തര്‍ജ്ജനി

പുലിയും പെണ്‍കുട്ടിയും

Joseph athirunkal
പുലി വരുമ്പോള്‍ ജാലകം തുറന്നു കിടക്കുകയായിരുന്നു. യുവജനോത്സവത്തില്‍ അവതരിപ്പിക്കാനുള്ള നൃത്ത പരിശീലനത്തില്‍ പെണ്‍കുട്ടി.. കാര്‍പ്പറ്റു വിരിച്ച വിശാലമായ മുറിയില്‍ അവള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ടേപ്പ്‌ റിക്കാര്‍ഡില്‍ നിന്നുയരുന്ന താളത്തിനൊപ്പിച്ച്‌ അവള്‍ ഒരപ്സരസ്സിനെ പോലെ ചുവടു വെച്ചു കൊണ്ടേയിരുന്നു.

ഇര തേടിയിറങ്ങിയതായിരുന്നു പുലി. എങ്കിലും അതൊക്കെ മറന്നു കൊണ്ടു അവന്‍ അവിടെ തന്നെ നിന്നു. ഒരു നൃത്തം അവന്‍ നാടാടെ കാണുകയായിരുന്നു. അതവനെ വല്ലാതെ ആകര്‍ഷിച്ചു. നാട്ടിലേക്കിറങ്ങൂമ്പോള്‍ ഇങ്ങനെ ഒരവസരം ലഭിക്കുമെന്ന്‌ തീരെ പ്രതീക്ഷിച്ചില്ല. വിശപ്പും ദാഹവുമെല്ലാം അവന്‍ തല്‍ക്കാലത്തേക്ക്‌ വിസ്മരിച്ചു.

ചന്ദ്രന്‍ തെളിയുകയും മങ്ങൂകയും ചെയ്തു. രാത്രി വൈകും തോറും അന്തരീക്ഷമെങ്ങും, കടുത്ത ഏകാന്തയില്‍ പതിഞ്ഞമര്‍ന്നു. അമ്മ വന്നു ആഹാരം കഴിക്കാന്‍ വിളിച്ചെങ്കിലും, പെണ്‍കുട്ടി പോയില്ല. ഒടുവില്‍, അവരുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ ഒരു ഗ്ലാസ്‌ പാലു മാത്രം കുടിച്ചു.

മത്സരത്തില്‍ ഞാന്‍ ജയിക്കുമോ അമ്മേ? ഒഴിഞ്ഞ ഗ്ലാസ്സ്‌ തിരികെ കൊടുക്കുമ്പോള്‍ അവള്‍ ചോദിച്ചു.

തീര്‍ച്ചയായും...അവളുടെ നെറുകയില്‍ ഉമ്മവെച്ചു കൊണ്ട്‌, വാത്സല്യം കിനിയുന്ന സ്വരത്തില്‍ ആ അമ്മ പറഞ്ഞു.

സ്വതവേ സെന്‍സിറ്റീവായ പുലിയെ ഈ രംഗം വല്ലാതെ കീഴടക്കി..

രാത്രി ഏറെ വൈകിയതിനാല്‍ പുലിയക്ക്‌ മടങ്ങി പോകേണ്ടതുണ്ടായിരുന്നു. നീണ്ട വഴികള്‍ താണ്ടിയാല്‍ മാത്രമെ മടയിലെത്താനാവു. ഏതോ മത്സരം നടക്കുന്നു. എന്നോ എവിടെയോ എന്നറിയാത്ത അവസ്ഥ പുലിയെ അസ്വസ്ഥനാക്കി. മനുഷ്യനായി പിറക്കാഞ്ഞതില്‍ ആദ്യമായി അവനു സങ്കടം തോന്നി. എവിടെ വെച്ചായാലും, എന്നായാലും പെണ്‍കുട്ടി ജയിക്കുമെന്ന്‌ അവന്‍ ഉറപ്പിച്ചു.

പുലിയുടെ പ്രവചനം പോലെ പെണ്‍കുട്ടി ജയിക്കുക തന്നെ ചെയ്തു. ദൈവത്തിന്റെ നാട്ടിലെ മികച്ച യുവ നര്‍ത്തകിയെന്ന പട്ടം അവള്‍ക്ക്‌ ചാര്‍ത്തപ്പെട്ടു...

പിറ്റേന്ന്‌ രാത്രി ഏറെ വൈകി പുലിയെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഗംഭീരമായ ആഘോഷം നടക്കുകയായിരുന്നു. സീരിയല്‍ സംവിധായകനും, സിനിമാ താരവും, രാഷ്ട്രീയ പ്രമുനും
എല്ലാമുണ്ടായിരുന്നു. വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച പെണ്‍കുട്ടി അവരുടെ ഇടയിലൂടെ ചിത്ര ശലഭത്തെ പോലെ പാറി നടന്നു. അതിഥികളെ കുറവുകളൊന്നും കൂടതെ സല്‍ക്കരിക്കാന്‍ അവളുടെ മാതാപിതാക്കള്‍ ബദ്ധപ്പെട്ടു കൊണ്ടേയിരുന്നു.

