തര്‍ജ്ജനി

വര്‍ത്തമാനകാല കവിതയെപ്പറ്റി...

padmakumar poetry)

പൂര്‍വ്വ വിചാരം
എഴുത്തുകാരന്റെ ജീവിതത്തിലെ ഏറ്റവും സുഖകരമായ പീഠനം സ്വയം നവീകരണത്തിന് വേണ്ടിയുള്ള നിതാന്തമായ ഉത്കണ്‌ഠയാകുന്നു. അതിനുവേണ്ടി അയാള്‍ പരിത്യാഗങ്ങളുടെ പരുഷമാകുന്ന ആനന്ദവും ആത്മനിന്ദയുടെ ഉന്മത്തമാകുന്ന സൌന്ദര്യാനുഭൂതിയും വേദനാനിര്‍ഭരമായി ആസ്വദിച്ചുകൊണ്ടിരിക്കും. രചനാത്മകമായ തീവ്രതയുടെ സര്‍വാതിശയിയായ്‌ ഔനത്യങ്ങള്‍ കീഴ്പെടുത്തിയിട്ടുള്ള എല്ലാ എഴുത്തുകാരുടെയും പരമമായ വിജയരഹസ്യമിതാണ്‌. അത്‌, അവരുടെ സാഹിത്യത്തെ ലോകനിലവാരത്തില്‍ ലളിതമായി പ്രതിഷ്ടിക്കും. എന്നാല്‍ നമ്മുടെ കവിതയിലെ പുതിയ എഴുത്തുകാര്‍ പലപ്പോഴും രചനയെ വെറും ചെപ്പടിവിദ്യ മാത്രമായിട്ടാണ്‌ കരുതിപ്പോകുന്നത്‌. അതുകൊണ്ടാണ്‌, മലയാളത്തില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ഉണ്ടായിട്ടുള്ള പതിനായിരക്കണക്കായ കവിതക്കള്‍ക്ക്‌ തൊട്ടിലില്‍ നിന്നും ശവപ്പെട്ടിയിലേക്ക്‌ ചെറുത്തുനില്‍പിന്റെ രക്താഭിഷേകമില്ലതെ വിലയം കൊള്ളെണ്ടിവന്നത്‌. അങ്ങനെ നമ്മുടെ ഉത്തരാധുനികത(post modernism)യുടെപ്രതിബദ്ധത(commitment) അജ്ഞാത കാമുകരോടായിത്തീരുകയും ചെയ്യുന്നു. സംവേദനമെന്നല്‍ സാധാരണ മനുഷ്യന്‌ അനായാസമായ്‌ മനസിലാകലാണ്‌ എന്ന അറിവിനേയാണ്‌ അധികം പേരും ചവുട്ടി മെതിച്ചു കളയുന്നത്‌. സ്വര്‍ഗ്ഗം തരിശ്ശായിക്കിടന്നാല്‍പ്പോലും പ്രവേശനം നിഷേധിക്കപ്പെടുന്ന കവികളുടെ കലികാലമിവിടെ ഗുരുതരമായിത്തീരുകയും ചെയ്യുന്നു. മനുഷ്യനെ പിടിച്ചടക്കുന്ന കവിത, പലപ്പോഴും പ്രണയം പോലെ ഭാഷാതീതമായ അനുഭവങ്ങളുടെ സംവേദനത്തിലൂടെയാണ്‌ മൃതിയെ വര്‍ജ്ജിക്കുന്നത്‌. കുമാരനാശാനും ചങ്ങമ്പുഴയും ജീയും വൈലോപ്പള്ളിയും പി.യും ഇടശ്ശേരിയും ഭാവുകത്വപരമായ അതിശയോക്തികള്‍ സൃഷ്ടിച്ചിട്ടുള്ളവരാണ്‌. അതുകൊണ്ട്‌ ഇന്നും അവരുടെ കവിതകള്‍ മഹാമരണത്തിന്റെ മറുകരയില്‍നിന്നും ജീവിതത്തെയും പ്രണയത്തേയും മാനവിക മൂല്യങ്ങളേയുംപറ്റി ഊഷ്മളമായി ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്നത്‌. ഇടപ്പള്ളിയും വയലാറുമൊക്കെ ഇക്കൂട്ടത്തില്‍ വിസ്മരിക്കപ്പെടാന്‍ പാടില്ലാത്തവരാകുന്നു.

