തര്‍ജ്ജനി

അശാന്ത ദര്‍ശനങ്ങള്‍

അറിവുകളുടെ അശാന്തമായ ഭാരവും പേറി ഒ.വി.വിജയന്‍ ധ്യാനനിരതനായി. വെളിപാടുകള്‍ പോലെ വാക്കുകളും വരികളും തന്ന് മലയാളത്തെ ധന്യമാക്കിയ മഹാവിസ്മയം, പകരം വയ്ക്കാനില്ല്ലാത്തവിധം പൂര്‍ണ്ണമായ ഏതാനും നോവലുകളും കഥകളും വരകളും അവശേഷിപ്പിച്ച്‌ യാത്രയാകുമ്പോള്‍, മലയാളിയെക്കാള്‍ നഷ്ടം മലയാളത്തിനാണ്‌. വാക്കുകള്‍ കൂട്ടിയിണക്കി, വിവരണാതീതമായൊരു ഭാവസാന്ദ്രത സൃഷ്ടിയ്ക്കാന്‍ മറ്റാര്‍ക്കുമില്ലാത്തൊരു സിദ്ധി ഒ.വി.വിജയനുണ്ടായിരുന്നു. വിജയന്റെ ദര്‍ശനങ്ങള്‍ക്ക്‌ കൂട്ടായിരിക്കാനെന്നവണ്ണം പിറവിയെടുത്ത ഭാഷ ഖസാക്കിന്റെ ഇതിഹാസം മുതല്‍ എല്ലാ രചനകളിലും കാണാം.

ഓരോ വായനയിലും കാലത്തിലും പുതിയ അറിവുകള്‍ പകര്‍ന്നു തരുന്നവയാണ്‌ വിജയന്റെ രചനകളോരോന്നും. പീഢനങ്ങളും പ്രതിസന്ധികളും വിഭ്രമങ്ങളും ആത്മീയതയുമെല്ലാം വിജയന്‍ കൃതികളുടെ അന്തര്‍ധാരയായി ചലിച്ചുകൊണ്ടിരിക്കുന്നു. ഖസാക്കലെ അസ്തിത്വസമസ്യകള്‍, ധര്‍മ്മപുരാണത്തിലെ രാഷ്ട്രീയചിന്തകള്‍, മധുരം ഗായതിയിലെ ഫാന്റസി, ഗുരുസാഗരത്തിലെ ആത്മീയത...

ജീവിതത്തിന്റെ ഓരോ അണുവിലും സന്ദേഹിയായ ഇതിഹാസകരന്‌ നന്ദി പറയാന്‍ വാക്കുകളില്ല. പൂര്‍ത്തിയാകാതെ പോയ പത്മാസനത്തിന്റെ ഖേദങ്ങള്‍, വായിക്കപ്പെടാതെ പോയ അര്‍ത്ഥങ്ങളുടെ സങ്കടം, അനാദിയായ യാത്ര. എല്ലാറ്റിനും മീതെ സര്‍ഗ്ഗാത്മകതയുടെ പെയ്തു തീരാത്ത മഴകള്‍.

വാക്കുകളുടെ ഗുരുവിന്‌ ഞങ്ങളുടെ ആദരാഞ്ജലികള്‍.