ്ടാക്ക"ലുകള്‍ക്കുമപ്പുറത്ത്‌ ഒരാളെ പ്രതിഷ്ഠിക്കുന്ന തരത്തില്‍ ആളുകളില്‍ പ്രതിബിംബിക്കാന്‍ തുടങ്ങി. പല വിമര്‍ശനങ്ങളും ഈ ബിംബകല്‍പനയില്‍ നിന്നുണ്ടായതാണ്‌.

ഭാഷയെ മതങ്ങള്‍ ഇങ്ങനെ സ്വന്തമാക്കിയതിനാലുള്ള മേല്‍പറഞ്ഞ തരം സ്വാധീനങ്ങള്‍ പല ശാസ്ത്ര നിഗമനങ്ങളേയും വൈകിപ്പിച്ചിട്ടുണ്ട്‌. അതവിടെ നില്‍ക്കട്ടെ, നമുക്ക്‌ പരിണാമ സിദ്ധാന്തത്തിലേക്ക്‌ വരാം. പരിണാമത്തിന്റെ ചാലകമായി പ്രകൃതിയെയാണ്‌ ഡാര്‍വിന്‍ കണക്കാക്കിയത്‌. ഇത്‌ ദൈവത്തിന്റെ സ്ഥാനത്ത്‌ പ്രകൃതിയെ പ്രതിഷ്ഠിച്ചതായി വായനക്കാര്‍ തെറ്റിദ്ധരിച്ചു. പ്രകൃതി നിര്‍ദ്ധാരണം എന്നത്‌ അതിനാല്‍ തന്നെ പ്രകൃതിയുടെ ഇച്ഛയായും തെറ്റിദ്ധരിക്കപ്പെട്ടു. അതായത്‌ പ്രകൃതി ആവശ്യമുള്ളതരത്തില്‍ ജീവികളെ നിര്‍ദ്ധരിച്ചെടുക്കാന്‍ കഴിവുള്ള ഒരു "ആളായി". പ്രകൃതി നിര്‍ദ്ധാരണത്തിനുദാഹരണമായി നമുക്ക്‌ ഗ്രാന്റ്‌ കന്ന്യണ്‍ പ്രദേശത്തെ "ആന്റിലോപ്പ്‌" അണ്ണാനെയെടുക്കാം. കൊളറാഡോ നദി രൂപപ്പെടുന്നതിലൂടെ രണ്ടറ്റത്തായിപ്പോവുകയും പരസ്പരം ബന്ധപ്പെടാനാവാതെ പോവുകയും ചെയ്ത ഈ അണ്ണാന്‍ വര്‍ഗങ്ങളെ രണ്ടു പ്രത്യേക ജീവികളായിട്ടാണ്‌ ഇപ്പോള്‍ പരിഗണിക്കുന്നത്‌. കാലിഫോര്‍ണിയയിലെ നെവേദ പ്രദേശത്ത്‌ മഴക്കുറവുമൂലം വെള്ളം കുറഞ്ഞ്‌ ഒറ്റപ്പെട്ടുപോയ ഓരോ ചെറിയ തടാകങ്ങളിലുമുള്ള "പപ്പ്‌"മീനുകളെ ഇന്ന് വ്യത്യസ്ത ജീവിവര്‍ഗങ്ങളായി കണക്കാക്കുന്നു‍. 50,000 വര്‍ഷം മുന്‍പുവരെ ഇവ ഒറ്റ ജീവിവര്‍ഗമായിരുന്നു. ഇന്നുകാണുന്ന എല്ലാ പപ്പ്‌ മീനുകളുടേയും പൂര്‍വികര്‍ ഒന്നായിരുന്നു. അതായത്‌ ജനിതകദ്രവ്യങ്ങളില്‍ വരുന്ന ചെറിയ ചില മാറ്റങ്ങള്‍ എല്ലാ ഇനങ്ങളിലുമായി പരസ്പരം പകരുന്നതിന്‌ പ്രകൃതിയിലുണ്ടായ ചിലമാറ്റങ്ങള്‍ ഈ ജീവികളെ പരസ്പരം ജനിതകദ്രവ്യത്തിലുണ്ടാകുന്ന ചെറിയ ചെറിയ തെറ്റുകളെ പരസ്പരം കൂട്ടിക്കലര്‍ത്തുന്നതില്‍ നിന്നു തടഞ്ഞു. അപ്പോള്‍ മുന്‍തൂക്കം ലഭിച്ച ചില ജനിതക ദ്രവ്യങ്ങള്‍, അല്ലീലികള്‍ വികാസം പ്രാപിക്കാനും ചിലവ നിശ്ശബ്ദമാവാനും തുടങ്ങി. ഇത്‌ മുന്‍ധാരണയനുസരിച്ചോ സോദ്ദേശമനുസരിച്ചോ അല്ല. അതായത്‌ പപ്പ്‌ മീനുകളില്‍ ഇങ്ങനെ മാറ്റം വരുത്തുന്നതിനുവേണ്ടിയായിരുന്നില്ല നെവേദയിലെ പ്രകൃതിയില്‍ മഴ കുറഞ്ഞത്‌.

