തര്‍ജ്ജനി

കഥ

എങ്ങോട്ടു് പോകുന്നു?

എങ്ങോട്ടു പോകുന്നു? സന്ധ്യ ചോദിച്ചു. ചോദ്യം കുട്ടിയെ വേദനിപ്പിച്ചു. വേദന നിറഞ്ഞ ഒരു ചിരിയില്‍ മറുപടി ഉറക്കി കിടത്തിയിട്ടു് കുട്ടി കുളത്തിന്റെ പായല്‍പ്പടവുകളില്‍ ചെന്നിരുന്നു.ജലവിതാനങ്ങള്‍ക്കകത്തു് വെള്ളത്തിലാശാന്മാര്‍ നീന്തുന്ന, വേരുകളികളില്ലാത്ത ഒഴുകുന്ന ചെടികളുടെ അപരിചിതഭൂഖണ്ഡം. ഒന്നു മെക്കഴുകട്ടെ ഞാന്‍? കുട്ടി തിരിഞ്ഞു് സന്ധ്യയോടു ചോദിച്ചു. അന്നേരം ഓര്‍മ്മകളുടെ ഉത്സവകാഴ്ചകളിലേക്കു് മങ്ങിമങ്ങിപ്പോയ മുഖം ഊര്‍ന്നു തുടങ്ങിയിരുന്നു. കുട്ടി സാവധാനം പടവുകളെണ്ണി ഒന്നു്, രണ്ടു്, മൂന്നു്......

illustration

എങ്ങോട്ടു പോകുന്നു? ആരോ അയാളോടു് ചോദിച്ചു. തൂവലുകള്‍ നനഞ്ഞ ശരീരത്തോടെ അയാള്‍ യാത്രകളെപ്പറ്റിയും ബാല്യത്തെപ്പറ്റിയും ഓര്‍മ്മിച്ചുകൊണ്ടു് നടക്കുകയായിരുന്നു. ഏയ്, എങ്ങോട്ടുമില്ല. സത്യത്തില്‍ നിന്നു് വഴിയൊഴിഞ്ഞുനടക്കാന്‍ ശ്രമിച്ചുകൊണ്ടു് അയാള്‍ ഒരു ചാണ്‍ സുഖത്തിനു തീകൊളുത്തി. ഇതിപ്പോള്‍ ആകാശത്തിനു ചിറകുവച്ചതുപോലെ കാതില്‍ വെളിപ്പെട്ട വര്‍ത്തമാനങ്ങള്‍, തൊങ്ങലുകള്‍ തൂക്കിയിട്ട ദൃശ്യവിസ്മയങ്ങള്‍ ബാലേ ഉടന്‍ ആരംഭിക്കുന്നതാണു് ശേഷം, ആരുടെയോ ദീര്‍ഘനിശ്വാസം മൈക്കിലൂടെ കേട്ടു. ചിരിച്ചുചിരിച്ചു്, കുഴഞ്ഞുകുഴഞ്ഞു്, ഉത്സവപറമ്പില്‍ തന്നെ വീണുറങ്ങി. പുലര്‍ച്ചയ്ക്കു് ആരോ വന്നു് സ്നേഹത്തോടെ ചെവിയില്‍ തൂക്കിയെടുത്തപ്പോള്‍ താനൊരു പൂച്ചക്കുട്ടിയായി മാറിയെന്നു് അയാള്‍ വിചാരിച്ചു. അമ്മാവാ അയാള്‍ വിളിച്ചു. അയാള്‍ പറഞ്ഞു ഉത്സവം കൊള്ളാമായിരുന്നു. പിന്നെ വൈകുന്നേരം വരെ കവുങ്ങില്‍ കെട്ടിയിട്ട നിലയില്‍ കഴിയേണ്ടി വന്നപ്പോള്‍ അയാള്‍ക്കു തോന്നി താനൊരു സര്‍ക്കസ് മൃഗമാണു്.

എങ്ങോട്ടു പോകുന്നു? അവള്‍ ചോദിച്ചു. അന്നേരം അയാള്‍ക്കു് ഓര്‍മ്മവന്നതു് ബാല്യത്തിലെങ്ങോ സന്ധ്യയുടെ ചോദ്യങ്ങള്‍ കേട്ടില്ലന്നു നടിച്ചു് താന്‍ ജലസസ്യങ്ങളുടെ വനസമൃദ്ധി തേടിപ്പോയതാണു് . സത്യം പറയട്ടെ ഞാന്‍ അയാള്‍ പറഞ്ഞു അയാളുടെ സ്വരത്തിനു് അമ്പരപ്പും തണുപ്പുമുണ്ടായിരുന്നു. ഒച്ച ഇടറിയിരുന്നു. സ്വരം താഴ്ന്നുപോയിരുന്നു. കാടുകാണാന്‍ അയാള്‍ പറഞ്ഞു. പതിവില്ലാതെ അനുവാദം ചോദിക്കുന്നവണ്ണം അയാള്‍ അവളുടെ മുഖത്തേക്കു് നോക്കി അവളുടെ മുഖത്തു് ഇരുട്ടു് മരിച്ചുവീഴുന്നതുപോലെ. ഒരു കരച്ചിലിന്റെ ചുണ്ണാമ്പുമണം മുറിനിറഞ്ഞു. അയാളും അവളും മാത്രമുള്ള ഈ മുറിയില്‍ കരഞ്ഞതു് അവളല്ലെങ്കില്‍ പിന്നെ ആരായിരുന്നു.

