തര്‍ജ്ജനി

എം. ഗോകുല്‍ദാസ്

ഹരിതം
കോട്ടൂളി
കോഴിക്കോട്‌ - 673016
ഫോണ്‍ :- 0-77363-64488
ഇ മെയില്‍ : m.gokuldas@gmail.com

Visit Home Page ...

കഥ

രണ്ടു് പാതകള്‍

ദാവീദുരാജാവിനോടു് തെക്കോവക്കാരി സ്ത്രീ പറഞ്ഞു: `` നാമെല്ലാവരും മരിക്കും, നിലത്തു വീണാല്‍ തിരിച്ചെടുക്കാനാവാത്ത ജലം പോലെയാണു് നാം ...... '' സാമുവേല്‍ 14: 14

കാറ്റു് വീശി. കാറ്റു് വീശുന്നതെന്തിനാണെന്നു് കാറ്റിനറിയില്ലല്ലോ. വേവുന്ന പകലിലൂടെ കാറ്റു് നീന്തി മറയുകയാണു്. ഇനി ജീവിതവും മരണവും ഈ ക്യാമ്പില്‍ തന്നെയാവാം. അല്ലെങ്കിലും ഇനിയെന്തു ജീവിതം. എങ്ങനെയോ കഴിഞ്ഞു പോവുന്നുവെന്നു് മാത്രം. ഈ ജീവിതം ആരെ ബോദ്ധ്യപ്പെടുത്താനാണു് .......? കനല്‍ക്കട്ടയില്‍ ചവിട്ടിയതുപോലെ നില്ക്കക്കള്ളിയില്ലാതെ എരിപൊരികൊള്ളുകയാണു്. ഒരു പിടി മണ്ണില്ലാത്തവര്‍ക്കു് ആറടി മണ്ണിനെക്കുറിച്ചു് ചിന്തിക്കാനാവുമോ? അതും മരണത്തെ വിഡ്ഢിയാക്കുകയല്ലേ? എല്ലാം നഷ്ടപ്പെട്ട ഞങ്ങള്‍ക്കു് ഇനി നഷ്ടപ്പെടാനായിട്ടുള്ളതു് സ്വന്തം പേരും ആത്മാവും മാത്രം.

കമ്പിവേലികൊണ്ടു് വേര്‍തിരിച്ച ഹിര്‍ഡാനോ കുന്നുകളുടെ താഴ്‌വരയിലാണു് ഞങ്ങള്‍ അഭയാര്‍ത്ഥികള്‍ക്കായി ക്യാമ്പുകള്‍ ഒരുക്കിയിരിക്കുന്നതു്. ചാരനിറമാര്‍ന്ന നേര്‍ത്ത തുകല്‍കൊണ്ടു് മറച്ച ക്യാമ്പിന്റെ മേല്പാളിയിലൂടെ നോക്കിയാല്‍ ആകാശം കാണാം. മുകളില്‍ ആകാശവും താഴെ വരണ്ട ഭൂമിയും. നോക്കെത്താവുന്നിടത്തോളം മണല്‍പ്പരപ്പില്‍ ചെറിയ ചെറിയ ക്യാമ്പുകളാണു്. ഓരോ ക്യാമ്പിലേക്കും കണ്ണയക്കുമ്പോള്‍ കണ്ണില്‍ ഇരുട്ടു് കയറുകയാണു്. ഓരോരോ ജീവിതവും ഇതുപോലെ ഇരുട്ടിന്റെ കൂടാരമായിരിക്കുമോ ..............?