ഉത്തരവിചാരം
ഇന്ന് നമ്മുടെ കവിതയെ ഏറ്റവും രോഗാതുരമാക്കുന്നത്‌ മാധ്യമങ്ങളുടെ മാംസവിപണിയാകുന്നു. സാധ്യതകളുടെ ആഡംബരങ്ങളില്‍ സ്വയം മറന്നുപോയവരും യശ്ശഃപ്രാര്‍ത്ഥികളാകുന്ന പുത്തന്‍ പറ്റുപടിക്കാരും ചേര്‍ന്ന് കവിതയെ ഇരുട്ടിന്റെ ഷണ്ഡത്വത്തിന്‌ ഒറ്റുകൊടുത്തുകൊണ്ടിരിക്കുന്നു. ഏറ്റവും ശ്രേഷ്ഠമായതിനെ ആവിഷ്കരിക്കാനുള്ള അലച്ചിലിന്റെ സുഖാനുഭവം ഇവരുടെ കവിതയില്‍ നൊവലിന്റെ ചോരച്ചാലുകള്‍ കീറുന്നില്ല. അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപ്പിള്ള തുടങ്ങിയ, കവിതയിലെ ഇന്നത്തെ മുഖ്യ ഊഹകച്ചവടക്കാരുടെയും ഷെയര്‍ബ്രോക്കര്‍മാരുടെയും യുവകവികളുടെയും വലിയ പാപ്പരത്തം ഇതാണ്‌. അവര്‍ സൃഷ്ടിക്കുന്ന ശൂന്യതയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിലാണ്‌ നമ്മുടെ നിരൂപകര്‍ക്കും താത്പര്യം. അത്‌ പലപ്പോഴും നമ്മുടെ കാവ്യാനുഭവത്തെ ആധുനികതയ്ക്കപ്പുറത്തേക്ക്‌ വികസിപ്പിക്കുന്നതില്‍ നിന്നും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇവിടെയാണ്‌ മലയാളകവിതയുടെ കഴിഞ്ഞദശാബ്ദത്തെപ്പറ്റിയുള്ള അന്വേഷണം നമുക്ക്‌ ശൂന്യതയുടെ വെളിപാടായിത്തീരുന്നത്‌. നമ്മുടെ അക്കാദമിക്ക്‌ ബുദ്ധിജീവികളുടെ ഓര്‍മ്മയില്‍ പൂവിടാന്‍ പോലും അയ്യപ്പപ്പണിക്കരുടെയും സച്ചിദാനന്ദന്റെയും ഒരുവരിപോലും ഇക്കലയളവില്‍ ഉണ്ടായിട്ടില്ലെന്നത്‌ നമുക്ക്‌ നഗ്നതയുടെ സാക്ഷ്യപത്രമാകുന്നു. എന്നാല്‍ establishment ന്റെ ചട്ടിച്ചെടികള്‍ക്കപ്പുറം ചില കാട്ടുപൂക്കള്‍ വിരിയാതിരിക്കുന്നുമില്ല. അതുപക്ഷെ ഒറ്റപ്പെട്ടുപോയ വാസന്തദീപ്തിപോലെ കാറ്റിനെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്‌.

സി.വി.വിജയകുമാര്

Submitted by Sunil Krishnan (not verified) on Thu, 2005-04-14 16:16.

Dear Sir,
I fully agree with your views on modern Malayalam poetry. The poetry went into a deep silence after swallowing something which is bigger than its mouth. The birds will surely come to break the silence.
sunil Krishnan