![]() |
|||||
കഥ
ഗോതമ്പ് നിറമുള്ള സുന്ദരിയെ ഞാന്‍ വിവാഹം ചെയ്യുകയെന്നത് സത്യത്തില്‍ അമ്മയുടെ ആഗ്രഹമായിരുന്നു.ഒരു പക്ഷെ വാര്‍ധക്യത്തിലും സൌന്ദര്യം മങ്ങിപോവാത്ത അവരുടെ സുന്ദരനായ, ഇലക്ട്രിസിറ്റി ബോര്‍ഡിലെ എഞ്ചിനീയര്‍ മകനു് ഒരു സുന്ദരിയെ കിട്ടാന്‍ കൊതിച്ചത്തിലെന്താ ഇത്ര തെറ്റു് ....
പക്ഷെ അവര്‍ക്കിടയില്‍ വിധിയുടെരൂപത്തില്‍ അവനുണ്ടായിരുന്നു.... ജാതകദോഷമെന്ന വില്ലന്‍ ..... ചൊവ്വാദോഷം വിവാഹം നീട്ടികൊണ്ടുപോയപ്പോള്‍ ഇനിയും വിവാഹമേ കഴിക്കില്ലെന്നു് തീരുമാനിച്ചതാ . പക്ഷെ പേരക്കുഞ്ഞിനെ കാണാനുള്ള അമ്മയുടെ മോഹത്തിനു് മുമ്പില്‍ തോറ്റു കൊടുക്കേണ്ടി വന്നു.
ഒടുവില്‍ ഓവര്‍സീയര്‍ മാത്തച്ചന്‍ വഴിയാണു് ആ ആലോചന വന്നതു്. ജലസേചനവകുപ്പില്‍ ജോലിചെയ്യുന്ന അരുന്ധതി. ആ പെണ്‍കുട്ടിയും ജാതകദോഷം കാരണം വിവാഹം മുടങ്ങിനില്ക്കുകയാത്രേ. ഒടുവില്‍ മാത്തച്ചനും അമ്മയും ഞാനും കൂടി അരുന്ധതിയെ കാണാന്‍ പോയദിവസം തീര്‍ത്തും ആഹ്ലാദവതിയായിരുന്നു അമ്മ.
അമ്മയുടെ മുഖം വളരെ തെളിഞ്ഞിരുന്നു. ഒരു പത്തുവയസ്സു് കുറഞ്ഞതുപോലെ. ചായയുമായി എത്തിയ കുട്ടിയെ ഞാന്‍ കാര്യമായി ശ്രദ്ധിക്കാനേ പോയില്ല. പക്ഷെ അമ്മയുടെ മുഖം ഇരുളുന്നതു് കണ്ടാണു് ഞാന്‍ അരുന്ധതിയെ നോക്കിയതു്.
നന്നേ കറുത്തകുട്ടി..പക്ഷെ ശാന്തമായ ആ മുഖം ആരെയും ആകര്‍ഷിക്കുന്നതാണു്. ആ മുഖത്തെ നിഷ്കളങ്കത ആരിലും ഒരിഷ്ടം ഒക്കെ തോന്നിക്കും. അമ്മയുടെ വായില്‍നിന്നു വീണ വാക്കുകള്‍ പതിയെയാണു് കേട്ടതു്.
"കാളി.."
ഞെട്ടലോടെ ഞാന്‍ അരുന്ധതിയെ നോക്കി. ഇല്ല അവള്‍ അതൊന്നും കേട്ടിട്ടില്ല എന്ന തോന്നുന്നു. പെണ്ണുകാണല്‍ ചടങ്ങു് കഴിഞ്ഞു യാത്രപറഞ്ഞു പോരുമ്പോഴും അമ്മയുടെ മുഖം തെളിഞ്ഞിരുന്നില്ലയെന്നതു് ഞാന്‍ ശ്രദ്ധിച്ചു. പക്ഷെ ജനാലയിലൂടെ എന്നെ നോക്കികൊണ്ടിരുന്ന അരുന്ധതിയുടെ നേര്‍ത്ത എന്തോ പ്രതീക്ഷിക്കുന്ന കണ്ണുകള്‍ അമ്മയുടെ മുഖത്തെ കാളിമയെക്കാള്‍ എന്നെ ചിന്താകുലനാക്കി.
യാത്രയ്ക്കിടയിലും അമ്മ ഒന്നും മിണ്ടിയില്ല. ഇടയ്ക്കെപ്പോഴോ കാളിയെന്നുരുവിട്ടോ എന്നൊരു സംശയം. വീട്ടില്‍ വണ്ടിയെത്തിയപ്പോഴേ അമ്മ വണ്ടിയില്‍ നിന്നിറങ്ങി വീടു് തുറന്നു് പൂജാമുറിയിലെക്കോടി. പിന്നാലെ ഞാനും ചെന്നു.
"എന്താ അമ്മേ..?"
എന്റെ ചോദ്യത്തില്‍ അല്പം പരിഭ്രമം കലര്‍ന്നിരുന്നു.
