തര്‍ജ്ജനി

കഥ

മുദ്രയടിക്കപ്പെട്ടവര്‍

സന്ധ്യ മായുകയാണ്. ഒരു നിമിഷം അവള്‍ ആകാശത്തേക്ക് നോക്കി നിന്നു. പിന്നെ സാവകാശം മുന്നോട്ട് നടന്നു. വിജനമായ പാത അന്തമില്ലാതെ നീളുകയാണ്. തോട്ടം സൂക്ഷിപ്പുകാരന്‍ അവള്‍ക്കു കൊടുത്ത പാരിതോഷികം അവള്‍ തോള്‍ സഞ്ചിയില്‍ സൂക്ഷിച്ചു വെച്ചു.

"ഈ പാത അവസാനിക്കുന്നിടത്ത് ഒരാശ്രമമുണ്ട്. അവിടെ ഒരു പക്ഷേ നിനക്കഭയം ലഭിച്ചേക്കും. എനിക്ക് നിന്നെ ഇവിടെ പാര്‍പ്പിക്കാന്‍ കഴിയില്ല."
എന്നുപറഞ്ഞ്, തന്റെ കവിളില്‍ ചുംബിച്ച് തന്നെ യാത്രയാക്കിയ അയാളെ ഒരു നിമിഷം അവളോര്‍ത്തു. മഞ്ഞു പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. തന്റെ കാലുറ അവള്‍ മുട്ടിനടുത്തേയ്ക്ക് വലിച്ചു വച്ചു. പ്രത്യേക നിറവും നമ്പരുമുള്ള തന്റെ കോട്ട് ഊരി സഞ്ചിയില്‍ തിരികെ വച്ചു. ഈ കോട്ടിന്റെ ഒരു പ്രത്യേകത ഒരുപക്ഷേ ഈ താഴ്വരയിലുള്ളവര്‍ക്ക് അറിയില്ല. എങ്കിലും സൂക്ഷിക്കുന്നത് നല്ലതാണ്. തോട്ടക്കാരന്‍ തന്റെ കുപ്പായം തിരിച്ചറിഞ്ഞതാണ്. പക്ഷേ അയാള്‍ക്ക് കുപ്പായത്തേക്കാള്‍ ശ്രദ്ധ, തന്റെ കൊഴുത്ത ശരീരത്തോടായിരുന്നതുകൊണ്ട് രക്ഷപ്പെട്ടു. മഞ്ഞിന്റെ കുളിര്‍മ്മ മാറാത്ത ഉച്ചയില്‍, അയാള്‍ ചൂടിനോടൊപ്പം സമ്മാനിച്ച നോട്ടുകള്‍ തന്റെ ഭാണ്ഡത്തില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചു.

ഇരുട്ടിന്റെ കനത്തിനൊപ്പം അവള്‍ ചുറ്റും നോക്കി കാലുകള്‍ നീട്ടിവെച്ചു. ഇനിയും ഒരുപാട് ദൂരം കാണുമോ? ഒഴുകിയെത്തുന്ന കാറ്റില്‍ ഓംകാരത്തിന്റെ നാദതരംഗമുണ്ടോ? അവള്‍ കാതോര്‍ത്തു. ദൂരെ ദൈവങ്ങളുടെ കാവല്‍ക്കാരായി ആത്മീയതയുടെ ആള്‍രൂപങ്ങളായ സന്യാസികള്‍ താമസിക്കുന്നുണ്ടെന്ന് തോട്ടക്കാരന്‍ പറഞ്ഞത് അവള്‍ ഓര്‍ത്തു.

ദൂരേയ്ക്ക് പറന്നുപോകുന്ന മിന്നാമിനുങ്ങുകളെ നോക്കി മഞ്ഞിന്റെ വെണ്മ നിറഞ്ഞ വഴിയില്‍ കൂടി അവള്‍ നടന്നു. ഒരുപക്ഷേ, ലക്ഷ്യത്തിലെത്താതെ തന്റെ കാലുകള്‍ തളര്‍ന്ന് ഈ മഞ്ഞില്‍ വീണ് താന്‍ മരിച്ചു പോയേക്കും. അപ്പോഴൊക്കെ അവള്‍ സ്വയം ഉറപ്പിച്ചു. ഇല്ല, ഞാന്‍ വീഴില്ല. എനിക്കെന്റെ വീട്ടിലെത്തണം. എത്തിയേ തീരൂ...