"സര്‍വൈവല്‍ ഓഫ്‌ ദ ഫിറ്റസ്റ്റ്‌" എന്നത്‌ ഒരു പഴംചൊല്ലുപോലെ ഈ സിദ്ധാന്തത്തിന്‌ പിന്നാലെ സഞ്ചരിച്ചിരുന്നു. "ഊക്കുള്ളവന്റെ അതിജീവനം" എന്ന്‌ രൂപത്തില്‍ ഈ വാചകം പരാവര്‍ത്തനം ചെയ്യപ്പെട്ടു. ജീവികളില്‍ അതിജീവനത്തിന്‌ ശേഷിയുള്ളവമാത്രം നിലനില്‍ക്കും എന്നു പറയുമ്പോള്‍ പ്രകൃതി നിര്‍ദ്ധാരണത്തിന്‌ കഴിവ്‌ ഒരു അത്യന്താപേക്ഷിത കാര്യമായി വന്നു. ഈ കഴിവ്‌ എന്നത്‌ ശക്തി, വേഗം തുടങ്ങിയ ശാരീരികമായ മുന്‍തൂക്കങ്ങളായി പരിഗണിക്കപ്പെട്ടു. ഈ പരിഗണനയുള്ളതിനാലാണ്‌ ആനയും ഉറുമ്പും എങ്ങനെ അതിജീവിച്ചു എന്നും മറ്റും ചോദിക്കുന്നത്‌. അതിജീവനത്തിന്റെ കഴിവ്‌ എന്നത്‌ പ്രകൃതിയുടെ മാറ്റത്തിനനുസരിച്ച്‌ നിലനില്‍ക്കാനുള്ള ശേഷിയാണ്‌. ഫിറ്റ്നസ്സാണ്‌. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ കരയിലെ ജീവികളില്‍ വെള്ളപ്പൊക്കത്തിനു മേലെ മൂക്കുയര്‍ത്തിപ്പിടിക്കാന്‍ കഴിവുള്ളവയൊക്കെ നിലനില്‍ക്കും. ഇവിടെ കഴിവ്‌ മരം കേറാനുള്ളതോ പറക്കാനുള്ളതോ അല്ലെങ്കില്‍ രണ്ടവസ്ഥയിലും ജീവിക്കാന്‍ പറ്റുന്നതോ ആവാം. വരള്‍ച്ചയുണ്ടാകുമ്പോള്‍ വെള്ളത്തെ വളരെ കുറച്ച്‌ ഉപയോഗിക്കാനുള്ളത്‌ കഴിവാകും. കൂടുതല്‍ വേഗതയുള്ള വേട്ടമൃഗം ഓടിക്കുമ്പോള്‍ മാളത്തില്‍ നൂഴഞ്ഞു കയറാനുള്ളതും കഴിവാകും. ഭക്ഷ്യക്ഷാമമുണ്ടാകുമ്പോള്‍ ശരീരത്തിന്റെ ചെറുപ്പമാവാം, ഇവിടെ കുറഞ്ഞ ഭക്ഷണം ഉപയോഗിക്കാനുള്ളതാണ്‌ കഴിവ്‌.

