തര്‍ജ്ജനി

കഥ

ഒരു പുരാതന കൈയ്യെഴുത്തുപ്രതി

ഞങ്ങളുടെ രാജ്യത്തിന്‍റെ സുരക്ഷാനടപടികളില്‍ അധികവും അവഗണിക്കപ്പെട്ടതായി തോന്നി. നിത്യജോലികളുമായി മുന്നോട്ടുപോയിരുന്ന ഞങ്ങള്‍ക്കു ഇതുവരേക്കും

അതുമായി യാതൊരു ഇടപാടുകളുമുണ്ടായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഞങ്ങളെ കുഴപ്പങ്ങളില്‍ ചെന്നെത്തിക്കാന്‍ തുടങ്ങി.

ചക്രവര്‍ത്തിയുടെ കൊട്ടാരത്തിനു മുന്നിലുള്ള സ്വകയറില്‍

എനിക്കൊരു ചെരുപ്പുകുത്തിയുടെ കടയുണ്ട്. കിഴക്കു വെള്ള കീറുമ്പോള്‍

സ്വകയറിലേക്കു വാപിളരുന്ന എല്ലാ തെരുവുകളുടേയും മുന്നില്‍ ആയുധധാരികളായ പട്ടാളക്കാര്‍ നിലയുറപ്പിക്കുന്ന സമയത്തു മാത്രമേ ഞാന്‍ വിരളമായി കടയുടെ ഷട്ടറിടാറുള്ളു. പ്രത്യക്ഷത്തില്‍ വടക്കുനിന്നുള്ള വരുത്തന്മാരായ അവര്‍ ഞങ്ങളുടെ പട്ടാളക്കാര്‍ ആയിരുന്നില്ല. യുദ്ധമുന്നണിയില്‍ നിന്നു വളരെ ദൂരെയാണെങ്കില്‍പോലും

നേരെതലസ്ഥാനത്തേയ്ക്കു അവരെ നീക്കിയിരിയ്ക്കുന്നത് ഒരു വിധത്തില്‍

എനിക്കു ദഹിക്കാത്ത കാര്യമായിരുന്നു. എന്തൊക്കെ ആയാലും അവര്‍

ഇവിടെയുണ്ട് ; ഓരോ പ്രഭാതത്തിലും അവരുടെ എണ്ണം കൂടി വന്നു.

വസതിയിലുള്ള താമസം അവര്‍ക്കു വെറുപ്പാര്‍ന്നതിനാല്‍, അവരുടെ പ്രകൃതമനുസരിച്ച് തുറന്ന ആകാശത്തിനു കീഴെ അവര്‍ തമ്പടിച്ചിരിക്കുകയാണ്. കുതിര സവാരി പരിശീലിക്കുന്നതിലും, വാളുകള്‍ മൂര്‍ച്ച കൂട്ടുന്നതിലും, അമ്പുകള്‍ കൂര്‍പ്പിക്കുന്നതിലും സ്വയം തിരക്കിലേര്‍പ്പെട്ടിരിക്കുകയാണവര്‍ . സംശയലേശമേന്യ എപ്പോഴും വൃത്തിയായി സൂക്ഷിച്ചുവന്ന, സമാധാനം നിറഞ്ഞ സ്വകയര്‍ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ഒരു കുതിരാലയമാക്കി മാറ്റി. ചുരുങ്ങിയപക്ഷം ഏറ്റവും വൃത്തികെട്ട അഴുക്കുക്കുമ്പരാങ്ങള്‍,

ഇടക്കിടെ, കടയില്‍നിന്നും ഓടിച്ചെന്നു നീക്കം ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ടെങ്കിലും, വളരെ അപൂര്‍വമായേ അതു സംഭവിക്കാറുള്ളു, കാരണം ആ ശ്രമം പാഴാണെന്നു മാത്രമല്ല ചാട്ടവാറാടി കൊണ്ടു മുടന്തു ബാധിച്ച കാട്ടുകുതിരകളുടെ കുളമ്പിനടിയില്‍പ്പെട്ടു അപകടം സംഭവിക്കാനുമുള്ള സാദ്ധ്യതയുമുണ്ട് .

ദേശാന്തരഗമനക്കാരുമായുള്ള സംസാരം അസാദ്ധ്യമാണ്. അവര്‍ക്കു

ഞങ്ങളുടെ ഭാഷ അറിയില്ല; തീര്‍ച്ചയായും അവര്‍ക്കു സ്വന്തമായി ഒരു ഭാഷ തന്നെ

ഉണ്ടാവില്ല. അവര്‍ ആശയവിനിമയം നടത്തുന്നതു കാക്കളെപ്പോലെയാണ്.

