തര്‍ജ്ജനി

കഥ

ഇനിയുമുണ്ടേറെ ചാനലുകള്‍

“നീയാ ചാനലൊന്ന് മാറ്റ്”
അയാള്‍ മകനോടു് പറഞ്ഞു.
“ഉഗ്രന്‍ ചോയ്സാ ഡാഡ്”
മകനപ്പോള്‍ അവന്‍ കണ്ടുകൊണ്ടിരുന്ന ദൃശ്യത്തിലേക്കു് അയാളെയും ക്ഷണിച്ചു:
“ആ പെണ്ണു് തോല്‍ക്കും. ഉറപ്പാ....”
അയാളും അപ്പോള്‍ ടി.വിയിലേക്കു് നോക്കി.

സ്ക്രീനില്‍ രാത്രിയായിരുന്നു. അതില്‍ നിരത്തൊരു വിലാപം പോലെ കിടന്നു. ഫാത്തിമ കിതച്ചുകൊണ്ടോടി. അവള്‍ക്കുള്ളില്‍ ഒരു വീടു് കത്തിക്കൊണ്ടിരുന്നു. അതിന്റെ തിണ്ണയില്‍ പഴക്കച്ചവടക്കാരനായ അവളുടെ അബ്ബ കിടന്നു. ചോര്‍ന്നുപോയ ജീവിതത്തിന്റെ ഭാരമത്രയും അടയ്ക്കാന്‍ മറന്നുപോയ കണ്ണുകളില്‍ ശൂന്യതയായി വെളിപ്പെടുത്തിക്കൊണ്ടു്. വൈകുന്നേരങ്ങളില്‍ ഒരു ഗസലീണത്തിന് തലയാട്ടിക്കൊണ്ടിരിക്കുമ്പോള്‍ കൂട്ടത്തിലെ തത്തപ്പെണ്ണിനോടു് അബ്ബ പറയുമായിരുന്നു: “ഞാനെവിടെ പോകാനാണു്. എന്റെ പ്രിയപ്പെട്ടവരെല്ലാം ഇവിടെയാണു്. ഈ ഗലിയില്‍. ഇവിടെയാണു് വാഴ്വ്. ഇവിടെത്തന്നെ നമുക്കൊരു വീടു് വയ്ക്കണം.“
“എന്നിട്ടോ?

ആദ്യം വാള്‍ വീശിയതു് ഉറ്റസ്നേഹിതന്‍ തന്നെയാണു്. തടയാന്‍ കൈയ്യോങ്ങിയപ്പോള്‍ കൈത്തണ്ടയില്‍ പച്ചകുത്തിയ പാതിചന്ദ്രന്‍ വക്കൊടിഞ്ഞു തൂങ്ങി. പിന്നെ മുതുകില്‍, കഴുത്തില്‍, നെഞ്ചില്‍. അങ്ങനെ അബ്ബ ഇളംതിണ്ണമേല്‍ പിടച്ചിലിന്റെ ആമ്പലുകള്‍ വിരിയുന്ന രക്തതടാകമുണ്ടാക്കി. തടാകം മുറ്റത്തേക്കു് കവിഞ്ഞൊഴുകിയപ്പോള്‍ ചുറ്റിലും നിഴലുകള്‍ പ്രേതങ്ങളെപ്പോലെ ഇളകി. പ്രാണന്‍ കയ്യിലെടുത്തു് പിടിച്ചു കൊണ്ടാണു് ഫാത്തിമ ഓടിയത്. മുളവേലി കടന്നൊന്നു തിരിഞ്ഞു നോക്കിയപ്പോള്‍ കൂട്ടിലെ തത്തപ്പെണ്ണ് പാത്തൂ പാത്തൂ എന്നു് ചിറകിട്ടു് തല്ലുന്നതു് കണ്ടു. അതിന്റെ കണ്ണുകളിലേക്കു് തീയാളി. പിന്നില്‍, ഒരു തബലയിലെ ദ്രുതതാളം പോലെ കാലൊച്ചകള്‍ പെരുകുമ്പോള്‍...

“അനിമല്‍ പ്ലാനറ്റിലെന്താണെന്ന് നോക്കട്ടെ...”
അയാള്‍ മകന്റെ കയ്യില്‍ നിന്നു് റിമോട്ട് വാങ്ങി.

illustration

ആഫ്രിക്കന്‍ വനാന്തരങ്ങളായിരുന്നു. അവിടെ വിചിത്രരൂപികളായ വന്യജീവികള്‍ വന്‍‌വൃക്ഷങ്ങളുടെ വേരുകള്‍ക്കിടയില്‍ പതുങ്ങിക്കിടന്നു. ഇലയനക്കങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ട്. സൂക്ഷ്മദൃ‌ക്കുകളായ വേട്ടക്കാര്‍ക്ക് കാറ്റൊരു ദൂതാണ്. ഇരയുടെ ഗന്ധങ്ങളില്‍ അവയുടെ ഉടലുകളിളകുന്നു. ഒരൊളിയിടത്തിനും ഇരയെ അവയുടെ കണ്ണുകളില്‍ നിന്നു് മറച്ചു പിടിക്കാനായില്ല.

“ദേ ആര്‍ കാര്‍ണിവോറ...”
അയാള്‍ മകന് വിശദീകരിച്ചു കൊടുത്തു.
“റിയലി ബോറിംഗ് ഡാഡ്”
മകന്‍ വീണ്ടും ചാനല്‍ മാറ്റി. ആ നിമിഷം ആരോ വാതിലില്‍ തുരുതുരെ മുട്ടി.
“തുറക്കൂ... തുറക്കൂ...”
ഒരു ശാപവാക്ക് തന്നെത്തന്നെ കേള്‍പ്പിച്ചുകൊണ്ട് അയാളെഴുന്നേറ്റു ചെന്നു് വാതില്‍ തുറന്നു.

അപ്പോള്‍ -
മുന്നില്‍ ഫാത്തിമ.
അയാളൊന്നു ഞെട്ടി. പിന്നെ ടി.വിയിലേക്ക് നോക്കി.
സ്ക്രീനിലും ഫാത്തിമ.

“പോ... ദൂരെപ്പോ.. ശല്യം.”
അയാള്‍ മുരണ്ടു. വാതില്‍ ചേര്‍ത്തടച്ചു് പിന്‍‌തിരിയുമ്പോള്‍ മകനയാളോടു് ചോദിച്ചു:
“വാട്ട് ഈസ് ദി നെയിം ഓഫ് ദാറ്റ് ഹീറോ, ഡാഡ്...”
“കാര്‍ണിവോറ...”
അയാള്‍ മകനോട് പറഞ്ഞു.

പിന്നെ, ഒരു നിലവിളി ഉയരുന്നതു് പുറത്തു്, നിരത്തില്‍ നിന്നോ അതോ ടിവിയില്‍ നിന്നോ എന്നു് സംശയിച്ചുകൊണ്ടു്, മറ്റൊരു ചാനലിനായി അയാളുടെ വിരലുകള്‍ റിമോട്ടില്‍ പരതി.

മനോജ് വെങ്ങോല
Subscribe Tharjani |