പകല്‍നേരങ്ങളില്‍ കാറ്റു് ഒരു തീക്കാറ്റു്‌പോലെ കടന്നുവന്നു് ഹൂങ്കാരശബ്ദമുണ്ടാക്കുന്നതൊഴിച്ചാല്‍ നിതാന്തശൂന്യതമാത്രം. എല്ലാവരിലും ഒരു ശൂന്യത വന്നു നിറയുകയാണു്. മരണത്തിന്റെ സാന്ദ്രമൗനം പോലെ. മദ്ധ്യാഹ്നം കഴിഞ്ഞാല്‍ പിന്നെ മണല്‍ക്കാറ്റായിരിക്കും. ഒരു വലിയ കോട്ടപോലെ മണല്‍ പൊങ്ങി ഉയരും. മണലും പൊടിപടലങ്ങളും എല്ലാം കാറ്റിന്റെ ബലിഷ്ഠമായ കരങ്ങളില്‍ അമരും. അപ്പോള്‍ കാറ്റിനും മഞ്ഞ നിറമായിരിക്കും. മഞ്ഞ നദിക്കരയിലെ മണല്‍ മുഴുവന്‍ ശേഖരിച്ചു് ഒരു കുതിപ്പോടെ കാറ്റു് ആഞ്ഞടിക്കുകയാണു്. ആരോടോ പക തീര്‍ക്കുന്നതുപോലെ. അപ്പോള്‍ കാറ്റിന്റെ ചൂളം വിളിക്കു് ഒരേ നാദമായിരിക്കും. സര്‍വ്വ ജംഗമവസ്തുക്കളേയും പഞ്ചഭൂതങ്ങളേയും ജീവനേയും, എല്ലാറ്റിനേയും തന്നിലേക്കു് ആവാഹിക്കുന്ന ഒരു ബ്രഹ്മനാദം, ആ ഹൂങ്കാരശബ്ദം ഏറെ നേരം അന്തരീക്ഷത്തില്‍ തങ്ങി നില്ക്കും. ചിലപ്പോള്‍ ഒരു ചുഴലിക്കാറ്റു്‌പോലെ ചുരുണ്ടു് മറിഞ്ഞു് കളിക്കും. അപ്പോള്‍ കൂടാരം വായു നിറച്ച ബലൂണ്‍പോലെ മുകളിലേക്കു് ഉയര്‍ന്നു പോകുന്നതുപോലെ തോന്നും. അങ്ങനെയാവരുതേ എന്നാണു് പ്രാര്‍ത്ഥന. അപ്പോള്‍ ഞങ്ങളാരും തകരഷീറ്റുകൊണ്ടു് മറച്ച കൂടാരത്തില്‍ നിന്നു് പുറത്തിറങ്ങാറില്ല. കാറ്റിന്റെ തിരയിളക്കം അല്പം ശാന്തമായാലേ സമാധാനമുള്ളൂ. ഹിര്‍ഡാനോ ദേവതകളുടെ കോപം കൊണ്ടാണത്രെ ഇതു്. മനുഷ്യരോടുള്ള കോപം. ഇവിടെ ദുരന്തങ്ങള്‍ക്കും കൊടിയ പീഢനങ്ങള്‍ക്കും ഒക്കെ കാരണം മനുഷ്യര്‍ തന്നെയാണെന്നാണു് ദേവതകളുടെ വിശ്വാസം. അതും ഒരര്‍ത്ഥത്തില്‍ ശരിവെച്ചു് പോകുന്നു.

വൈകുന്നേരങ്ങളില്‍ കാറ്റിന്റെ ശബ്ദം ഒരു വലിയ മുഴക്കം പോലെ കേള്‍ക്കാനായാല്‍ ഞങ്ങള്‍ മനസ്സിലാക്കും, ഭക്ഷണവുമായി ഹെലിക്കോപ്റ്റര്‍ താഴ്ന്നു് വരികയാണു്. പിന്നെ ഭക്ഷണപ്പൊതികള്‍ ട്രക്കിലാക്കി ഓരോരോ ക്യാമ്പില്‍ എത്തിക്കും. കാറ്റിന്റെ ഓരോരോ ശബ്ദവിന്യാസങ്ങളും അതിന്റെ അവസ്ഥാന്തരങ്ങളും ചലനങ്ങളും തിരിച്ചറിയാന്‍ ഞങ്ങള്‍ ശീലിച്ചു കഴിഞ്ഞു. വലിയ കന്നാസില്‍ ശേഖരിച്ച ശുദ്ധജലം തീര്‍ന്നാല്‍ മഞ്ഞനദിയിലെ വെള്ളമാണു് ഞങ്ങള്‍ കുടിക്കാന്‍ ഉപയോഗിക്കുന്നതു്.