കാക്കകളുടെ കലപിലകള്‍ എപ്പോഴും നമ്മുടെ ചെവിയ്ക്കകത്തു മുഴങ്ങാറുള്ളതുപോലെ. നമ്മുടെ കലാലയങ്ങളും, നമ്മുടെ ജീവിതരീതികളും അവര്‍ മനസ്സിലാക്കുകയോ, മനസ്സിലാക്കാന്‍ ശ്രമിക്കാറോ ഇല്ല. അതുകൊണ്ടുതന്നെ നമ്മുടെ ആംഗ്യഭാഷയില്‍ നിന്നു അര്‍ത്ഥം കല്പ്പിച്ചെടുക്കാന്‍പോലും അവര്‍ കൂട്ടാക്കാറില്ല. കൈക്കുഴയുടേയും

താടിയെല്ലിന്‍റെയും സ്ഥാനം തെറ്റിക്കുന്നതുവരെ നിങ്ങള്‍ക്കവരോടു ആംഗ്യം കാണിക്കാം, എന്നാലും അവര്‍ക്കു ഒന്നും മനസ്സിലാകുകയോ, അവര്‍ ഒരിക്കലും മനസ്സിലാക്കുകയോ ഇല്ല. ഇടക്കിടെ അവര്‍ മുഖം കോട്ടും; പിന്നെ അവരുടെ കണ്‍വെള്ളകള്‍ മേളിലോട്ടു ഉയരുകയും ചുണ്ടുകളില്‍ തുപ്പല്‍ പതഞ്ഞുകൂടുകയും ചെയ്യുമെങ്കിലും അതുകൊണ്ടു അവര്‍ ഒന്നും

അര്‍ത്ഥമാക്കുന്നില്ല, ഒരു ഭീക്ഷണിപോലും; അവര്‍ അങ്ങനെ ചെയ്യുന്നത്, അവരുടെ

ജന്മപ്രകൃതികൊണ്ടാണ്. അവര്‍ക്കു വേണ്ടതെന്തും അവര്‍ എടുക്കും.

തട്ടിയെടുക്കുന്നതാനെന്നു നിങ്ങള്‍ക്കതിനെ വിളിക്കാന്‍ കഴിയില്ല. അവര്‍ എന്തെങ്കിലും പിടിച്ചുപറിക്കുകയാണെങ്കില്‍ നിങ്ങളതുപേക്ഷിച്ച് ഒരു വശത്തേക്കു മാറി നിന്നുകൊള്ളുക .

എന്‍റെ കരുതിവെപ്പില്‍ നിന്നുകൂടി അവര്‍ പല നല്ല വസ്തുക്കളും എടുത്തു.

ഉദാഹരണത്തിനു, കശാപ്പുകാരന്‍ എങ്ങനെയാണു തെരുവിലൂടെ പീഢിപ്പിക്കപ്പെട്ടതെന്നു ഞാന്‍ കണ്ടപ്പോള്‍ എനിക്കു പരാതിപ്പെടാന്‍ കഴിഞ്ഞില്ല. അയാള്‍ എന്തെങ്കിലും മാംസം കൊണ്ടുവരുന്ന ഉടനെ അവരതു മുഴുവനും തട്ടിപ്പറിച്ചു വിഴുങ്ങുന്നു. അവരുടെ കുതിരകള്‍പോലും മാംസം വിഴുങ്ങുന്നു; അടുത്തടുത്തു കിടന്നു , ഒരേ മാംസക്കഷണത്തിന്‍റെ ഓരോ അറ്റവും ചവയ്ക്കുന്ന ഒരു കുതിരക്കാരനും അയാളുടെ കുതിരയും ധാരാളമാണു മിക്കവാറുമൊക്ക. പരിഭ്രാന്തനായ കശാപ്പുകാരന് മാംസം

എത്തിച്ചുകൊടുക്കുന്നതു നിര്‍ത്താനായില്ല. ഞങ്ങള്‍ക്കതു മനസ്സിലായി, എങ്ങനെയായാലും അയാളുടെ കാര്യത്തിനു മുടക്കുവരുത്താതിരിക്കാന്‍ പിരിവെടുത്തു. ദേശാന്തരക്കാര്‍ക്കു മാംസം കിട്ടാതെ വന്നാല്‍ ചെയ്യേണ്ടതെന്തെന്നതിനെക്കുറിച്ചവര്‍ എന്തു വിചാരിച്ചിരിക്കുമെന്നു ആര്‍ക്കറിയാം; എന്തുതന്നെയായാലും അവര്‍ക്കു നിത്യേനെ മാംസം കിട്ടുന്നുണെട്ങ്കില്‍ക്കൂടി അവരെന്തു വിചാരിക്കുമെന്നു ആര്‍ക്കറിയാം.

