തര്‍ജ്ജനി

ഴാക്‌ ദെരിദ : ആത്മാര്‍ത്ഥതയുടെ വസന്തചിന്തകള്‍

zhang derida

ഇതാ, നമ്മള്‍ നോക്കിനില്‍ക്കെ ഒരഗ്നിപര്‍വ്വതം കടലിലേക്കിറങ്ങിപ്പോകുന്നു, ആത്മാര്‍ത്ഥമായ ചിന്തയുടെ വലിയ ഗര്‍ത്തങ്ങള്‍ ഭൂമിയില്‍ അവശേഷിപ്പിച്ചുകൊണ്ടു്‌. അതേ, ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ തത്വചിന്തയുടെയും സാഹിത്യ വിമര്‍ശനത്തിന്റെയും കടും നിറം കൊണ്ടലങ്കരിച്ച ഓപ്പണ്‍ ഫോറത്തില്‍ നിന്നുയര്‍ന്നു കേട്ട ഏറ്റവും ശ്രദ്ധയാര്‍ന്ന പുരുഷശബ്ദം. പ്രവാചകന്മാരെയും മതാനുയായികളെയും പോലെ പ്രവചനങ്ങളുടെ ഒറ്റമൂലികളൊന്നും ദെരിദ സൂക്ഷിച്ചുവച്ചിരുന്നില്ല. കാലത്തിന്റെ വിശ്വാസങ്ങളോട്‌ സന്ധിസംഭാഷണം നടത്തുകയും ചിന്തയുടെ ആളനക്കമുള്ള ഒരു ദ്വീപിനെ സൃഷ്ടിക്കുകയും ചെയ്ത ദെരിദയുടെ മരണം, തുടര്‍ജീവിതത്തിന്റെ തെളിഞ്ഞ അധ്യായമായിട്ടാണു്‌ ആധുനിക ചിന്താലോകം കരുതുന്നതു്‌.

ഹെന്റ്രി ഫോര്‍ഡ്‌ ചിന്തയെകുറിച്ചുള്ള പ്രഭാഷണത്തില്‍ പറയുന്നുണ്ടു്‌ "ചിന്ത കഠിനാദ്ധ്വാനമാണു്‌.അതുകൊണ്ടാവണം കുറച്ചു പേര്‍ മാത്രം അതിലേര്‍പ്പെടുന്നതു്‌"(thinking is the hardest work there in wich is the probable reason why so a few engage in it). ഹെന്റി ഫോര്‍ഡിന്റെ വാക്കുകള്‍ ദെരിദയിലേക്കു്‌ വരുമ്പോള്‍ നാം വിശ്വസിച്ചു തുടങ്ങുന്നു. ചിന്തയുടെ കാട്ടില്‍ മുന്‍ഗാമികള്‍ നടന്ന വഴികളിലൂടെയല്ല ദെരിദ സഞ്ചരിച്ചതു്‌. തികച്ചും ഏകനായി നിശബ്ദമായ വാക്കിനുള്ളില്‍ അഗ്നിയുടെ മയൂര നൃത്തത്തെ ഒളിപ്പിച്ചുവച്ചുകൊണ്ടാണു്‌ കാലത്തിന്റെ നടവരമ്പിലൂടെ ദെരിദ ദൂരങ്ങള്‍ പിന്നിട്ടതു്‌. ദെരിദയുടെ അനുസരണക്കെടിന്റെ നിര്‍വചങ്ങള്‍ 'തത്വചിന്തകള്‍ ഒരേ ഗോത്രത്തില്‍ തഴച്ചുവളര്‍ന്ന യാഥാസ്ഥിതിക ഗര്‍വിനെ' അട്ടിമറിക്കുന്ന തരത്തിലായിരുന്നു.

സാര്‍ത്രിന്റെ അസ്തിത്വവാദദര്‍ശനം പടുത്തുയര്‍ത്തിയ ആധുനികതാപ്രസ്ഥാനത്തിന്റെ ദാര്‍ശനിക പരിസരം ദെരിദയെ വളരെയധിയകം സ്വാധീനിച്ചിട്ടുണു്‌. ദെരിദയുടെ ആളുന്ന ചിന്തകള്‍ എഡ്വേഡ്‌ സെയ്തിനെപ്പോലുള്ള സാംസ്കാരിക ചിന്തകരെയും വിമര്‍ശകരെയും ആഴത്തില്‍ സ്പര്‍ശിച്ചിട്ടുള്ളത്‌ ശ്രദ്ധേയമാണു്‌. ഉള്‍ക്കാഴ്‌ച്ചയുള്ള ചിന്താസ്വാതന്ത്ര്യത്തിന്റെ തടിച്ച പുസ്തകമാണു്‌ ദെരിദയുടെ ജീവിതം എന്നാണു്‌ ദെരിദയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഡൊക്യുമെന്ററിയുടെ സംവിധായകന്‍ അഭിപ്രായപ്പെട്ടിട്ടുള്ളതു്‌.