ഞാന്‍ നിന്നെ എന്റെ അടുത്ത മെഗാ സീരിയലിലെ നായികയാക്കും. അതോടെ കുടുംബസദസ്സുകള്‍ക്ക്‌ നീ പ്രിയങ്കരിയാകും പൊന്‍ ദ്രാവകം നുണച്ചിറക്കികൊണ്ട്‌ സീരിയല്‍ സംവിധായകന്‍ പെണ്‍കുട്ടിക്കു ഉറപ്പു കൊടുത്തു. ഉടമ്പടിയുടെ ഭാഗമായി സംവിധായകന്‍ പെണ്‍കുട്ടിയുടെ കരം കവരുമ്പോള്‍, അവളുടെ മാതാപിതാക്കള്‍ കിനാവുകള്‍ പുത്ത ഗന്ധത്തില്‍ ഉന്മാദം കൊണ്ടു.

രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ യുവജനങ്ങള്‍ക്ക്‌ ഒരു വലിയ പങ്കുണ്ട്‌. രാഷ്ട്ര പുനര്‍നിര്‍മ്മാണമണോ, കണ്ണീര്‍ സീരിയലുകളാണോ പ്രധാനമെന്നു അവള്‍ തീരുമാനിക്കട്ടെ. കുശാഗ്ര ബുദ്ധിയായ രാഷ്ട്രീയ നേതാവ്‌ അവളുടെ മേനിയിലൂടെ കണ്ണുകളെ ഒഴുക്കി കൊണ്ട്‌ പറഞ്ഞു.

സീരിയല്‍ സംവിധായകന്റെയും, രാഷ്ട്രീയ നേതാവിന്റെയും അഭിപ്രായങ്ങളുടെ പക്ഷം ചേര്‍ന്നു കുടിനിന്നവര്‍ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടു. കോഴിപ്പൊരുകളാല്‍ അന്തരീക്ഷം സജീവമായി. മാതാപിതാക്കളെ പതിവു പോലെ നിസ്സഹായതയുടെ കോടമഞ്ഞ്‌ മുടി. പെണ്‍കുട്ടി തിരിച്ചു വരാനാകാത്ത വിധം അകലുകയാണെന്ന്‌ പുലിക്കു തോന്നി. ഏറെ അസ്വസ്ഥമാക്കപെട്ട മനസ്സുമായി അവന്‍ തിരിഞ്ഞു നടന്നു. കത്തിച്ചു വെച്ച നിലവിളക്കിനു മുന്നില്‍ ഏകാഗ്രതയോടെ നിന്നു നൃത്തമാടാന്‍ അവള്‍ക്ക്‌ ഇനിയും കഴിയണമേ എന്ന ആത്മാര്‍ഥമായ ആഗ്രഹമായിരുന്നു അവന്റെയുള്ളില്‍.

പിന്നിടുള്ള പല രാത്രികളിലും പുലി കാടിറങ്ങി വന്നെങ്കിലും പെണ്‍കുട്ടിയെ കാണാന്‍ കഴിഞ്ഞില്ല. മിക്കപോഴും പെണ്‍കുട്ടി മുറിയില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നപ്പോഴാകട്ടെ അവള്‍ അത്യന്തം വിവശയായി ഉയരങ്ങളിലേക്ക്‌ കണ്ണും നട്ടു കിടക്കുകയായിരുന്നു. എന്തൊക്കെയൊ വിചാരങ്ങളില്‍ നഷ്ടപ്പെട്ട്‌..പഴയ പ്രസരിപ്പും, ഉത്സാഹവുമൊക്കെ എങ്ങൊട്ടോ പറന്നു പോയിരുന്നു.

മറ്റൊരു ദിവസം, തികച്ചും യാദൃശ്ചി‍കമായി, രാത്രി ഏറെ വൈകി കാട്ടിലേക്കു മടങ്ങുമ്പോള്‍, പെണ്‍കുട്ടിയെ വീണ്ടും പുലി കണ്ടു. സാവാധാനം സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു കാറിന്റെ പിന്‍സീറ്റില്‍ അവള്‍ ചാരി കിടക്കുകയായിരുന്നു.

അവളുടെ ഇരുപുറവും, സീരിയല്‍ സംവിധായകനും, രാഷ്ട്രീയ നേതാവുമായിരുന്നു. അരുതായ്മകളുടെ പാല പുത്ത ഗന്ധം എങ്ങും പുലിക്ക്‌ മണത്തു. താന്‍ കണ്ടുമുട്ടിയ പെണ്‍കുട്ടിയല്ല അതെന്ന്‌ മനസ്സിനെ പരിശീലിപ്പിക്കാന്‍ അവന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.