ഹിര്‍ഡാനോ കുന്നുകളുടെ അരികുചേര്‍ന്നു് തെക്കെ കരയിലൂടെ ഓഴുകുന്ന മഞ്ഞനദി കൊടും വേനലിലും ജലസമൃദ്ധമായിരിക്കും. മഴക്കാലമായാല്‍ നദി കരകവിഞ്ഞു് മണല്‍ത്തിട്ടകളേയും കരയുടെ അരികുചേര്‍ന്നു് വളരുന്ന മഞ്ഞപ്പുല്ലുകളേയും വിഴുങ്ങുമത്രെ. അപ്പോഴേക്കും ഇവിടെ നിന്നും എല്ലാവരേയും മാറ്റി പുരധിവസിപ്പിക്കുമെന്നാണു് പറയുന്നതു്.

അല്ലെങ്കില്‍ എല്ലാവര്‍ക്കും മണ്ണിനോടൊപ്പം മണ്ണടിയാം. തണുത്തു് മരവിച്ച മരണം.

ജീവിതവും ഒരു മരവിപ്പിലൂടെ കടന്നു പോവുകയാണല്ലോ.

ദിനംപ്രതി ക്യാമ്പില്‍ എത്തിപ്പെടുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണു്. ഓരോ ക്യാമ്പിലും ആയിരക്കണക്കിനു് അന്തേവാസികളാണു് തമ്പടിച്ചിരിക്കുന്നതു്. അനേകായിരം അന്തേവാസികള്‍ക്കിടയില്‍ കഴിയുമ്പോഴും എന്തോ കടുത്ത ഏകാന്തത അനുഭവപ്പെടുകയാണു്. ഏകാന്തത ഒരു ഭീമാകാരമായ ജീവിയായി വളര്‍ന്നു് തന്നെ വിഴുങ്ങുന്നതു് പോലെ ..... ഒരു വലിയ പാറക്കഷമായി വളര്‍ന്നു് തലയില്‍ വീഴുന്നതുപോലെ ....... എന്തോ ... ഒരു കടുത്ത വിഭ്രമത്തിനടിപ്പെട്ടു് നട്ടം തിരിയുകയാണു്. അപ്പോള്‍ മനസ്സിലെ ഭീതിദമായ ഒരു ശബ്ദം മുഴങ്ങുന്നുണ്ടാവും. ആര്‍ത്തമരുന്ന കടലിന്റെ മുഴക്കം പോലെ ......

ഭയാനകമായ ദുരന്തക്കാഴ്ചകള്‍ ഇപ്പോഴും കണ്‍മുന്നില്‍ തളംകെട്ടിനില്ക്കുകയാണു്. ഒന്നും ഓര്‍ക്കാന്‍ വയ്യ .......

ഫര്‍ലിനോ രാജ്യത്തു് ഇത്ര ഭയാനകമായ ദുരന്തം ഇതിവരെ ഉണ്ടായിട്ടില്ല. അതും വംശീയകലാപം ഒന്നു് ശമിച്ചു് സമാധാനം പതുക്കെ പതുക്കെ നിഴല്‍വീഴ്ത്തിത്തുടങ്ങുകയായിരുന്നു. അപ്പോഴാണു് വീണ്ടും ....... ഇപ്പോള്‍ എല്ലാവരും യുദ്ധപ്രിയരാവുകയാണു്. മുമ്പൊക്കെ സമാധാനത്തിനു് വേണ്ടിയായിരുന്നു യുദ്ധം. ഇപ്പോള്‍ യുദ്ധത്തിനുവേണ്ടി യുദ്ധം ചെയ്യുകയാണു്.

ജാതിയുടേയും മതത്തിന്റേയും പേരില്‍ പരസ്പരം കൊന്നൊടുക്കാനാണു് എല്ലാവര്‍ക്കും താല്പര്യം. ഒരു രാത്രികൊണ്ടു് വടക്കെ അതിര്‍ത്തിക്കടുത്തുള്ള ഹിര്‍ഡാനോകുന്നുകള്‍ പൂര്‍ണ്ണമായും ആയുധധാരികളായ പ്രത്യേകസംഘങ്ങള്‍ വളഞ്ഞപ്പോഴാണു് അറിയുന്നതു്.