നിര്‍മ്മിതിയിലല്ല, അപനിര്‍മിതിയിലാണു്‌(De-Construktion) ധൈഷണികതയുടെ വെളിപ്പെടുത്തലുകള്‍ ഊര്‍ജ്ജം സംഭരിച്ചു്‌ വെട്ടിത്തിളങ്ങുന്നതെന്നാണു്‌ ദെരിദ ലോകത്തോട്‌ വിളിച്ചുപറഞ്ഞതു്‌. അപനിര്‍മ്മിതിയെ നിഷേധാത്മകമായ വ്യാഖ്യാനത്തോടെ വിലയിരുത്തുന്ന ചിന്തകരുണ്ടു്‌. എന്നല്‍ ഒരു കൃതിയെ അപകടകരമായി വായിക്കാനാണു്‌ ദെരിദ മുന്നിട്ടിറങ്ങിയതു്‌. പ്രത്യക്ഷത്തില്‍ കണ്ടെത്താവുന്ന അര്‍ത്ഥ-വികാരതലങ്ങള്‍ക്കപ്പുറം നിന്നുള്ള വായനകളുടെ സാദ്ധ്യതകളെയാണു്‌ അപനിര്‍മ്മിതിയിലൂടെ ദെരിദ പൊളിച്ചെഴുതുന്നതു്‌. ഈ പൊളിച്ചെഴുത്തു്‌ ചരിത്രത്തിന്റെ സാന്നിധ്യത്തില്‍ കാലം ആവശ്യപ്പെടുന്ന വരം കൂടിയാണു്‌. കൃതിയെ ഒരു പാഠമായി കണ്ടുകൊണ്ടാണു്‌ ദെരിദ അപനിര്‍മ്മിതിയിലൂടെയുള്ള വായനയെ സ്വീകരിക്കുന്നതു്‌.

വായനയുടെ നീക്കുപോക്കുകളില്‍ മാത്രമല്ല എഴുത്തിന്റെ പതിവു്‌ രീതികളില്‍ പോലും 'സങ്കടപ്പെടുത്താന്‍' ദെരിദ പലപ്പോഴും ശ്രമിച്ചിരുന്നു. ആവിഷ്ക്കരണത്തില്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്ന ഇടപെടലുകള്‍ പില്‍ക്കാലത്ത്‌ ദെരിദയെ പിന്തുടര്‍ന്നുവന്ന ചിന്തകരെ ശല്യപ്പെടുത്തിയിട്ടുണ്ട്‌. ദെരിദയുടെ "മാര്‍ക്സിന്റെ ഭൂതങ്ങള്‍" (spectres)എന്ന വിശ്രുത ഗ്രന്ഥത്തില്‍ ആവിഷ്കാര രീതിയുടെ തകിടം മറിച്ചിലുകള്‍ വായിച്ചെടുക്കാവുന്നതാണ്‌.

മാര്‍ക്സിസം മുന്നോട്ടുവച്ച വിമോചനസാദ്ധ്യതയില്‍ പൂര്‍ണ്ണവിശ്വാസാമര്‍പ്പിച്ച ദെരിദയുടെ, പില്‍ക്കാലത്തെ ചിന്തകളില്‍ കമ്മ്യൂണിസത്തിന്റെ പ്രസക്തി ആഴത്തില്‍ വേരോടിയിട്ടുണ്ടു്‌. പാശ്ചാത്യവലതുപക്ഷ വിശ്വാസികളുടെ 'മാര്‍ക്സിസത്തിന്റെ വസന്തം' അവസാനിച്ചു എന്ന വാദത്തെയാണു്‌ ദെരിദ ചോദ്യംചെയ്യുന്നതു്‌.

-ദെരിദ കൊളുത്തിവിട്ട ചോദ്യങ്ങളുടെ ശരിയായ മറുപടികള്‍ ഇനിയും ചിന്താലോകത്തുനിന്നും ഉണ്ടായിട്ടില്ല. മാര്‍ക്സിന്റെ മരണത്തെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു്‌ സ്ഥിരീകരിക്കന്‍ ശ്രമിച്ചു്‌ രക്ഷപെടാന്‍ ശ്രമിക്കുന്നവരുടെ പിന്നാലെ മാര്‍ക്സിന്റെ ഭൂതങ്ങള്‍ വരുമെന്നു്‌ ദെരിദയുടെ കാഴ്ചകള്‍, മാര്‍ക്സിന്റെ വര്‍ത്തമാന കാല അവസ്ഥകളെ അടിസ്ഥാനമാക്കിയുള്ള ചിന്തയില്‍ ഏറെ പ്രസക്തമാണു്‌.

ദെരിദ മടങ്ങുകയാണു്‌. മടക്കം തുടര്‍ജീവിതത്തിലേക്കുള്ള പലായാനമാണന്നു്‌ നമുക്കു്‌ വിശ്വസിക്കേണ്ടിവരുന്നു. ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും ഇനിയും തുറക്കപ്പെട്ടിട്ടില്ലാത്ത ആഴത്തിലേക്കു്‌ ദെരിദ പ്രവേശിച്ചു കഴിഞ്ഞു. നമുക്കു്‌ ദെരിദയുറ്റെ ഭൂതത്തെ പിന്‍തുടരാം.

മുഞ്ഞിനാട് പത്മകുമാര്‍