ദൂരെ ചെരാതുകള്‍ കൊളുത്തി വെച്ചതുപോലെ അവിടവിടെയായി പ്രകാശം കണ്ടു. മരവിക്കുന്ന കാലുകള്‍ ഉയര്‍ത്തിവെച്ച് വേഗത്തിലവള്‍ നടന്ന് ആശ്രമകവാടത്തിലെത്തി. കവാടത്തിലെ വിളക്കുകാലില്‍ പ്രകാശം ചൊരിയുന്ന ചെരാതിന്റെ വെളിച്ചത്തില്‍ അവളൊരു മനുഷ്യനെ കണ്ടു. ചത്ത മീനിന്റെ മരവിച്ച കണ്ണുകളുള്ള ആ മനുഷ്യന്റെ നേരെ നോക്കാന്‍ അവള്‍ ഭയന്നു.

പ്രണവമന്ത്രം മരിച്ചുവോ? എങ്ങും നിശ്ശബ്ദത മാത്രം. മുനിഞ്ഞു കത്തുന്ന ചെരാതിന്റെ വെട്ടത്തില്‍ അയാളുടെ കൈകള്‍ ഒരു നീരാളിയെപ്പോലെ തന്നെ പിടിക്കാന്‍ വരുന്നത് അവള്‍ കണ്ടു. അവള്‍ പറഞ്ഞു:
"എന്നെ തൊടരുത്... ദൈവങ്ങളുടെ സേവകാ, എന്നിലെ ഓരോ സ്പര്‍ശത്തിനും വിലയുണ്ട്. വില തരാതെ എന്റെ ശരീരത്തില്‍ തൊടാന്‍ ഞാനാരെയും അനുവദിക്കില്ല."
അതു കേട്ട അയാള്‍ വികൃതമായി ചിരിച്ചു കൊണ്ട് ചോദിച്ചു:
"നീ എന്തിനിവിടെ വന്നു?"
അവള്‍ അതിനുത്തരം നല്‍കാതെ ചോദിച്ചു:
"ഹേ.. നിങ്ങള്‍ ആരെ പൂജിക്കുന്നു. ആരെ ഭജിക്കുന്നു? നിന്റെ ദൈവം നിന്നോട് ഭക്ഷണം ചോദിക്കാറുണ്ടോ? നിന്നോടൊപ്പം ഉറങ്ങാറുണ്ടോ? ഈ ചെരാതുകള്‍ അണയുമ്പോള്‍ നിന്റെ ദൈവങ്ങളും മരിക്കും. മരിക്കാത്ത കാറ്റിലൂടെ, ഈ രാത്രിയുടെ അനന്തതതയിലൂടെ ഞാനെന്റെ ദൈവങ്ങളെ തേടി പോകുന്നു. അവര്‍ പട്ടിണിയിലാണ്."
അവളതു പറഞ്ഞ് തന്റെ കൈകള്‍ നെഞ്ചോട് ചേര്‍ത്തു. അതുകണ്ട് അവള്‍ പറഞ്ഞു:
"വരൂ.. ഈ തണുത്ത രാത്രിയില്‍ കുറച്ചു നേരമെങ്കിലും നിനക്ക് ഇവിടെ അഭയം ലഭിക്കും."
നിലാവിന്റെ നരച്ച വെളിച്ചത്തില്‍ ഇടുങ്ങിയ പാതയുടെ ഇരുവശത്തും വളര്‍ന്നു നില്‍ക്കുന്ന കാട്ടുസസ്യങ്ങളുടെ നിഴലുകള്‍ അവിടമാകെ ഒന്നുകൂടി ഇരുണ്ടതാക്കി.

തന്റെ ഗ്രാമത്തിലേയ്ക്ക് ഇനിയെത്ര ദൂരമുണ്ടാകും? ഈ അരക്ഷിതാവസ്ഥയില്‍ തനിക്കവിടെ വരെ എത്തിച്ചേരാന്‍ കഴിയുമോ? അവള്‍ ആശങ്കയോടെ ഓര്‍ത്തു. ഒരു ചെറിയ കൂടാരം പോലെയുള്ള കുടിലിനു മുമ്പില്‍ അവള്‍ നിന്നു. പ്രകാശം ചൊരിയുന്ന വിളക്കിനു മുമ്പിലിരിക്കുന്ന ഒരു മനുഷ്യനെ കണ്ടു. അവിടെ ദൈവങ്ങളുടെ ഛായാചിത്രമോ പ്രതിമകളോ ഉണ്ടായിരുന്നില്ല. ഇതോ ആശ്രമം? അവളുടെ ചിന്താഗതി അറിഞ്ഞതുപോലെ അയാള്‍ പറഞ്ഞു:

illustration

"നീ കാണുന്നതിവിടെ എന്താണ്? അതു മാത്രമാണ് സത്യം. സത്യം ഈ പ്രകാശമാകുന്നു. അത് തന്നെ ഞങ്ങളുടെ ദൈവവും."
അതുകേട്ട് അവള്‍ പകച്ചു നോക്കി. പിന്നെ അവള്‍ തനിക്കായിട്ടിരിക്കുന്ന കോസടിയില്‍ തളര്‍ന്നിരുന്നു.
"നിനക്കെന്താണ് വേണ്ടത്? പകരമായി തരാന്‍ നിന്റെ കയ്യിലെന്തുണ്ട്?"
"എനിക്ക് വേണ്ടത് ഒരു ഗ്രാമത്തിനു വേണ്ടിയിരിക്കുന്ന കാറ്റാണ്. വെളിച്ചമാണ്. വെള്ളമാണ്. പകരമായി തരാന്‍ എനിക്ക് എന്റെ ശരീരം മാത്രമാണുള്ളത്"
അയാള്‍ മന്ദഹസിച്ചു. അവള്‍ തുടര്‍ന്നു:
"ഞാന്‍ ബന്‍‌ചഡ വര്‍ഗ്ഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ്. ഞങ്ങളുടെ തൊഴില്‍ വേശ്യാവൃത്തിയാണ്. ഈ തൊഴിലില്‍ നിന്നും മോചിപ്പിക്കാന്‍ സര്‍ക്കാര്‍ പിടിച്ചുകൊണ്ട് പോയ ഗ്രാമത്തിലെ സ്ത്രീകള്‍ ഇന്ന് തടവറയിലാണ്. ഞങ്ങളുടെ കുടുംബങ്ങള്‍ ഇപ്പോള്‍ പട്ടിണി കൊണ്ട് മരിച്ചിട്ടുണ്ടാവും. വൈകിയെത്തുന്ന വണ്ടികള്‍ കാത്തിരിക്കുന്ന വെറും കാവല്‍ക്കാരാണ് ഞങ്ങളുടെ പുരുഷന്മാര്‍. സ്വന്തം ശരീരം വിറ്റ് സ്ത്രീകള്‍ സമ്പാദിച്ച സമ്പത്തു മാത്രമുള്ള ഗ്രാമമാണ് ഞങ്ങളുടേത്. ഇത് അഭിമാനത്തോടെ പറയുന്ന പുരുഷന്മാരാണവിടെയുള്ളത്... നിങ്ങള്‍ ഇത് കണ്ടോ?"
അവള്‍ പ്രത്യേക വര്‍ണ്ണമുള്ള കോട്ട് എടുത്ത് കാട്ടി.

"ഞങ്ങളുടെ യൂണിഫോം ആണിത്. ഇതു കണ്ടാല്‍ നിങ്ങള്‍ക്കും ഒരുപക്ഷേ മനസ്സിലായിട്ടുണ്ടാവുമല്ലോ, ഒരു സര്‍ക്കാര്‍ നിയമസംഹിതയാണിത്. ഇത് ഞങ്ങളുടെ ഗ്രാമത്തെ പട്ടിണിയിലാക്കി. ഞാന്‍ പല ദിവസത്തെ പരിശ്രമം കൊണ്ട് ഒളിച്ചോടിയതാണ്. എനിക്കെന്റെ ഗ്രാമത്തിലെത്തണം. ഞാന്‍ കുടുംബത്തിനു വേണ്ടി ഒന്നും സമ്പാദിച്ചിട്ടില്ല. എനിക്ക് പ്രായക്കുറവാണ്. വീട്ടിലെ ഏക പെണ്‍‌തരിയും ഞാനാണ്. കഴിഞ്ഞുപോയ ഉച്ചയില്‍ ഞാന്‍ ഒരു തോട്ടക്കാരനോടൊപ്പം ശയിച്ചിട്ടുണ്ട്. അയാള്‍ തന്ന പാരിതോഷികം മാത്രമാണ് എന്റെ സഞ്ചിയിലുള്ളത്. ഇപ്പോള്‍ വിശപ്പുകൊണ്ട് എന്റെ അപ്പയും അമ്മയും മരിച്ചിട്ടുണ്ടാവുമോ എന്നെനിക്കറിയില്ല. സ്ത്രീകളില്ലാത്ത ഞങ്ങളുടെ ഗ്രാമം പട്ടിണികൊണ്ട് മരിക്കും. ഒരു കളിപ്പാട്ടം പോലെ ആസ്വദിച്ചു വലിച്ചെറിയുമ്പോഴും ഞങ്ങള്‍ക്ക് വേദനയില്ല. കാരണം ഇത് ഞങ്ങളുടെ തൊഴിലാണ്, ജീവിതമാണ്.

പുറത്തെ ഇരുട്ടില്‍ ഒരു കാവല്‍ക്കാരനെപ്പോലെ മരിച്ച കണ്ണുകളുള്ള മനുഷ്യന്‍ നില്‍പ്പുണ്ടായിരുന്നു. അയാളുടെ വെളുത്ത കൃഷ്ണമണികള്‍ ഒരു സ്ഫടികഗോളം പോലെ ചലിക്കുന്നതവള്‍ കണ്ടു.

