തര്‍ജ്ജനി

കഥ

ഫണ്‍ വേള്‍ഡ്‌

പൊക്കിളില്‍ തിളങ്ങുന്ന ഒരു നീലകല്ലുപതിച്ച സ്ത്രീയായിരുന്നു ഫ്ലോര്‍ മാനേജര്‍. അവരുടെ നിക്കോളാസ്... എന്ന കാര്‍ക്കശ്യം നിറഞ്ഞ വിളികളെ അയാള്‍ എപ്പോഴും ഭയന്നിരുന്നു. ആ വിളികളില്‍ അയാള്‍ ചൂളുന്നതും, അയാളുടെ കണ്ണില്‍ ഭയം നിറയുന്നതും പക്ഷേ ആരും കാണാറില്ല. നീണ്ടു മെലിഞ്ഞ ആ സ്ത്രീയുടെ നിഗൂഢനിറമാര്‍ന്ന മുടിയിഴകള്‍ മുഖത്തേക്കു് പാറി വീഴുമ്പോഴെല്ലാം തലവെട്ടിച്ചു കുടഞ്ഞുകൊണ്ടു് അവര്‍ പ്രവര്‍ത്തന നിരതയായി എപ്പോഴും ഓടി നടന്നിരുന്നു. അതിനാല്‍ അവരുടെ കണ്ണു വെട്ടിച്ചു നില്‍ക്കുക അസാദ്ധ്യമാണു്. ഹാന്‍ഡ് ഫ്രീ സെറ്റ് ഉപയോഗിക്കുന്നതു കൊണ്ടു് ഫോണ്‍ മിക്കവാറും അവരുടെ അരയില്‍ തിരുകിയിട്ടുണ്ടാകും. നടന്നുകൊണ്ടു് ഉറക്കെ സംസാരിക്കുമ്പോള്‍ ഫോണ്‍ കാളിനു് മറുപടി പറയുകയാണോ അതോ തന്നെ ശകാരിക്കുകയാണോ എന്നയൊരു ആശയക്കുഴപ്പത്തിലും ഇടയ്ക്കയാള്‍ വീഴാറുണ്ടു്.

കളിപ്പാട്ടങ്ങളുടെ അത്ഭുതലോകത്തും, വസ്ത്ര സൌന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വന്‍ ശേഖരങ്ങള്‍ നിറഞ്ഞ ബഹുനില മാളികളിലും ക്രിസ്തുമസിനു് രണ്ടാഴ്ച മുമ്പുതന്നെ വല്ലാത്ത തിരക്കു് അനുഭവപ്പെട്ടു തുടങ്ങി. പാര്‍ക്കിന്റെ പല കോണുകളും ആഘോഷത്തിനുവേണ്ടി മോടി പിടിപ്പിക്കുന്ന പണികള്‍ നടന്നു വരികയാണു്. ധാരാളം ജോലിക്കാര്‍ ഉള്ളതുകൊണ്ടു് മാനേജര്‍മാരെല്ലാം തിരക്കുപിടിച്ചു് ഓടി നടക്കുകയാണു്. ഇടയ്ക്കു വീണുകിട്ടുന്ന ചില ഇടവേളകളില്‍ അകത്തേക്കു് വെള്ളം കുടിക്കാന്‍ പോകുമ്പോള്‍ നിക്കോളാസു് കണ്ണാ‍ടി പോലെ തിളങ്ങുന്ന തറയില്‍ നോക്കി തന്റെ രൂപം ഒരു ആനയുമായി താരതമ്യം ചെയ്യല്‍ നടത്താറുണ്ടു്. തുമ്പിക്കൈയുടെ ആട്ടവും, ചെവികളുടെ ചലനങ്ങളും ഒത്തുവരുമ്പോള്‍ അയാള്‍ ആശ്വസിക്കും - ഒരു കുട്ടിക്കൊമ്പനാകാന്‍ ഇത്രയൊക്കെ മതി. ഉയരം കുറവായതിനാലാണു് നിക്കോളാസു് കുട്ടിക്കൊമ്പനായത്, കൂടെയുള്ളതു് രണ്ടു് കരടിക്കുട്ടന്മാരും, മൂന്നു് നാലു കുരങ്ങന്മാരുമാണു്, മിക്കിമൌസും, ഡൊണാള്‍ഡു് ഡക്കും , റോജര്‍ റാബിറ്റും, ഗൂഫിയും, പ്ലൂട്ടോയും മറ്റും നാലുമണിയായേ എത്തുകയുള്ളൂ. സ്കൂളിലെ പഠനം കഴിഞ്ഞാണു് അവരെല്ലാം വന്നുചേരുക. വൈകുന്നേരങ്ങളിലാണ് പൊതുവേ കസ്റ്റമേഴ്സിന്റെ തിരക്കു് എറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. അവരെ രസിപ്പിക്കാന്‍ ജന്തുലോകത്തിന്റെ ഒരു ടീം തന്നെ അപ്പോഴേക്കും സജ്ജമായിട്ടുണ്ടാകും. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഇല്ലാത്തവിധം വിദേശികളും ഈ വര്‍ഷം സന്ദര്‍ശനത്തിനെത്തുന്നുണ്ടു്.

