തര്‍ജ്ജനി

കഥ

മണല്‍ത്തരികള്‍

സമയം അഞ്ചുമണിയാകാറായിരിക്കുന്നു. വാച്ച്‌മാന്‍ ശ്രദ്ധാപൂര്‍വ്വം മതില്‍ക്കെട്ടിന്റെ വലതുവശത്തുള്ള നടപ്പാതയിലേക്കു നോക്കി. മതില്‍ക്കെട്ടിന്റെ നിഴലുകള്‍ ശീതളിമ പകരുന്ന വഴിയിലൂടെ ആ മനുഷ്യന്‍ ഇപ്പോള്‍ വളവുതിരിഞ്ഞു വരും, അയാള്‍ ചിന്തിച്ചു. ഇനിയുള്ള സമയം പൂര്‍ണ്ണമായും ആ മനുഷ്യനു വേണ്ടിയുള്ള ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പാണ്‌, വിരസമായ തന്റെ ജോലിക്കിടയില്‍ വന്നുകിട്ടുന്ന രസഭാവം, ചുട്ടുപൊള്ളുന്ന മണല്‍ഭൂമിയില്‍ പതിയുന്ന മഴത്തുള്ളിപോലെ.

സായാഹ്നത്തിന്റെ കുളിര്‌ പതിയെ ആ ഹോട്ടലിനെയും അതിനെ ചുറ്റിയുള്ള മതില്‍ക്കെട്ടിനേയും പുണരാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഹോട്ടലിന്റെ പുറത്തുള്ള ചെറിയ പുല്‍പ്പരപ്പില്‍, രണ്ടു കസേരകളില്‍ ചാരിയിരുന്ന്‌ ഒരു വൃദ്ധനും വൃദ്ധയും തെളിഞ്ഞ മുഖങ്ങളോടെ എന്തോ കുശുകുശുക്കുന്നുണ്ട്‌. റിസപ്ഷനില്‍, മെലിഞ്ഞ ഒരു ചെറുപ്പക്കാരനും അയാളെക്കാള്‍ തടിച്ച ഒരു സ്ത്രീയും പാല്‍പ്പല്ലുകള്‍ കൊഴിഞ്ഞുപോയ മോണ കാട്ടി ചിരിച്ചുകൊണ്ട്‌ ഓടിനടക്കുന ഒരു ആണ്‍കുട്ടിയും കാത്തുനില്‍ക്കുന്നു. അവരുടെ മുന്‍പില്‍, ആ കുടുംബത്തിന്റെ ഐശ്വര്യത്തേക്കാളും പുല്‍പ്പരപ്പിലെ ശാന്തിയേക്കാളും വശ്യതയൊഴുക്കുന്ന സുന്ദരമായ ചിരിയോടെ ഹോട്ടല്‍ മാനേജര്‍ സഖി നില്‍പ്പുണ്ട്‌.

അതാ അയാള്‍, ആ വാച്ച്‌മാന്‍ അവിടെ ജോലിക്കു വന്നതിനു ശേഷമുള്ള കഴിഞ്ഞ മൂന്നു ദിവസങ്ങളിലെപോലെ തന്നെ, ഒരു ഓഫീസ്‌ ബാഗും തൂക്കി, വേഗതയില്‍ നടന്നു വരുന്നു. അയാളുടെ ഓരോ ചലനങ്ങളും പ്രവചിക്കാന്‍ വാച്ച്‌മാനു സാധിക്കും. ഇപ്പോള്‍ അയാള്‍ അടച്ചിട്ട ഗേറ്റിന്റെ തൊട്ടുമുന്‍പില്‍ എത്താറായിരിക്കുന്നു. ഇനി അയാള്‍ മതില്‍ക്കെട്ടിന്റെ ഓരത്തുവന്നു നില്‍ക്കും, തല മാത്രം മുന്‍പോട്ടു നീട്ടി, ഗേറ്റിന്റെ ഇരുമ്പുകമ്പികള്‍ക്കിടയിലൂടെ അന്വേഷണഭാവത്തില്‍ ഉള്ളിലേക്കു നോക്കും. പിന്നെ, തെല്ലൊരാശ്വാസം വിരിയുന്ന മുഖത്തോടെ മെല്ലെ റോഡരികിലേക്കു മാറി, ഗേറ്റിനു മുന്‍പിലുള്ള ഒരു ഇലക്ട്രിക്ക്‌ പോസ്റ്റില്‍ ചാരി ഹോട്ടലിനഭിമുഖമായി ഏതാനും നിമിഷങ്ങള്‍ നില്‍ക്കും. അങ്ങനെ നില്‍ക്കുന്ന ഓരോ നിമിഷവും അയാളുടെ എത്തിനോക്കുന്ന മുഖത്ത്‌ ഹോട്ടലിനുള്ളില്‍ താന്‍ തിരയുന്നതെന്തോ കണ്ടെത്തുമോയെന്ന ജിജ്ഞാസയായിരിക്കും, ആ പരതുന്ന കണ്ണുകളില്‍ കത്തുന്നത്‌ പ്രതീക്ഷയുടെ തിരിവെട്ടമായിരിക്കും. ഒടുവില്‍, പൊടുന്നനെ ഒരു തീരുമാനമെടുത്ത രീതിയില്‍ അയാള്‍ നടന്നുപോകും. അപ്പോള്‍, ആ കണ്ണുകളിലെ തിളക്കം കെട്ടുപോയിരിക്കും, മുഖത്ത്‌ ഒരു വിഷാദനീലിമ പടര്‍ന്നു കയറിയിരിക്കും.