മഞ്ഞു പെയ്യാന്‍ തുടങ്ങി. അവള്‍ വന്യമായ തണുപ്പില്‍ വിറയ്ക്കുന്നുമുണ്ടായിരുന്നു. ആ മനുഷ്യന്‍ അവളെ അടുത്ത മുറിയിലേക്ക് കൊണ്ടുപോയി, കത്തുന്ന നെരിപ്പോടിനരികില്‍ ഇരുത്തിയിട്ട് എന്തോ ചൂടുള്ള പാനീയം കുടിയ്ക്കാന്‍ കൊടുത്തു. ആ പാനീയം അവള്‍ ആര്‍ത്തിയോടെ കുടിച്ചിട്ട് അയാളെ നോക്കി. നേര്‍ത്ത മന്ദഹാസത്തോടെ അടുത്തുച്ചെന്നയാള്‍ അവളെ ചേര്‍ത്തു പിടിച്ചു. അവള്‍ അയാളെ തട്ടി മാറ്റി.

"എന്നെ തൊടരുത്... എനിക്കു തന്ന വാക്ക് പാലിക്കാതെ എന്നെ തൊടരുത്..."
ഉടനെ അയാളവളുടെ നേരെ ഒരു ചെരിയ സഞ്ചി വച്ചു നീട്ടി.
"ഇതാ നിനക്കുള്ള പാരിതോഷികം. ഇതുമായി പോകൂ.... നിനക്കു വേണ്ടത് ഇതിലുണ്ട്. പുലരാന്‍ ഇനിയും ധാരാളം സമയം കിടക്കുന്നു, വഴികളില്‍ മഞ്ഞു വീണിരിക്കും. എങ്കിലും എന്റെയൊരു സുഹൃത്ത് നിന്നെ നിന്റെ ഗ്രാമത്തില്‍ എത്തിക്കും. നിന്റെ ഗ്രാമം ഇനിയും ഒരുപാട് അകലെയാണ്."

മരവിച്ച വെള്ളാരം കണ്ണുകളുള്ള ഒരു മനുഷ്യന്‍ ഒരു വെള്ളക്കുതിരയുമായി എത്തി. അയാളോടൊപ്പം യാത്ര ചെയ്യുമ്പോള്‍ അവളോര്‍ത്തു. രാത്രിയുടെ നിശബ്ദതയില്‍ ഈ മനുഷ്യന്റെ നിശ്വാസമല്ലാതെ, മൌനത്തിന്റെ മറ അടര്‍ന്നു മാറിയെങ്കിലെന്ന്. അവസാനം അയാള്‍ പറഞ്ഞു:
"നേരം പുലരുന്നു.... യാത്രയുടെ അന്ത്യമായി..."

അവള്‍ തന്റെ ഗ്രാമം കണ്ടു. ഗ്രാമം ഉറക്കത്തിലായിരുന്നു. സന്തോഷത്തോടെ അവള്‍ കുതിരപ്പുറത്തുനിന്നിറങ്ങി. പക്ഷേ അവളുടെ പാദങ്ങള്‍ നിലത്തുറച്ചില്ല. അവ താഴ്ന്നു പോയി ഏതോ ഗര്‍ത്തത്തിലെന്നപോലെ. ഞെട്ടലോടെ അവള്‍ കണ്ണുതുറന്ന് ചുറ്റും നോക്കി. ഇല്ല, താന്‍ രക്ഷപ്പെട്ടിട്ടില്ല.. ഇപ്പോഴും തടവറയില്‍ തന്നെയാണ്. പ്രത്യേകവര്‍ണ്ണമുള്ള കോട്ട് ഒരു നോക്കുകുത്തി പോലെ ബീഭത്സമായ മുഖാവരണം പോലെ തന്റെ അരികത്തുതന്നെയുണ്ട്. അവള്‍ തന്റെ ചുറ്റും ശാന്തരായി ഉറങ്ങുന്ന മറ്റു സ്ത്രീകളെ നോക്കി. അടുത്ത നിമിഷം കണ്ണുകള്‍ പൂട്ടി, സ്വപ്നത്തിന്റെ വഴിയിലൂടെ അവള്‍ തിരിച്ചു പോയി.

മീര ആലപ്പാട്ട്
Subscribe Tharjani |
Submitted by kg_suraj on Tue, 2006-09-19 16:06.

Dear Meera,

Read your story.
it reflects the real feel of a girl who is from a community which compel to do prostitution,just because it is considered as a custom{The Devadasi}.The way of presentation is highly appreciatable.Best Wishes to You.Expecting more from you.

Thanks & Regards
K.G.Suraj
Trivandrum