വേറൊരു തെറ്റിദ്ധാരണയാണ്‌ പരിണാമം എപ്പോഴും കൂടുതല്‍ മെച്ചമായതിനെ മാത്രമേ പ്രോത്സാഹിപ്പിക്കൂ എന്നത്‌. ഇത്‌ ശരിയാണെങ്കിലും നമ്മള്‍ കാണുന്ന മെച്ചങ്ങളല്ല പ്രകൃതിയുടേത്‌. മനുഷ്യനില്‍ നിന്നുണ്ടാവുന്ന പരിണാമം മനുഷ്യനേക്കാള്‍ എല്ലാ അര്‍ഥത്തിലും കഴിവുള്ളതാവണമെന്നില്ല. മറിച്ച്‌ മനുഷ്യനേക്കാള്‍ അതിജീവനശേഷിയുണ്ടായാല്‍ മതി. ഉദാഹരണത്തിന്‌ ഒരു ആണവയുദ്ധമുണ്ടായാല്‍ മനുഷ്യരും മറ്റു ജീവജാലങ്ങളൊക്കെയും നശിക്കും. അപ്പോള്‍ പോലും നശിക്കാതിരിക്കുന്ന ഏതെങ്കിലും ജീവികള്‍ മണ്ണിനടിയിലുണ്ടെങ്കിലോ? വൈകല്യങ്ങളാണ്‌ കഴിവായി രൂപപ്പെടുന്നത്‌. നമ്മുടെ പ്രകൃതിയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുകയാണെങ്കില്‍ അത്‌ പലപ്പോഴും ജീവികളില്‍ വൈകല്യങ്ങളുണ്ടാക്കും. സാധാരണ അവയവപ്പൊരുത്തത്തിലുള്ള ഏതു തരം മാറ്റവും, അതായത്‌ ഒരു അവയവം കുറയുകയോ കൂടുകയോ വികലമാവുകയോ ചെയ്യുന്നതൊക്കെയും വൈകല്യത്തിന്റെ പട്ടികയിലാണ്‌ പെടുത്തുക. മൂന്ന്‌ കയ്യുള്ള മനുഷ്യനും ഒരു കയ്യുള്ള മനുഷ്യനും വികലാംഗനാണ്‌. ഇങ്ങനെ സാധാരണ അവയവപ്പൊരുത്തത്തിലുള്ള ഒരു വ്യതിയാനം പാരമ്പര്യമായി പകര്‍ത്താനാവുകയും സമാനമായ മറ്റുജീവകളില്‍ പുനരുത്പാദനം അസാധ്യമാവുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ പുതിയ ജീവിവര്‍ഗങ്ങള്‍ ഉത്ഭവിക്കുകയായി.