നടന്നു നീങ്ങുന്ന ആ ചെറുപ്പക്കാരനെ നോക്കി വാച്ച്‌മാന്‍ അല്‍പ്പനേരം ഒരു പ്രതിമയേപ്പോലെ നിന്നു. ആദ്യത്തെ ദിവസം അയാളെ താന്‍ തീരെ ശ്രദ്ധിച്ചില്ലെന്ന്‌ അയാള്‍ ഓര്‍ത്തെടുത്തു. പിന്നീടുള്ള രണ്ടു ദിവസവും അയാളുടെ സാന്നിധ്യം തന്റെ ദൃഷ്ടിപഥത്തില്‍ പതിഞ്ഞപ്പോഴൊക്കെ അയാളെ അലട്ടിയ ചിന്ത വീണ്ടും മനസ്സില്‍ നുരഞ്ഞുവന്നു. അയാളോട്‌ എന്താണു കാര്യമെന്നു തിരക്കിയാലോയെന്നുള്ള ചിന്തയ്ക്ക്‌, മതില്‍ക്കെട്ടിനു വെളിയിലുള്ള പൊതുനിരത്തില്‍ നില്‍ക്കുന്നതിന്‌ ആരുടേയും അനുവാദം ആവശ്യമില്ലായെന്ന്‌ ആ മനുഷ്യന്‍ തുറന്നടിച്ചാലോ എന്ന മറുചിന്തയാണ്‌ അയാളുടെ മനസ്സില്‍ ഉയര്‍ന്നത്‌. ഇത്‌ ഹോട്ടല്‍ മാനേജരോട്‌ പറയണോ? താന്‍ ഒരു വിഡ്ഢിയാണെന്നോ കഥയില്ലാത്തവനാണെന്നോ സഖി കരുതിയാലോ?

കാവല്‍ ജോലിയില്‍ പ്രവൃത്തിപരിചയമുള്ള ആരേയും അറിയില്ലല്ലോ എന്ന്‌ അയാള്‍ പരിതപിച്ചു. മറ്റൊരു ദിവസം കൂടി അയാളെ നിരീക്ഷിക്കാമെന്നും, അയാളുടെ കൗതുകമുണര്‍ത്തുന്ന പ്രവൃത്തിചക്രം വീണ്ടും തുടര്‍ന്നാല്‍ അയാളോടു തന്നെ വിശദീകരണം ചോദിക്കാമെന്നും, സംശയാസ്പദമായ എന്തെങ്കിലും പെരുമാറ്റം ഉണ്ടായാല്‍ മാനേജറെ അറിയിക്കാമെന്നും വാച്ച്‌മാന്‍ തീരുമാനിച്ചു.