ജീവിതത്തിന്റെ പലവിധ വ്യവഹാരങ്ങളില്‍ പെട്ട പുലിക്ക്‌, ഏതാനും ആഴ്ചകളിലേക്ക്‌, പെണ്‍കുട്ടിയുടെ വീട്ടിലേക്ക്‌ വരാന്‍ കഴിഞ്ഞില്ല. വീണ്ടുമൊരിക്കല്‍ അവന്‍ വരുമ്പോള്‍ പെണ്‍കുട്ടി മേഘപളികള്‍ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞിരുന്നു.

നിലവിളക്കിനും നിലവിളിക്കും പിന്നില്‍, മാപ്പു ചോദിക്കുന്ന മു ഭാവത്തോടെയുള്ള അവളുടെ ഛായാചിത്രം മാത്രം. ജീവിതത്തിന്റെ സമസ്ത ഭാരങ്ങളും ഇറക്കി വെച്ച്‌ പുലി അവിടെ നിന്നു.

വിട്ടു പോയതൊക്കെ ആ നില്‍പ്പില്‍ പുലി വേഗം വായിചെടുത്തു. സൌരയൂഥങ്ങളെ അമ്മാനമാടാനുള്ള ബലം അവന്റെ സിരകളില്‍ വിളഞ്ഞു. വേട്ടയാടപെടുന്നവന്റെ വേദന അവനില്‍ നിറഞ്ഞു കത്തി.

ഓര്‍മ്മകള്‍ പുലിയില്‍ പ്രചണ്ഡ മാരുതനായി. നിലവിളക്കിന്‍ നാളം അഗ്നി ശോഭ. നൂപുര ധ്വനികളൂടെ കലാശ കോട്ടയില്‍ അവന്റെ കാതും കരളും തുടിച്ചു. മലഞ്ചരിവുകളുടെ അരികുകളില്‍ തട്ടിയൊഴുകുന്ന അരുവിനാദം പോലെയുള്ള അവളുടെ ചിരി പുലിയിലെ പുലിയെ ഉണര്‍ത്തി. കാലത്തിന്റെ മഹാ പ്രവാഹത്തില്‍, ദശാസന്ധികളില്‍, ഒരു സ്വാന്തന സ്പര്‍ശമായി അവള്‍ തന്നോടൊപ്പമുണ്ടായിരുന്നുവെന്ന്‌ അവന്‍ തിരിച്ചറിഞ്ഞു.

ഒടുവില്‍, എല്ലാ പ്രതിരോധങ്ങളെയും അതിലംഘിച്ച്‌ പുലിയിറങ്ങി. കോണ്‍ക്രീറ്റ്‌ സൌധങ്ങള്‍ വന്‍ വൃഷങ്ങളെപോലെ ഇടതൂര്‍ന്ന നഗര വനത്തിലുടെ ജ്വലിക്കുന്ന കണ്ണുകളുമായി അവന്‍ കുതിച്ചു. അവന്റെ ചുവടുവെയപ്പില്‍ പെരുവെള്ളത്തിന്റെ മുഴക്കവും, മുരള്‍ച്ചയില്‍ നിശ്ശബ്ദരാക്കപ്പെട്ട ഇരകളുടെ സ്വരത്തിന്റെ ആഴവുമുണ്ടായിരുന്നു.

ജോസഫ്‌ അതിരുങ്കല്‍
josephakl91@hotmail.com

Submitted by aravind (not verified) on Sat, 2005-04-09 02:42.

യുവജനോത്സവങ്ങള്‍ ദുഷിപ്പിയ്ക്കുന്ന കലാ-സാംസ്കാരിക രംഗങ്ങളെക്കുറിച്ച്‌ ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി.

Submitted by raajan (not verified) on Sun, 2005-04-10 04:40.

പുലിയിറങ്ങിയത്‌ വായിച്ചു, കൊള്ളാം. പക്ഷേ കുറച്ചുകൂടി ശൌര്യമുള്ള പുലികള്‍ ഇറങ്ങിയാലേ, കേരളം നന്നാവൂ. പറഞ്ഞു വന്നത്‌ കഥയുടെ ഭാഷ കുറച്ചുകൂടി ദൃഢമായിരുന്നെങ്കില്‍...

രാജന്‍

Submitted by Joseph Athirumkal (not verified) on Sun, 2005-04-10 10:04.

Dear Rajan,
Thanks for your comments. I will try my level best.

Regards
Joseph Athirumkal

Submitted by Joseph Athirumkal (not verified) on Sun, 2005-04-10 10:06.

Dear Reader,

Thanks for posting the comments about my story.
Wish yu all best.

Regards
Joseph Athirumkal