illustration

വേറൊരു അസംബന്ധമാണ്‌ ഒരു ജീവിയുടെ മാത്രം ഉത്ഭവം അന്വേഷിക്കുക എന്നത്‌. നമുക്കറിയാം എല്ലാ ജീവികളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്ന്‌. അതായത്‌ എല്ലാ ജീവികളും ഏതാനും ചില ജീവതന്‍മാത്രകളുടെ പരിണാമത്തിലൂടെയുണ്ടായതാണ്‌. ഇത്‌ വിസ്മരിച്ചാണ്‌ മനുഷ്യന്റെ ഉത്ഭവം മാത്രം തിരയുന്നത്‌. ഒരു ജീവിയുടേയും ഉത്ഭവത്തില്‍ അതിന്റെ പൂര്‍വികന്റെ പൂര്‍ണമായ നാശം കണക്കാക്കേണ്ടതില്ല. മറിച്ച്‌ ചില വ്യത്യാസങ്ങളോടെ അതേ ജീവി തന്നെയാണ്‌ പില്‍കാലത്തും നിലനില്‍ക്കുന്നത്‌. അവയില്‍ നിന്ന്‌ പല വ്യത്യാസങ്ങളോടെ പല ജീവികളും നിലനില്‍ക്കാം. "ഉത്ഭവം" എന്നത്‌ തന്നെ സൃഷ്ടിവാദത്തിലേക്ക്‌ ഒരു ചാലു കീറിയാണ്‌ മനസ്സിലാക്കപ്പെടുക. മനുഷ്യന്റെ സൃഷ്ടിപ്പില്‍ മാത്രമായിരുന്നല്ലോ സൃഷ്ടിവാദികളുടെ അങ്കലാപ്പ്‌. ദൈവം തന്നെ മനുഷ്യനെ സൃഷ്ടിക്കുന്നതില്‍ കാണിച്ച ശുഷ്കാന്തി മറ്റു ലക്ഷക്കണക്കായ ജീവികളുടെ സൃഷ്ടിപ്പില്‍ കാണിച്ചില്ല എന്നു കാണാം. ഇതിനാലാണ്‌ സക്കീര്‍ നായിക്‌ തന്റെ പ്രസംഗത്തില്‍ അമീബ പാരമീഷ്യയായി പരിണമിക്കുന്നതിനെ ഖുര്‍ആന്‍ എതിര്‍ക്കുന്നില്ല എന്നു പറയുന്നത്‌. പരിണാമം വിശദീകരിക്കുന്നതിനിടയില്‍ ഉപയോഗിക്കപ്പെടുന്ന്‌ "ഉത്ഭവം" എന്ന്‌ വാക്കില്‍ നിന്നും ഉത്ഭവിപ്പിക്കുന്നതിന്‌ കാരണമാവുന്ന്‌ ഒരു സൃഷ്ടാവിനെ ഒഴിച്ചു നിര്‍ത്തേണ്ടതുണ്ട്‌. "പ്രകൃതി തെരഞ്ഞെടുത്തു" എന്നാക്കെ പറയുന്നതില്‍ ഈ പ്രശ്നമുണ്ട്‌. തെരഞ്ഞെടുക്കുക തുടങ്ങിയത്‌ ബുദ്ധിയുടെ ലക്ഷണമാകയാല്‍ ഒരു "സൂപ്പര്‍ ബുദ്ധി"പോലെ പ്രകൃതി പ്രതിഷ്ഠിക്കപ്പെടുന്നു.