ഒരു വലിയ കടംകഥ പരിഹരിച്ചെന്ന രീതിയില്‍ വാച്ച്‌മാന്‍ തന്റെ കസേരയില്‍ പ്രസന്നവദനനായി ഞെളിഞ്ഞിരുന്നു. അയാളുടെ മുന്‍പിലൂടെ സഖി തന്റെ ചെറിയ ബാഗും തോളത്തിട്ട്‌ നടന്നുപോയി. അവള്‍ അയാളെ നോക്കി ചിരിച്ചു. ആ ചിരി എത്ര ഹൃദ്യമാണെന്ന്‌ അയാള്‍ വിചാരിച്ചു. സഖിയുടെ പ്രവൃത്തിനിപുണതയെക്കുറിച്ച്‌ അയാള്‍ക്ക്‌ നാലു ദിവസം കൊണ്ടു തന്നെ നല്ല മതിപ്പ്‌ തോന്നിയിരുന്നു; അതില്‍നിന്നുടലെടുത്ത ഒരു ബഹുമാനവും അയാള്‍ക്കുണ്ടായിരുന്നു. പക്ഷേ, അതിലുമുപരി അയാളുടെ മനസ്സില്‍ അപ്പോള്‍ ഉയര്‍ന്നുവന്ന ചിന്ത മറ്റൊന്നായിരുന്നു - സഖിയുടെ ഭര്‍ത്താവ്‌ എത്ര ഭാഗ്യവാനാണ്‌.

******

"നീ എന്തുകൊണ്ടാണെന്നെ പ്രേമിച്ചത്‌?"
"നിന്റെ ചിരിയില്‍ എന്നും അലിഞ്ഞിരിക്കാന്‍ ഞാന്‍ കൊതിച്ചതുകൊണ്ട്‌".
"അത്രയ്ക്കു ഭംഗിയാണോ എന്റെ ചിരിക്ക്‌?"
"ഒരുപാട്‌...നിനക്കു സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഒരുപാട്‌..."

വര്‍ഷങ്ങളുടെ അകലങ്ങള്‍ താണ്ടി, തന്റെ ചെവിയില്‍ ഒഴുകിയെത്തുന്ന പ്രണയസ്വപ്നങ്ങള്‍ വാരിച്ചുറ്റി, മരവിക്കുന്ന കരളിനു ചൂടു പകര്‍ന്ന്‌ സിദ്ധാര്‍ത്ഥ്‌ ഇരുന്നു. അയാളുടെ മുന്‍പിലിരിക്കുന്ന ഭക്ഷണവും തണുത്തിരുന്നു. വിരലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഏതാനും ചോറുപറ്റുകള്‍ നാക്കുകൊണ്ടു പതിയെ ഒപ്പിയെടുക്കുമ്പോള്‍ അയാള്‍ ആലോചിച്ചു, അവള്‍ ഇപ്പോള്‍ എവിടെയായിരിക്കുമെന്ന്‌. ഒരുപക്ഷേ, ഇപ്പോഴും ഉന്മേഷത്തോടെ ജോലിസ്ഥലത്തായിരിക്കണം, അല്ലെങ്കില്‍ പരിതാപത്തോടെ ഏതെങ്കിലും കൂട്ടുകാരിയുടെ വീട്ടില്‍, അതുമല്ലെങ്കില്‍ ദേഷ്യപ്പെട്ടുകൊണ്ട്‌ അച്ഛനമ്മമാരുടെയൊപ്പം...അവള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ?

എന്തേ അവള്‍ തന്നെ വിളിക്കുന്നില്ല? വീട്ടില്‍ ചെന്നിട്ട്‌ വിളിക്കാമെന്നു പറഞ്ഞതാണല്ലോ...