എങ്ങോട്ടു പോകുന്നു?എന്നോടു് എപ്പോഴും ആരാണു് ചോദിക്കുന്നതു്? അയാള്‍ യൂറിഗഗാറിന്റെ കുപ്പായം നിവര്‍ത്തി ചുറ്റും നോക്കി. എങ്ങും ആരും ഉണ്ടായിരുന്നില്ല. അല്ലങ്കില്‍ എവിടെയും, എല്ലാവരും ഉണ്ടായിരുന്നു. ശിരശ്ഛേദം ചെയ്യപ്പെട്ട ചോദ്യങ്ങളുടെ വന്മഴകള്‍ അയാളുടെ മുന്നില്‍ പെയ്തുകൊണ്ടിരുന്നു. ഒരുതരം അന്തസ്സില്ലാത്തവനെപ്പോലെ അയാ‍ള്‍ തലകുനിച്ചു് അവയ്ക്കിടയിലൂടെ നീങ്ങി. പിറുപിറുത്തു ഒന്നു് ചന്ദ്രനില്‍ വരെ അവിടെ? ഹാ ചന്ദ്രനിലെ കളങ്കംകണ്ടില്ലെ? അതെന്താണന്നറിയേണ്ടേ? അതു നിങ്ങള്‍ ചോദ്യകര്‍ത്താക്കളോടു പറയുന്നതല്ലെ? ശരിയായ കാരണം പറഞ്ഞുകൂടെ? അയാള്‍ നെടുവീര്‍പ്പിട്ടു പറഞ്ഞു. ശരിയാണു് എല്ലാ യാത്രകള്‍ക്കും കാരണം പറഞ്ഞുകൂടെ? അയാള്‍ നെടുവീര്‍പ്പിട്ടു പറഞ്ഞു. ശരിയാണു് എല്ലായാത്രകള്‍ക്കും ഒരുകാരണം പറയാനുണ്ടാവും. ഇതിപ്പോള്‍ അതിനേക്കാള്‍ പ്രധാനം മനുഷ്യന്‍ പറയാതെ പോന്ന വിസ്മൃതികള്‍ കാണുക എന്നുള്ളതാണു്. ദേശങ്ങള്‍ മാറുമ്പോള്‍ വാക്കുകള്‍ മാറുന്നു, വേഷങ്ങള്‍ മാറുന്നു, ഭാഷണം മാറുന്നു എല്ലാത്തിനുപരിയായി അവനവന്‍ തന്നെയും മാറുന്നു സ്വയം മാറുന്നതു് അറിയാനും അനുഭവിക്കാനുമാണു് ഒരോരുത്തരും യാത്രചോദിക്കുന്നതു്?

എങ്ങോട്ടു പോകുന്നു? ഒടുവില്‍ തന്നോടുള്ള മറ്റുള്ളവരുടെ ചോദ്യങ്ങള്‍ അവസാനിക്കുമ്പോള്‍ ഒരോരുത്തനും സ്വയം ചോദിക്കാന്‍ തുടങ്ങുന്നു. അപ്പോഴേക്കും കാലെമെത്ര കഴിഞ്ഞിട്ടുണ്ടാവും? കാഴ്ചകളുടെ കൊടുതി വറ്റിയ കണ്ണുകളില്‍ ഭാരം കുറഞ്ഞപീളകളുടെ ഓര്‍മ്മ പീള കെട്ടി, ലോകം തന്നെ മഞ്ഞച്ച ഒരു കഫകെട്ടായി, ചുമയുടെ കടല്‍ത്തിരകളില്‍ അവ ഉലയുന്ന പായ്ക്കപ്പല്‍ പോലെയുള്ള കയറുകട്ടിലില്‍, ദിശ മാറുന്നപോലെ നാവികനെപ്പോലെ അയാളും. ഇടിമുഴക്കങ്ങളുടെ കിണറുകളിലേയ്ക്കു് ഉച്ചത്തില്‍ എയ്തുവിടുന്ന ഓരോ ശ്വാസനിശ്വാസവും എങ്ങോട്ടു പോകുന്നു കിണറിനപ്പുറം ഇരുളിന്റെ ഭൂപ്രദേശം ഓരോ ചോദ്യവും ഒരു സമുദ്രത്തിനപ്പുറം തിരിച്ചു വരുന്നു എങ്ങോട്ടു പോകുന്നു? ആര്‍ക്കറിയാം.

മനോജ്‌ ജാതവേദര്
Subscribe Tharjani |