തര്‍ജ്ജനി

എന്റെ പുതിയ നോവല്‍

e harikumar novelist

ഞാന്‍ ഒരു പുതിയ നോവലിന്റെ പണിപ്പുരയിലാണ്‌. കൊച്ചമ്പ്രാട്ടി എന്നാണ്‌ പേര്‌. തൊള്ളായിരത്തി അമ്പതുകളുടെ മദ്ധ്യം തൊട്ട്‌ അറുപതുകളുടെ അന്ത്യം വരെയുള്ള ഒരു കാലഘട്ടമാണ്‌ നോവലിന്റെ പശ്ചാത്തലം.പഴയ വള്ളുവനാട്‌ താലൂക്കില്‍ പ്രബലമായിരുന്ന നായര്‍ തറവാടുകളുടെ പതനമാണ്‌ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. അമ്പത്തേഴിലെ ഭൂപരിഷ്കരണവും അന്നത്തെ കാരണവന്മാരുടെ കുത്തഴിഞ്ഞ ജീവിതവും ഈ പതനത്തിന്‌ എങ്ങനെ ആക്കം കൂട്ടിയെന്ന് ഇവിടെ കാണാം. മരുമക്കത്തായത്തില്‍ സ്ത്രീ പൊതുവെ സുരക്ഷിതയായിരുന്നെങ്കിലും സാഹചര്യങ്ങള്‍ ആ സുരക്ഷയില്‍ വലിയ ദ്വാരങ്ങള്‍ ഇട്ടിരുന്നു. ആ കാലഘട്ടത്തിന്റെ മലവെള്ളപ്പാച്ചിലില്‍ പെട്ട്‌ എല്ലാം നശിച്ച ഒരു തറവാട്ടില്‍ അവശേഷിച്ച ഒരു ചെറുപ്പക്കാരി വിധിയ്ക്കെതിരായി പിടിച്ചുനില്‍ക്കുന്നതാണ്‌ കഥ.

എന്റെ കഥകള്‍ പൊതുവെ സ്ത്രീപക്ഷകഥകളാണ്‌. ആ ചായ്‌വ് ഈ നോവലിലും കാണാം. പക്ഷേ പെണ്ണെഴുത്തുകാര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സ്ത്രീപ്രതികരണമാവണമെന്നില്ല ഇവിടെ. അതായത്‌ പുരുഷന്‍ തൊടുമ്പോഴേയ്ക്ക്‌ പുഴയില്‍ പോയി ചകിരിയെടുത്ത്‌ ഉരച്ച്‌ തോലുവരെ കളയുന്ന കക്ഷിയല്ല അവളെന്നര്‍ത്ഥം. മറിച്ച്‌ ലൈംഗികകാര്യങ്ങളില്‍ കുറേക്കൂടി പക്വത വന്നവള്‍. അത്ര പെട്ടെന്ന് വാടി വീഴുന്നവരല്ല ഈ നോവലിലെ സ്ത്രീകള്‍. അവള്‍ സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങളെപ്പറ്റി ബോധവതിയാണ്‌. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ബന്ധങ്ങളോ ഇറക്കുമതി ചെയ്ത പാപബോധമോ അതു നേടിയെടുക്കുന്നതില്‍ നിന്ന് അവളെ പിന്തിരിപ്പിക്കുന്നില്ല. സ്വന്തം സ്വത്വം അംഗീകരിക്കപ്പെടണമെന്ന് നിര്‍ബന്ധമുള്ളവള്‍. മുദ്രാവാക്യങ്ങള്‍ വിളിക്കുക എളുപ്പമാണ്‌, പ്രത്യേകിച്ചും നാം സത്യത്തില്‍ നിന്ന് അകന്നു നില്‍ക്കുമ്പോള്‍. ഒരു കാലഘട്ടത്തിന്റെ കഥയാണ്‌ ഞാന്‍ എഴുതുന്നത്‌. അത്‌ ചരിത്രമായതുകൊണ്ട്‌ എത്രത്തോളം സത്യസന്ധമാകാമോ അത്രയും ആകണമെന്ന് എനിക്ക്‌ നിര്‍ബ്ബന്ധമുണ്ട്‌. അതിനെ വൈരുദ്ധ്യാത്മഭൌതികവാദത്തിനോ സ്ത്രീസ്വത്വവാദത്തിനോ വേണ്ടി വളച്ചൊടിച്ചാല്‍ നാം ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നേ പറയാനുള്ളൂ. തത്വശാസ്ത്രങ്ങള്‍ മുരട്ടുവാദങ്ങളില്‍ കുരുങ്ങിക്കിടക്കുമ്പോഴും ചരിത്രം മുന്നോട്ട്‌ കുതിക്കുകയാണ്‌.