അയാള്‍ തന്റെ ഭക്ഷണത്തിന്റെ അവശിഷം, ചെറുതായി ദുര്‍ഗന്ധം വമിക്കുന്ന പ്ലാസ്റ്റിക്‌ കൂടയില്‍ അലക്ഷ്യമായെറിഞ്ഞിട്ട്‌ പാത്രം വാഷ്‌ ബേസിനില്‍ ഇട്ടു. രാവിലെ അവള്‍ ധൃതിയില്‍ കഴിച്ചിട്ട്‌ ഉപേക്ഷിച്ചുപോയ പാത്രം ഉണങ്ങിവരണ്ടുകിടക്കുന്നു. തന്റെ ചുണ്ടുകളില്‍ അമൃതം നിറച്ചുകൊണ്ട്‌ അവള്‍ എന്നോ നല്‍കിയ ഒരുപിടിച്ചോറിന്റെ വറ്റുകള്‍ ആ വാഷ്‌ബേസിന്റെ അഴുക്കുപുരണ്ട പ്രതലത്തിലെവിടെയെങ്കിലും പറ്റിപ്പിടിച്ചിരിപ്പുണ്ടാവണേ എന്ന്‌ അയാള്‍ കൊതിച്ചു. മ്ലാനതയുടെ പെയ്യാമേഘങ്ങള്‍ കനം തൂങ്ങുന്ന മുഖത്തോടെ ഇരുപാത്രങ്ങളും കഴുകിവച്ചിട്ട്‌ അയാള്‍ വീടിനു പുറത്തേക്കിറങ്ങി. ഇപ്പോളടിക്കുന്ന കാറ്റിന്‌ ഒരു വരള്‍ച്ചയാണ്‌, അവളുടെ തരളിതമായ മേനിയെ സ്പര്‍ശിച്ചിരുന്ന സായാഹ്നങ്ങളില്‍ വീശിയ ഇളംകാറ്റിന്റെ ഈര്‍പ്പമല്ല.

"തനിച്ചാണോ?", അയല്‍വാസി വിളിച്ചുചോദിക്കുന്നു.
"അതെ. അവള്‍ അച്ഛനെക്കാണാന്‍ പോയി."
"കഴിഞ്ഞയാഴ്ച്ച അവിടെ പോയിട്ടുവന്നതല്ലേ ഉള്ളൂ?"

സിദ്ധാര്‍ത്ഥ്‌ വെറുതേ മൂളി. അയാളില്‍നിന്ന്‌ പ്രോത്സാഹജനകമായ മറുപടി കിട്ടാത്തതുകൊണ്ടാണെന്നു തോന്നുന്നു, അയല്‍വാസി ശുഭരാത്രി നേര്‍ന്ന്‌ ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്കു തുറക്കുന്ന വാതിലിലൂടെ അപ്രത്യക്ഷനായി. സിദ്ധാര്‍ത്ഥ്‌ മെല്ലെ തന്റെ വീട്ടുമുറ്റത്ത്‌ ഉലാത്തുവാന്‍ തുടങ്ങി. നക്ഷത്രങ്ങള്‍ കണ്ണടച്ചുപിടിച്ചിരുന്നതിനാല്‍ ആകാശത്ത്‌ ഇരുട്ടു നിറഞ്ഞിരുന്നു. അയാളുടെ കാലിന്നടിയില്‍, മുറ്റത്തു വിരിച്ചിരുന്ന മണല്‍ത്തരികള്‍ തെല്ലൊരു കരച്ചിലോടെ ഞെങ്ങിയമര്‍ന്നു. അയാള്‍ ചിന്തിച്ചു, ഈ മണല്‍ത്തരികളും പണ്ടൊരു പുഴയോരത്ത്‌ ഉച്ചതാപത്തില്‍ വെള്ളത്തിന്റെ ഈര്‍പ്പത്തിലും, പുലര്‍കാല ഇളംവെയിലില്‍ മഞ്ഞിന്റെ ആര്‍ദ്രതയിലും സായഹ്നച്ചെങ്കിരണങ്ങളില്‍ മഴയുടെ നനവിലും പരസ്പരം ഒട്ടിച്ചേര്‍ന്ന്‌ ഉറങ്ങിയവരാണ്‌. ഇപ്പോഴാകട്ടെ, അവര്‍ക്കിടയിലെ ഈര്‍പ്പം വറ്റിപ്പോയിരിക്കുന്നു, ആര്‍ദ്രത അവര്‍ക്കന്യമായിത്തീര്‍ന്നിരിക്കുന്നു, സൂര്യന്റെ ഉഷ്ണത്തില്‍ വരണ്ടുണങ്ങി, പരസ്പരം ഉരഞ്ഞ്‌ അവര്‍ അന്യോന്യം നോവിക്കുന്നു, എവിടെയോ നഷപ്പെട്ട നനവിന്റെ പുനര്‍ജ്ജനി കാത്ത്‌ പ്രഭാതത്തിലും പ്രദോഷത്തിലും നട്ടുച്ചയിലും പാതിരാത്രിയിലും പെയ്യാതെ മറയുന്ന മേഘങ്ങളുടെ നേരെ നോക്കി നെടുവീര്‍പ്പിടുന്നു.