illustration

രാവിലെ ലോറിയില്‍ വന്നിറങ്ങിയ ഒരു വലിയ പൂള്‍ ടേബിള്‍ ചുമന്നുകൊണ്ടു പോകാന്‍ കൂടാന്‍ നിക്കോളാസിനോടും ഫ്ലോര്‍ മാനേജര്‍ വിളിച്ചു പറഞ്ഞു. ആനവേഷത്തിലാണു് അയാള്‍ അതു ചുമന്നതു്. അകത്തുകൊണ്ടുപോയി ഇറക്കിവച്ചപ്പോഴേക്കും നിക്കോളാസു് വല്ലാതെ കിതച്ചുപോയി. ഫ്ലോര്‍ മാനേജര്‍ പലപ്പോഴും വളരെ ക്രൂരമായി പെരുമാറാന്‍ ശ്രമിക്കുന്നില്ലേ എന്നയാള്‍ക്കു് തോന്നാതിരുന്നില്ല. രണ്ടു ദിവസം മുമ്പു് അവരുടെ മുറിയിലേക്കു് വിളിപ്പിച്ചു് സംസാരിക്കുന്നതിനിടയില്‍ പരിഹാസ രൂപേണയാണു് ചോദിച്ചതു് -- "നിക്കോളാസു് കണക്കറ്റു മദ്യപിക്കാറുണ്ടല്ലേ?"
“മാഡം ഞാന്...“ അയാള്‍ക്കു എങ്ങനെ അതിനു മറുപടി പറയണമെന്നറിയില്ലായിരുന്നു. അതു കേള്‍ക്കാനുള്ള ക്ഷമ അവരും കാണിച്ചില്ല.

“ഡ്യൂട്ടിക്കിടെ മദ്യപിച്ചിട്ടുണ്ടു് എന്നുകണ്ടാല്‍ നിക്കോളാസിനെ ആ നിമിഷം പിരിച്ചുവിടാന്‍ ഞാന്‍ മുകളിലേക്കു വിളിച്ചുപറയും...” അവരുടെ മുഖത്തിന്റെ മിനുസങ്ങളില്‍ പെട്ടെന്നു കോപത്തിന്റെ കലര്‍പ്പുകള്‍ തെളിയുകയും, ഫ്ലോര്‍ മാനേജര്‍ എന്ന അധികാരം അയാളുടെ മുന്നില്‍ പ്രതിരോധത്തിന്റെ കൂറ്റ് പ്രകടിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ അയാള്‍ തലതാഴ്ത്തി പിന്‍ വാങ്ങി. തന്റെ ചുവന്നു കലങ്ങിക്കിടക്കുന്ന കണ്ണുകള്‍ കണ്ടിട്ടാകണം അവര്‍ അങ്ങനെ തെറ്റിദ്ധരിച്ചതു് -അയാള്‍ തിരിച്ചു നടക്കുമ്പോള്‍ ആലോചിച്ചു. എങ്കിലും ഒരു മുഴുക്കുടിയന്‍ എന്ന ചിത്രമാണു് ആ മാനേജര്‍ സ്ത്രീയുടെ മനസ്സിലുള്ളതു് എന്നോര്‍ത്തപ്പോള്‍ നിക്കോളാസിന്റെ മനസ്സ് തപിച്ചു. നടന്നു പോകുന്ന വഴിയില്‍ ചിത്ര തൂണുകളിലെ മിറര്‍ വര്‍ക്കിന്റെ ശകലങ്ങളില്‍ തന്റെ പാരവശ്യം നിറഞ്ഞ മുഖത്തെ കലങ്ങിയ കണ്ണുകളെ അയാള്‍ ഒന്നുകൂടി ശ്രദ്ധിച്ചു. ആനത്തല ഊരി അയാള്‍ കയ്യില്‍ പിടിച്ചിരിക്കുകയായിരുന്നു.