പെണ്‍വാണിഭവും സ്ത്രീപീഡനവും ഒന്നല്ല. പെണ്‍വാണിഭം സംഘടിതമാഫിയായുടെ
പ്രവര്‍ത്തനമാണ്‌. അളവറ്റ പണമുണ്ടാക്കാനുള്ള അവരുടെ ശ്രമത്തില്‍ സ്ത്രീകള്‍ മാത്രമല്ല ബാലന്മാരും ഒരു പരിധി വരെ പുരുഷന്മാരും ഇരകളാകുന്നുണ്ട്‌. എന്റെ നോവലില്‍ ഈ വിഷയം സ്പര്‍ശ്ശിക്കുന്നില്ല, കാരണം, അമ്പതുകളിലും അറുപതുകളിലും കേരളത്തില്‍ വനം കൊള്ളക്കാരും അതുപോലുള്ള പ്രാദേശിക കൂട്ടുകൃഷികളുമല്ലാതെ സജീവമായ സംഘടിത മാഫിയാകള്‍ ഇല്ലായിരുന്നു. അവിടെ ജന്മിമാരും അവരാല്‍ ചൂഷണം ചെയ്യപ്പെട്ട പാവപ്പെട്ടവരുമായിരുന്നു. അതില്‍ സ്ത്രീ പുരുഷ ഭേദമുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളായി പീഡിപ്പിക്കപ്പെട്ട ഒരു വര്‍ഗ്ഗം. ഈ സ്ഥിതിവിശേഷം ക്രമേണ മാറി വരുന്നത്‌ നോവലില്‍ കാണാം. സമുധായത്തിന്റെ അടിത്തട്ടിലുള്ളവര്‍ ആത്മാഭിമാനത്തോടെ ഉയര്‍ത്തെഴുന്നേറ്റു വരുന്ന കാഴ്ച ഇതിലുണ്ട്‌. സ്വാതന്ത്ര്യസമരവും, ശ്രീനാരായണഗുരു, അയ്യങ്കാളി, പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍, കേളപ്പജി എന്നിവരുടെ പ്രബോധനങ്ങളും വിദ്യാഭ്യാസവും കൊണ്ട്‌ പ്രബുദ്ധരായ ഒരു ജനതയും ഇതിന്‌ കാരണക്കാരാണ്‌. കമ്യൂണിസ്റ്റ്‌ പസ്ഥാനവും വലിയൊരളവില്‍ അതിന്‍ ആക്കം കൂട്ടുകയുണ്ടായി. എന്തുദ്ദേശ്യം ലാക്കാക്കിയായിരുന്നാലും ക്രിസ്റ്റ്യന്‍ പാതിരിമാരുടെ പ്രവര്‍ത്തനങ്ങളും ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ സഹായിച്ചു.

ഇന്നു നടക്കുന്നത്‌ സംഘടിത മാഫിയകളുടെ വിളയാട്ടമാണ്‌. മറിയോ പുസിയുടെ ഗോഡ്ഫാദറിനെ (മാര്‍ലന്‍ ബ്രാന്റോയുടെ) അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍. ഒരു കാലത്ത്‌ ഇറ്റലിയിലുണ്ടായിരുന്നതുപോലെ ഈ മാഫിയകള്‍ക്ക്‌ സര്‍ക്കാരിന്റെ പിന്‍ബലവുമുണ്ട്‌. അവര്‍ കാലാകാലം മാറിവരുന്ന സര്‍ക്കാരുകളെ വിലയ്ക്ക്‌ വാങ്ങുകയാണ്‌ ചെയ്യുന്നത്‌. ഒരു വ്യക്തിയ്ക്കോ ഒറ്റപ്പെട്ട സംഘടനയ്ക്കോ അതിനെതിരെ സമരം ചെയ്യാന്‍ കരുത്തുണ്ടാവണമെന്നില്ല. ജനങ്ങളുടെ സംഘടിതശ്രമമാണ്‌ ആവശ്യം. പക്ഷേ പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തില്‍ നിന്ന് അതു പ്രതീക്ഷിക്കണ്ട. അതുകൊണ്ട്‌ ഈ വാണിഭങ്ങള്‍ നിര്‍ബാധം തുടരുക തന്നെയാണ്‌ ഉണ്ടാവുക. സാധുപെണ്‍കുട്ടികള്‍ എന്തു കാരണവശാല്‍ ഇതില്‍ എത്തിപ്പെട്ടാലും ശരി കഷ്ടപ്പെടൂകതന്നെ ചെയ്യും. എത്തിപ്പെടാതിരിക്കേണ്ടത്‌ അവരുടെ ആവശ്യമാണ്‌, അച്ഛനമ്മമാരുടെ കര്‍ത്തവ്യമാണ്‌. ചതിക്കുഴികളെപ്പറ്റി അവരെ ബോധവല്‍ക്കരിക്കുക മാത്രമേ ഇതിനൊരു പോംവഴിയുള്ളൂ.

ഇ.ഹരികുമാര്‍