എല്ലാം ഒരു നിമിഷത്തിനുള്ളില്‍ സംഭവിച്ചു. ഭൂമി പിളരുന്നതുപോലെ ........ ആകാശം ഇടിഞ്ഞു് വീഴുന്നതുപോലെ. ഒരു ഘോരശബ്ദമായിരുന്നു. പിന്നെ എങ്ങും അഗ്നിജ്ജ്വാലകള്‍ കുന്നുകള്‍ പോലെ ഉയര്‍ന്നു.

ഭീമാകാരമായ കോട്ടപോലെ പുകപടലങ്ങള്‍ ഉയര്‍ന്നു് പൊങ്ങി. മരിച്ചവരുടേയും മണ്ണില്‍ അകപ്പെട്ടവരുടേയും എണ്ണം തിട്ടപ്പെടുത്താനായില്ല. മുഖം കരിഞ്ഞും തലയറ്റും കൈകാലുകള്‍ നഷ്ടപ്പെട്ടും കുന്നുകൂടിയ മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ചു് കത്തിച്ചുകളയുകയാണു് ചെയ്തതു്. പിന്നെ ഭൂമി കുഴിച്ചു് ചാരം അതില്‍ അടക്കം ചെയ്തു. ഭീകരദൃശ്യങ്ങള്‍ ഒരു സ്വപ്‌നംപോലെ മനസ്സിനെ വേട്ടയാടുകയാണു്. എറിനോഗ്രാമമാകെ അവര്‍ ചുട്ടെരിക്കുകയായിരുന്നു. ഒരു വൈകുന്നേരമാണു് സമറീനിയും കുടുംബവും താമസിക്കുന്ന വീടു് ഒരു കൂട്ടം അക്രമികള്‍ വളഞ്ഞു. വീടു് ചുട്ടെരിക്കപ്പെട്ടപ്പോള്‍ എല്ലാവരും കുതറി ഓടി. മരണവെപ്രാളത്തില്‍ പലരും പല ഭാഗത്തായി. വയലിലേക്കു് വെള്ളമൊഴുക്കാനുള്ള കനാലിന്റെ ഒരു ഭാഗത്തു് ഒളിച്ചു മാറി നിന്നപ്പോഴാണു് ഭീതിദമായ ആ കാഴ്ചകണ്ടു് അമ്മ ഞെട്ടിയതു്. തന്റെ മകള്‍ ഹിമാഷുവിനെ ഒരു കൂട്ടം അക്രമികള്‍ വലിച്ചിഴച്ചു് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സമറീന ക്യാമ്പിലെത്തിയിട്ടും ആദ്യത്തെ രണ്ടുമൂന്നു് ദിവസം ഒന്നും കഴിച്ചില്ല. രാത്രിയിലും വൈകുന്നേരവും ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടിരിക്കും. ക്ഷീണം ശരീരത്തെ തളര്‍ത്തിയെന്നു് കണ്ടാല്‍ പിന്നെ പായവിരിച്ചു് ഒരു മയക്കമാണു്.