സാധാരണ പ്രവേശന കവാടത്തിലും, മെയിന്‍ ഹാളിലും, പടികളിലും മറ്റും നിന്നു് സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയാണു് പതിവു്. കുട്ടികളെ രസിപ്പിക്കുന്ന വിധത്തില്‍ അവരോടു് സല്ലപിക്കുക, അവര്‍ക്കു് ചോക്കളേറ്റുകള്‍ നല്‍കുക തുടങ്ങിയ നമ്പറുകള്‍. ഇനിമുതല്‍ ചില പരിപാടികള്‍ ആസൂത്രണം ചെയ്തു് അവതരിപ്പിക്കാനാണു് മാനേജരുടെ നിര്‍ദ്ദേശം. രണ്ടു മുച്ചക്ര സൈക്കിളുകള്‍ കരടിക്കുട്ടന്മാര്‍ക്കും, ട്രം‌പെറ്റുകള്‍ കുരങ്ങന്മാര്‍ക്കും, ബോങ്കോസും ഡ്രമ്മും നിക്കോളാസിനും നല്‍കിയിരിക്കുകയാണു്. ഓരോദിവസവും വ്യത്യസ്തമായ എന്തെങ്കിലും തീമുകള്‍ അവതരിപ്പിക്കണം. ഇതു പറയുമ്പോള്‍ ഗസ്റ്റുറിലേഷന്‍ മാനേജറും , ജനറല്‍ മാനേജറും ഒപ്പമുണ്ടായിരുന്നു. അതിനാ‍ല്‍ എന്തെങ്കിലും ഒരു ശമ്പളവര്‍ധനവു് ഇതിനോടനുബന്ധിച്ചുണ്ടാകും എന്നു നിക്കോളാസ് പ്രതീക്ഷിച്ചു. രണ്ടു ദിവസം കഴിഞ്ഞിട്ടും ആരും ഒന്നും പറയാതിരുന്നതിനാല്‍ പിന്നീടു് ആ പ്രതീക്ഷ ഇല്ലാതാവുകയും ചെയ്തു.