ഫോണ്‍ ശബ്ദി‍ച്ചു. ഗാഢനിദ്രയുടെ നിശ്ശബ്ദതയില്‍ നിന്നുണര്‍ന്ന ഒരു കുഞ്ഞിന്റെ വാശിയോടെയുള്ള കരച്ചില്‍ പോലെ തോന്നി അയാള്‍ക്ക്‌. അയാള്‍ ഓടിച്ചെന്നു. അത്‌ അവളുടെ സ്വരം തന്നെയായിരുന്നു.

"നീ എന്തേ താമസിച്ചത്‌?"
"ഞാന്‍ പ്രഭയുടെ വീട്ടില്‍ പോയി."
"നീ കഴിച്ചോ?"
"അവിടെത്തന്നെ കഴിച്ചു"
"അച്ഛനുമമ്മയും?"
"ഉറങ്ങി. എനിക്കും ഉറക്കം വരുന്നു. നാളെ അല്‍പ്പം നേരത്തെ ജോലിക്കു പോകണം."

അവളുടെ ചുണ്ട്‌ ഒരു ചിരിയില്‍ വിടരുന്നത്‌ കാത്ത്‌ അയാള്‍ നിന്നു. അവള്‍ ചിരിച്ചില്ല.

അയല്‍വാസിയുടെ വീട്ടില്‍ നിന്ന്‌ ഒരു പെണ്‍കുട്ടിയുടെ കൂര്‍ത്തകരച്ചില്‍ ഉയര്‍ന്നുകേട്ടു. അവളുടെ അമ്മ അവളുടെ ജ്യേഷ്ഠനെ ശകാരിക്കുന്നതിന്റെ അവ്യക്തങ്ങളായ ശബ്ദങ്ങളും കേള്‍ക്കായി. അയാള്‍ ചിന്തിച്ചു, ഒരുപക്ഷേ, ഈ മണല്‍ത്തരികള്‍ക്കിടയിലൂടെ ചോര്‍ന്നുപോയതും അത്തരം ശബ്ദങ്ങളായിരിക്കാം, ചിരിയുടെ, ശകാരത്തിന്റെ, കരച്ചിലിന്റെ, ഹൃദയവികാരങ്ങളുടെ നാദം...

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ താന്‍ വാങ്ങിക്കൊടുത്ത ഒരു പാവയില്‍ നോക്കി നാണിച്ചു ചിരിച്ച അവളുടെ മുഖം, അയാളുടെ പൊടിപിടിച്ച ഇന്നിന്റെ ഓര്‍മ്മകളുടെ ഇടയിലൂടെ കണ്‍ചിമ്മി, ആ ചിരിയോര്‍ത്ത്‌ അയാള്‍ മയങ്ങി.

******

വാച്ച്‌മാന്‍ അയാളെ സമീപിച്ചു, "നിങ്ങളെ ഞാന്‍ കുറെ നാളുകളായി ശ്രദ്ധിക്കുന്നു. എന്താണ്‌ എല്ലാ ദിവസവും ഈ ഹോട്ടലിന്റെ മുന്‍പില്‍ വന്ന്‌ അകത്തേക്ക്‌ ഇങ്ങനെ നോക്കുന്നത്‌?"

അയാള്‍ തെല്ലൊരു പരിഭ്രമത്തോടെയാണ്‌ തന്നെ നോക്കുന്നതെന്ന്‌ വാച്ച്‌മാന്‍ തിരിച്ചറിഞ്ഞു. അപ്പോഴും, ഒരു നിമിഷം അയാളുടെ കണ്ണുകള്‍ ഹോട്ടലിന്റെ ഉള്ളിലേക്കു നീണ്ടു ചെല്ലുന്നതും വാച്ച്‌മാന്‍ ശ്രദ്ധിക്കാതിരുന്നില്ല. അയാള്‍ വാച്ച്‌മാന്റെ ചോദ്യത്തിനു മറുപടിയൊന്നും നല്‍കാതെ തന്റെ ബാഗും തൂക്കി നടന്നുതുടങ്ങി. വാച്ച്‌മാന്‍ പെട്ടെന്നൊരു ധൈര്യം കിട്ടിയപോലെ, പിന്നാലെ ചെന്ന്‌ അയാളുടെ നടത്തം തടഞ്ഞു.

