തര്‍ജ്ജനി

കവിത

ആണ്ടറുതികള്‍

പണിതീരാത്ത വീട്ടില്‍
ഒരിക്കലും ഉണരാത്ത
നിദ്രയില്‍ വീണ
അച്ഛനെക്കാത്ത്
ഒരു വാടകവീട്ടില്‍
ഊണുവിളമ്പി,
ഉണ്ണാതെ കാത്തിരുന്ന
അമ്മ അറിഞ്ഞില്ല
വായ്ക്കരിയിട്ടത്.

അച്ഛനുറങ്ങിയ വീട്ടില്‍
മരണം ജനിച്ചത്
വീടിന്റെ ദോഷമത്രെ.
നഗരത്തില്‍ ഫ്ലാറ്റ് വാങ്ങുന്ന
മകന്റെ സല്‍ബുദ്ധിയില്‍
അമ്മയുടെ അവശിഷ്ടസ്വപ്നങ്ങളും
പൊലിയും.

അച്ഛന്‍,
കുഴിമാടം
സ്വന്തമായില്ലാത്തവന്‍!
ആണ്ടറുതികളില്‍
കാകനായി വന്നുപോകുന്നവന്‍!
അമ്മ,
ഇരുപത്തിയഞ്ചാം നിലയില്‍
നിന്നും
വൈദ്യുതശ്മശാനത്തിലേയ്ക്കുള്ള
അന്ത്യയാത്രയില്‍പോലും
ഭൂമിയെ
സ്പര്‍ശിക്കാതെ
എരിഞ്ഞ്
അച്ഛനോടൊപ്പം പറന്നുപോകേണ്ടവള്‍!

ആണ്ടറുതികളില്‍
ചോറുണ്ണാന്‍ വരുന്ന
കറുത്ത പക്ഷികളില്‍
മാതാപിതാക്കളെ കണ്ട് മകന്‍
നിര്‍വൃതിയടയും.

അജിത്ത് വിളയൂര്‍
Subscribe Tharjani |