മുച്ചക്രസൈക്കിളില്‍ ചില അഭ്യാസങ്ങള്‍ കാണിക്കാന്‍ കരടിക്കുട്ടന്മാര്‍ പഠിച്ചു. ബോങ്കോസും ഡ്രമ്മും നിക്കോളാസിനെ സംബന്ധിച്ചു് പഴയ ചില ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്കായിരുന്നു. ബാന്‍ഡു സംഘത്തിലെ പരിചയങ്ങളിലൂടെ കൈവിരലുകള്‍ ചലിച്ചപ്പോള്‍ നേര്‍ത്ത വലക്കണ്ണികള്‍ പൊതിഞ്ഞ ട്രീസയുടെ സുന്ദരപാദങ്ങള്‍ അയാളുടെ മുന്നില്‍ ചുവടുകളിളക്കി. വിരലുകളില്‍ നിന്നു് അറിയാതെ ഉതിര്‍ന്നതു് അവളുടെ വശ്യമായ അംഗവടിവുകള്‍ക്കുവേണ്ടിയുള്ള താളങ്ങളാണെന്നു് നിക്കോളാസു് അറിഞ്ഞു. മനസ്സിലെവിടെയോ നോവുകള്‍ പൊടിഞ്ഞു. വേദിയില്‍ മാസ്മരികതകള്‍ സൃഷ്ടിച്ചു്, കറക്കങ്ങള്‍ പമ്പരവേഗത്തിലെത്തി ഉടയാടകളുടെ പ്രകാശ വലയമായി ട്രീസ അവസാനം വന്നുവീഴുക തന്റെ കൈകളിലേക്കായിരിക്കും. തന്റെ ചുമലിലേക്കു് ചാഞ്ഞുവീണു് ഒരു കുഞ്ഞുപ്രാവിനെപ്പോലെ അവള്‍ കിതച്ചുകൊണ്ടിരിക്കും. വിയര്‍പ്പു നനഞ്ഞ ചായങ്ങളുടെ പരിചയഗന്ധം ഒരുനിമിഷം അയാളെ വലയം ചെയ്തതുപോലെ തോന്നി. വര്‍ഷാന്തരങ്ങളുടെ ഞൊറികളില്‍ പാതിമറഞ്ഞുനിന്ന ചമയത്തിളക്കങ്ങള്‍ നിറഞ്ഞ ആ സുന്ദരരൂപത്തെ മനോവേഗങ്ങള്‍ പുല്‍കി. ട്രിസാ... അയാളുടെ ചുണ്ടുകള്‍ നിശ്ശബ്ദം ഉരുവിടാന്‍ ശ്രമിച്ചു.

പകുതി കടിച്ച ഒരു സമൂസയും, തണുത്തുപോയ ചായയുമായി ഒരേയിരുപ്പിരിക്കുമ്പോഴാണു് ഫ്ലോര്‍ മാനേജര്‍ അതുവഴി വന്നതു്. വെറുതെ ഇരിക്കുന്നു എന്നുകണ്ടാല്‍ അപ്പോള്‍ തന്നെ അവര്‍ എന്തെങ്കിലും ജോലി ഏല്‍പ്പിക്കും.
“നിക്കോളാസു് , പുതിയ ഒരു ബാനര്‍ തയ്യാറായി വന്നിട്ടുണ്ടു്. അതു് കിഴക്കുഭാഗത്തെ റോഡിനഭിമുഖമായി പ്രദര്‍ശിപ്പിക്കാനുള്ള അറേന്‍ജുമെന്റ്സു് ഉണ്ടാക്കൂ. നാലുമണിക്കു മുന്‍പുതന്നെ അതു് വച്ചുകഴിയണം.“

illustration

നിക്കോളാസു് അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ തലകുലുക്കി. ബാനര്‍ വയ്ക്കാനുള്ള ശ്രമത്തിനിടയിലും നിക്കോളാസ് ട്രീസയെ വിട്ടുപിരിഞ്ഞിരുന്നില്ല. പണ്ടു നിശാ ക്ലബ്ബിനുമുമ്പില്‍ “ഇന്നത്തെ നിങ്ങളുടെ താര റാണിമാര്‍” എന്ന ബോര്‍ഡു് വയ്ക്കുമ്പോള്‍ ഒരിക്കലും ട്രീസയുടെ യഥാര്‍ഥ പേരു വച്ചിരുന്നില്ല. പകരം ലോലിത എന്നാണു് എഴുതി ചേര്‍ത്തിരുന്നതു്. അവളുടെ ഇഷ്ടപ്പെട്ട കാണികളുടെ മുന്നില്‍ ട്രീസയെന്നും ലോലിതയാരുന്നു. ക്ലബ്ബിന്റെ നിര്‍ബന്ധമായിരുന്നു ലോലിതയെന്ന പേരു്. ഒരിക്കലും ട്രീസ അതു് ഇഷ്ടപ്പെട്ടിരുന്നില്ല. അവള്‍ ട്രീസ എന്നു തന്നെ അറിയപ്പെടാനാണു് ആഗ്രഹിച്ചതു് . “ നിക്കു് , നീയാണിനി എനിക്കു കിട്ടുന്ന ടിപ്പുകള്‍ വാരേണ്ടതു്” ഒരുദിവസം അവള്‍ തന്റെ ചുമലില്‍ വന്നു വീഴവെ ഇഷ്ടത്തോടെ കാതില്‍ മന്ത്രിച്ചു.