വളരെ അധികം നാളൊന്നുമായിട്ടില്ല, കശാപ്പു ചെയ്യുന്ന പാപത്തില്‍

നിന്നെന്കിലും ചുരുങ്ങിയ പക്ഷം സ്വയം ഒഴിയാമെന്നു വിചാരിച്ചയാള്‍ ഒരു

സുപ്രഭാതത്തില്‍ ജീവനുള്ള ഒരു കാളയെ കൊണ്ടുവന്നു. വീണ്ടുമതാവര്‍ത്തിക്കാന്‍ അയാളൊരിക്കലും മുതിരില്ല. ആ കാളയുടെ പുറത്തു ചാടി വീണു ദേശാന്തരക്കാര്‍ അതിന്‍റെ ജീവന്‍ തുടിക്കുന്ന പച്ചമംസത്തുണ്ടുകള്‍ തങ്ങളുടെ പല്ലുകള്‍ ഉപയോഗിച്ചു വലിച്ചു കീറുമ്പോളുള്ള അതിന്‍റെ അലര്‍ച്ച കേള്‍ക്കാതിരിക്കാന്‍ വേണ്ടി, വെറുതെ എനിക്കുണ്ടായിരുന്ന എല്ലാ തുണികളും, പുതപ്പും, തലയിണയും കൊണ്ടു തല മൂടി ഒരു മണിക്കുറോളം ഞാന്‍ എന്‍റെ കടയുടെ പുറകിലെ തറയില്‍ കിടന്നു.

കുറെ നേരത്തോളം അതു നീണ്ടുനിന്നു, അതിനുമുന്‍പു തന്നെ ഞാന്‍ സാഹസപ്പെട്ടു പുറത്തുവന്നപ്പോള്‍ ഒരു മരത്തിന്‍റെ മദ്യവീപ്പക്കുറ്റിക്കു മുന്നില്‍ കുടിയനമാര്‍ കിടക്കുന്നതുപോലെ അവശേഷിച്ച മൃതശരീരത്തിനുച്ചുറ്റും അവര്‍ തലങ്ങും വിലങ്ങും കിടന്നിരുന്നു.

ഈ സന്ദര്‍ഭത്തിലായിരുന്നു കൊട്ടാരത്തിന്‍റെ ജാലകത്തിനരികില്‍ ചക്രവര്‍ത്തി സ്വയം വന്നുനില്‍ക്കുന്നതായി യഥാര്‍ഥത്തില്‍ ഞാന്‍ സങ്കല്പിച്ചു; സാധാരണയായി ചക്രവര്‍ത്തി ഒരിക്കലും ഈ പുറംമുറികളില്‍ പ്രവേശിയ്ക്കാറില്ല, അകത്തളങ്ങളിലെ പൂങ്കാവനങ്ങളില്‍ അദ്ദേഹം തന്‍റെ മുഴുവന്‍ സമയവും ചിലവഴിയ്ക്കാറാണു പതിവ്‌; എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ പുറത്തേക്കുള്ള ജാലകങ്ങളില്‍ ഒന്നിനരികെ അദ്ദേഹം നില്‍ക്കുകയായിരുന്നുവെന്ന് അഥവാ അദ്ദേഹത്തിന്‍റെ വസതിയ്ക്കു മുന്നില്‍

സംഭവിക്കുന്നതു തലകുനിച്ചു നിരീക്ഷിയ്ക്കുകയാണെന്നു ചുരുങ്ങിയപക്ഷം

എനിക്കു തോന്നിച്ചു .

എന്താണു സംഭവിക്കാന്‍ പോകുന്നത് ?" ഞങ്ങളെല്ലാം സ്വയം ചോദിച്ചു. ഈ ദുരിതവും "പീഢനവും എന്നുവരെ ഞങ്ങള്‍ക്കു താങ്ങനാകും? ചക്രവര്‍ത്തിയുടെ കൊട്ടാരമാണു ദേശാന്തരക്കാരെ ഇങ്ങോട്ടു വലിച്ചിഴച്ചതെങ്കിലും വീണ്ടും അവരെ എങ്ങനെയാണു തിരിച്ചോടിയ്ക്കേണ്ട്തെന്നു അറിയില്ല. കൊട്ടാരകവാടം കൊട്ടിയടയ്ക്കപ്പെട്ടിരുന്നു; എപ്പോഴും അകത്തേയ്ക്കും പുറത്തേയ്ക്കും ഔപചാരികമായി മാര്‍ച്ചു ചെയ്തു ശീലിച്ച കാവല്‍ക്കാര്‍, അഴിയിട്ട ജാലകങ്ങള്‍ക്കു പുറകില്‍ അടച്ചിരുന്നു. ഞങ്ങളുടെ രാജ്യത്തെ രക്ഷിയ്ക്കാന്‍ ഞങ്ങള്‍ക്കായി തൊഴിലാളികളെയും, കച്ചവടക്കാരെയും അവശേഷിപ്പിച്ചു. ഒരുതരത്തിലുള്ള തെറ്റിദ്ധാരണയായിരിക്കും ഇത്; ഇതുതന്നെ ഞങ്ങളുടെ നാശത്തിനു കാരണമാകും . "

ഭാഷാന്തരം : ബാബുരാജ്. റ്റി. വി.
Subscribe Tharjani |