ശാസ്ത്രജ്ഞന്‍മാരില്‍ ഭൂരിഭാഗവും മതത്തിന്റെ സ്വാധീനത്തില്‍ നിന്ന്‌ മുക്തരല്ലായിരുന്നതിനാല്‍ പലര്‍ക്കും ഏതു സിദ്ധാന്തത്തേയും മതഗ്രന്ഥങ്ങളുപയോഗിച്ചു വിശദീകരിക്കാനായിരുന്നു താല്‍പര്യം. അല്ലെങ്കില്‍ മതഗ്രന്ഥങ്ങളിലെ ബിംബകല്‍പനകളോ പദങ്ങളോ ഉപയോഗിക്കുന്നതിന്‌. ഇത്‌ സാധാരണക്കാരന്‌ പെട്ടെന്ന്‌ ദഹിക്കുകയും ചെയ്യും. പാരമ്പര്യമായി വലിയ മാറ്റമില്ലാതെ അവന്‍ പഠിച്ചുകൊണ്ടിരിക്കുന്നതാണത്‌. അതും അവന്‌ ഭാഷയുടെയും പരിസരത്തിന്റേയും സ്വാധീനം ഉണ്ടാകുന്ന ഇളം പ്രായത്തില്‍. എല്ലാഗ്രഹങ്ങളും ഭൂമിയെയാണ്‌ ചുറ്റുന്നത്‌ എന്ന വിശ്വാസം വ്യാഴത്തിനെ ചുറ്റുന്ന ഉപഗ്രഹങ്ങളെ കണ്ടെത്തുന്നതിലൂടെ ഗലീലിയോ വെല്ലുവിളിച്ചപ്പോള്‍ ആളുകള്‍ പ്രചരിപ്പിച്ചു, "ഗലീലിയോയ്ക്ക്‌ മനസ്സിലാകാത്ത മാര്‍ഗങ്ങളില്‍ കൂടി അത്‌ ഭൂമിയെയാണ്‌ ചുറ്റുന്നത്‌" എന്ന്‌. പരിണാമ സിദ്ധാന്തത്തില്‍ ഇതുപോലെ ഇടപെട്ട്‌ പരിണാമം അംഗീകരിക്കാമെങ്കിലും അതിന്റെ തുടക്കത്തില്‍ ദൈവമുണ്ടായിരുന്നു, അയാളാണ്‌ സൃഷ്ടി നടത്തിയത്‌ എന്ന്‌ പ്രമുഖരായ പല ശാസ്ത്രജ്ഞരും വിശ്വസിച്ചു. പരിണാമമൊക്കെ അതിനുശേഷമുണ്ടായ കാര്യങ്ങളാണ്‌. അവര്‍ക്ക്‌ മനസ്സിലാകാതെ പോയത്‌ പരിണാമം എന്നതിന്റെ ഒരു ദിശയിലും സൃഷ്ടി വരുന്നില്ല എന്നതാണ്‌. അവ ഒരു വസ്തു തന്നെ വേറൊന്നായി മാറുകയാണ്‌. പുതുതായൊന്നുണ്ടാവുകയല്ല. കൂടാതെ ഒന്നും ഉണ്ടാക്കാനോ നശിപ്പിക്കാനോ സാധ്യമല്ല എന്ന്‌ ആല്‍ബര്‍ട്ടൈന്‍സ്റ്റീന്റെ വാദം ഇതെഴുതുന്നതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.

പരിണാമം എന്നത്‌ കാലം പോലെ ഒരു ഒഴുക്കാണ്‌. അതിന്‌ ദശലക്ഷക്കണക്കിന്‌ വര്‍ഷങ്ങളുടെ ചരിത്രമുണ്ട്‌. ഇത്‌ കേവലം നൂറ്റമ്പത്‌ കൊല്ലം കൊണ്ട്‌ പരിപൂര്‍ണ്ണമായി മനസ്സിലാക്കപ്പെടുമെന്ന്‌ ശഠിക്കേണ്ടതില്ല. കൂടാതെ ഒരു ശാസ്ത്രം പൂര്‍ണ്ണമായി മനസ്സിലാക്കേണ്ടതിന്‌ മറ്റനവധി ശാസ്ത്ര ശാഖകള്‍ വികസിക്കേണ്ടതുണ്ട്‌. ഡാര്‍വിന്റെ കാലത്ത്‌ ഇത്തരം ധാരാളം ശാസ്ത്ര ശാഖകള്‍ അതിന്റെ ശൈശവദശയിലായിരുന്നു. ചിലതൊന്നും ജനിച്ചിരുന്നുമില്ല. ഇതെല്ലാം പരിണാമ സിദ്ധാന്തത്തിന്റെ പ്രശ്നങ്ങളാണ്‌.

ഷെറീഫ്
Subscribe Tharjani |
Submitted by Sunil on Wed, 2006-09-06 11:52.

“വേറൊരു അസംബന്ധമാണ്‌ ഒരു ജീവിയുടെ മാത്രം ഉത്ഭവം അന്വേഷിക്കുക എന്നത്‌.“ ഇതെനിക്ക്‌ വളാരെ ഇഷ്ടപ്പെട്ടു. പ്രകൃതിയെ ആകെമൊത്തം ഒന്നായി കാണണം, അല്ലേ? ശരിയാണ്.
-S-