“നിക്കു്, നീയാണു് എന്റെ പുരുഷന്‍....”
വേദികളില്‍ വന്നു വീഴുന്ന നോട്ടുകള്‍ ട്രീസയ്ക്കു വേണ്ടി അന്നുമുതല്‍ നിക്കോളാസു് വാരിയെടുത്തു തുടങ്ങി. നിക്കോളാസിന്റെ കാലി പോക്കറ്റുകള്‍ നേരം വെളുക്കുമ്പോഴേക്കും നിറഞ്ഞു കവിഞ്ഞു. ഒരിക്കലും അതിന്റെ കണക്കുകള്‍ പാവം ട്രീസ ചോദിച്ചിട്ടില്ല. കണക്കുകള്‍ നോക്കി ജീവിക്കാന്‍ താനും മെനക്കെട്ടിരുന്നില്ലല്ലോ.

ട്രീസയുടെ നെഞ്ചിന്റെ താളങ്ങള്‍ എന്നോ തെറ്റിത്തുടങ്ങിയിരുന്നു. വേദികളിലെ താള വിസ്മയങ്ങളില്‍ അതറിയാതെ കടന്നു പോയ ദിവസങ്ങള്‍ അവസാനം ആശുപത്രി കിടക്കയില്‍ ആ നെഞ്ചിന്‍ കൂടിന്റെ സ്പന്ദനങ്ങള്‍ ഒരു ജീവനുവേണ്ടി നിരന്തരം വിലപേശിക്കൊണ്ടിരുന്നു. നിസ്സഹായനായി അതിനരുകില്‍ താനും എത്രയോ ദിനരാത്രങ്ങള്‍ കാവലിരുന്നു. എന്നിട്ടും പറക്കമുറ്റിയ ഒരു നിമിഷം ആ പ്രാവിന്‍‌കുഞ്ഞു് ചിറകടിച്ചകന്നുപോയി, എന്നന്നേക്കുമായി കൂടും വിട്ടു്.

ഉയരമുള്ള ബഞ്ചിനുമുകളില്‍ നിന്നു് ബാനര്‍ പിടിച്ചുകൊടുക്കുമ്പോള്‍ കാലുകുഴയുന്നതുപോലെ നിക്കോളാസിനു തോന്നി. പഴയതുപോലെ ഇനി ആകണമെന്നു വച്ചാല്‍ നടക്കില്ലല്ലോ. വയസ്സും അറുപതു് കഴിയുന്നു. പ്രായത്തിന്റെ വയ്യായ്കകള്‍ എത്രയായാലും ഉണ്ടാകും. നിക്കൊളാസു് ബഞ്ചിനുമുകളില്‍ ഒരുവിധം പിടിച്ചുനിന്നു. ചെവിയില്‍ വിസിലടികള്‍ മുഴങ്ങാന്‍ തുടങ്ങിയിട്ടു് വര്‍ഷങ്ങള്‍ രണ്ടാകുന്നു. കര്‍ണ്ണപുടങ്ങളില്‍ അജ്ഞാതരായ ഏതോ സ്വനതന്തുക്കള്‍ തൊടുത്തുവിടുന്ന ചൂളം വിളികള്‍ അസഹ്യമാകുമ്പോള്‍ ‍നിക്കോളാസു് കിടക്കയില്‍ വീണുരുളും. മരുന്നുകള്‍ ശാശ്വതമായ ഒരു പരിഹാരം ഇനിയും തന്നിട്ടില്ല.