ഇന്നലെയാണു് പുതുതായി ഒരു കുടുംബം ഞങ്ങളുടെ ക്യാമ്പിനടുത്തു് വാസമുറപ്പിച്ചതു്. അവസാനട്രക്കും പോയിക്കഴിഞ്ഞതിനു് ശേഷമാണു് അവര്‍ യാത്രതിരിച്ചതു്. അതുകൊണ്ടു് വാഹനങ്ങളൊന്നും കിട്ടാതെ നടന്നു വരേണ്ടിവന്നു. അതു വരെ ഉറ്റവരുടെ ശരീരാവശിഷ്ടങ്ങള്‍ക്കു് വേണ്ടി മണ്ണില്‍ തിരച്ചിലായിരുന്നു. തകര്‍ന്നുവീണ കൂറ്റന്‍ കെട്ടിടത്തിന്റെ സിമന്റ് തൂന്നുകള്‍ക്കിടയില്‍ നിന്നു് തന്റെ എല്ലാമായ കുട്ടികളുടെ അച്ഛന്റെ അറ്റുപോയ ഒരു കൈ മാത്രമേ കണ്ടെത്താനായുള്ളൂ. തൊട്ടടുത്ത കൂറ്റന്‍ കെട്ടിടം നിലംപൊത്തിയപ്പോള്‍ ഭൂമിയൊന്നാകെ കീഴേ്മല്‍ മറിയുന്നതുപോലെ തോന്നി. മറിഞ്ഞു വീണതാകട്ടെ സ്വന്തം കെട്ടിടത്തിന്റെ മുകളിലും. പിന്നെ എല്ലാം കൂടി തകിടം മറിഞ്ഞു. എല്ലാവരും മരണവെപ്രാളത്തോടെ പുറത്തേക്കു് കുതറിയോടി. ഓടിയകപ്പട്ടതോ പുറത്തു് കുന്നുകള്‍ പോലെ ഉയര്‍ന്നു് പൊങ്ങിയ തീകൂമ്പാരത്തിലായിരുന്നു. കുടുംബത്തിലെ നാലു് അംഗങ്ങളേയും മരണത്തിനു് നല്കി ചെറിയ രണ്ടു് കുഞ്ഞുങ്ങളുമായി ഇറങ്ങിത്തിരിച്ചു. എവിടേക്കെന്നില്ലാതെ നടന്നു പോവുകയായിരുന്നു. കൊടിയ വിശപ്പും തന്നുപ്പും മൂലം ഇളയ കുഞ്ഞിനെ വീണ്ടും മരണത്തിനു് നല്കി യാത്ര തുടര്‍ന്നു. ഏഴു് ദിവസം നടന്നു് തളര്‍ന്നു് വേദനയുടെ കടല്‍ താണ്ടിയാണു് അഭയകേന്ദ്രത്തില്‍ എത്തിയതു്.

വിശപ്പിന്റെ കാഠിന്യവും കൊടിയ തളര്‍ച്ചയും തണുപ്പും എല്ലാറ്റിനേയും അതിജീവിച്ചു് പതുക്കെ പതുക്കെ ജീവന്റെ വെളിച്ചം കാണുകയായിരുന്നു. ഉള്ളിന്റെ ഉള്ളില്‍ കത്തുന്ന വിളക്കു് അവര്‍ക്കു് വെളിച്ചമേകി. ഉള്ളിന്റെയുള്ളില്‍ കത്തുന്ന വിളക്കു് ദൈവത്തിന്റെയോ മരണത്തിന്റെയോ ..? ഒന്നുണറിയില്ല .... ഒരു മരവിപ്പു് മാത്രം.

ഈയിടെയായി വൈകുന്നേരങ്ങളില്‍ കനത്ത ശീതക്കാറ്റും മഞ്ഞു വീഴ്ചയുമാണു്. കുന്നിന്‍പ്രദേശങ്ങളും നദിക്കരയും എല്ലാം മഞ്ഞില്‍ അകപ്പെട്ടു് ഒരു മായക്കാഴ്ചയായി മാറും. നോക്കെത്താവുന്നിടത്തൊക്കെ മഞ്ഞലകള്‍ മാത്രം. ശക്തിയായി മഞ്ഞു വീഴ്ച കാരണം രണ്ടു് ദിവസമായി ഭക്ഷണവുമായി ഹെലിക്കോപ്റ്റര്‍ വരാതെയായി. രാവിലെ വിതരണം ചെയ്യുന്ന രണ്ടു് പൊതി റോട്ടി മാത്രം. അതുകൊണ്ടു് രണ്ടു് ദിവസം കഴിഞ്ഞുകൂടണം. അതും വന്നില്ലെങ്കില്‍ മുന്നു ദിവസം പട്ടിണി തന്നെ. രണ്ടു് പൊതി റോട്ടി തന്നെ പലര്‍ക്കും തികയുന്നില്ല. ക്രമേണ വിശപ്പും വേദനയും ഞങ്ങള്‍ മാറക്കാന്‍ ശീലിച്ചു.

ഒരിക്കല്‍ കാറ്റ് ഒരു വലിയ മുഴക്കത്തോടെ വന്നലച്ചപ്പോള്‍ ഞങ്ങള്‍ കരുതി ഭക്ഷണപ്പൊതികളുമായി ഹെലിക്കോപ്റ്റര്‍ താഴ്ന്നു് വരികയാണെന്നു്. പക്ഷെ അതു് കാറ്റിന്റെ വികൃതികളില്‍ ഒന്നു മാത്രമായിരുന്നു.

