തര്‍ജ്ജനി

നവസാരക്ഷര ഗീതി

sukumar nava saakshara geethi

1
അക്ഷരം പത്തറിഞ്ഞപ്പോള്‍
പ്രായമറുപതിലേറെയായ്‌.
ആയകാലത്തിതു തോന്നീല
അവാര്‍ഡ്‌ പലതും നഷ്ടമായ്‌!

2
അക്ഷരാഭ്യാസം നേടിയ-
തബദ്ധമായോ മക്കളേ.
ആര്‍ക്കോ ഉള്ളൊരു ലൌലെറ്റര്‍
അറിയാതെ വായിച്ചുപോയ്‌!

3
അക്ഷരമമ്പത്താറും
വെട്ടിവിഴുങ്ങിയിന്നു ഞാന്‍
നിരക്ഷരകുക്ഷിയെന്നെന്നെ-
ഇനിയാരു വിളിച്ചിടും.

4
ഭാഷയില്‍ ഡോക്റ്ററേറ്റെടുത്ത
വിദ്വാനിന്നൊരു സംശയം?
ആദ്യക്ഷരമെഴുതേണ്ടത്‌
വലത്തുന്നോ, ഇടത്തുന്നോ!

5
അക്ഷരക്ലാസ്സില്‍ ചേര്‍ന്നത്‌
ഒന്നോര്‍ത്താല്‍ നന്നായി.
സ്ഖലിതം കൂടാതിപ്പോള്‍
സ്ഫുടമായ്‌ ചീത്തവിളിച്ചിടാം.

6

ആകാരദിയെഴുതുമ്പോള്‍
വികാര തരളിതം ഹൃദയം.
കാരണമെന്തന്നല്ലേ?
അദ്ധ്യാപിക അതിസുന്ദരി!

7
എഴുതാനറിഞ്ഞെങ്കില്‍
എഴുത്തെത്രകൊടുത്തേനേ!
ഇനിയിപ്പോളെന്തെഴുതാന്‍
ഇരുവരും ധാന്വന്തരം

8
അക്ഷരത്തിലെ - 'ക്ഷ'
കടുപ്പം തന്നെ ചൊല്ലുവാന്‍
മോണ കൂട്ടിച്ചതച്ചെന്നാല്‍
'ചഛ' യെന്നേ വന്നീടൂ
വെപ്പുപല്ലാലുരച്ചെന്നാല്‍
പല്ലുമിച്ഛേം തെറിച്ചുപോം
പിന്നെയുള്ള അക്ഷരങ്ങള്‍
പഴം പുഴുങ്ങിയതായിടും

9
അപ്പൂപ്പനിന്നലെ ക്ലാസ്സില്‍
അക്ഷരമൊന്നെഴുതി സ്ലേറ്റില്‍
അമ്മൂമ്മയ്ക്കത്‌ കണ്ടരിശ്ശം
അക്ഷരമേതെന്നോ? 'ബ്രാ'

10
കാലത്തെഴുന്നേറ്റ മുത്തശ്ശന്‍
കോലായിലിരുന്നു വായന-
'അമ്മയെനിക്കു പാല്‍ തരും
കുടിക്കാഞ്ഞാല്‍ വഴക്കിടും!'

11
'അല്ലേ പങ്കീ നീ കണ്ടോ?
എന്റെ സ്ലേറ്റും പെന്‍സിലും?
അവകൂടാതിന്നു പോയീടില്‍
അമ്മ സാര്‍ കിഴുക്കിടും!'

12
'ക്ലാസ്സില്‍ ചേര്‍ന്നതില്‍ പിന്നെ
ആളിന്നൊരു മിനുക്കമേ!
ഇവിടൊരു കിഴവിയുണ്ടെ-
ന്നോര്‍മ്മവേണേ മൂപ്പിലേ!'

13
അപ്പോഴെ ടീച്ചറേ കപ്പ
വേവിച്ചെന്നാലിഷ്ടമോ?
പരീക്ഷ ജയിപ്പിച്ചെന്നാല്‍
ഇത്തിരികൊണ്ടുവന്നീടാം!'
'കപ്പ പച്ചയായ്‌ തിന്നാനാ-
ണെനിക്കിഷ്ടം മൂപ്പിലേ!
നേരാണല്ലോ! മോളേ ഞാന്‍
എന്നെപ്പോലെ കരുതിപ്പോയ്‌'

14
അക്ഷരം പഠിക്കാനായ്‌
പോയൊരപ്പച്ചനെ
പിന്നെ ഞാന്‍ കാണുന്നത്‌
അക്കാദമിയദ്ധ്യക്ഷനായ്‌!

15
വായിച്ചു വളര്‍ന്നില്ലെന്ന്
ഇനിയാരുപറഞ്ഞിടും?
കോളേജുതൂപ്പുകാരിക്കും
വേണമത്രേ-ഊ-ജി.സി.!

16
അക്ഷരമമ്പത്താറും
അറിയില്ലെങ്കില്‍ വേണ്ട-
അവയില്‍ 'മൂന്നെ' ങ്കിലും
അറിഞ്ഞേതീരൂ ജനം.

സുകുമാര്‍