സീസണ്‍ തുടക്കത്തില്‍ തന്നെ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ എത്തിത്തുടങ്ങി. അകത്തു് പാര്‍ക്കില്‍ നില്‍ക്കുന്നവര്‍ക്കൊക്കെ നല്ല ടിപ്പു് കിട്ടുന്നുണ്ടാകും. ഇവിടെ നില്‍ക്കുന്ന ഈ മൃഗവേഷങ്ങള്‍ക്കു് അതൊന്നും പാടില്ല. അവര്‍ അതു് വാങ്ങിയാല്‍ കുറ്റകരമാകും. അല്ലെങ്കിലും മൃഗങ്ങള്‍ക്കു് അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലല്ലോ. കുരങ്ങന്മാരുടെ ട്രം‌പറ്റിനൊത്തു് അരയില്‍ ഡ്രം തൂക്കി ചില ചുവടുകള്‍ നിക്കോളാസു് പരീക്ഷിച്ചു നോക്കി. താളത്തിനൊത്തു് ചുവടുകള്‍ വീണുകിട്ടിയപ്പോള്‍ കുരങ്ങന്മാര്‍ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കുട്ടിയാനയുടെ നൃത്തം പരിപാടികളില്‍ ഒരു നമ്പറായി മാറി. കുട്ടികളുടെ ചില പ്രിയ ട്യൂണുകള്‍ക്കൊത്തു് ശരീരം ചലിപ്പിക്കാന്‍ നിക്കൊളസു് തുടര്‍ച്ചയായി പ്രാക്ടീസു് ചെയ്തുകൊണ്ടിരുന്നു.

മാസാന്ത്യങ്ങള്‍ അടുക്കുന്തോറും നൃത്തം ചെയ്യുവാനുള്ള തന്റെ ലാഘവത്വം നഷ്ടപ്പെടുന്നോ എന്നു നിക്കോളാസിനു തോന്നാറുണ്ടു്. കൈകാലുകള്‍ ഒന്നിനും വഴങ്ങില്ല. ട്രൌസറിന്റെ പോക്കറ്റില്‍ കിടക്കുന്ന കണക്കുപുസ്തകത്തിനു അപ്പോഴേക്കും വല്ലാതെ ഭാരം കൂടിയിട്ടുണ്ടാകും. എങ്ങും ഒടുങ്ങാത്ത വലിയ സംഖ്യകളുടെ ഭാരങ്ങള്‍. മനസ്സും പിന്നെ ഒന്നിനും അനുവദിക്കില്ല. എത്ര പേരുടെ കാലുകള്‍ പിടിക്കണം അവധികള്‍ നീട്ടിക്കിട്ടാന്‍... ഓരോമാസവും തള്ളിനീക്കി കഴിയുമ്പോഴേക്കും നിക്കോളാസു് കൂടുതല്‍ പരിക്ഷീണിതനായിട്ടുണ്ടാകും.

അവധിയായതിനാല്‍ രാവിലെ മുതല്‍ നല്ല തിരക്കുള്ള ദിവസമായിരുന്നു. മിക്കിയും, ഡൊണാള്‍ഡും, റോജറും, ഗൂഫിയും തുടങ്ങി കഥാപാത്രങ്ങളെല്ലാം ഉണ്ടായിരുന്നതിനാല്‍ എല്ലാവരും ഒരാഘോഷത്തിന്റെ മൂഡിലായിരുന്നു, നിക്കോളാസു് ഒഴിച്ചു്. തൂക്കം പിടിച്ചവനെപ്പോലയായിരുന്നു നിക്കൊളാസു്. ഇടയ്ക്കു് ഡ്രമ്മില്‍ കൈവച്ചങ്കിലും അതില്‍ നിന്നുയര്‍ന്ന ശബ്ദങ്ങള്‍ക്കു് ഇമ്പം നഷ്ടപ്പെട്ടിരുന്നു. ഇത്തിരികഴിഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്ന് ആരും കാണാതെ ഒഴിഞ്ഞ ഒരു കോണിലേക്കു മാറിയിരുന്നു.