ഇപ്പോള്‍ രണ്ടു് ദിവസമായി പകല്‍നേരത്തെ ഭക്ഷണവും മുടങ്ങി. ഇന്ധനക്ഷാമം കാരണം വാഹനങ്ങളുടെ ഓട്ടവും കുറച്ചത്രെ. കടുത്ത സാമ്പത്തികത്തകര്‍ച്ചയും ക്ഷാമവും ദാരിദ്ര്യവും നാടിനെ അരക്ഷിതാവസ്ഥയിലേക്കു് വലിച്ചു കൊണ്ടുപോവുകയാണു്. പലരും മഞ്ഞനദിയിലെ വെള്ളം കുടിച്ചും നദിയിലൂടെ ഒഴുകിവരുന്ന കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഭക്ഷിച്ചും വിശപ്പും ദാഹവും മാറ്റുകയാണു്. വിശപ്പും ദാഹവും അല്പം മാറിയെങ്കിലും പലരും അവശരായും ആശയറ്റവരായും കഴിയുകയാണു്. ഒരു ആശുപത്രിപോലും അടുത്തില്ലാത്തതിനാല്‍ ജീവിതവേദനയ്ക്കു പുറമെ രോഗവും സ്വയം സഹിക്കുകയാണു്. ഇപ്പോള്‍ എല്ലാറ്റിനും ഒരാശ്രയമുള്ളതു് പ്രാര്‍ത്ഥന മാത്രമാണു്. നിറപ്രാര്‍ത്ഥന ......

മരുന്നും ഭക്ഷണവുമായി സൈനികവാഹനങ്ങള്‍ വരുമോ?

രണ്ടു ദിവസത്തിനുള്ളില്‍ വരുമായിരിക്കും. അതിനിടയില്‍ രോഗം മുര്‍ഛിച്ചും അവശരായും എത്ര പേര്‍ മരിക്കും, ഒരു നിശ്ചയവുമില്ല. സഹായത്തിനു് മറ്റാരുമില്ലെന്നു് മാത്രമല്ല, മറ്റൊരു വഴിയുമില്ല. അഭയാര്‍ത്ഥികളായ ഞങ്ങളെ ലോകം മറന്നുപോയോ? ആര്‍ക്കും ഞങ്ങളെ വേണ്ടായിരിക്കും.
സൈനികവാഹനങ്ങളിലായി ഇന്നെങ്കിലും ഭക്ഷണവും മരുന്നും എത്തുമെന്നു് എല്ലാവരും പ്രതീക്ഷിക്കുകയാണു്. ഇല്ലെങ്കില്‍ എല്ലാവര്‍ക്കും പട്ടിണിയേയും രോഗത്തേയും സ്നേഹിച്ചു് കീഴടക്കാം. പിന്നെ നിറപ്രാര്‍ത്ഥനയും ... കണ്ണീരിന്റെ ഉപ്പില്‍ എല്ലാം മറക്കാം. എല്ലാം മറന്നു് മരണത്തെ സ്നേഹിക്കാം. സ്നേഹത്തിന്റെ കായകല്പം.

പതിവില്ലാത്തവിധം കാറ്റിനു് ഒരു ശീല്‍ക്കാരശബ്ദമായിരുന്നു. ഒരു മൂളിപ്പാട്ടായി കാറ്റു് ചുറ്റും മേഞ്ഞു നടന്നു .... ഇടയ്ക്കു് ഒരു നിശ്ശബ്ദശൂന്യത. വീണ്ടും കാറ്റിന്റെ താളം. ഇഴപൊട്ടിയ ഒരു ശബ്ദം പോലെ .......

കാറ്റിനോടു് ഞങ്ങള്‍ പറഞ്ഞു. ഒറ്റപ്പെട്ടുപോയ ഈ മനുഷ്യരാശിയുടെ നിലവിളി ലോകത്തെ അറിയിക്കണമെന്നു്. ഈ സന്ദേശം ആരെങ്കിലും സ്വീകരിക്കാതിരിക്കില്ല. തീര്‍ച്ചയായും.

കാറ്റു് വീശുന്നതെന്തിനാണെന്നു് കാറ്റിനറിയില്ലല്ലോ.

Subscribe Tharjani |