"ജയ...അവളെ കണ്ടപ്പോള്‍ എനിക്ക് കാളിയെയാണു് ഓര്‍മ്മ വന്നതു്. ചോരകുടിക്കുന്ന ഭദ്രകാളിയെ. വേണ്ട മോനേ, നമുക്കതു് വേണ്ടാ."
അമ്മ വിഭ്രമത്തോടെ പറഞ്ഞു നിര്‍ത്തി.
അമ്മയോടു് പറഞ്ഞിട്ടു് കാര്യമില്ല. ഒരുപക്ഷെ അവളുടെ നിറമാകാം അമ്മയെ അങ്ങനൊരു തീരുമാനത്തില്‍ എത്തിച്ചതു്.
ഇനി സൌകര്യപൂര്‍വ്വം അമ്മയെ പറഞ്ഞുമനസ്സിലാക്കാം.
പക്ഷെ പിന്നീടു് അമ്മ അതേപ്പറ്റി ഒന്നും സംസാരിച്ചില്ല. തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയാണോ എന്നു് ശങ്കിച്ചു.
പക്ഷെ, എന്നെ അത്ഭുതപ്പെടുത്തികൊണ്ടു് അമ്മ ഞങ്ങളുടെ വിവാഹത്തിനു് സമ്മതിച്ചു.
അങ്ങനെ അരുന്ധതി എന്റെ ജീവിതത്തിലേക്കു് കടന്നു വന്നു.....
ഒരു നാലാംതീയതി ..... തിങ്കളാഴ്ച ..... അവള്‍ വീട്ടിലേക്കു് വലതുകാല്‍ വച്ചതു് ഇന്നും ഓര്‍മ്മയുണ്ടു്. നല്ല തെളിഞ്ഞുനിന്ന ആകാശം പെട്ടെന്നു് മൂടിക്കെട്ടി. ഒരു കാറ്റുവീശിയടിച്ചു. അരുന്ധതിയുടെ കൈയില്‍ ഇരുന്ന വിളക്കണഞ്ഞു. ചുറ്റും ഉണ്ടായിരുന്നവര്‍ പിറുപിറുക്കുന്നതു് കേട്ടു.
അമ്മയുടെ വായില്‍ നിന്നു വീണതു് കേട്ടു ഞാന്‍ ഒന്നു നടുങ്ങി.
"കാളി.."
പക്ഷെ എല്ലാവരെയും സമാധാനിപ്പിച്ചു ഞാന്‍ സന്ദര്‍ഭത്തിനു് ഒരയവു് കൊടുക്കാന്‍ ശ്രമിച്ചു.
വളരെപ്പെട്ടെന്നാണു് അവള്‍ അമ്മയോടടുത്തതു്. എന്തിനും ഏതിനും അമ്മയ്ക്ക് അരുന്ധതിമതിയെന്നായി. അമ്മ ആത്‌സ്മയുടെ അസുഖമായി ആശുപത്രിയില്‍ കിടന്നപ്പോള്‍ ഊണും ഉറക്കവും മറന്നു അരുന്ധതി ഒപ്പം കൂടി. അമ്മയുടെ സ്നേഹം വര്‍ദ്ധിക്കുകകയായിരുന്നു. ആഴ്ചകള്‍ ഓടി നീങ്ങി.
ഒരുദിവസം വളരെ തിരക്കുള്ള സമയത്താണു്. ഓവര്‍സീയര്‍ മാത്തച്ചന്‍ വന്നതു്.
"സാര്‍ ..വീട്ടില്‍ നിന്നു് ഫോണ്‍.സാര്‍ വേഗം ചെല്ലണം എന്നു്."
മാത്തച്ചന്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. പക്ഷെ എല്ലാം തോന്നലല്ലേ എന്നു് മനസ്സു ചോദിക്കുന്നു.
വീട്ടിലേക്കു് പലവട്ടം വിളിച്ചു. പക്ഷെ ആരും ഫോണ്‍ എടുക്കുന്നില്ല. കാര്‍ എടുത്തു വീട്ടിലേക്കു് കുതിച്ചു. വീട്ടിലെത്തിയപ്പോള്‍ വീടും തൊടിയും നിറയെ ജനം.
"ദൈവമേ ..അമ്മയെക്കെന്തെങ്കിലും.."
വീടിനുള്ളിലേക്ക് ഓടിക്കയറി...അമ്മ തറയില്‍ കരഞ്ഞു തളര്‍ന്നിരിക്കുന്നു.....തലയ്ക്കുപുറകില്‍ കത്തിച്ചുവച്ചിരിക്കുന്ന
സാമ്പ്രാണിതിരികള്‍ക്കും നിലവിളക്കിനും അടുത്തു് വെള്ളത്തുണിയില്‍ പൊതിഞ്ഞ അരുന്ധതി......
"എടാ..അവള്‍ പോയി.....കാളി..അവള്‍ നിന്റെ ജീവനെടുത്തില്ല. സ്വയം....ശാപം ഏറ്റുവാങ്ങി..."
എനിക്ക് ഒന്നും മനസ്സിലായില്ല....ഉത്തരം കിട്ടാത്ത ആയിരം ചോദ്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടു് നിലത്തേക്കു് വീണു...