"പറഞ്ഞിട്ടു പോകൂ."
"എനിക്കൊന്നും പറയാനില്ല."

വാച്ച്‌മാന്റെ കൈ തട്ടിമാറ്റി അയാള്‍ ആദ്യം അതിവേഗതയില്‍ നടന്നു, പിന്നെ റോഡു കുറുകെക്കടന്ന്‌ ഓടിമറഞ്ഞു. അയാളെ പിന്തുടര്‍ന്നുപിടിക്കുവാന്‍ ആദ്യമൊക്കെ ശ്രമിച്ചെങ്കിലും, തനിക്ക്‌ അതിനു കഴിയില്ലെന്നു മനസ്സിലാക്കി, അയാള്‍ പോയ വഴിയില്‍ നോക്കി കുറെനേരം ശൂന്യമനസ്സുമായി വാച്ച്‌മാന്‍ നിന്നു, പിന്നെ സുന്ദരമായി പുഞ്ചിരിച്ചുകൊണ്ട്‌ വൃദ്ധദമ്പതികളെ യാത്രയാക്കുന്ന സഖിയുടെ അടുക്കലേക്ക്‌ അയാള്‍ തലകുലുക്കിക്കൊണ്ട്‌ തിടുക്കത്തില്‍ നടന്നു. വാച്ച്‌മാനെന്ന നിലയിലുള്ള തന്റെ ജാഗ്രതയുടെ ആദ്യത്തെ നിദാനമാണ്‌ താന്‍ മാനേജറുടെ മുന്‍പാകെ അവതരിപ്പിക്കാന്‍ പോകുന്നതെന്നുള്ള ചിന്തയാല്‍ അയാളുടെ ഹൃദയം അല്‍പ്പം ശക്തിയായി മിടിക്കുവാന്‍ തുടങ്ങി.

******
സിദ്ധാര്‍ത്ഥ്‌ കിതച്ചുകൊണ്ടാണ്‌ തന്റെ വീടിന്റെ വാതില്‍ തുറന്നത്‌. അകത്തുകടന്ന ഉടനെ, വിറക്കുന്ന വിരലുകള്‍ കൊണ്ട്‌ അയാള്‍ വാതില്‍ തഴുതിട്ട്‌, കണ്ണുകള്‍ ഇറുക്കിയടച്ച്‌ അതില്‍ ചാരി നിന്നു. തന്റെ കണ്മുന്‍പില്‍ തെളിഞ്ഞ വാച്ച്‌മാന്റെ രൂപത്തോട്‌ അയാള്‍ ചുണ്ടുകോട്ടി ചിരിച്ചുകൊണ്ട്‌ പുലമ്പി, "സുഹൃത്തേ, നിങ്ങള്‍ക്കൊരുപക്ഷേ അറിയില്ല, നിങ്ങള്‍ എനിക്ക്‌ ഇന്നു നിഷേധിച്ചതെന്താണെന്ന്‌. അവളുടെ ചിരിക്കുന്ന മുഖത്തിന്റെ വശ്യത നിങ്ങളും കണ്ടിട്ടുണ്ടാവുമല്ലോ. മനസ്സിന്റെ ഉള്ളറകള്‍ വരെ ഇറങ്ങുന്ന ആ ചിരി വര്‍ഷങ്ങളോളം കണ്ടു സന്തോഷിച്ചവനാണു ഞാന്‍. ഇന്ന്‌, ആ ചിരി എനിക്കു കാണണമെങ്കില്‍, എനിക്ക്‌ അവിടെ വരണം, വഴിപോക്കരുടെ മുന്‍പില്‍ അവള്‍ സമര്‍പ്പിക്കുന്ന ആ സ്നേഹോപഹാരം...അതിനുവേണ്ടിയാണു സുഹൃത്തേ, ജോലി കഴിഞ്ഞുടനേ ഞാന്‍ നിങ്ങളുടെ ഗേറ്റില്‍ വരുന്നത്‌, ഒരുനോക്കൊന്നു കാണാന്‍, എന്റെ പ്രിയസംവത്സരങ്ങളിലേക്കൊരു മടക്കയാത്ര ചെയ്യാന്‍.."

ബിനു തോമസ്‌
കിഴക്കയില്‍
പഴയരിക്കണ്ടം
ഇടുക്കി -685602
binu.thomaz അറ്റ് gmail.com
Subscribe Tharjani |