“ ഇന്നു ചോദിച്ചാല്‍ ലീവും തരില്ല. അല്ലങ്കില്‍ ശമ്പളം കട്ടിങ്ങായിരിക്കും”
“ഉള്ള ശമ്പളംതന്നെ തികയുന്നില്ല. പിന്നെ കട്ടിങ്ങും കൂടി ആയാലുള്ള ഗതിയോ?”

“ ഇളയ രണ്ടു പെണ്‍കുട്ടികളെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റി ബാധ്യതകള്‍ ഒഴിവാക്കാന്‍ തത്രപ്പെടുമ്പോഴാണു് പിന്നെയും ഓരോ ഭാരങ്ങള്‍ തോളില്‍ വീഴുന്നതു്.-- ഇനി വയ്യ.”

ഗ്ലാസു് ജനാലയിലൂടെ ഒരു മൃഗീയമായ നോട്ടം കടന്നു വന്നതു് നിക്കോളാസു് കണ്ടു. അനുസരണകെട്ട ഒരു ജന്തുവിനെ മെരുക്കി നിര്‍ത്തുന്ന നോട്ടം. നിക്കോളാസു് ധൃതിയില്‍ എഴുന്നേറ്റുപോയി. കാലുകള്‍ അറിയാതെ ചലിച്ചു. ഹെലിക്കോണിയകള്‍ വളര്‍ന്നു നില്‍ക്കുന്ന കോണില്‍ പാറകള്‍ അടുക്കിയുണ്ടാക്കിയ ഉയരത്തിലേക്കു് നിക്കോളാസു് ഡ്രമ്മും തൂക്കി വലിഞ്ഞു കയറി. കൈകാട്ടി മിക്കിയെയും, ഡൊണാള്‍ഡിനേയും , റോജറിനേയും, മറ്റും കൂടെ കൂട്ടി. അതിന്റെ ഉയരത്തില്‍ , നോട്ടത്തിന്റെ മുനയില്‍ നിന്നു് നിക്കോളസു് ചുവടുകള്‍ വച്ചു. ഒപ്പം മറ്റുള്ളവരും. ഒരു സംഘനൃത്തമായപ്പോള്‍ അതിനു കൊഴുപ്പു കൂടി. താഴെ നിന്ന സന്ദര്‍ശകരായ ഒരുസംഘം കുട്ടികള്‍ക്കു് അതു് ഹരം പകര്‍ന്നു.അവര്‍ കൈ അടിച്ചു് നിക്കോളസിനേയും കൂട്ടുകാരെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ചുവടുകള്‍ക്കിടയിലും നിക്കോളാസിന്റെ മുന്നില്‍ മൂത്ത മകളുടെയും കുഞ്ഞിന്റെയും മുഖം തെളിഞ്ഞു വന്നുകൊണ്ടിരുന്നു.ഭര്‍ത്താവിന്റെ അരികില്‍ നിന്നു് ചികിത്സയില്ലാത്ത അസുഖവും വാങ്ങി മടങ്ങി വന്നിരിക്കുന്ന രണ്ടു ജീവിതങ്ങള്‍. പ്രതിരോധത്തിന്റെ സങ്കേതങ്ങള്‍ കൈമോശം വന്നുപോയ ശരീരങ്ങളില്‍ ഇരകളുടെ ചാപ്പകുത്തുകള്‍ കിടന്ന് അഴലുന്നത് അയാള്‍ കണ്ടു. താഴെ നൃത്തത്തിന്റെ താളം കുട്ടികള്‍ ഏറ്റെടുത്തിരിക്കുന്നു. ഇപ്പോള്‍ അവരാണു് അതു് നിയന്ത്രിക്കുന്നതു് നിക്കോളാസും യാന്ത്രികമായി ആടി. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തേങ്ങലടക്കാന്‍ അയാള്‍ ചുണ്ടുകള്‍ കടിച്ചുപിടിച്ചിരുന്നു. പക്ഷേ അതാരും കാണുന്നുണ്ടായിരുന്നില്ല.


കെ. ആര്‍. ഹരി

ശ്രീവിഹാര്‍
കണ്ണൂര്‍
Subscribe Tharjani |